കേരളത്തോളം വലിയ സദാചാര സമൂഹവും, മലയാളികളോളം വലിയ സദാചാരവാദികളും ഈ ലോകത്തിൽ വേറെയുണ്ടോ ?

350

Jomol Joseph

കേരളത്തോളം വലിയ സദാചാര സമൂഹവും, മലയാളികളോളം വലിയ സദാചാരവാദികളും ഈ ലോകത്തിൽ വേറെയുണ്ടോ ?

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യമാണിത്. നിങ്ങളുടെ ചിന്തകളിൽ ഇങ്ങനെ തോന്നിയിട്ടുണ്ടോ?

പെൺകുട്ടികൾ വളർന്നുവരുന്നതോട് കൂടി ആ പെൺകുട്ടികളോട് അരുതുകൾ പറഞ്ഞുകൊണ്ട് തന്നെയാണ് മലയാളികളുടെ സദാചാര ചിന്തകളുടെ തുടക്കം. അവൾ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, ആരോട് സംസാരിക്കണം, ആരോട് കൂട്ടുകൂടണം, എവിടെ പോകണം, എപ്പോൾ പോകണം, എവിടെ നടക്കണം, എങ്ങനെ നടക്കണം, അടക്കിയ സംസാരം, ഒതുങ്ങിയ നടത്തം, ആണുങ്ങളോട് എങ്ങനെ സംസാരിക്കണം, എന്ത് വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം തുടങ്ങി അവൾക്കായി കൽപിച്ച് കൂട്ടുന്ന നൂറുകണക്കിന് തിട്ടൂരങ്ങളിൽ തുടങ്ങുന്നു സദാചാര ചിന്തകളുടെ ആരംഭം. എന്നാൽ ഇത്തരം സദാചാര തിട്ടൂരങ്ങളൊന്നും ആൺകുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാനായി മുതിരാത്ത ആളുകൾ തന്നെയാണ് മലയാളികൾ എന്നതും വസ്തുതയാണ്. അവനാണല്ലേ നീ പെണ്ണല്ലേ എന്ന ചിന്തയിൽ നിന്നുകൊണ്ട് തന്നെയാണ് സദാചാര തിട്ടൂരങ്ങളുടെ ആരംഭം എന്നത് കാണാനാകും.

ലൈംഗീകതയുടെ കാര്യത്തിൽ എന്തിനും ഏതിനും ഒരു മറവേണം എന്നുപറയുന്ന മലയാളികൾ തന്നെയാണ് പൊതുഇടങ്ങളിൽ സ്ത്രീകളെ കയറിപ്പിടിക്കുന്നതിൽ മുന്നിലെന്നതും ഒരു യാഥാർത്ഥ്യം തന്നെയാണ്. അവളുടെ വസ്ത്രധാരണ രീതിതന്നെയാണ്, അല്ലേൽ അവളുടെ ഇരിപ്പും നടപ്പും തന്നെയാണ് അവനെ കയറിപ്പിടിക്കാനായി പ്രേരിപ്പിച്ചത് എന്നായിരിക്കും അതിക്രമം കാണിച്ചവനെ ന്യായീകരിക്കാനായി പറയുന്ന വാദം. എന്നാൽ അവളുടെ സൌന്ദര്യമോ വസ്ത്രധാരണ രീതിയോ ഇരിപ്പോ നടപ്പോ അല്ല, അവന്റെ ലൈംഗീക ദാരിദ്ര്യത്തിന്റെ ഉൻമാദ അവസ്ഥതന്നെയാണ് അവനെകൊണ്ട് ഈ അതിക്രമം ചെയ്യിച്ചത് എന്നത് കാണാനാകും.

മദ്യപാനത്തെയും മദ്യത്തെയും എക്കാലവും എതിർക്കുകയും മദ്യപിക്കുന്നവരെ തെല്ല് അവജ്ഞയോടെ കാണാനും ശ്രമിക്കുന്ന സമൂഹം തന്നെയാണ് മലയാളികളുടേത്. എന്നാൽ മദ്യപിക്കാത്ത മലയാളികൾ എത്രയെന്ന് ചോദിച്ചാൽ ആ എണ്ണം മദ്യപിക്കുന്നവരേക്കാൾ വളരെ കുറവായിരിക്കും എന്നതുമൊരു വസ്തുതയാണ്. നമ്മുടെ കുടുംബങ്ങളിലെ പരിപാടികൾക്കോ, കൂടിച്ചേരലുകൾക്കോ, സൌഹൃദ കൂട്ടായ്മകൾക്കോ ഒക്കെ മദ്യം ഒരു വിഭവം തന്നെയായി മാറുകയോ, ഇതിന്റെയൊക്കെ ഭാഗമായി മദ്യം കഴിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാൽ സർക്കാർ മദ്യനയമോ ബാർനയമോ ഒക്കെ പ്രഖ്യാപിക്കുമ്പോഴോ നടപ്പിലാക്കുമ്പോഴോ ഒക്കെ അതിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ആളുകളിൽ പലരും മദ്യം കഴിക്കുന്നവരാണ് എന്നതും ഒരു വസ്തുതയാണ്. മുസ്ലീങ്ങൾക്ക് മദ്യം ഹറാമാണ് എന്നും മുസ്ലീങ്ങൾ മദ്യപിക്കില്ല എന്നും പറയുമ്പോൾതന്നെ, മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലും, ബാറുകളിലും പോയാൽ ഈ പറയുന്നതിന് കടകവിരുദ്ധമായ കാഴ്ചകളാണ് കാണുക.

തന്റെ ഭാര്യയുമായി മാത്രമോ, തന്റെ ഭർത്താവുമായി മാത്രമോ ലൈംഗീക ബന്ധത്തിലേർപ്പെടാവൂ എന്ന് ശഠിക്കുന്ന മലയാളി സമൂഹത്തിൽ വലിയൊരു ശതമാനം ആളുകൾ ഇതിന് വിഭിന്നമായി പലരുമായും പലപ്പോഴായി ലൈംഗീക ബന്ധത്തിലേർപ്പെട്ടവരാകാം എന്നതും വസ്തുതയാണ്. വിവാഹത്തിന് മമ്പ് ലൈംഗീകബന്ധം പാടില്ല എന്ന് വാശിപിടിക്കുന്ന മലയാളികളിൽ, വിവാഹത്തിന് മുമ്പ്തന്നെ വലിയൊരു ശതമാനം ആളുകൾ ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നവരാണ് എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാകാതെ പോകുന്നതന്തേ എന്നത് വളരെക്കാലമായുള്ള എന്റെ സംശയമാണ്.

മതവിശ്വാസമായാലും, ആ മതസമൂഹത്തിൽ സ്വീകാര്യത ലഭിക്കാനായി ആ സമൂഹത്തിന്റെ ആചാരങ്ങളിലും പ്രാർത്ഥനകളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവരാമ് ബഹുഭൂരിഭാഗവും. ഇതിൽ എത്രപേർ ആത്മാർത്ഥമായും വിശ്വാസത്തോടെയും കൂടി ഇതിലെല്ലാം ഭാഗമാകുന്നു എന്നത് നമ്മൾ പരിശോധിച്ചാൽ ഇവിടെയും മലയാളികളുടെ ഇരട്ടത്താപ്പ് നമുക്ക് ബോധ്യമാകും. ബാറുകാരുടേയും മദ്യലോബിയുടേം പണത്തിൽ ആർഭാടമായി കെട്ടിപ്പൊക്കിയ പള്ളിയുടെ അൾത്താരയിൽ നിന്നുകൊണ്ട്, ഇതേ ആളുകളുൾപ്പെട്ട സമൂഹത്തോട് ഇടവകാവികാരിയും മെത്രാനച്ചനും വരെ നടത്തുന്ന മദ്യവർജ്ജന മദ്യവിരുദ്ധ പ്രസംഗം കേട്ടാൽ പലപ്പോഴും കുളിര് കോരാറുണ്ട് എന്നതും വസ്തുതയല്ലേ? തലേന്ന് കുടിച്ചതിന്റെ കെട്ടിറങ്ങുകപോലും ചെയ്യാതെ പള്ളിയിലേക്ക് വെച്ചുപിടിക്കുന്ന എത്രയോ വിശ്വാസികളെ നമുക്ക് കാണാനാകും എന്നതും ചിന്തിക്കേണ്ട വിഷയം തന്നെയല്ലേ?

വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ, അവിടത്തെ സാമൂഹ്യസാഹചര്യങ്ങളിൽ സ്വീകരുക്കുന്ന വസ്ത്രധാരണരീതികൾക്ക് വിഭിന്നമായി, നാട്ടിലെത്തിയാൽ സ്വീകരിക്കുന്ന വസ്ത്രധാരണ രീതി പലപ്പോഴും കണ്ണുതള്ളിച്ചിട്ടുണ്ട്. ഇതിന് കാരണമായി പറയുന്നത് മയലാളികളുടെ തുറിച്ചുനോട്ടം തന്നെയാണ്. സംസ്ഥാനത്തിന് പുറത്ത് നിരവധി സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുള്ള എനിക്കും ഇത് ബോധ്യപ്പെട്ടിട്ടുള്ള വിഷയം തന്നെയാണ്. ഒരു സമൂഹത്തിൽ ഇടപെടുമ്പോൾ നിങ്ങളുടെ മാറിടങ്ങളിലേക്ക് ഒരാളുടെ കണ്ണുകൾ ആഴ്ന്നിറങ്ങുന്നു എങ്കിൽ ആ കണ്ണുകളുടെ ഉടമ ഒരു മലയാളി തന്നെയായിരിക്കും എന്നതിൽ നമുക്ക് യാതൊരു സംശയവും വേണ്ട.

ഇങ്ങനെ ഏതൊരു മേഖലയിൽ നോക്കിയാലും മലയാളിയുടേയും മലയാളി സമൂഹത്തിന്റെയും സദാചാരചിന്തകൾ വലിയ ഉന്നതിയിലാണ്. എന്നാൽ ഈ ചിന്തകളൊക്കെതന്നെയും കപടമാണ് എന്നതിന് വലിയ വലിയ ഗവേഷണങ്ങളുടെയോ പഠനങ്ങളുടേയോ ആവശ്യമില്ല, മറിച്ച് നമ്മുടെ ചിന്തകളും കണ്ണുകളുമായി നമ്മുടെ പരിസരങ്ങളിലേക്ക് ഒരു നീരീക്ഷണം നടത്തിയാൽ മാത്രം മതിയാകും.

(നബി – എഴുത്തിന് പ്രചോദനമായത് പബുകൾ അനുവദിക്കും എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോടുള്ള എതിർപ്പിന്റെ ശബ്ദങ്ങൾ തന്നെയാണ്)