കുടിവെള്ളത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നമ്മൾ മഴവെള്ളം വെറുതേ പാഴാക്കിക്കളയുകയല്ലേ?

1461

Jomol Joseph

കുടിവെള്ളത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നമ്മൾ മഴവെള്ളം വെറുതേ പാഴാക്കിക്കളയുകയല്ലേ?

ഓരോ മഴ പെയ്യുമ്പോഴും, എത്രലിറ്റർ മഴവെള്ളമാണ് നമ്മുടെ വീടിന്റെ മേൽക്കൂരയിലോ ടെറസിലോ പതിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ മഴവെള്ളം മുഴുവനും എവിടേക്കോ ഒഴുക്കികളയുകയല്ലേ നമ്മൾ ചെയ്യുന്നത്? മഴ പെയ്തു തോരുമ്പോൾ തന്നെ വാട്ടർടാങ്കിലേക്ക് വെള്ളം നിറക്കാനായി മോട്ടോർ ഓൺ ചെയ്യാനായി ഓടുന്നവരല്ലേ നമ്മളിൽ പലരും?

നമ്മുടെ കേരളത്തിലെ പ്രധാന ജല സ്രോതസ്സുകൾ എന്തൊക്കെയാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ പറയാം, 33 കായലുകൾ, 44 നദികൾ, കൃത്യമായി എണ്ണം രേഖപ്പെടുത്താത്തത്ര തോടുകൾ, തണ്ണീർത്തടങ്ങൾ, വയലുകൾ, 60 ലക്ഷത്തോളം കിണറുകൾ, എണ്ണം രേഖപ്പെടുത്താത്തത്ര കുഴൽ കിണറുകൾ!! കുളങ്ങൾ വേറെ!! ഇവിടെ നിന്നൊക്കെ വെള്ളം എടുക്കുന്നത് നമ്മുടെ അവകാശമാണ്, നമ്മൾ എടുക്കുക തന്നെ ചെയ്യൂം. എന്നാൽ ഈ കുളങ്ങളിലേക്കും കിണറുകളിലേക്കും വെള്ളം ലഭിക്കുന്ന നീരുറവകളെ പുഷ്ടിപ്പെടുത്താനായി നമ്മൾ എന്താണ് ചെയ്യുന്നത്? നമ്മുടെ മറുപടി ഒരു വാപൊളിയിലോ ചമ്മിയ ചിരിയിലോ ഒതുങ്ങും എന്നറിയാം, കാരണം മലയാളികൾൾ ഉദ്പാദകരല്ല, ഉപഭേക്താവ് മാത്രമായി മാറുകയാണ്..

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം..

നമ്മുടെ വീടുകളുടെ ചുറ്റിലുമുള്ള മുറ്റം മുഴുവനും ടൈലുകൾ പതിപ്പിച്ച് മനോഹരമാക്കുമ്പോൾ, മണ്ണിലേക്ക് മഴവെള്ളം താഴാനുള്ള അവസരമാണ് നമ്മൾ ഇല്ലാതാക്കുന്നത്. മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളം ടൈലുപാകിയ മുറ്റത്ത് വന്ന് പതിച്ച്, അവിടെ നിന്ന് റോഡിലേക്കോ ഓടകളിലേക്കോ നമ്മൾ ഒഴുക്കി വിടും. പുതിയ വീടുകൾ പണിയുമ്പോളും, പഴയ വീടുകളുടേയും മുകളിൽ പതിക്കുന്ന മഴവെള്ളം സംഭരിക്കുകയാണ് എങ്കിൽ, ആ മഴവെള്ള സംഭരണിയിലെ വെള്ളം മാത്രം മതിയാകും നമ്മുടെ ദാഹമകറ്റാനായി. മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളം, പാത്തികൾ വഴി ശേഖരിച്ച് പൈപ്പുകൾ വഴി, നമ്മുടെ തൊടിയിലെ കിണറിന് സമീപം കുറച്ച് മാറി ചെറിയൊരു കുഴിയെടുത്ത് ആ കുഴിയിലേക്ക് കൊണ്ടുചെന്നെത്തിച്ചാൽ, ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് നമ്മുടെ ഭൂമിയിലേക്ക് റീച്ചാർജിങ് ചെയ്യപ്പെടുക!! അടുത്ത വേനലിൽ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും ജലനിരപ്പ് റീച്ചാർജ് ചെയ്യുന്ന കിണറുകളിൽ ഉയരും.

നമ്മുടെ പറമ്പുകളിൽ മഴക്കുഴികൾ നിർമ്മിച്ച് മഴവെള്ളം ഒഴുകിപ്പോകുന്നത് തടഞ്ഞും, ഈ മഴക്കുഴികളിലൂടെ ഒഴുകി പോകുന്ന മഴവെള്ളം മണ്ണിലേക്ക് താഴ്ത്തിയും നമുക്ക് നമ്മുടെ മണ്ണിലേക്ക് വെള്ളമെത്തിക്കാനാകും. നമ്മുടെ കൊച്ചു കേരളത്തിൽ മിക്കവർഷങ്ങളിലും നമ്മൾ ഒഴുക്കി കളയുന്നത് ഒന്നേകാൽ ലക്ഷം ഘനമീറ്റർ മഴവെള്ളമാണ്. നമ്മൾ ഉപയോഗിക്കുന്നത് 7000 ഘനമീറ്ററിൽ താഴെ മഴവെള്ളവും!! ഒരു ലക്ഷത്തിൽ പരം ഘനമീറ്റർ മഴവെള്ളം പാഴാക്കി കളയുന്ന നമ്മൾ തന്നെയാണ്, ജലക്ഷാമത്തെ കുറിച്ചും, വരൾച്ചയെ കുറിച്ചും വേവലാതിപ്പെടുന്നത്!!

അപ്പോൾ, എല്ലാവരോടും പറയാനുള്ളത്, എത്രയും പെട്ടന്ന് നമ്മുടെ മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളത്തെ, പൈപ്പുകൾ വഴി ശേഖരിച്ച്, മളവെള്ള സംഭരികളിലേക്കോ, കിണറോ കുളമോ റീച്ചാർജിങ്ങിനായോ, അതുമല്ല എങ്കിൽ മണ്ണിൽ കുഴിയെടുത്ത് വെറുതേ മണ്ണിലേക്ക് ആ വെള്ളത്തെ താഴ്ത്തിവിടാനോ നമുക്ക് ശ്രമം തുടങ്ങാം. കാരണം ഈ മഴക്കാലത്ത് കാര്യമായ മഴ നമുക്ക് ലഭിച്ചിട്ടില്ല, മഴയിൽ നാല്പത് മുതൽ അറുപത് ശതമാനം വരെയാണ് നമുക്ക് കുറവ് വന്നത്!! ഈ പെയ്യുന്ന മഴവെള്ളം പാഴാക്കുമ്പോൾ ഒന്നോർക്കുക, കടുത്ത വരൾച്ചയാണ് നമ്മളെ തേടി വരാനിരിക്കുന്നത്.

നബി – കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും 5-6 മീറ്റർ പരിസരത്തായി, രണ്ടു മീറ്റർ ആഴത്തിലും ഒന്നോ ഒന്നരയോ മീറ്റർ വട്ടത്തിലും കുഴിയെടുത്ത് ആ കുഴിയിൽ ചകിരി, കമഴ്ത്തിയടുക്കി, കരിയും മണലും നിറച്ച്; ആ കുഴിയിലേക്ക് മേൽക്കൂരയിൽ നിന്നും മഴവെള്ളം പൈപ്പുകളിൽ ശേഖരിച്ച് കൊണ്ടുചെന്ന് ചാടിച്ചാൽ മാത്രം മതി, കിണർ കുളം എന്നിവ മഴവെള്ളം കൊണ്ട് റീചാർജ്ജ് ചെയ്യാനായി. ഇതിന് വരുന്ന ചിലവ് അയ്യായിരം രൂപമുതൽ ഇരുപതിനായിരം രൂപവരെയാണ്. മേൽക്കൂരയുടെ ചുറ്റളവും, ശേഖരിക്കേണ്ട മഴവെള്ളത്തിന്റെ അളവും, ഉപയോഗിക്കുന്ന പൈപ്പുകളുടെ ഗുണനിലവാരവും ആണ് ചിലവ് കുറക്കുകയും ഉയർത്തുകയും ചെയ്യുന്നത്.

Advertisements