സോഷ്യൽ മീഡിയയെ പേടിച്ച് വാ തുറക്കാൻ പറ്റാത്തതിന്റെ കലിപ്പിലാണ് മതങ്ങളും മത ജീവികളും

164

Joli Joli

കേരളത്തിൽ മുപ്പത് ലക്ഷത്തോളം ആളുകൾ മതം ഉപേക്ഷിച്ച് മനുഷ്യരായി എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. മതം പൂർണമായി ഉപേക്ഷിച്ചവരും വിശ്വാസം കുറഞ്ഞവരും തീവ്രത കുറഞ്ഞവരും ഇതിൽ പെടും. പ്രതീക്ഷക്ക് വക നൽകുന്ന, മനസിന് കുളിർമ നൽകുന്ന വാർത്ത. പ്രത്യേകിച്ച് കേരളത്തിൽ. മത ഭ്രാന്ത് യാതൊരു അവസാനവുമില്ലാതെ , യാതൊരു നിയന്ത്രണവും ഇല്ലാതെ തലമുറകളിലേക്ക് പകർന്ന്, ഒരു സമൂഹത്തിന്റെ ചിന്തകളിലും പ്രവർത്തികളിലും സംസാരങ്ങളിലും മുന്നോട്ടുള്ള കുതിപ്പിലും അരാജകത്വം വിതക്കുന്ന ഈ കെട്ട കാലത്ത് സ്വയം മനുഷ്യർ ചിന്തിച്ച് സ്വതന്ത്ര നിലപാടെടുത്ത് വിട്ടുനിന്നു തുടങ്ങി എന്നത് കെട്ടിപിടിച്ച് പ്രോത്സാഹിപ്പിക്കേണ്ട മുന്നേറ്റമാണ്.

സമൂഹ മാധ്യമങ്ങളുടെ കടന്നുവരവോടെയാണ് മതങ്ങളുടെ കഷ്ടകാലം തുടങ്ങിയത് എന്ന് പറയാം.നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഇപ്പോൾ മതങ്ങളും മത കച്ചവട മാഫിയകളും നടത്തുന്നത്.മതങ്ങളുടെ കെട്ടുപാടുകളും പൊള്ളത്തരങ്ങളും അത് മനുഷ്യരിലും സമൂഹത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങളും മുരടിപ്പും വ്യക്തമായി സ്വാതന്ത്ര്യത്തോടെ വിളിച്ച് പറയാൻ സോഷ്യൽ മീഡിയകൾ തയ്യാറായി. മതങ്ങൾ മനുഷ്യനെ എങ്ങനെ ചൂക്ഷണം ചെയ്യുന്നു എന്നതും വിഡ്ഢികളാക്കുന്നു എന്നതും മുടിനാരിഴ കീറി വിശകലനം ചെയ്ത് ഫേസ് ബുക്ക് പോലുള്ള മീഡിയകളിൽ ജനങ്ങളുടെ മുന്നിലേക്ക് വെച്ചുകൊടുത്തു.മ

തങ്ങളുടെയും മത കച്ചവടക്കാരുടെയും മത നേതാക്കളുടെയും ജാതി നേതാക്കളുടെയും ആൾ ദൈവങ്ങളുടെയും ഓരോ നിമിഷത്തെ വാക്കുകളിലും പ്രവർത്തികളിലും ഒളിഞ്ഞിരിക്കുന്ന കള്ളത്തരങ്ങളും കപടതകളും സെക്കന്റുകൾക്കുള്ളിൽ പൊളിച്ചടുക്കി ഇന്ന് ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തുന്നുണ്ട്. നമ്മുക്ക് ശ്രദ്ധിച്ചാൽ മനസിലാകും. സോഷ്യൽ മീഡിയയെ പേടിച്ച് വാ തുറക്കാൻ പറ്റാത്തതിന്റെ കലിപ്പിലാണ് മതങ്ങളും മത ജീവികളും. കള്ളത്തരങ്ങളും ജനങ്ങളെ വിഡ്ഢികളാക്കുന്ന രോഗശാന്തി കോപ്രായങ്ങളും നിമിഷ നേരം കൊണ്ട് പൊളിഞ്ഞടുങ്ങുന്ന നിരാശയിലാണവർ. പണയം വെച്ച ബുദ്ധി ജനങ്ങൾ തിരിച്ചെടുത്തുതുടങ്ങി എന്നത് കയ്യടികളോടുകൂടി എതിരേൽക്കേണ്ട നേട്ടമാണ്.

മതങ്ങളെയും ജാതി മത നേതാക്കളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചാൽ വലിയ ഒരു മാറ്റം സമൂഹത്തിലും ജനങ്ങളിലും ഉണ്ടാകും.സംവരണം വേണ്ട വ്യക്തിയാണോ എന്ന ചോദ്യമൊഴിച്ച് ബാക്കിയെല്ലാ ജാതി മത കോളങ്ങളും സർക്കാർ സർവീസുകളിൽ നിന്നും സ്വകാര്യ സർവീസുകളിൽ നിന്നും നിരോധിക്കണം. പൊതു വഴികളിൽ മതത്തിന്റേയോ ജാതിയുടെയോ സമുദായത്തിന്റെയോ ആയ യാതൊരു വിധ ആഘോഷങ്ങളോ കെട്ടുകാഴ്ച്ചകളോ അനുവദിക്കരുത്. പതിനെട്ട് വയസു വരെയുള്ള കുട്ടികൾ സർക്കാരിന്റെ സ്വത്തായി പ്രഖ്യാപിക്കണം.പതിനെട്ട് വയസു വരെ യാതൊരുവിധ മത പഠന കുത്തിവെപ്പുകളും നടത്താൻ അനുവദിക്കരുത്. വളരെ ശ്രമകരമാണ് എങ്കിലും സർക്കാർ മതങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.എങ്കിൽ നമ്മൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത മാറ്റം ഈ സമൂഹത്തിൽ ഉണ്ടാകും.

മതം ഒരു സമൂഹത്തിന്റെയോ നാടിന്റെയോ രാജ്യത്തിന്റെയോ വളർച്ചക്ക് മുരടിപ്പാക്കുകയോ തകർച്ചയാകുകയോ ചെയ്തതല്ലാതെ ലോകത്തൊരിടത്തും ഉന്നതിയിലേക്കെത്തിച്ച ചരിത്രമില്ല. അതുകൊണ്ട്, മനുഷ്യർ വിശാലമായി ചിന്തിക്കട്ടെ, വിശാലമായി ഇടപഴകട്ടെ.
ജാതി മത കെട്ടുപാടുകളില്ലാതെ.