Jomol Joseph

ആധാറുമായി സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ലിങ്ക് ചെയ്യേണ്ടി വരുമ്പോൾ..

ഏതൊരു മനുഷ്യനും ജീവിക്കും വേണ്ടതാണ് ഐഡന്റിറ്റി എന്നത്. അതായത് ഒരു ജീവിയെയോ മനുഷ്യനേയോ അതാര് ഏത് എന്ത് തിരിച്ചറിയാനാകുക എന്നതാണ് പ്രധാനമായും ഐഡന്റിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാനെന്ന വ്യക്തി ജോമോൾ ജോസഫ് എന്ന 32 വയസ്സുള്ള കൊച്ചിക്കാരിയായ ഒരു സ്ത്രീയാണ് എന്നുള്ളതാണ് എന്റെ പ്രാഥമീകമായ ഐഡന്റിറ്റി. കുറച്ചുകൂടി ഡെപ്തിലേക്ക് പോയാൽ മാടവനയിൽ താമസിക്കുന്നു, കോഴിക്കോടാണ് സ്വന്തം വീട്, ഭർ‌ത്താവ് വിനുവും മകൻ ആദിയും എന്നതും എല്ലാവർക്കുമറിയാം. ഇനിയും എന്റെ ഐഡന്റിറ്റിയുടെ ഡെപ്തിലേക്ക് പോയാൽ ഞാൻ എന്തു ചെയ്യുന്നു എന്നതും, എന്റെ ഹസ് എന്ത് ചെയ്യുന്നു എന്നതും, മകൻ എന്താണ് എന്നതും ഒക്കെ എന്റെ കൂടി തിരിച്ചറിയലിന്റെ ഭാഗമായി വരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവെച്ചതുമാണ്.

Related imageഎന്നാൽ ആരെന്നോ എന്തെന്നോ പോലും തിരിച്ചറിയരുത് എന്ന വാശിയോടെ പ്രൊഫൈലുകൾ ഉണ്ടാക്കി എന്റെ പോസ്റ്റുകൾക്കടിയിൽ വന്ന് തെറിവിളിയും ആക്ഷേപവും ചൊരിയുന്ന നൂറുകണക്കിന് ഫേക് ഐഡികൾ ഉണ്ട്. നാലായിരത്തിന് മുകളിൽ തെറിവിളിക്കുന്ന ഐഡികളെ ആണ് ഞാൻ ബ്ലോക് ചെയ്തിട്ടിരിക്കുന്നത്. ഇത് കേവലം ജോമോൾ എന്ന എന്റെ മാത്രം അനുഭവമല്ല, സോഷ്യൽമീഡിയയുടെ പബ്ലിക് പ്ലാറ്റ്ഫോമിൽ ഇടപെടുന്ന മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് ഇത്. ഗഹനമായ ഡിബേറ്റുകൾക്കായി രൂപം കൊടുത്തതെന്ന് അവകാശപ്പെടുന്ന പല ഗ്രൂപ്പുകളിലേയും പോസ്റ്റുകളും കമന്റുകളും ഒക്കെ നോക്കിയാൽ അതൊക്കെ ഫേക് ഐഡികളിൽ നിന്നുമാണ് എന്നതും കാണാനാകും. ഇത്തരം ഫേക് ഐഡികളെ മുഴുവനും നിയന്ത്രിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. സ്വന്തം ഐഡന്റിറ്റിയിൽ നിന്നുകൊണ്ട് ഉത്തരവാദിത്തപൂർണ്ണമായ ഇടപെടൽ നടത്താൻ ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്. അത് ഉറപ്പുവരുത്താനായി സർക്കാനും ബാധ്യതയുണ്ട്. ഇത്രയും കാലം സർക്കാർ അത്തരമൊരു സോഷ്യൽമീഡിയാ പോളിസി കൊണ്ടുവരാതിരുന്നത്, IT നിയമങ്ങൾ സോഷ്യൽ മീഡിയക്ക് ശക്തമാക്കാതിരുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ഗുരുതരമായ ഉത്തരവാദിത്തബോധമില്ലായ്മ തന്നെയാണ്.

എന്നാൽ ഒരു വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പുവരുത്താനായി ആധാർനമ്പറുമായി സാഷ്യൽമീഡിയാ അക്കൌണ്ടുകൾ ബന്ധിപ്പിക്കണം എന്നുപറയുന്നതിനോട് യോജിക്കാനാകില്ല, ആധാർ മാത്രമല്ല തിരിച്ചറിയൽ രേഖ, വോട്ടേഴ്സ് ഐഡിയും, ഡ്രൈവിങ് ലൈസൻസും, പാസ്സ്പോർട്ടും ഒക്കെ നമ്മുടെ രാജ്യത്തുമാത്രമല്ല ലോകത്തെല്ലായിടത്തും തിരിച്ചൽ രേഖകളായി അംഗീകരിക്കപ്പെട്ടവ തന്നെയാണ്. ഇത്തരം പല തിരിച്ചറിയൽ രേഖകളിൽ ഒന്നോ, ഒന്നിലധികമോ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സോഷ്യൽമീഡിയാ അക്കൌണ്ടുകളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. ആധാർ നമ്പർ ഉപയോഗിക്കാൻ താൽപര്യമുള്ളവർ അതും ഉപസോഗിക്കട്ടെ.

ഞാൻ എന്തുകൊണ്ട് ആധാർ നമ്പർ സോഷ്യൽമീഡിയാ അക്കൈണ്ടുമായി ലിങ്ക് ചെയ്യുന്നതിനെ എതിർക്കുന്നു

ആധാർനമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്നത് കേവലം ആ വ്യക്തിയുടെ വ്യക്തിഗതതിരിച്ചറിയൽ വിവരങ്ങൾ മാത്രമല്ല, ആധാർ നമ്പറുപയോഗിച്ച് മനസ്സിലാക്കാനാകുക ആ വ്യക്തിയുടെ സമഗ്രവിവരങ്ങളുമാണ്. അതായത് ആ വ്യക്തിയുടെ പേരിലുള്ള വസ്തുവകകൾ, ആ വ്യക്തി ഉപയോഗിക്കുന്ന വാഹനങ്ങൾ, ആ വ്യക്തിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തുടങ്ങി സകല വിവരങ്ങളം ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്നു. നമുക്ക് പലപ്പോഴും നമ്മുടെ ബാങ്ക് വിവരങ്ങൾ ചോദിച്ച് മെസേജുകളും മെയിലുകളും വരികയും അതിന് കൃത്യമായ വിവരങ്ങൾ മറുപടിയായി അയച്ചുകൊടുത്താൽ, നമ്മുടെ അക്കൌണ്ടിലെ പണം മുഴുവനും നഷ്ടപ്പെടുകയം ചെയ്യാറില്ലേ, നമ്മുടെ പണംപോയിട്ടില്ല എങ്കിലും മറ്റു പലരുടേയും പണം ഈ രീതിയിൽ പോയത് വാർത്തകളിൽ കാണാറില്ലേ? അതിലും ഭീകരമാണ് സോഷ്യൽമീഡിയ അക്കൈണ്ടുകളുമായി ആധാർ ലിങ്ക് ചെയ്യുമ്പോൾ വരിക. സോഷ്യൽ മീഡിയാ അക്കൌണ്ടുകളുടെ സുരക്ഷിതത്വം അത്ര ഉറപ്പുള്ള ഒന്നല്ല, പല സോഷ്യൽ മീഡിയാ അക്കൌണ്ടുകളും ഹാക്ക്ചെയ്യപ്പെടാറുണ്ട്. ഇങ്ങനെ ഹാക്ക് ചെയ്യപ്പെടുന്ന അക്കൌണ്ടുകളിൽ നിന്നും ലഭിക്കുന്ന ആധാർ വിവരങ്ങൾ ഉപയോഗിച്ച് വലിയ തട്ടിപ്പുകൾ നടക്കാൻ വലിയ സാധ്യതകൾ ഈ ലോകത്തുണ്ട്. കൂടാതെ വ്യക്തി സുരക്ഷയെ വരെ ബാധിക്കുകയും ചെയ്യാം.

ഒന്നുരൂടെ വിശദമാക്കാം. എന്റെ ഡ്രൈവിങ് ലൈസൻസാണ് എന്റെ സോഷ്യൽമീഡിയാ അക്കൌണ്ടിനായി ഉപയോഗിച്ച രേഖയെന്ന് കരുതൂ, അതിൽ എന്റെ അഡ്ഡ്രസ്സും, പേരും, വയസ്സും, അടക്കമുള്ള പ്രാഥമീക വിവരങ്ങൾ മാത്രമാണ്. എന്നാൽ ഞാൻ ആധാർ നമ്പർ ആണ് ഉപയോഗിച്ചത് എങ്കിൽ, ഡ്രൈവിങ് ലൈസൻസിലെ വിവരങ്ങളേക്കാൾ കൂടുതലായി എന്റെ ബാങ്കഅ അക്കൌണ്ടുകളുടെ വിവരങ്ങളും, ഞാനുപയോഗിക്കുന വാഹനങ്ങളുടെ വിവരങ്ങളും, എന്റെ സ്വത്ത് സംബന്ധിച്ച സകല വിവരങ്ങളും ഞാൻ മറ്റൊരാൾക്ക് കൈമാറുകയാണ്. എനിക്ക് വിശ്വാസമില്ലാത്ത വ്യക്തിക്ക് എന്തിന് ഞാൻ എന്റെ ഇത്തം വിവരങ്ങൾ കൈമാറണം? അതിനായി സർക്കാർ എന്നെയെന്തിന് നിർബന്ധിക്കണം? ഇങ്ങനെ സർക്കാർ നിർബന്ധപ്രകാരം ഇത്തരം വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്ക് കൈമറുക എന്നത് തന്നെ ഒരു വ്യക്തിയുടെ സ്വകാര്യതയുടെ, സമ്പത്തിന് കൊടുക്കേണ്ട സംരക്ഷണത്തിന്റെ, ഒക്കെ ലംഘനമല്ലേ? ഇത്തരം നിലപാടുകൾ സർക്കാർ എടുക്കുന്നതിന് കാരണെന്താണ്? ഇതിന് പിന്നിലെ ഹിഡൺ അജണ്ടയെന്താണ്?

സോഷ്യൽമീഡിയയിൽ ഐഡന്റിറ്റി ബോധ്യയപ്പെടാനായി വോട്ടേഴ്സ് ഐഡികാർഡും, ഡ്റരൈവിങ് ലൈസൻസും, പാസ്പോവട്ടും ഒക്കെ ധാരാളമാണ്. ഒരു വ്യക്തിയുടെ സമഗ്ര വിവരങ്ങളും, അയാളുടെ സ്വത്തുവിവരങ്ങളും ഒക്കെ ലോകത്തിന് മുന്നിലേക്ക് തുറന്നിടാനായി സർക്കാർ രാജ്യത്തെ പൌരനെ നിർബന്ധിക്കുക എന്നത് മൌലീകാവകാശ, പൌരാവകാശ ലംഘനവും അയാളുടെ സ്വകാര്യത ഇല്ലാതാക്കലും തന്നെയാണ്.

നബി – ഈ പക്ഷിക്ക് വരെ ഐഡന്റിറ്റി ഉള്ള കാലമാണ് ഫേക്കൻമാരേ, ഇതിന്റെ ഡിഎൻഎ കൃത്യമായി രേഖപ്പെടുത്തിട്ടുണ്ട്. ഏതായാലും സോഷ്യൽമീഡിയയുടെ ബൊളീവിയൻ കാടുകളിൽ ഒളിയുദ്ധത്തിനായി ഇറങ്ങിത്തിരിച്ച എല്ലാ ഫേക്കൻമാർക്കും ആദരാഞ്ജലികൾ ഇൻ അഡ്വാൻസ്..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.