മരിക്കാൻ കിടക്കുമ്പോൾ നമ്മുടെ തലമുറയിൽ എത്രപേർക്ക് ഒരു തുള്ളി വെള്ളമെങ്കിലുംകിട്ടും ?

641

Joli Joli എഴുതുന്നു 

എറണാകുളത്തുള്ള ഒരു വൃദ്ധ സദനത്തിന്റെ ഡയറക്റ്റർ എന്റെ സുഹൃത്താണ്..
അൻപതോളം അന്തേവാസികളുണ്ട് അവിടെ..

ആരുടേയും പേരും വിവരങ്ങളും ഒന്നും ഞാനിവിടെ കുറിക്കുന്നില്ല..

ഇതൊരു സെമി ലക്ഷ്വറി വൃദ്ധ സദനമാണ്…
ഒരു ഇടത്തരം പണക്കാരൻ എങ്ങനെ ജീവിക്കുന്നുവോ അതെ സൗകര്യത്തിലാണ് അവർ അവിടെ കഴിയുന്നത്..

Joli Joli
Joli Joli

പക്ഷെ ഇവിടുത്തെ അന്തേവാസികളിൽ പകുതിയിൽ ഏറെ പേരും ദരിദ്രരും അനാഥരുമാണ്…

അനാഥരായ പാവപ്പെട്ട അന്തേവാസികളുടെ ചിലവുകൾ സ്ഥിരമായി വിദേശങ്ങളിലും കേരളത്തിലുമുള്ള പല മലയാളികളും സ്പോൺസർ ചെയ്തിരിക്കുന്നതാണ്..

നമ്മൾ ഏറ്റെടുത്തിരിക്കുന്ന ആളുമായി നമ്മുക്ക് ദിവസവും സംസാരിക്കാം..
അവരുടെ വിശേഷങ്ങൾ തിരക്കാം..
അവരുടെ ആവശ്യങ്ങൾ കേട്ടറിയാം..
അവരുടെ പരാതികളും കുറവുകളും കേൾക്കാം..
അവരെ പോയി കാണാം..
അവർക്ക് സമ്മാനങ്ങൾ അയച്ചുകൊടുക്കാം..

ബാക്കിയുള്ള പകുതിപ്പേരെ വിദേശങ്ങളിൽ ജോലിയുള്ളവരും ജീവിതം തിരക്കിലായിപോയവരുമായ മക്കൾ ഏല്പിച്ചിട്ട് പോയതാണ്… !

ഈ കഴിഞ്ഞ ദിവസം അവിടെയൊരു വൃദ്ധയായ അമ്മ മരിച്ചു…

കാണാൻ വരാൻ വിദേശങ്ങളിൽ ജോലി ചെയ്യുന്ന മക്കൾ സമയക്കുറവ് അറിയിച്ചതിനെ തുടർന്ന് ആ അമ്മയുടെ മുൻ ആഗ്രഹപ്രകാരം നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു…….

ഭർത്താവിന്റെ മരണ ശേക്ഷം ദാരിദ്രാവസ്ഥയിലായ ആ അമ്മ ഇരുപത്തിയേഴ് വർഷം പാലക്കാട് റയിൽവേ സ്റ്റേഷനിൽ തൂപ്പ് ജോലി ചെയ്താണ് നാല് മക്കളെ പഠിപ്പിച്ച് ഉയർന്ന ഉദ്യോഗങ്ങളിൽ എത്തിച്ചത്…..

ഇളയ മകനും വിദേശത്തേക്ക് ചേക്കേറിയപ്പോൾ അമ്മയെ വൃദ്ധ സദനത്തിലാക്കി പോകുവാനുള്ള മനസെങ്കിലും അയാൾ കാണിച്ചു…

മുടങ്ങാതെ പണം എത്തിയിരുന്നു എന്നതൊഴിച്ചാൽ രോഗാവസ്ഥയിൽ പോലും അമ്മയെ ഒന്ന് കാണാൻ മക്കൾ ആരും വന്നില്ല..

ഞാനിത് നിങ്ങളോട് പറയാൻ കാരണം നിങ്ങൾ നാല്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള വ്യക്തിയാണോ..

നിങ്ങൾക്ക് പത്തോ പതിനഞ്ചോ വയസായ മക്കളും ഉണ്ടാകണം അല്ലേ…

നാൽപ്പത് വർഷം മുൻപുള്ള കേരളത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിവുണ്ടോ…

ഉണ്ടാകണം..

തൊണ്ണൂറു ശതമാനം ജനങ്ങളും ദരിദ്രരായ അന്നത്തെ കേരളത്തെ അത്ര വേഗം മറക്കാൻ കഴിയുമോ അല്ലേ…

അഞ്ചും ആറും മക്കളെ മാതാപിതാക്കളുടെ തുച്ഛമായ വരുമാനം കൊണ്ട് പുലർത്തിയിരുന്ന കാലം…

വയറുനിറയെ ഭക്ഷണം കഴിക്കാനില്ലാതിരുന്ന കാലം..

ഇഷ്ട്ടപ്പെട്ട വസ്ത്രം പോയിട്ട് നല്ലൊരു കീറാത്ത വസ്ത്രം പോലും ധരിക്കാൻ ഇല്ലാത്ത കാലം..

മുൻപേ പഠിച്ചുപോയവരുടെ പുസ്തകങ്ങൾ കടം വാങ്ങി പഠിച്ചിരുന്ന കാലം..

ചോരാത്ത വീട് മോഹിച്ച കാലം…

ഏറെ കാലം മണ്ണെണ്ണ വിളക്ക് ജീവിതത്തിന്റെ ഭാഗമായ കാലം..

നടന്നുപോയി പഠിച്ചതും കുടയില്ലാതെ നനഞ്ഞു വീട്ടിൽ വന്നതും പിറ്റേന്ന് ഉണങ്ങാത്ത ആ വസ്ത്രം തന്നെ ഇട്ടോണ്ടുപോയതും ഇന്നലെ പോലെ കണ്മുന്നിലില്ലേ….

ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു അക്കാലത്ത് നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ഈ നിലയിൽ എത്തിക്കാൻ അല്ലേ…

ഒരു കാലഘട്ടത്തിന്റെ ഇല്ലായ്മകളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സങ്കടങ്ങളും എല്ലാം അറിഞ്ഞവരല്ലേ നിങ്ങൾ…

ഇന്നത്തെ സമ്പന്നതയും അല്ലങ്കിൽ ബുദ്ധിമുട്ടില്ലായ്മയും നിങ്ങൾ അനുഭവിച്ചു…

അതായത് ഇനിയൊരു തലമുറക്കും കിട്ടാൻ ഇടയില്ലാത്ത അനുഭവ സമ്പത്ത് നിങ്ങൾക്കുണ്ട് എന്ന്…

ഇത്രയേറെ അനുഭവങ്ങൾ കണ്മുന്നിലുള്ള നിങ്ങൾ നിങ്ങളെ ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ നിങ്ങളുടെ മാതാപിതാക്കളോട് ഇങ്ങനെ ചെയ്യുമ്പോൾ സമ്പന്നത മാത്രം കണ്ട് വളർന്ന ബുദ്ധിമുട്ടും പ്രയാസവും കേട്ടുകേൾവിപോലുമില്ലാത്ത നിങ്ങളുടെ മക്കൾ നിങ്ങളോട് എങ്ങനെ പെരുമാറും…….

ഓർക്കുക…

വാർദ്ധക്യം ഒരു ശാപമല്ല…

ആയുസുള്ള എല്ലാ മനുഷ്യനും നിർബന്ധമായും കടന്നുപോകേണ്ട ഒരു ജീവിത കാലഘട്ടമാണ്…

രക്ത ബന്ധങ്ങളുടെ തുണയും കരുതലും വേണ്ട കാലം…

ത്രാണിയില്ലാത്ത കാലമാണ് വാർദ്ധക്യം..
ഒന്ന് തുപ്പാൻ പോലും ചുണ്ടുകൾ നിങ്ങൾക്ക് വഴങ്ങി തരാത്ത കാലം..
ചുമക്കുമ്പോഴും അല്ലാത്തപ്പോഴും അറിയാതെ മലവും മൂത്രവും പോകുന്ന കാലം..
ദിവസത്തിൽ രണ്ടോ മൂന്നോ തവണ പരസഹായത്തോടെ വസ്ത്രം മാറേണ്ട കാലം…
സംസാരിച്ചാൽ തിരിയാത്ത കാലം..
ഓർമ്മകൾ നശിക്കുന്ന കാലം…

ആയുസ് നീട്ടിക്കിട്ടിയാൽ ഇപ്പോൾ നാല്പതോ അമ്പതോ വയസുള്ള നിങ്ങൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഈ അവസ്ഥയിലെത്തും…

നിങ്ങളെക്കാൾ പതിന്മടങ്ങ് തിരക്കുള്ള നിങ്ങളുടെ മക്കൾക്ക് നിങ്ങളൊരു വിഷയമേ അല്ലാതായിത്തീരും…

ഒരുകണക്കിന് നോക്കിയാൽ ഇപ്പോഴുള്ള വൃദ്ധ ജനത ഭാഗ്യം ചെയ്തവരാണ്…

കാരണം നമ്മുടെ തലമുറയിൽ എത്ര പേർക്ക് മരിക്കാൻ കിടക്കുമ്പോൾ ഒരു തുള്ളി വെള്ളം പോലും കിട്ടുമെന്ന് കണ്ടറിയണം…

നമ്മൾ നമ്മുടെ മാതാപിതാക്കളെ ചേർത്ത് നിർത്തി പരിപാലിക്കുന്നത് നമ്മുടെ മക്കളെ കാണിച്ചു കൊടുക്കുക..

അതേയൊള്ളൂ ഇതിന് പരിഹാരം…

മറ്റൊന്നും ഇതിന് പകരമാകില്ല…………….

Joli Joli