എംജി യൂണിവേഴ്സിറ്റി പ്രൊഫെസ്സറും എഴുത്തുകാരനും പ്രഭാഷകനും സിനിമ സംവിധായകനുമായ അജു കെ നാരായണൻ സാറും ഞാനും നടൻ കൈലാഷും രാമക്കൽമേടിലെ കൊടും തണുപ്പിൽ ഒരുനാൾ എത്തിയത് പുതിയൊരു സിനിമയുടെ ലൊക്കേഷൻ തേടിയായിരുന്നു . കൊടും തണുപ്പിൽ നിന്നും എനിക്ക് രക്ഷപെടാൻ ദ്രവ്യ ദ്രാവകങ്ങൾ ഇല്ലാതിരുന്നപ്പോൾ പഴയൊരു സുഹൃത്ത് വഴി ഒന്നാംതരം വെണ്ണപോലെത്തെ പുഴുങ്ങിയ കപ്പയും നല്ല നാടൻ പശുയിറച്ചി കറിയും അതിനെ വെല്ലുന്ന നാടൻ സാധന സാമഗ്രികളും എത്തി – മനസ്സും ശരീരവും നിറഞ്ഞു കവിഞ്ഞു .!
ആഘോഷകമ്മറ്റിക്കാരിലോരാൾ പറഞ്ഞതനുസരിച്ച് ഞാൻ പോയി അടുത്ത മുറിയിൽ മുട്ടി, അനേകം തരുണീമണികളുടെ ഹൃദയം കവർന്ന ആറടിമേലെ ഉയരമുള്ള സുന്ദരപുരുഷൻ ആശ്ചര്യത്തോടെ വാതിൽ തുറന്നു, പിന്നെ ഹൃദ്യമായി ചിരിച്ചുകൊണ്ട് കെട്ടിപിടിച്ചു …’ വരൂ കൂടാം ‘ എന്ന എന്റെ ക്ഷണത്തെ പാടെ അവഗണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു ‘ സോറി ഞാനില്ല, ഞാനീ പരിപാടികൾക്കില്ല , രാത്രി ഭക്ഷണവും ഇല്ല , ആരോഗ്യം നോക്കണ്ടതല്ലേ …’’ അങ്ങേരെ ചെറുങ്ങനെ ‘നശിപ്പിക്കാൻ’ നോക്കിയ എനിക്കെന്നോട് പുച്ഛം തോന്നി പിറുപിറുത്തുകൊണ്ട് തിരിച്ചു നടന്നു .
കോട്ടയം കുഴിമറ്റത്തുക്കാരൻ ജയകൃഷ്ണൻ എന്ന ഞങ്ങളുടെ ജയൻ അഥവാ ജെകെ മലയാള സിനിമ സീരിയൽ രംഗത്തെ സുമുഖ വ്യക്തിത്വമാണ് …! അധ്യാപക കുടുംബത്തിൽ ജനിച്ചു വളർന്ന ജയകൃഷ്ണൻ കുഴിമറ്റം എൻഎസ്എസ് ഹൈസ്കൂളിലെ പഠനശേഷം ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് ബിരുദം നേടി. നല്ല ശബ്ദമുള്ള അദ്ദേഹം ഡോക്യുമെന്ററികൾക്കായി വിവരണം നൽകാൻ തുടങ്ങിയതിനുശേഷം 1997 ൽ സീരിയൽ രംഗത്തേക്കെത്തി അവിടത്തെ ‘ മമ്മുട്ടിയും മോഹൻലാലായും ‘ ഒരുപാടു കാലം വിരാജിച്ചു .
‘ നിനവുകൾ നൊവുകൾ ‘ എന്ന സീരിയലിലൂടെ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫാണ് അദ്ദേഹത്തെ 1997-ൽ അഭിനേതാവായി പരിചയപ്പെടുത്തിയത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് രംഗത്തും പ്രശോഭിച്ച അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില സീരിയലുകൾ താളി, മഴയറിയാതെ, കാവ്യാഞ്ജലി, കസ്തൂരി (തമിഴ്), അഭിരാമി (തമിഴ്) എന്നിങ്ങനെ ഒരുപാടുണ്ട് . ബാലാജി ടെലിഫിലിംസ്, സെവൻ ആർട്സ്, മനോരമ വിഷൻ എന്നീ നിർമ്മാണ കമ്പനികളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് സിനിമകളിൽ നിന്ന് ഒട്ടേറെ അവസരങ്ങൾ ലഭിക്കുകയും ബിസിനസ്സ് താൽപ്പര്യങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തത് കാരണം സീരിയലുകളിലെ അഭിനയത്തിന് ബ്രേക്കിട്ടു .
ഹാബെലിന്റെ വയലുകൾ, സ്വയംവര പന്തൽ , വാറണ്ട് ,ഒരു ചെറു പുഞ്ചിരി ,നഗരവധു, പുത്തൂരംപുത്രി ഉണ്ണിയാർച്ച , സൗദാമിനി, നാട്ടുരാജാവ്, പറഞ്ഞു തീരാത്ത വിശേഷങ്ങൾ, മായക്കാഴ്ച, രൗദ്രം , ഷേക്സ്പിയർ എം.എ , ഗുൽമോഹർ, നിറങ്ങൾ, ഒരു നാൾ വരും, ഹാപ്പി ദർബാർ, ബാങ്കോക്ക് സമ്മർ, ദി കിംഗ് & കമ്മീഷണർ, സിംഹാസനം , മാന്ത്രികൻ ,ഗൃഹനാഥൻ, ഒരു കുടുംബ ചിത്രം, കർമ്മയോദ്ധ , ചുഴലിക്കാട്ട് , ബാങ്കിംഗ് സമയം 10 മുതൽ 4 വരെ ,വാധ്യാർ,101 വിവാഹങ്ങൾ, അർദ്ധനാരി,മുകളിൽ ഒരാളുണ്ട് , ഒരു യാത്രയിൽ, റെഡ് വൈൻ, റേഡിയോ, പറയൻ ബാക്കി വെച്ചത്, ഗർഭശ്രീമാൻ ,മൈലാഞ്ചി മൊഞ്ചുള്ള വീട്, ജമ്ന പ്യാരി, അച്ചാ ദിൻ, കനൽ, സർ സി പി, ദഫേദാർ ,പാവാട ,ജോയിയുടെ അച്ഛൻ,പുലിമുരുകൻ, കടം കഥ,കുപ്പിവള,അച്ചായൻസ്, ബിയോണ്ട് ബോർഡേഴ്സ് ,ചെമ്പരത്തിപ്പൂ,ഫുക്രി ,തെങ്കാശി,അബ്രഹാമിന്റെ സന്തതികൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, പരുന്ത്, ഓർമ്മ ,സുരക്ഷിത, മുഖംമൂടി, , റെഡ് വൈൻ, സിംഹാസനം, ഹൗ ഓൾഡ് ആർ യു , മുല്ലപ്പൂ വിപ്ലവം,ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ, മിഷൻ സി, കോലാമ്പി, വിധി, ഒരു താത്വീക അവലോകനം, പന്ത്രണ്ട്, ചിരിക്കുന്ന ബുദ്ധൻ, പത്താം വളവ് , സിബിഐ 5 , വരാൽ , ഭാരത സർക്കസ് എന്നിങ്ങനെ എണ്ണംപറഞ്ഞ നൂറിൽ പരം സിനിമകൾ …!

പല സിനിമാ പരിപാടികളിലും പരസ്പരം കാണുന്നുണ്ടെങ്കിലും ഒന്നിച്ചിരിയ്ക്കാൻ രണ്ടുമാസമായി പരിശ്രമിച്ചിരുന്നെങ്കിലും എന്റെയും അദ്ദേഹത്തിന്റെയും സമയപരിമിതികൾ മൂലം നീണ്ടുപോയി. അവസാനം ഇന്നലെ ഉച്ചഭക്ഷണത്തിനായി കണ്ടുമുട്ടി. എനിക്കാണെങ്കിൽ ഭീകര വിശപ്പ് . കട്ടിയുള്ള കുറച്ച് ഭക്ഷണം ഓർഡർ ചെയ്യാൻ തുടങ്ങുമ്പോൾ ‘ എനിക്ക് ഫ്രൂട്ട് സാലഡ് മതി, പുതിയ പടത്തിൽ വേറെരു ഗെറ്റപ്പിലാണ്’ അങ്ങേരുടെ ആവശ്യം കേട്ട് ഞാനമ്പരന്നു .! സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന, അതിനുവേണ്ടി പലതും ത്യജിക്കുന്ന ഈ മനുഷ്യന്റെ ആത്മാർത്ഥക്ക് മുൻപിൽ എന്റെ പ്രലോഭനങ്ങൾ വീണ്ടും വഴിമാറി !
പോലീസ് വേഷങ്ങൾ ഉൾപ്പടെ വലുതും ചെറുതും നല്ലതും ചീത്തയുമായ ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ച ശുദ്ധഹൃദയനായ അനിയാ ജയകൃഷ്ണാ, വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ നല്ല സമയം സമാഗതമായി ..! കാലം നിങ്ങൾക്കുവേണ്ടി കാത്തുവെച്ചിരുക്കുന്നത് അവസരങ്ങളുടെ പെരുമഴതന്നെയാണ് . ആരുമറിയാതെ നിങ്ങൾ സഹായിക്കുന്ന മനുഷ്യരുടെ പ്രാര്ഥനയാണെ, നമ്മുടെ കടലമ്മയാണേ സത്യം …!🥰