മലയാളത്തിന്റെ മഹാനടന്‍മാരുടെ പട്ടികയിലെ ആദ്യപേരുകാരനാണ് സത്യന്‍

ജോജി ഉള്ളന്നൂർ

മലയാളത്തിന്റെ മഹാനടന്‍മാരുടെ പട്ടികയിലെ ആദ്യപേരുകാരനാണ് സത്യന്‍. അതിഭാവുകത്വത്തിന്‍റെ പിടിയില്‍ കുടുങ്ങിയിരുന്ന മലയാളസിനിമയില്‍ സ്വാഭാവികാഭിനയത്തിന് തുടക്കം കുറിച്ച നടന്‍. പരിമിതികളെ പടിക്കുപുറത്തു നിര്‍ത്തി ഇരുപതുവര്‍ഷത്തോളം നായകനായി തുടര്‍ന്ന നടന്‍. തൊലിവെളുപ്പോ, നിറമോ ഉയരമോ ശബ്ദഗാംഭീര്യമോ ഒന്നുമില്ലാതെ അഭിനയമികവ് കൊണ്ടുമാത്രം മലയാളിയെ കീഴടക്കിയ നടന്‍.

നൃത്തലോലനായ് നിത്യവും നിന്റെ / മുഗ്ദ്ധസങ്കല്പമാകവേ / വന്നു ചാർത്തിക്കുമായിരുന്നു ഞാൻ / എന്നിലെ പ്രേമ സൗരഭം’ എന്നു പാടി അഭിനയിച്ച അദ്ദേഹം തന്നെയാണ് ‘മാനവ ജീവിത സംസ്കാരത്തിന്റെ മയൂര സന്ദേശ’വുമായി അലഞ്ഞുനടന്നത്. ‘സ്വപ്നങ്ങളും സത്യങ്ങളും ഇരു വഴികളിലൂടെ സഞ്ചരിക്കുമ്പോൾ അവയെ കണ്ണും കെട്ടി നടത്തുന്ന കാലം മറ്റൊരു വഴിയെ ആണ് സഞ്ചരിക്കുന്നതെ’ന്നും ‘വേദങ്ങളെഴുതിയ മുനിമാർ ‘വാഴ്വേ മായം’ എന്നു പാടിയപ്പോൾ ഈ യുഗം നിർമ്മിച്ച മനുഷ്യൻ ‘വാഴ്വേ സത്യം’ എന്നു തിരുത്തിപ്പറഞ്ഞ’തും ഒരേ അനായാസതയോടെ അഭിനയിച്ചു ഫലിപ്പിച്ചത് അദ്ദേഹമാണ്. ‘സ്വന്തം വീണക്കമ്പികളെല്ലാം വിലയ്ക്കെടുത്ത് പകരം കൈകളിൽ പൂട്ടുവാൻ വിലങ്ങ് തീർത്തവരെ’ക്കുറിച്ച് അദ്ദേഹം പാടിയപ്പോൾ ഏതൊക്കെയോ വികാര നിർഭരമായ അവസ്ഥകളിലൂടെ അന്നത്തെ മലയാളി ആസ്വാദക മനസ്സ് കടന്നുപോയി. സത്യനെ അറിയണമെങ്കിൽ ആ അനശ്വര ഗാനരംഗങ്ങൾ കാണുക തന്നെ വേണം. വെള്ളിത്തിരയെ വിസ്മയിപ്പിച്ച സത്യന്‍ വിടപറഞ്ഞിട്ട് വര്‍ഷം 49 (1971, ജൂൺ 15,)കഴിയുന്നു. എങ്കിലും സത്യന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞ് തന്നെ കിടക്കുന്നു: