ടിപ്പിക്കൽ ഭർത്താക്കൻമാരോടാണ്…

2457

Jomol Joseph

ടിപ്പിക്കൽ ഭർത്താക്കൻമാരോടാണ്..

ജോലി കഴിഞ്ഞ് മടുത്ത് വീട്ടിൽ വരുമ്പോൾ, കുളിച്ച് സുന്ദരിയായി നിങ്ങളെയും കാത്ത് വാതിൽ പടിയിൽ നിൽക്കുന്ന ഭാര്യമാരെ നിങ്ങൾ ആഗ്രഹിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇതൊന്ന് വായിക്കണം…

നിങ്ങൾ ജോലി ചേയ്ത് മടുത്ത് തന്നെയാണ് വീട്ടിൽ വരുന്നത്, അതിൽ യാതൊരു സംശയവുമില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ ഭാര്യയുടെ ജോലിഭാരതതെ കുറിച്ച് ചിന്തിക്കാറുണ്ടോ? അവളുടെ മാനസീക സംഘർഷങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചോദിക്കുകയോ ചെയ്യാറുണ്ടോ? അവളുടെ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് ചിന്തിക്കുകയോ അന്വേഷിക്കുകയോ ചെയ്യാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് അവളിൽ നിന്നും ഇത്തരം കാര്യങ്ങൾ ആഗ്രഹിക്കാം. അവളിൽ നിന്നും നിങ്ങൾ പലതും ആഗ്രഹിക്കുമ്പോൾ, അവളുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് എന്നുകൂടി ചിന്തിക്കാനും അന്വേഷിക്കാനും കണ്ടെത്താനും നിങ്ങൾക്ക് ബാധ്യതയുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം വെറും വാങ്ങലുകൾ മാത്രമല്ല, അത് കൊടുക്കൽ വാങ്ങലുകളുടേതാണ്.

രാവിലെ എണീറ്റ് നേരേ അടുക്കളയിലേക്ക് കയറി കാപ്പിയോ ചായയോ ഉണ്ടാക്കലിൽ തുടങ്ങി, മക്കളെ സ്കൂളിൽ വിടലും, ഭർത്താവിനെ ജോലിക്ക് വിടലും, അവർക്കുള്ള ബ്രേക്ഫാസ്റ്റും ലഞ്ചുമടക്കം ഉണ്ടാക്കി നിങ്ങളെയൊക്കെ യാത്രയാക്കുമ്പോഴെക്കും ഏകദേശം നിങ്ങൾ ജോലിക്ക് പോയി ചെയ്യുന്നതിനോട് തുല്യമോ ചിലപ്പോൾ അതിനും മുകളിലോ ആയുള്ള ശാരീരിക അദ്ധ്വാനം അവൾ നടത്തിയിട്ടുണ്ടാകും ആ അടുക്കളയിലും വീട്ടിലുമായി. കൂടാതെ സമയത്തിനൊപ്പം ഓടിയെത്താനായി അവളനുഭവിക്കുന്ന മാനസീക സംഘർഷവും നിസ്സാരമായിരിക്കില്ല.

നിങ്ങളെ യാത്രയാക്കി കഴിഞ്ഞ് വീട് അടിച്ചു തുടക്കലും, തുണിയലക്കലും ഒക്കെയായി അവൾ നിങ്ങളുടെ വീടുകളിൽ നല്ലപോലെ അദ്ധ്വാനിച്ചും ശരീരം വിയർത്തും അവളുടെ വിയർപ്പു തുള്ളികൾ കൊണ്ട് നിങ്ങളുടെ വീടുകൾ നനയുന്നുണ്ടാകും. അതിന് ശേഷം മക്കൾ സ്കൂളിൽ നിന്ും വരുമ്പോൾ അവർക്കായി ചാചയോ സ്നാക്സോ ഉണ്ടാക്കലും, രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കുന്ന തിരക്കുകളും ആകും അവൾക്ക്. ഇങ്ങനെതിരുക്കുകളുടെ ലോകമാകും നിങ്ങൾ പോയശേഷവും അവളുടെ ലോകം. അതിനിടയിൽ നാളത്തേക്കുള്ള ദോശമാവോ ഇഡ്ഡലിമാവോ തയ്യാറാക്കലും ഒക്കെ അവളെ കാത്തിരിക്കുന്ന ജോലിയാണ്, വിരിച്ച തുണികൾ എടുത്ത് മടക്കിവെക്കലും, മക്കൾക്കും തങ്ങൾക്കും കിടക്കാനായുള്ള ബെഡ്ഡ് വിരിക്കലും ഒക്കെ അവൾ സമയത്തോടൊപ്പം നടന്നാകില്ല, മറിച്ച് സമയത്തോടൊപ്പം പെടാപ്പാട്പെട്ട് ഓടിയെത്തിയാകും ഇതൊക്കെ ചെയ്യുന്നത്.

മിക്ക സ്ത്രീകളും പ്രസവശേഷമുള്ള നടുവേദനയോ, പുറം വേദനയോ ഒക്കെയായി ചെറിയ ചെറിയ ശാരീകിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമാകാം. ഈ ബുദ്ധിമുട്ടുകൾ എല്ലാമുള്ളപ്പോഴും അവൾ ഒരു ദിവസം പോലും ലീവെടുക്കാതെയല്ലേ നമ്മുടെ വീടുകളിൽ ഓടിനടക്കുന്നത്? നിങ്ങൾ ജോലിക്ക് പോയി മടുത്ത് വീട്ടിൽ വരുമ്പോൾ, ക്ഷീണിച്ച് വരുന്ന നിങ്ങളെ സ്വീകരിക്കുനായി ആ വീട്ടിലുള്ള നിങ്ങളുടെ ഭാര്യയും ശാരീകമായി ക്ഷീണിച്ച് തന്നെയാകും നിൽക്കുന്നത്. നിങ്ങൾ പ്രസരിപ്പ് നിറഞ്ഞ അവളെ ആഗ്രഹിക്കുന്നതു പോലെ തന്നെ അവൾ നിങ്ങളുടെ സാമീപ്യവും ആഗ്രഹിക്കുന്നുണ്ട്. അവളെ ഒന്ന് ചേർത്തു നിർത്തിയാൽ, അവളെ ഒന്ന് കെട്ടിപിടിച്ചാൽ ഇനിയും ഒഴുകാൻ തയ്യാറായി നിൽക്കുന്ന ഒരു പുഴതന്നെയാണ് അവൾ. അതിനായി എന്റെ ജോലി എന്റെ ക്ഷീണം എന്ന ചിന്തയിൽ നിന്നും ഒന്നു മാറി, നമ്മുടെ എന്ന ചിന്തയിലേക്ക് വന്നാൽ മാത്രം മതി..

നബി – എന്നിൽ നിന്നും നമ്മളിലേക്കുള്ള ചിന്തയുടെ മാറ്റം ജീവിതത്തിൽ തരുന്ന ഊർജ്ജം തീരെ ചെറുതായിരിക്കില്ല എന്നെനിക്കുറപ്പുണ്ട്..