ട്രാഫിക് പിഴകൾ ഈടാക്കുമ്പോൾ, റോഡിന്റെ മോശം അവസ്ഥകൊണ്ട് വണ്ടിക്കുണ്ടാകുന്ന മെയിന്റൻസിന് ആര് നഷ്ടപരിഹാരം തരും

266

എഴുതിയത് : Joli Joli

ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് ഈടാക്കുന്ന പഴയ നിരക്കായാലും പുതിയ നിരക്കായാലും കേരള സർക്കാരിന് അതൊരു വരുമാന മാർഗം മാത്രമാണ്.സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന സർക്കാരിന് പുതിയ നിരക്ക് ലോട്ടറിയടിച്ച ആഹ്ലാദമാണ് ഉണ്ടാക്കിയത്.പിഴ എഴുതി കൊടുക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയോ മേലിൽ ഇത് ആവർത്തിക്കരുത് എന്ന സദുദ്ദേശമോ അല്ല സർക്കാരിനെ മദിക്കുന്നത് എന്ന് കേരള സർക്കാരിനെ അറിയുന്നവർക്കറിയാം.പിന്നെയോ കഴിയുന്നത്ര പണം ഏതുവിധേനയും ഖജാവാവിലേക്ക് സ്വരുക്കൂട്ടുക എന്നത് മാത്രമാണ്.

ഗുരുതരമല്ലാത്ത പല നിയമ ലംഘനങ്ങൾക്കും ജനങ്ങളിൽ നിന്ന് ഭീമമായ പുതുക്കിയ നിരക്ക് ഈടാക്കാൻ കഴിയില്ല എന്ന് ആറ് സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു.ജനങ്ങളുടെ നിത്യജീവിതത്തെയും കുടുംബ ബഡ്ജറ്റിനെയും അത് താളം തെറ്റിക്കും എന്നാണ് ആ സംസ്ഥാനങ്ങളുടെ വാദം..കേരള സർക്കാരിന് അങ്ങനെയൊരു അഭിപ്രായമുണ്ടോ   ? ഉണ്ടാകാൻ വഴിയില്ല.കാരണം കള്ളും കഞ്ചാവും ലോട്ടറിയും കുത്തിന് പിടിച്ച് മേടിക്കുന്ന പിഴപ്പണവും നികുതിക്ക് മേൽ നികുതിയുമൊക്കെയാണല്ലോ കേരള സർക്കാരിന്റെ വരുമാനമാർഗം.ഹെൽമറ്റില്ലാത്തതിന് പിടിക്കുന്ന നിയമ ലംഘനങ്ങൾക്ക് ഈടാക്കുന്ന ആയിരം രൂപക്ക് ഉടൻതന്നെ ഒരു ഹെൽമറ്റ് യാത്രക്കാരന് നൽകുന്നു രാജസ്ഥാൻ സർക്കാർ.. !

കേരള സർക്കാരിന് അങ്ങനെ വല്ല ഉദ്ദേശവുമുണ്ടോ…? എബടെ ലെ. നമ്മൾ ഖജനാവിലെക്ക് പണമുണ്ടാക്കാനല്ലേ ഈ റോഡിൽ കുറ്റിയടിച്ച് നിൽക്കുന്നത് അല്ലാതെ നാട്ടുകാർക്ക് സുരക്ഷയുണ്ടാക്കികൊടുക്കാനല്ലല്ലോ അല്ലേ. ഹരിയാന പഞ്ചാബ് മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇപ്പോൾ പിരിക്കുന്ന കൂടിയ പിഴത്തുക അടിയന്തിരമായി റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക ഫണ്ടാക്കി മാറ്റി.കേരള സർക്കാരിന് അങ്ങനെ വല്ല ആലോചനയുമുണ്ടോ…? സ്വപ്നത്തിൽ പോലും ചിന്തിക്കില്ല അല്ലേ.അവസാനമായി ഒരു കാര്യം കൂടി ചോദിച്ചോട്ടെ.നിങ്ങൾ ഇടിവെട്ടുന്ന തുക പിരിച്ചു തുടങ്ങി.ഓരോ ജില്ലയിൽ നിന്നും ദിവസവും രണ്ടര ലക്ഷം രൂപവരെ വരുമാനമുണ്ടെന്നാനാണ് വാർത്തകൾ വരുന്നത്.അതായത് പിഴ കൃത്യമായി ജനങ്ങൾ അടക്കുന്നുണ്ട് എന്നർത്ഥം.അപ്പോൾ പിഴതുകക്ക് വിധേയപെടാത്ത കോടികണക്കിന് വാഹന ഉടമകൾ ടാക്സും റോഡ് ടാക്‌സും മറ്റ് ആചാരങ്ങളും എല്ലാം വെടിപ്പായി സർക്കാരിലേക്ക് നിവർത്തിയാക്കിയാണ് റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് എന്ന് മനസിലാക്കാം അല്ലേ.

അപ്പോൾ റോഡിന്റെ ദുർഗതിയിൽ വീണ് മരണപ്പെടുന്നവർക്കും ഒരു പുതിയ വാഹനം വാങ്ങി റോഡിലിറക്കിയാൽ നാലോ അഞ്ചോ വർഷം കൊണ്ട് അത് ചടപരത്തിയാകുന്നതിനും ആര് സമാധാനം പറയും.റോഡിന്റെ മോശം അവസ്ഥകൊണ്ട് വണ്ടിക്കുണ്ടാകുന്ന മെയിന്റൻസിന് ആര് നഷ്ടപരിഹാരം തരും.പിരിവ് തകൃതിയായി നടക്കട്ടെ.വരുന്ന ഒരു മാസത്തിനുള്ളിൽ കേരളത്തിലെ പൊളിഞ്ഞു കിടക്കുന്ന റോഡുകൾ നന്നാക്കിയില്ലങ്കിൽ മന്ത്രിമാരെ വഴിയിൽ തടയട്ടെ….? മനുഷ്യരെ കുത്തിപ്പിടിച്ച് മേടിക്കുന്ന കാശ് അണ്ണാക്കിലേക്ക് വെച്ചിട്ട് കവിതയെഴുതിക്കൊണ്ടിരുന്നാൽ പോരാ.സുധാകരൻ മന്ത്രി മറുപടി പറയണം.മെച്ചപ്പെട്ട റോഡ് എന്നത് ടാക്സ് അടക്കുന്നവന്റെ അവകാശമാണ്. ജനങ്ങൾ എന്ത് ചെയ്യണം…?

പിഴയായി പിരിച്ചെടുക്കുന്ന പണമെങ്കിലും അടിയന്തിരമായി റോഡുകളുടെ കുഴിയടക്കാനെങ്കിലും വിനിയോഗിക്കുക.ഇല്ലങ്കിൽ വാഹന ഉടമകൾക്ക് നിങ്ങളെ വഴിയിൽ തടയേണ്ടി വരും. അതായത് നിങ്ങൾ ചെയ്യേണ്ട ജോലി നിങ്ങളും ചെയ്യണം എന്നർത്ഥം.

Joli Joli.

Previous articleസ്തനാർബുദത്തെ പേടിക്കേണ്ടതുണ്ടോ?
Next articleഇട്ടിമാണി മേഡ് ഇൻ ചൈന
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.