പെണ്ണുടലുകളിലേക്ക് തുറിച്ചും ഒളിഞ്ഞും ആഴ്ന്നിറങ്ങുന്ന നോട്ടങ്ങൾക്ക് നടുവിൽ നെഞ്ചും വിരിച്ച് കാലുകൾ അകത്തി അവളിരിക്കുന്നു

300
Jomol Joseph
പെണ്ണുടലുകളിലേക്ക് തുറിച്ചും ഒളിഞ്ഞും ആഴ്ന്നിറങ്ങുന്ന നോട്ടങ്ങൾക്ക് നടുവിൽ നെഞ്ചും വിരിച്ച് കാലുകൾ അകത്തി അവളിരിക്കുന്നു – സദാചാരചിന്തകളുടെ നേരേ കൈകളും പൊക്കി യോനിയും കാണിച്ച്!
ഇവൾ മലമ്പുഴയിലെ യക്ഷി.. കറുത്തവൾ, അതിസുന്ദരി.. ഇവൾ കാനായിയുടെ സൃഷ്ടി..
ഇവളുടെ മുലകൾ വിദേശിയായ മദാമ്മയുടേത്, കാലുകൾ സ്വദേശിയും ശില്പം പണിക്ക് കാനായിയുടെ കൂടെ കൂടിയ ഏഴുപേരിൽ ഒരുവളായ നബീസയുടേത്. നബീസ കാൽമുട്ടുകൾക്ക് മുകളിലേക്ക് പാവാട തെറുത്ത് കേറ്റി കവച്ചിരുന്നു, കാനായി അതു നോക്കി വരച്ചു, കാനായിയുടെ വരനോക്കി, നബീസയടക്കമുള്ള ഏഴുപണിക്കാരും കാനായിയും കൂടി യക്ഷിയുടെ ശില്പം പൂർത്തിയാക്കി..
50 വർഷംമുമ്പ്, അതായത് 1967-ൽ ജലസേചനവകുപ്പും വിനോദസഞ്ചാരവകുപ്പും സംയുക്തമായി വിനോദസഞ്ചാരികളെ മലമ്പുഴയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾക്കായി ഒരു യോഗം ചേർന്നു. യോഗത്തിൽ പങ്കെടുത്ത ജാതവേദൻ നമ്പൂതിരിയാണ് ഉദ്യാനത്തിൽ ശില്പങ്ങൾ പണിയണം എന്ന ആശയം മുന്നോട്ടുവെച്ചത്. യോഗം ഇത് അംഗീകരിച്ചു. അദ്ദേഹംതന്നെ അന്ന് മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിലെ പ്രിൻസിപ്പലായ കെ.സി.എസ്. പണിക്കരെ ബന്ധപ്പെട്ടു. അങ്ങനെയാണ് മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിലെ പഠനശേഷം സ്കോളർഷിപ്പോടെ ലണ്ടനിൽ ഉപരിപഠനം പൂർത്തിയാക്കി തിരിച്ചെത്തിയ കാനായിയെ ഈ ചുമതല കെ.സി.എസ്. പണിക്കർ ഏല്പിക്കുന്നത്..
ഉദ്യാനത്തിൽ ഉയരുന്നത് സ്ത്രീയുടെ നഗ്നശില്പമാണെന്ന പ്രചാരണം നാടെങ്ങുമുണ്ടായി. ഒരു ദിവസം വൈകീട്ട് ശില്പത്തിന്റെ അന്നത്തെ പണി പൂർത്തിയാക്കി ഒലവക്കോട്ടെ ലോഡ്ജിലേക്ക് മടങ്ങുമ്പോൾ കാനായി കുഞ്ഞിരാമൻ കയറിയ ബസ് പത്തോളം ചെറുപ്പക്കാർ തടഞ്ഞു. കാനായിയെ ബസിൽനിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചു. “ഉടുക്കാത്ത പെണ്ണിനെ ഉണ്ടാക്കിയാൽ കൊന്നുകളയും” എന്ന് ഭീഷണിപ്പെടുത്തി അവർ കാനായിയെ അടിച്ചും ഇടിച്ചും പരിക്കേൽപ്പിച്ചു റോഡിൽ തള്ളി. “ജഡം മലമ്പുഴ ഡാമിൽ പൊങ്ങും” എന്ന് മുന്നറിയിപ്പും നൽകി.
ശില്പം നിർമിക്കുന്നിടത്തേക്ക് ഒരു വിഭാഗം സ്ത്രീകൾ (അന്നത്തെ കുലസ്ത്രീകൾ ആയിരിക്കണം) പ്രതിഷേധപ്രകടനം നടത്തി. സവർണവിഭാഗക്കാർ (ഇന്നത്തെ നാമജപക്കാരായിരുന്നിരിക്കണം) ധർണനടത്തി. പ്രതിഷേധം ശക്തമായതോടെ നിർമാണാനുമതി നൽകിയ ജലസേചനവകുപ്പ് ഭയന്നു. നിർമാണക്കരാർ ഒപ്പിട്ടതിനാൽ അത് റദ്ദാക്കാനാവില്ലായിരുന്നു. അതിനാൽ നിർമാണവസ്തുക്കൾ നൽകാതെ അവർ അടവുനയം സ്വീകരിച്ചു. പ്രതിമനിർമാണത്തിന് സഹായികളായി പണിയെടുക്കുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് സദാചാരവാദികളും ഗർജിച്ചുകൊണ്ടിരുന്നു. പണി നിർത്തി കാനായി മലമ്പുഴ വിട്ടു. തലയില്ലാത്ത യക്ഷിപ്രതിമ കൂറ്റൻ കബന്ധമായി അവശേഷിച്ചു.
പ്രതിഷേധങ്ങൾ തണുത്തു, സർക്കാർ കാനായിയെ തിരികെ വിളിച്ചു. എന്നാൽ കരാർ തുക നൽകാതെ, ദിവസക്കൂലിക്ക് കാനായിയും ജോലി ചെയ്യേണ്ടി വന്നു. മേസന്റെ കൂലിയായിരുന്നു കാനായിക്കും ലഭച്ചത്, അവസാന നാളുകളിൽ ആ കൂലിയും കാനായിക്ക് ലഭിക്കാതായി!! 1969-ൽ ശില്പം പൂർത്തിയാക്കി. 70-ന്റെ ആരംഭത്തിലായിരുന്നു ഉദ്ഘാടനം. സി.എൻ. ശ്രീകണ്ഠൻനായരായിരുന്നു ഉദ്ഘാടകൻ. യക്ഷിയെപ്പറ്റി മുഖ്യധാരാമാധ്യമങ്ങൾ ഒന്നാം പേജിൽ പുകഴ്ത്തിയെഴുതിയതോടെ കാണാൻ ആൾത്തിരക്കേറി. അവഹേളനവും ഭീഷണിയും പതുക്കെ പൂച്ചെണ്ടുകളായി മാറി. മുപ്പതാം വയസ്സിലാണ് കാനായി കുഞ്ഞിരാമൻ യക്ഷിക്ക് പിറവിനൽകിയത്.
48 കിലോ കമ്പിയും 98 ചാക്ക് സിമന്റും പൊട്ട് ഇഷ്ടികകളും കൊണ്ടാണ് യക്ഷി ശില്പം തീര്ത്തതെന്ന് പറയപ്പെടുന്നു. ഇറിഗേഷന് വകുപ്പില് ജോലി ചെയ്യുമ്പോഴാണ് ആറ് പേര്ക്ക് കാനായിയോടൊപ്പം ജോലി ചെയ്യാന് സര്ക്കാരില് നിന്ന് കത്ത് വരുന്നത്. വേലായുധൻ, പഴനിസ്വാമി, നബീസ, മീനാക്ഷി, കിട്ട, രാജു, ഐശുമ്മൻ എന്നിവരാണ് കാനായിയോടൊപ്പം യക്ഷിയുടെ ശില്പം പൂർത്തീകരിക്കാൻ കൂടെ ജോലി ചെയ്തത്.
നബി – ഇന്നായിരുന്നു എങ്കിൽ യക്ഷിയുടെ നിർമ്മാണം നടക്കുമായിരുന്നോ? കാനായിക്ക് ഈ നാട്ടിൽ സ്വൈര്യ ജീവിതം സാധിക്കുമായിരുന്നോ? ഇവളിൽ ഞാനുണ്ട്, എന്നിൽ ഇവളുണ്ട്..