നിർമ്മാതാവ് Joly Joseph എഴുതുന്നു
നക്സൽ വർഗീസ്, പോലീസ് കോൺസ്റ്റബിൾ പി. രാമചന്ദ്രൻ നായർ എന്നിവരുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി പതിനാല് വർഷം മുൻപ് ഇന്നേദിവസം പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് , സിവിക് സിനിമയുടെ ബാനറിൽ മോഹൻ നിർമിച്ച് , ബാബു ജനാർദ്ദനൻ എഴുതി, നടനും എഴുത്തുകാരനുമായ മധുപാൽ സംവിധാനം ചെയ്ത് നിരൂപക പ്രശംസ നേടിയ ‘ തലപ്പാവ് ’ എന്ന സിനിമ . മികച്ച നടൻ (ലാൽ), മികച്ച നവാഗത സംവിധായകൻ (മധുപാൽ), മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ, മികച്ച നവാഗത സംവിധായകനുള്ള അമച്വർ ലിറ്റിൽ തിയേറ്റർ അവാർഡ്, സോഹൻ ആന്റണി മെമ്മോറിയൽ ഫിലിം അവാർഡ് എന്നിവ ഈ ചിത്രത്തിന് ലഭിച്ചു. മികച്ച സംവിധായകനായി 2008-ലെ 13-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലും (IFFK) 2009-ലെ ഇന്ത്യൻ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ലാൽ, പൃഥ്വിരാജ് , അതുൽ കുൽക്കർണി, ധന്യ മേരി വർഗീസ് , രോഹിണി, സുധീർ കരമന മണിയൻപിള്ള രാജു, ശ്രീജിത്ത് രവി, ബാലു വർഗീസ്, ജഗതി ശ്രീകുമാർ, ഗീതാ വിജയൻ തുടങ്ങിയ ഗംഭീര കലാകാരന്മാരോടൊപ്പം തികച്ചും പുതുമുഖമായ ഞാനും DGP പരശുറാം എന്ന പേരിൽ വില്ലൻ വേഷധാരിയായി, കൊന്നവന്റെയും കൊല്ലിച്ചവന്റെയും മരിച്ചവന്റെയും കഥ പറയുന്ന ‘ തലപ്പാവ് ‘ എന്ന സിനിമയിൽ അഭിനയിക്കുകയുണ്ടായി …! ലാൽ സ്റ്റുഡിയോവിൽ ചിത്രത്തിന്റെ പ്രിവ്യു കാണാൻ എത്തി എന്റെ ‘ അഫിനയം ‘ വിലയിരുത്തിയ സാക്ഷാൽ ഇന്നസെന്റ് അരുൾ ചെയ്തത്രേ ‘ അവനെ നിങ്ങളാരും അങ്ങിനെ വളർത്തണ്ട..’ യെന്ന് ! എന്നെ സംബന്ധിടത്തോളം എത്ര വലിയ അഭിനന്ദനം ! ഇന്നച്ചൻ പറഞ്ഞതുകൊണ്ടാണോ, എന്റെ അഭിനയത്തിന്റെ മാഹാത്മ്യം കൊണ്ടാണോ എന്നറിയില്ല വേഷം ചെയ്ത എന്റെ പേര് ഒരു സ്ഥലത്തും വന്നില്ല ,മധുവിന്റേയോ ബാബുവിന്റെയോ വേറൊരു സിനിമയിലും വിളിച്ചതുമില്ല !
സിനിമാ നിർമാതാവായിരുന്ന, അഭിനയത്തിൽ പുതുമുഖമായ ഞാനെങ്ങനെ ഈ പടത്തിൽ എത്തപ്പെട്ടു എന്നത് അതിശയകരമായ ആശ്ചര്യമാണ് അത്ഭുതമാണ് ! വൈറ്റ് ഫോർട്ട് ഹോട്ടലിൽ പലദിവസങ്ങളായി നടന്ന, മധുപാലും ബാബു ജനാർദ്ദനനും പദ്മകുമാറും അന്തരിച്ച ദീപനും പ്രൊഡക്ഷൻ കൺട്രോളർ ആയ ആനന്ദ് പയ്യന്നൂരും പങ്കെടുത്ത ‘ കാസ്റ്റിംഗ് ‘ മീറ്റിംഗുകളിൽ ഉത്സവ കമ്മിറ്റിയുമായി ഞാനുമുണ്ടായിരുന്നു . സംഭവിച്ച കഥയിലെ പോലീസ് ഓഫിസറുടെ രൂപവുമായി എനിക്കുണ്ടായിരുന്ന സാദൃശ്യമോ , വില്ലനായി ഒരു പുതുമുഖമാകട്ടെ എന്ന അവരുടെ തീരുമാനമോ ,ഞാൻ നിർമിച്ച ‘ ഹാർട്ട് ബീറ്റ്‌സ് ‘ എന്ന നഷ്ട സിനിമയുടെ മനപ്രയാസം മാറ്റാനാണോ മധുവും ബാബുവും എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്കിന്നും നിശ്ചയമില്ല .. അവരെ പരിപൂർണമായി വിശ്വസിച്ച് വെല്ലുവിളിയായി സംഗതി ഞാനേറ്റു ..!
ഏകദേശം മൂന്നാഴ്ച നീണ്ടുനിന്ന എന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകളിൽ കലാകാരന്മാരുടെ ഭാഗത്തുനിന്ന് ഏറ്റവും അധികം സഹായിച്ചത് ലാലും പൃഥ്വിരാജുവും പിന്നെ കാമറാമാൻ അഴകപ്പൻ സാറുമായിരുന്നു ! നിഷ്കരുണം അഭിനയിപ്പിച്ചതിന് സംവിധായകന് എന്റെ വക സമാധാനത്തിനുള്ള ‘ നോബൽ ‘ സമ്മാനം മനസുകൊണ്ട് അന്നേ ഞാൻ കൊടുത്തിട്ടുണ്ട് .! നേര്യമംഗലം കാട്ടിനുള്ളിലെ ലൊക്കേഷനിൽ എടുത്ത ഒരു സുപ്രധാന സീനിൽ പലപ്രാവശ്യം റീ ടേക്ക് പോയപ്പോൾ സഹികെട്ട് അദ്ദേഹം എന്നോട് അടുത്ത ടേക്കിന് മുൻപ് നൂറു പ്രാവശ്യം ഡയലോഗ് അലറാണ് ആവശ്യപ്പെട്ടത് ..! സംവിധായകൻ അടുത്ത ചെങ്ങായി ആയിരുന്നെങ്കിലും ‘കപ്പലിന്റെ കപ്പിത്താന്റെ’ നിർദ്ദേശം അക്ഷരം പ്രതി അനുസരിച്ചു നൂറുവട്ടം അലറി എന്നതാണ് സത്യം ! ആ ഡയലോഗിന്റെ മർമപ്രധാനമായ ഭാഗം എനിക്കിപ്പോഴും മനഃപാഠമാണ് ‘ ..അവന്റെ നാക്ക് പിഴുതെടുക്കടാ….’ !!!
ആനന്ദവൃതാന്തം, ഒരു കൊച്ചു ഭൂമികുലുക്കം, സുദിനം, മാണിക്യചെമ്പഴുക്ക, വർണകിട്ട് അനുഭൂതി, പഞ്ചലോഹം, തച്ചിലേടത്തു ചുണ്ടൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ക്രൈം ഫയൽ ഡ്രീംസ് , ചതുരംഗം , അച്ഛനുറങ്ങാത്ത വീട് ,വാസ്തവം , അവൻ ചാണ്ടിയുടെ മകൻ പിന്നെ ഞാൻ നിർമിച്ച ഹാർട്ട് ബീറ്റ്‌സ് എന്നീ സിനിമകൾക്ക് ശേഷം ബാബു ജനാർദ്ദനൻ എഴുതിയ ശക്തമായ രചനക്ക് , നവാഗതന്റെ യാതൊരു അങ്കലാപ്പുകളില്ലാതെ വളരെ ഇരുത്തം വന്ന സംവിധായകനായിതന്നെ മധുപാൽ തുന്നിയെടുത്ത സിനിമയാണ് ‘ തലപ്പാവ് ‘ .. ഈ കൂട്ടുകെട്ട് ഇനിയും അഭ്രപാളികളിൽ അത്ഭുതം സൃഷ്ടിക്കുമെന്നും അതിൽ ഞാനൊരു ഭാഗഭാക്കുവാകുമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം !