“കൈലാഷും ഞാനും മധുവും നിഷാന്തും സിദ്ധാര്‍ഥ് ശിവയും കെട്ടിപ്പിടിച്ചു നിന്ന്‌ ഹൃദയം പൊട്ടി കരഞ്ഞു”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
433 VIEWS

നടൻ രാഘവന്റെ മകനും സിനിമാതാരവുമായ ജിഷ്ണുവിന്റെ മരണം മലയാള സിനിമാലോകത്തെ സങ്കടത്തിൽ ആഴ്ത്തിയിരുന്നു. ഇനിയുമെത്രയോ സിനിമകളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യേണ്ട നടനായിരുന്നു, പക്ഷെ വിധി മറ്റൊന്നായിരുന്നു. എന്നാൽ ജിഷ്ണുവിനെ കുറിച്ച് ജിഷ്ണുവിന്റെ സുഹൃത്തും നിർമ്മാതാവുമായ ജോളി ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജിഷ്ണുവിന്റെ അവസാന നാളുകളെ കുറിച്ചാണ് ജോളിയുടെ കുറിപ്പ്

ജോളി ജോസഫിന്റെ വാക്കുകൾ:

മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാടു താരങ്ങളുള്ള വിണ്ണിലേക്കു പോയെ? കമല്‍ സാറിന്റെ ‘ നമ്മള്‍ ‘ എന്ന ചലചിത്രത്തിലൂടെ രംഗപ്രവേശനം ചെയ്ത ഞങ്ങളുടെ ജിഷ്ണു സ്വര്‍ഗത്തിലേക്ക് പോയിട്ട്, ഇന്നലേക്ക് കൃത്യം ആറ് വർഷം. 19 വർഷം മുന്‍പ് അന്‍സാര്‍ കലാഭവന്‍ സംവിധാനം ചെയ്ത ‘ വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് ‘ എന്ന ചലച്ചിത്രത്തിന്റെ ഭാഗമായിരുന്ന ഞാന്‍, ഹീറോയായിരുന്ന ജിഷ്ണുവിനെയും നായികയായിരുന്ന ഭാവനയെയും പരിചയപെട്ടത്. അവന്‍ വഴി അച്ഛന്‍ രാഘവേട്ടനെയും അമ്മ ശോഭേച്ചിയെയും പരിചയപ്പെട്ടു .പിന്നീട് മാന്ത്രിക ചിരിയിലൂടെ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും അവന്‍ ചെങ്ങായിമാരാക്കി …!

എനിക്ക് അവന്‍ ആരായിരുന്നു എന്നത് ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യമാണ്. എന്നെ ഇത്ര മാത്രം കളിയാക്കിയിരുന്ന, വഴക്കു പറഞ്ഞിരുന്ന, ദേഷ്യപ്പെട്ടിരുന്ന, ചിരിപ്പിച്ചിരുന്ന, കളിച്ചിരുന്ന, സ്വാധീനിച്ചിരുന്നു ഒരു മാജിക് പ്രസന്‍സ് ആയിരുന്നു കുടിക്കാത്ത, വലിക്കാത്ത പക്ഷേ കള്ള കുസൃതിക്കാരനായ ജിഷ്ണു. പലപ്പോഴും എന്റെ വീട്ടില്‍ വന്നു ഇന്ദുവിനോട് അവന് ആവശ്യമുള്ള ഭക്ഷണം ചോദിച്ചു പാചകം ചെയ്യിപ്പിച്ചു കഴിക്കുമായിരുന്നു …പിന്നീട് അവന്റെ ഫോണ്‍ വിളികളില്‍ , ഇഷ്ടമുള്ളത് പാചകം ചെയ്തു കാത്തിരിക്കുമായിരുന്നു എന്റെ ഇന്ദു. രസകരമായ ഷൂട്ടിങ് വിശേഷങ്ങള്‍ വീട്ടില്‍ കൊണ്ട് വന്നു അവനും വിളമ്പുമായിരുന്നു.

സിനിമയെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന, ഒരുപാടു പഠിക്കാന്‍ ശ്രമിച്ച, കൃത്യമായും, സെൻസിബിളായും സംസാരിക്കാന്‍ അറിയാവുന്ന കുറച്ചു സിനിമക്കാരില്‍ അവനും ഉണ്ടായിരുന്നു. അവന്‍ വഴി സിനിമയിലും അല്ലാത്തതുമായ ഒരുപാടു പേരെ ഞാന്‍ പരിചപ്പെട്ടിരുന്നു. ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന മധു വാരിയര്‍, നിഷാന്ത് സാഗര്‍, അരവിന്ദര്‍, ബിജു, പ്രശാന്ത് പ്രണവം അങ്ങനെ അങ്ങനെ ഒരുപാടു പേരുടെ അല്ലറ ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും തീര്‍ത്തിരുന്നതു അവനായിരുന്നു .

അവന്റെ രോഗവിവരങ്ങള്‍ അറിഞ്ഞപ്പോള്‍ , വീട്ടുകാരോടൊപ്പം ഞങ്ങളും തളര്‍ന്നപ്പോള്‍ , അവനായിരുന്നു വെളിച്ചമായും, കുസൃതികളായും, ഒട്ടും തന്നെ പരിഭ്രമില്ലാതെ മുന്നിട്ടു നിന്നത് തിരുവനന്തപുരത്തു വീട്ടില്‍ മാത്രം കഴിഞ്ഞിരുന്ന അവനെ ഞാനും കൈലാഷും കാണാന്‍ ചെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരുന്നു അവന് വളരെ ഇഷ്ടപെട്ട എറണാകുളത്തെ മറൈന്‍ ഡ്രൈവിലെ എന്റെ ഫ്ലാറ്റിലേക്ക് കുടുംബത്തോടൊപ്പം ഷിഫ്റ്റ് ചെയ്തത്. ഏകദേശം രണ്ടു വര്‍ഷത്തോളം ഞങ്ങള്‍ കൂട്ടുകാര്‍ അവനെ പൊന്നു പോലെ, കരുതലോടെ കാത്തു. അവന്റെ കുസൃതികളില്‍ പങ്കാളികളായി.

അവനു സമര്‍പ്പണായി ഞാനൊരു ഷോര്‍ട് ഫിലിമും ചെയ്തു ‘സ്പീച്ച്ലസ്’ ..! ആ നാളുകളില്‍ സോഷ്യല്‍ മീഡിയകളില്‍ അവന്‍ വളരെ ആക്ടിവായിരുന്നു. ഞങ്ങള്‍ രാത്രികളില്‍ ഡ്രൈവിന് പോകുമായിരുന്നു. വളരെ സേഫ് സെന്‍സില്‍ കാര്‍ ഓടിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ജിഷ്ണു . നടി മംമ്ത മോഹന്‍ദാസ് മായി നല്ല ചങ്ങാത്തം ഉണ്ടായിരുന്ന അവന് അമേരിക്കയില്‍ പോയീ ചികില്‍സിക്കാനും പ്ലാനുണ്ടായിരുന്നു. മാര്‍ച്ച്‌ മാസത്തില്‍ അമേരിക്കയിലുണ്ടായിരുന്ന ഞാന്‍, തിരികെ വന്ന ഉടനെ മംമ്തയുടെ സഹായത്തോടെ അവനെയും കൂട്ടി അമേരിക്കയില്‍ പോകാനായിരുന്നു പ്ലാന്‍. അതവന്‍ ആഗ്രഹിച്ചിരുന്നു.

22നു രാത്രി തിരിക വന്ന എനിക്ക് 23 നു അമൃതയില്‍ അഡ്മിറ്റ്‌ ചെയ്ത അവന്റെ ടെക്സ്റ്റ് മെസ്സേജ് വന്നു. ചീത്ത വാക്കുകള്‍ കൊണ്ട് ദേഷ്യപ്പെട്ടു മാത്രം നിറയാറുള്ള മെസ്സേജില്‍ അവന്‍ എന്നെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമാപണം നടത്തി , ദൈവം പ്രതിഫലം തരുമെന്നും പറഞ്ഞു. ഞാന്‍ അവനു തെറികൊണ്ട് മറുപടി നല്‍കി. അതോടൊപ്പം അമേരിക്കയിലേക്ക് പോകാന്‍ റെഡിയാകാനും പറഞ്ഞു.

25നു അതിരാവിലെ മനോരമ ടിവിയിലെ റോമി മാത്യു വിളിച്ചു. അലറി കരഞ്ഞ ഞാന്‍ ഇന്ദുവും കൈലാഷുമായി അമൃത ഹോസ്പിറ്റലിലേക്ക് പോയി തളര്‍ന്നിരുന്ന രാഘവേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. പിന്നെ ജനപ്രവാഹമായീ. എല്ലാ ചടങ്ങുകള്‍ക്കും രവിപുരത്തെ ശ്മശാനത്തിലെ തീ അവനെ വിഴുങ്ങുമ്പോളും കുടുബാംഗങ്ങളും , ബന്ധുക്കളും കൂട്ടുകാരും ഈറനണിഞ്ഞ കണ്ണുകളുമായി നിന്നപ്പോള്‍, കൈലാഷും ഞാനും മധുവും നിഷാന്തും സിദ്ധാര്‍ഥ് ശിവയും കെട്ടിപ്പിടിച്ചു നിന്ന്‌ ഹൃദയം പൊട്ടി കരഞ്ഞു. മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാട് താരങ്ങളുള്ള വിണ്ണിലേക്കു പോയെ?

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്