ഒരു രൂപകൊണ്ട് ഒരു കോടി സന്തോഷം .. !

0
51

Joly Joseph

ഒരു രൂപകൊണ്ട് ഒരു കോടി സന്തോഷം .. !

ഒരുപാടു കാട്ടു മൃഗങ്ങൾ ഉണ്ടായിരുന്ന , സംരക്ഷിത വനമേഖല ആയിരുന്ന കാലത്ത് , എന്റെ നാടായ ഏഴാറ്റുമുഖത്തേക്കു മൺപാതയിലൂടെ പോയിരുന്നത് കാളവണ്ടികളും സൈക്കിളുകളും മാത്രം , പിന്നെ വല്ലപ്പോഴും മലവ്യഞ്ജനം എടുക്കാൻ എത്തുന്ന പാണ്ടിലോറികളും …! അന്ന് റേഷൻ കടയിലെ ഒരു കിലോ പച്ചരിക്ക് 80 പൈസ മാത്രം ! 10 പൈസക്ക് ചക്കിൽ ആട്ടിയ വെളിച്ചെണ്ണ വട്ടമരത്തിന്റെ ഇലകൊണ്ടുണ്ടാക്കിയ കുമ്പിളിൽ കിട്ടും , ബാക്കിയുള്ള 10 പൈസക്ക് പരിപ്പും.! ആലുവയിൽനിന്നും അങ്കമാലിയിൽനിന്നും നിന്നും വരുന്ന ബസ്സുകൾക്കു ‘പൂതംകുറ്റി ‘ എന്ന ഗ്രാമമായിരുന്നു അവസാന സ്റ്റോപ്പ് , പിന്നെ കൂറേ നടക്കണം ..!

എന്റെ അവസ്ഥ കണ്ടു ‘കൊച്ചേട്ടൻ ‘ തന്ന ഒരു ചെറു ചൂടു ചായയുടെ ബലത്തിൽ വയസ്സായ യാത്രക്കാർക്ക് ബസ്സിൽ കയറാനും , ചുമട് എടുക്കാനും , കൂടെ പോകാനും ആവേശകമ്മിറ്റിയുമായി വളരെ ചെറുപ്പായിരുന്ന ഞാനവിടെ ചുറ്റിപറ്റി നിൽക്കുമായിരുന്നു. അവർ തന്നിരുന്ന  ചെറിയ ചെറിയ നാണയത്തുട്ടുകൾ കൂട്ടിനോക്കി ഒരു രൂപ ആകുമ്പോൾ പണിനിർത്തി റേഷൻ കടയിലേക്ക് ഓടും ,അന്ന് എന്റെ വീട്ടിലെ കലത്തിലെ ചൂടുവെള്ളം റേഷൻ പച്ചരിയുമായി പ്രണയിച്ചു സല്ലപിച്ചു പാല് നിറമാകും ! വെന്തു മൊരിഞ്ഞ പരിപ്പും തൊടിയിലെ പച്ച മുളകും ഉള്ളിയും ഉപ്പും ചക്കിൽ ആട്ടിയ വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ചുടു പച്ചരിക്കഞ്ഞിക്ക് വർണശബളമായ അലങ്കാരമാകും , നാവിൽ പുഴയൊഴുകും …!

ഇന്ന് ലോകത്തിന്റെ അണുകേന്ദ്രം തന്നെ ഒരു പീറ രോഗവിഷാണു ആണ് .. അത്യാഗ്രഹിയായ മനുഷ്യന് പ്രകൃതി നൽകിയ വളരെ ചിലവേറിയ പാഠം..! കച്ചോടങ്ങൾ നടത്താൻ കഴിയാതെ ,ജോലികൾ ചെയ്യാൻ പറ്റാതെ , ഇട്ടിരിക്കുന്ന ട്രൗസറിൽ അപ്പിയിട്ട് ഇരിക്കാനും എണീക്കാനും പറ്റാത്ത അവസ്ഥയിലാണ് ഒട്ടുമിക്കവരും ..! നമ്മുടെ ആഗ്രഹങ്ങളും ആശകളും വളരെ വലുതാവുകയും , മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് മാനസികമായി തളർന്നു പോകുന്നത് എന്ന് തോന്നുന്നു. എവിടെനിന്നു തുടങ്ങി എന്നാലോചിച്ചാൽ , എത്ര ഭാഗ്യം ചെയ്തവരാണ് നമ്മളെന്ന് കൃത്യമായി മനസിലാകും .

എല്ലാ ദിവസവും രാവിലെ ഓഫീസിലേക്ക് പോകുന്നതിനുമുമ്പ് എന്റെ പേഴ്സിൽ വളരെ ഭദ്രമായിരിക്കുന്ന , ഒരു കാലത്ത് എന്റെ ലക്ഷ്യമായിരുന്ന , ഒരു രൂപയിലേക്കു നോക്കും , ! എന്റെ പൊന്നെ , അപ്പോൾ കിട്ടുന്ന ഊർജം… ! അതുമാത്രം മതി ആ ദിവസത്തിലേക്കുള്ള ലക്ഷ്യത്തിന് ..! ഒരു രൂപകൊണ്ട് ഒരു കോടി സന്തോഷം .. !