ചെന്നിത്തല എക്സിറ്റ് പോളിലും ജനഹൃദയങ്ങളിലും പുറകിലേക്ക് പോയതിന് ചില കാരണങ്ങളുണ്ട്

59

Jomol Joseph ന്റെ ഫേസ്ബുക് പോസ്റ്റ്

ചില തിരിച്ചറിവുകൾ നല്ലതാണ് ചെന്നിത്തലേ..

എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയുടെ പേരിൽ നടന്ന വോട്ടിങ്ങിൽ ചെന്നിത്തലക്ക് രണ്ടും മൂന്നും നാലും ശതമാനം വോട്ടുകൾ മാത്രം കിട്ടിയതിൽ ചെന്നിത്തല നിരാശനാണ്. പിണറായി വിജയന് നാല്പത്തിയേഴ് ശതമാനവും, ഉമ്മൻ ചാണ്ടിക്ക് ഇരുപത്തിയഞ്ച് ശതമാനവും ഒക്കെയാണ് ലഭിച്ചത്. യുഡിഎഫ് നേതാക്കളിൽ നിന്നും നോമിനേഷനിലെത്തിയ മുഴുവൻ ആളുകൾക്ക് ലഭിച്ച വോട്ടുകൾ കൂടിച്ചേർന്നാലും പിണറായി വിജയന് ലഭിച്ച ശതമാനത്തിലെത്തില്ല എന്നതാണ് യാഥാർത്ഥ്യം..
എക്സിറ്റ് പോളുകൾ നടത്തിയത് ദേശാഭിമാനി പത്രമോ, കൈരളി ചാനലോ അല്ല. മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, മീഡീയ വൺ തുടങ്ങിയ സകല വലതുപക്ഷ മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോളിലെ അവസ്ഥയാണ് ഇത്. ചെന്നിത്തല ഈ പോളുകൾ കണ്ട് പൊട്ടിത്തെറിക്കുകയും, പെയിഡ് പോളുകളെന്ന് വിശേഷിപ്പിക്കുകയും ചെയ്തു എന്നതാണ് രസകരം. ചെന്നിത്തല എക്സിറ്റ് പോളിലും ജനഹൃദയങ്ങളിലും പുറകിലേക്ക് പോയതിന് ചില കാരണങ്ങളുണ്ട്..

  1. കേരളം ആദ്യ പ്രളയത്തിലും രണ്ടാം പ്രളയത്തിലുമായി മുച്ചൂടും തകർന്നസമയത്ത്, സർക്കാർ ജനങ്ങൾക്കും നാടിനും ആയി രക്ഷാ, പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയപ്പോൾ, അതിനൊപ്പം നിൽക്കാതെ അതിനെയൊക്കെ തകിടംമറിക്കാനാണ് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷരാഷ്ട്രീയ നേതാക്കളും പ്രതിപക്ഷ പാർട്ടികളും ശ്രമിച്ചത്. സാലറി ചലഞ്ചിനെതിരെയടക്കം കോടതിയിൽ പോയതൊക്കെ ചെന്നിത്തലയും പ്രതിപക്ഷവും മറന്നാലും ജനങ്ങൾ മറക്കില്ല.
  2. കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത്, കോവിഡ് പ്രതിരോധത്തെ തകിടം മറിച്ചവരാണ് നിങ്ങൾ. സംസ്ഥാന അതിർത്തികളിൽ നിങ്ങൾ നടത്തിയ ആഭാസ സമരങ്ങൾ നിങ്ങൾ മറന്നാലും ജനങ്ങൾ മറക്കില്ല. അമേരിക്കൻ മോഡൽ മിറ്റിഗേഷൻ പ്ലാനാണ് വേണ്ടതെന്ന് വാദിച്ച്, അമേരിക്കയിലെ പോലെ ഇവിടെയും ജനങ്ങളെ കുരുതി കൊടുക്കാനായി നോക്കിയവരാണ് പ്രതിപക്ഷനേതാവും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും.
  3. സമാനതകളില്ലാത്ത ദുരിതകാലത്ത് നേരും നെറിയും കൈമുതലായുള്ള നേതാവൊരുത്തൻ പത്രസമ്മേളനം നടത്തി തന്റെ ജനങ്ങളോട് വസ്തുതകൾ വിവരിക്കുന്നതിനെ കേവല രാഷ്ട്രീയ പ്രചാരണമായി കളിയാക്കിയവരാണ് നിങ്ങൾ. ആ പത്രസമ്മേളനത്തിനായി ടിവിക്ക് മുന്നിൽ കാത്തിരുന്ന ജനലക്ഷങ്ങൾ ആ നേതാവിന്റെ വാക്കുകളിൽ ആശ്വാസവും പ്രതീക്ഷയും കണ്ടെത്തിയപ്പോൾ, ആ ജനങ്ങളെ വരെ വെല്ലുവിളിക്കുന്ന തരത്തിലായിപ്പോയി നിങ്ങളുടെ രാഷ്ട്രീയ നാടകങ്ങൾ.
  4. കോവിഡ് മഹാമാരിയുടെ വ്യാപനം തടയാനായി ജനങ്ങൾ വീട്ടിലിരുന്നപ്പോൾ, അതിൽ നിങ്ങളുടെ പക്ഷത്തുള്ളവരെ കൂട്ടമായി തെരുവിലേക്ക് വിളിച്ചിറക്കി സമരനാടകം കളിച്ച് കോവിഡ് പ്രഹരം കൂട്ടിയവരാണ് നിങ്ങൾ.

  5. പിണറായി വിജയനെ ജനങ്ങളിലേക്കടുപ്പിച്ചതും, താങ്കളെ ജനം തള്ളിയകറ്റിയതിനും താങ്കൾ തന്നെയാണ് കാരണക്കാരൻ. ഉസ്മാനെ ഫോൺ ചെയ്ത് നടത്തിയതുപോലത്തെ നാടകങ്ങൾ മാത്രമായിരുന്നു താങ്കളുടെ കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ പ്രതിപക്ഷ രാഷ്ട്രീയം. ഉസ്മാനെ വിളിച്ചതിലടക്കം, താങ്കൾ നടത്തിയ പത്രസമ്മേളഞങ്ങളിൽ വരെ താങ്കൾ ജനങ്ങളുടെ മുന്നിൽ കോമാളിയാകുകയായിരുന്നു.

  6. സമൂഹത്തിലെ നാലാം തൂണായ മാധ്യമങ്ങളെ വിലക്കെടുത്ത് നിങ്ങൾ കാലങ്ങളായി നടത്തിയ വലതുപക്ഷ പ്രൊപഗണ്ട സെറ്റ്ചെയ്യലും, ഇടതുപക്ഷ വേട്ടയാടലുൾക്കും ബദൽ തീർത്തത് സമൂഹത്തിൽ അഞ്ചാം തൂണായി സ്വയം രൂപപ്പെട്ട് വന്ന സോഷ്യൽമീഡിയ തന്നെയാണ് നേതാവേ. നാവ് വളച്ച് വിളിച്ചുപറയുന്ന കളവുകളുടെ ഇടയിലെ സത്യങ്ങളെന്ത് എന്ന് തെളിവുകൾ സഹിതം ഇടനിലക്കാരില്ലാതെ ഈ നാട്ടുകാരിലേക്ക് നേരിട്ടെത്തിയത് സോഷ്യൽ മീഡിയ വഴിയാണ്. കോൺഗ്രസ്സുകാരിയായിരുന്ന ഈ ഞാനും രാഷ്ട്രീയം പറയാനായി തുടങ്ങിയത് എന്റെ നേരനുഭവത്തിലുള്ള വസ്തുതകളിലെ കളവുകൾ കേട്ട് മടുത്തതുകൊണ്ട് തന്നെയാണ് സർ. നിങ്ങളുടെ കളവുകളുടെ പ്രചാരണം ഏറ്റെടുത്ത വലതുപക്ഷ നാവുകളായ സകല വാർത്താമാധ്യമങ്ങളും, ഇന്ന് വിശ്വാസ്യത നഷ്ടപ്പെട്ട് റേറ്റിങ്ഇല്ലാതായി ശമ്പളം കൊടുക്കാനായി പോലും ബുദ്ധിമുട്ടുന്നത് പോലെ തന്നെ താങ്കളും പ്രതിപക്ഷവും ജനപിന്തുണയില്ലാതെ നിലയില്ലാ കയത്തിലേക്ക് വീണത് കാലത്തിന്റെ കാവ്യനീതി മാത്രമാണ് നേതാവേ..

  7. ആപത്ത് കാലത്ത് നാറിയ രാഷ്ട്രീയം പറയാതെ, ജനങ്ങൾക്കൊപ്പം നിങ്ങളും നിങ്ങളുടെ പക്ഷവും നിന്നിരുന്നു എങ്കിൽ, ഇന്ന് നിങ്ങൾക്കൊപ്പം ജനങ്ങളും നിന്നേനെ. താങ്കളും മുഖ്യമന്ത്രിയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഒരുമിച്ചൊരു ഹെലികോപ്റ്ററിൽ പോയപ്പോൾ വലിയൊരു സന്ദേശമായിരുന്നു അത്. ലോകത്തിന് തന്നെ മഹത്തായ മാതൃകയുമായിരുന്നത്. എന്നാൽ അതിന് പിറ്റേന്ന് മുതൽ താങ്കൾ വലിച്ച് താഴെയിടാനായി നോക്കിയത് ഈ സർക്കാരിനെ മാത്രമായിരുന്നില്ല, ഈ നാട്ടിലെ ജനങ്ങളുടെ കുതികാല് വെട്ടുന്ന പണികൾ മാത്രമാണ് പ്രതിപക്ഷനേതാവായ താങ്കളിൽ നിന്നും, പ്രതിപക്ഷ കക്ഷികളിൽ നിന്നും, പ്രവർത്തകരിൽ നിന്നും വന്നിട്ടുള്ളൂ. ഇനിയൊരു പ്രളയം വന്നാൽ സർക്കാരിന് പിടിച്ചുനിൽക്കാനാകില്ല എന്ന നിങ്ങളുടെ സ്വപ്നം ചാനൽ ചർച്ചയിൽ പങ്കുവെച്ചപ്പോൾ നെഞ്ച് തകർന്നത് ഈ നാട്ടിലെ ജനങ്ങളുടെയാണ് നേതാവേ..

അടുത്ത അഞ്ച് വർഷക്കാലം, നേരും നെറിയും, ആത്മാർത്ഥതയും കൈമുതലാക്കി ജനങ്ങൾക്കൊപ്പം നിന്നാൽ, കേരളത്തിലെ ജനങ്ങളുടെ മുന്നിൽ അപഹാസ്യനാകില്ല പ്രതിപക്ഷ നേതാവേ താങ്കൾ.. മാത്രമല്ല, കോൺഗ്രസ്സ് പോലൊരു മഹാപ്രസ്ഥാനം ഈ നാട്ടിൽ ബാക്കിയുണ്ടാകാനായി താങ്കളടക്കം സകല നേതാക്കളുടേയും സന്മനസ്സും ആവശ്യമാണ്. അല്ലാത്തപക്ഷം കോൺഗ്രസ്സ് എന്ന പാർട്ടിയുടെ ശവപ്പെട്ടിയിൽ ആണിയടിച്ചവരായി താങ്കളെയും താങ്കളുടെ തലമുറയിൽ പെട്ട നേതാക്കളെയും ചരിത്രം അടയാളപ്പെടുത്തും