ലോക്ഡൗൺ സമയത്ത് ഫിനാൻസ് കമ്പനികളുടേയും ബാങ്കുകളുടേയും മനുഷ്യത്വമില്ലായ്മ

0
75
Jomol Joseph
ലോക്ഡൗൺ സമയത്ത് ഫിനാൻസ് കമ്പനികളുടേയും ബാങ്കുകളുടേയും മനുഷ്യത്വമില്ലായ്മ.
ഇന്നലെ രാത്രി വൈകി സുഹൃത്ത് വിളിച്ച് പറഞ്ഞു, അവരുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണസാധനങ്ങൾ തീർന്നിരിക്കുന്നു, കയ്യിൽ പണമൊന്നും തന്നെയില്ല. അവസ്ഥ മോശമാണ്. അത്യാവശ്യം സൌകര്യങ്ങളുള്ള കുടുംബം, അതുകൊണ്ട് അവസ്ഥ ആളുകളറിഞ്ഞാൽ അവർക്ക് അഭിമാനക്ഷതം വരുമോ എന്ന പേടി.
ഞങ്ങൾ വിളിച്ചന്വേഷിച്ചു, സംഭവം സത്യം. അവസ്ഥ ദയനീയം. ഞങ്ങളും കടന്നുപോയ അവസ്ഥ തന്നെ. പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാ സൌകര്യങ്ങളും ഉണ്ട്, എന്നാൽ ഒരോ ദിവസവും കഴിയാനുള്ള ചിലവ് കണ്ടെത്തുന്ന പെടാപ്പാട് പറഞ്ഞറിയിക്കാൻ വയ്യ. ഇങ്ങനെ നിരവധി കുടുംബങ്ങൾ നമുക്കിടയിലുണ്ട്. നല്ല രീതിയിൽ പോയിരുന്ന പലരും പലകാരണങ്ങൾ കൊണ്ടും, ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും സാമ്പത്തീക ബുദ്ധിമുട്ട് നേരിടുന്നവർ. ആരോടും സഹായം ചോദിക്കാനായി മനസ്സനുവദിക്കാത്തവർ..
ഇന്നലെ രാത്രി തന്നെ ഞങ്ങളുടെ കൈവശമുണ്ടായിരുന്നതിൽ നിന്നും, രണ്ട് സുഹൃത്തുക്കൾ സഹായിക്കാം എന്ന് പറഞ്ഞതുമായി രണ്ടായിരം രൂപ അടിയന്തിര കാര്യങ്ങൾക്കായി അവരുടെ അക്കൌണ്ടിലേക്കയച്ചു കൊടുത്തു. സമയം രാത്രി പതിനൊന്നു മണിയായിരുന്നു. വളരെ സന്തോഷമായി അവർ കിടന്നുറങ്ങി..
അവരെ മാനസീകമായി ധൈര്യം കൊടുത്ത് ഒന്നുഷാറാക്കാം എന്നുകരുതി ഇന്നുരാവിലെ പത്തുമണിക്ക് വിളിച്ചു. അപ്പോൾ ആദ്യം സന്തോഷമായി സംസാരിച്ച അവരുടെ ശബ്ദം പെട്ടന്ന് മാറി. കാരണം ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. ആവർത്തിച്ചാവർത്തിച്ച് ചോദിച്ചപ്പോഴാണ് മടിച്ച് മടിച്ച് കാര്യം പറയുന്നത്..
രാവിലെ ഏഴുമണിക്കെഴുന്നേറ്റ് അവർ വീട്ടു സാധനങ്ങൾ വാങ്ങാനായി എടിഎമ്മിൽ നിന്നും പണമെടുക്കാനായി എടിഎമ്മിൽ ചെന്നു നോക്കിയപ്പോൾ അക്കൌണ്ടിൽ പണമില്ല. ബജാജ് ഫിനാൻസിൽ നിന്നും ഇംഎംഐ സ്കീമിൽ ടിവി എടുത്തിരുന്നു അവർ. അതിന്റെ ഇൻസ്റ്റാൾമെന്റായ 1938 രൂപ അവരുടെ അക്കൌണ്ടിൽ നിന്നും പുലർച്ചെ അഞ്ചുമണിക്ക് തന്നെ ബജാജ് ഫനാൻസുകാർ എടുത്തുകൊണ്ടുപോയിരിക്കുന്നു..
അങ്ങനെ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് വിനു മോട്ടിവേറ്റ് ചെയ്യാനായി അവരെ വിളിക്കുന്നത്.ഇതേ അവസ്ഥ ഞങ്ങളും നേരിട്ടിട്ടുണ്ട്. ആദിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി ഒരിക്കൽ കാശില്ലാതെ വന്നപ്പോൾ സുഹൃത്തിനോട് ആയിരം രൂപ കടമായി അക്കൌണ്ടിലേക്കിടാനായി പറഞ്ഞു, അദ്ദേഹം ആയിരം രൂപ ഗൂഗിൾ പേ വഴി അക്കൌണ്ടിലേക്കയച്ചു. ഞങ്ങൾ ആദിയുമയി ഹോസ്പിറ്റിലിലേക്ക് പുറപ്പെട്ടു. പോകുന്ന വഴി എടിഎമ്മിൽ കയറി കാശെടുക്കാനായി നോക്കുമ്പോൾ ആയിരം രൂപ ബാലൻസ് കാണിക്കുന്നു, എന്നാൽ കാശ് വിഡ്രോ ചെയ്യാനായി ബാങ്ക് സമ്മതിക്കുന്നില്ല. കസ്റ്റമർ കെയറിൽ വിളിച്ചപ്പോഴാണ് അറിയുന്നത്, ആനുവൽ ചാർജുകളും ഒക്കെയായി 640 രൂപ മൈനസ് ബാലൻസ് അക്കൌണ്ടിലുണ്ട്, അതാണ് പണം കിട്ടാത്തതെന്ന്. എന്നാൽ മൈനസ് ബാസൻസ് അക്കൌണ്ടിൽ റിഫ്ലക്ട് ചെയ്ത് കാണിക്കുന്നുമില്ല. ആദിയെ ഡോക്ടറെ കാണിക്കാനായി പണമില്ലാതെ ഞങ്ങൾ പെരുവഴിയിൽ പെട്ടു. പിന്നെ സുഹൃത്തിനെ വിളിച്ച് വീണ്ടും പണമയപ്പിച്ചാണ് ഞങ്ങൾ ആശുപത്രിയിലേക്ക് പോയത്..
ഈ അവസ്ഥ നേരിട്ടനുഭവിച്ച ഞങ്ങൾക്ക് ആ കുടുംബത്തിന്റെ വേദന മനസ്സിലാകും. ഞങ്ങളെ ആ കുടുംബത്തിന്റെ അവസ്ഥ ഞങ്ങളെ വിളിച്ചുപറഞ്ഞ സുഹൃത്ത് ഇന്നു രാവിലെ കിലോമീറ്ററുകൾ യാത്രചെയ്ത് പോയി ആയിരം രൂപയും, മറ്റൊരു സുഹൃത്ത് 750 രൂപയും, വേറൊരു സുഹൃത്ത് 2000 രൂപയും അവർക്ക് അയച്ചുകൊടുത്തു. അവരുടെ പ്രശ്നങ്ങൾ തൽക്കാലത്തേക്ക് സോൾവ് ചെയ്ത്, അവർക്ക് തൽക്കാലം പിടിച്ചുനിൽക്കാനുള്ള അവസ്ഥ ഒരുക്കാനായി.
ഈ ലോക്ഡൌൺ സമയത്ത് ബാങ്കുകളും ഫിനാൻസ് കമ്പനികളും നാലു മാസത്തേക്കെങ്കിലും മന്ത്ലി ഡിഡക്ഷൻ നിർത്തിവെക്കാൻ തയ്യാറാകണം. അത് സാമാന്യ മര്യാദയാണ്. ഈ കുടംബത്തേപ്പോലെ നിരവധി കുടുംബങ്ങൾ ഈ നാട്ടിലുണ്ട്. അവരൊക്കെ ജീവൻ പിടിച്ചു നിർത്താനായി എവിടെനിന്നെങ്കിലും ആരിൽനിന്നെങ്കിലും ഒക്കെ കാശ് ചോദിച്ച് വാങ്ങി (അഭിമാന ബോധം കൊണ്ട് ചോദിക്കാൻ മനസ്സനുവദിക്കാത്തവരാണ് മിക്കവരും) അവരുടെ അക്കൌണ്ടിലേക്ക് തുച്ഛമായ പണമെത്തുമ്പോൾ ആ പണവുമായി ബാങ്കുകാര് പോകുന്നത് ക്രൂരതയാണ്, മനുഷ്യത്വ രഹിതമാണ്. ആ പണം വയറുകളുടെ പട്ടിണിക്ക് പരിഹാരമാകേണ്ട പണമാണ്.
ഈ നാലുമാസത്തെ ഇഎംഐയും അതിന്റെ പലിശയുമായി പലിശയിൽ വിട്ടുവീഴ്ച ചെയ്തോ ഇഎംഐ സ്ട്രക്ചർ റീ പ്ലാൻ ചെയ്യാനായി ബാങ്കുകളും ഫിനാൻസ് കമ്പനികളും തയ്യാറായേ മതിയാകൂ. ഈ വിഷയത്തില സർക്കാർ അടിയന്തിരമായി ഇടപെടുകയും ശ്രദ്ധ ചെലുത്തുകയും വേണം. കാരണം മനുഷ്യൻ ജീവനോടെ ബാക്കിയുണ്ടായാലല്ലേ, ലോണടച്ച് തീർക്കാനാകൂ. ഈ സമയത്ത് കരുതലും സാന്ത്വനവും ആകാൻ ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയണം.
ഇന്ന് രാവിലെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് ആ കുടുംബം വല്ല കടുംകയ്യും ചെയ്തിരുന്നേൽ, ആ ജീവിതങ്ങൾക്ക് ആര് സമാധാനം പറഞ്ഞേനേ? ബജാജ് ഫിനാൻസ് പറയുമോ? ആ ജീവനുകൾ നഷ്ടപ്പട്ടിരുന്നേൽ അത് തിരിച്ചു നൽകാനായി ബജാജ് ഫിനാൻസിന് കഴിയുമായിരുന്നോ? കേവലം 1938 രൂപയുടെ വിഷയമല്ല സാറമ്മാരേ ഇത്, ജീവനുകളെ ജീവിതങ്ങളെ കൊഴിയാതെ കാത്തുവെക്കേണ്ട സമയമാണ്. നിങ്ങളായി അത് തല്ലിക്കൊഴിക്കരുതേ..
ഒരു ഫ്ലാഫ്ബാക്ക്
അപ്രതീക്ഷിതമായി പ്രമാദമായ കേസിൽ രാഷ്ട്രീയ വേരാഗ്യം മൂലം വിനുവിനെ പ്രതിചേർത്തപ്പോൾ, സാമ്പത്തീകമായും, സാമൂഹ്യമായും വിനു തകർന്ന ഒരു സമയം പത്തു വർഷം മുമ്പുണ്ടായിരുന്നു. അന്ന് മനസ്സിലെ അപകർഷതാ ബോധം കാരണം കിട്ടാനുള്ള പണമോ, പണം വായ്പയായോ ആരോടും ചോദിക്കാതെ, കിണറ്റിൽ നിന്ന് വെള്ളവും കോരി കുടിച്ച്, പറമ്പിലെ വാഴക്കുല വെട്ടിവെച്ച് പഴുപ്പിച്ച് അതും കഴിച്ച് രണ്ടാഴ്ച ജീവിച്ചു. രണ്ടാഴ്ചക്ക് ശേഷം പറമ്പിൽ നിൽക്കുന്ന വാഴയുടെ ഇലകൾ മുറിച്ചെടുത്ത്, അടുത്ത വീട്ടിലെ പയ്യനെ കൊണ്ട് ഹോട്ടലിൽ കൊണ്ടുപോയി കൊടുപ്പിച്ച് കിട്ടിയ 318 രൂപയിൽ നിന്നും രണ്ടു കിലോ അരിയും ആ പയ്യനെ കൊണ്ട് വാങ്ങിപ്പിച്ചു കൊണ്ടുവന്ന് കഞ്ഞിവെച്ച് കഴിച്ച് വീണ്ടും തുടങ്ങിയതാണ് ഇന്നുകാണുന്ന വിനുവിന്റെ ജീവിതം. 318 രൂപയിൽ പുനരാരംഭിച്ച ആ ജീവിതമാണ് ഇന്നുഞങ്ങൾ അനുഭവിക്കുന്ന സന്തോഷങ്ങളുടെ തുടക്കം. അന്ന് കടയിൽ പോയ പയ്യന്റെ അച്ഛൻ ഭാസ്കരേട്ടൻ ഇന്നും എന്നോട് പറയും, മറ്റാരായിരുന്നാലും പിടിച്ചുനിക്കാനാകാതെ ആത്മഹത്യ ചെയ്തേനെ എന്ന്. അതേ ഭാസ്കരേട്ടൻ തന്നെയാണ് വാഴയില വെട്ടാനായും ഒക്കെ വിനുവിന്റെ കൂടെ നിന്നത്.
ഇതിപ്പോ പറഞ്ഞത് 318 രൂപക്ക് ഒരു ജീവന്റെ, ഞങ്ങൾ നാലുപേരുടെ ജീവിതത്തിന്റെ, ഒരു കുടുംബത്തിന്റെ തുടക്കമാകാൻ കഴിഞ്ഞു എങ്കിൽ, 1938 രൂപക്ക് ഒരു കുടുംബത്തിന്റെ അവസാനം കുറിക്കാനും കഴിയും എന്ന ഉത്തമബോധ്യത്തിൽ നിന്നുമാണ്..
നബി – ഇതേപോലെ ദുരിതത്തിലായ ആരുണ്ടേലും ഒന്ന് വിളിച്ചേക്കണേ, നിങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനായി ഞങ്ങൾക്ക് കഴിവില്ല എങ്കിലും, എല്ലാമുള്ള അവസ്ഥയിലും പട്ടിണിയും കഷ്ടപ്പാടും അറിഞ്ഞവരെന്ന നിലയിൽ നിങ്ങളുടെ വേദനകളും വിഷമങ്ങളും സങ്കടങ്ങളും ഇല്ലായ്മകളും ഞങ്ങൾക്ക് മനസ്സിലാകും. ഞങ്ങൾ കൂടെയുണ്ടാകും, നമുക്കൊരുമിച്ച് നേരിടാം ഈ പ്രതിസന്ധി ഘട്ടത്തെ.നമ്മുടെ ജീവനുകളെ, ജീവിതങ്ങളെ കാത്തുവെക്കാം, നല്ലൊരു നാളേക്കായി..