മുലകൾ ; എനിക്കും അവർക്കും

407

Jomol Joseph

മുലകൾ ; എനിക്കും അവർക്കും

എന്റെ മുലകളായാലും, ഏതൊരു പെണ്ണിന്റെ മുലകളായാലും പൊതുബോധത്തിന് അടിമയായ പുരുഷൻമാരെ (ഒരു പരിധി വരെ പൊതുബോധത്തിന് അടിമയായ സ്ത്രീകളെ) സംബന്ധിച്ചും, ആ മുലകളുടെ മെഴുപ്പും, തുടിപ്പും തന്നെയാണ് പരിഗണനാ വിഷയവും, ചിന്താവിഷയവും. ഈ വിഭാഗത്തില പെട്ട ആളുകൾക്ക് മുലകൾ, ലൈംഗീക വികാരം പകരുന്ന വെറും ലൈംഗീകാവയവങ്ങളാണ് എന്നതാണ് ചിന്ത. എന്നാൽ എനിക്ക് (എനിക്ക് മാത്രമല്ല, മിക്ക സ്ത്രീകൾക്കും) എന്റെ മുലകൾ ലൈംഗീകാവയവങ്ങളല്ല, മറിച്ച് എന്റെ ശരീരത്തെ ഭാഗമായ അവയവങ്ങൾ മാത്രമാണ്.എന്റെ മുലകൾ എനിക്ക് ലൈംഗീക ഉത്തേജനം മാത്രം പ്രദാനം ചെയ്യുന്ന അവയവങ്ങളല്ല, അങ്ങനെയായിരുന്നു എങ്കിൽ, ഞാനൊരിക്കലും (സ്ത്രീകളാരും) എന്റെ ലൈംഗീകാവയവം ചപ്പിവലിച്ച് കുടിക്കാനായി എന്റെ മക്കളുടെ വായിലേക്ക് വെച്ചുകൊടിക്കില്ലല്ലോ?

എന്റെ മുലകൾ പല സമയങ്ങളിലും എനിക്ക് വേദന പകരുന്ന എന്റെ ശരീരഭാഗങ്ങളാണ്. ആർത്തവം ആരംഭിക്കാനാകുന്നതിന് മുമ്പ് മുതൽ, എന്റെ മുലഞെട്ടുകളിൽ (നിപ്പിൾസ്) കഠിനമായ വേദകൊണ്ട് ഒന്ന് തൊടാൻ പോലുമാകാത്ത അവസ്ഥയായിരിക്കും. ആ സമയത്ത് മുലഞെട്ടുകൾ വസ്ത്രത്തിലമരുമ്പോൾ പോലും വേദനകൊണ്ട് പുളയാറുണ്ട്. ഓവുലേഷൻ (അണ്ഡവിസർജ്ജനം) നടക്കുന്ന സമയത്തും, ഗർഭിണിയാകുമ്പോളും ഇതേ വേദനകൾ എന്നെ വേട്ടയാടാറുണ്ട്. പ്രസവശേഷം മുലപ്പാൽ മുലകളിൽ കെട്ടികിടന്നാൽ വിങ്ങി വേദനിച്ച് നിലവിളിച്ച് പോകുന്ന അവസ്ഥയിലേക്ക് തന്നെയാണ് ഞാനും ഞാനടക്കമുള്ള ഏതൊരു പെണ്ണും എത്തിച്ചേരുക. ഒന്ന് തൊടാൻ പോലും കഴിയാതെ വേദനയനുഭവിച്ച് പുളയുന്ന മുലകൾ ഞെക്കിപിഴിഞ്ഞ് കെട്ടികിടക്കുന്ന പാല് മുഴുവനും കളയുമ്പോളേക്കും വേദനകൊണ്ട് പുളഞ്ഞ് അവശായി തലകറങ്ങി വീഴാനായിട്ടുണ്ടാകും ഞാൻ, ഞാൻ മാത്രമല്ല മിക്ക സ്ത്രീകളും.

ഏത് സമയത്തും സിസ്റ്റ് (മുഴകൾ) വരാവുന്ന, മുഴകൾ വന്നാൽ മുഴ കീറിയെടുത്ത് കളയേണ്ട, എടുത്ത് കളയാനാകാത്ത തരത്തിൽ മുഴ കോംപ്ലിക്കേഡായി എങ്കിലും, അർബുദം ബാധിച്ചാലും നെഞ്ചിൽ നിന്നും മുറിച്ച് കളയേണ്ട എന്റെശരീരഭാഗം മാത്രമാണ് എന്റെ മുലകൾ. ഭാവിയിൽ എനിക്ക് ആർത്തവവിരാമം (മെനോപോസ്) സംഭവിക്കുന്ന സമയത്തും വേദനകൾ വേട്ടയാടാനുള്ളതാണ് എന്റെ മുലകളെ. എന്റെ ശരീരത്തിന്റെ ഭാഗമായ മുലകളിൽ (പാലൂട്ടുന്ന ഏത് ജീവികളിലും) മാമറി ഗ്ലാന്റ്സ് (സസ്തന ഗ്രന്ഥികൾ) ആണുള്ളത്, അവ പാലുൽപാദനത്തിന് വേണ്ടിയുള്ളതാണ്. അല്ലാതെ എന്റെ (സ്ത്രീകളുടെ) ലൈംഗീക ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്റ്ററോണും ഉൽപ്പാദിപ്പിക്കുന്നത് എന്റെ മുലകളിൽ നിന്നല്ല.

എന്റെ ശരീരത്തിലെ ലൈംഗീക ഹോർമോണുകൾ ഉദ്പാദിപ്പിക്കപ്പെടുന്നത് ഓവറിയിൽ നിന്നും ശരീരത്തിലെ മറ്റു പല ഭാഗങ്ങളിൽ നിന്നുമാണ്. ഇങ്ങനെ ഉദ്പാദിപ്പിക്കപ്പെടുന്ന എന്റെ ശരീരത്തിലെ ലൈംഗീക ഹോർമോണുകൾ, അവ ഉദ്പാദിപ്പിക്കപ്പെടുന്ന ഓവറിയടക്കമുള്ള ശരീരഭാഗങ്ങളിൽ നിന്നും എന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു എന്നതാണ് യാഥാർത്ഥ്യം.
എന്റെ ശരീരത്തിൽ ഏത് ഭാഗത്തുനിന്നും എനിക്ക് ലൈംഗീക ഉത്തേജനം ലഭിക്കാം, മുലകളിൽ നിന്നും, ചുണ്ടുകളിൽ നിന്നും, ചെവികളിൽ നിന്നും, മൂക്കുകളിൽ നിന്നും, വിരലുകൾ, കൈകൾ, കാലുകൾ തുടങ്ങി മുടിയിൽ നിന്നുവരെ എനിക്ക് ലൈംഗീക ഉത്തേജനം ലഭിക്കാറുണ്ട്. എന്നുകരുതി ഇവയെല്ലാം എന്റെ ലൈംഗീകാവയവങ്ങളാണോ? ഇവയെല്ലാം ലൈംഗീകാവയവങ്ങളാണ് എങ്കിൽ തീർച്ചയായും എന്റെ മുലകളും ലൈംഗീകാവയവയവമാണ് എന്നത് ഞാൻ സമ്മതിക്കാം.

ലൈംഗീക ഉത്തേജനവും താൽപര്യവും ഒക്കെ സംഭവിക്കുന്നതും, ആരംഭിക്കുന്നതും തലച്ചോറിൽ നിന്നുമാണ്. എന്റെ തലച്ചോർ മറ്റുസമ്മർദ്ദങ്ങളിൽ പെട്ട്; ഞാൻ മാനസീകമായി സമ്മർദ്ദത്തിലായിരിക്കുമ്പോൾ എനിക്ക് ലൈംഗീക ചിന്തയോ, ലൈംഗീക താൽപര്യമോ, ലൈംഗീക ഉത്തേജനമോ സംഭവിക്കാറില്ല. എന്നാൽ ലൈംഗീകമായി ബന്ധപ്പെടുന്നത് വഴി എനിക്ക് സമ്മർദ്ദങ്ങളെ മറികടക്കാനാകാറുമുണ്ട്. നല്ല ലൈംഗീകതക്ക് വേണ്ടത് മാനസീകമായ അടുപ്പവും, സമ്മർദ്ദങ്ങളില്ലാത്ത അവസ്ഥയുമാണ്. ഒരു നോട്ടമോ, സ്പർശനമോ ഒക്കെ നമുക്ക് ലൈംഗീക താൽപര്യങ്ങൾ ഉണ്ടാക്കാനോ ഒക്കെ ആയേക്കാം. എന്നുകരുതി കണ്ണും വിരലും ലൈംഗീക അവയവങ്ങളായി പരിഗണിക്കപ്പെടുമോ?

ഇവിടെ വേണ്ടത് കൃത്യമായ ലൈംഗീക വിദ്യാഭ്യാസമാണ്, ആ ലൈംഗീക വിദ്യാഭ്യാസം തുടങ്ങേണ്ടത് സദാചാര ചിന്തകളിൽ നിന്നല്ല, മറിച്ച് ശാസ്ത്രീയമായ പഠനങ്ങളെയും വസ്തുതകളെയും അടിസ്ഥാനമാക്കിയാകണം. ഇതിനുമൊക്കെയപ്പുറം സ്ത്രീയുടെ ശരീരം ലൈംഗീകവസ്തുവല്ല എന്ന മിനിമം ബോധം കൂടി മനുഷ്യർ ഉൾക്കൊള്ളേണ്ടതുണ്ട്.സ്ത്രീശരീരത്തിന് ആകർഷകത്വം നൽകുന്ന മുലകൾ, അതിനുമപ്പുറം അവൾക്ക് പലപ്പോഴും വേദനകൾ സമ്മാനിക്കുന്നവയാണ് എന്നതാണ് യാഥാർത്ഥ്യം. സദാചാര വാദികളും, ഞരമ്പു രോഗികളും സ്വപ്നം കാണുന്നതല്ല യഥാർത്ഥ മുലകളും സ്ത്രീലൈംഗീകതയും..

Camera 📸 Ezra Zakeriah

**

മലയാളികൾക്ക് ഒരു സംസ്കാരവും, വലിയ സാംസ്കാരിക പാരമ്പര്യമുണ്ട്.( എന്റെ പല പോസ്റ്റുകളിലും വന്ന് ചില മാന്യൻമാർ ആവർത്തിക്കുന്ന കമന്റാണിത്)അതിലൊന്നാണ് മക്കൾ ജനിക്കുമ്പോൾ പെൺകുഞ്ഞാണ് എങ്കിൽ സങ്കടപ്പെട്ടിരുന്ന ഒരു തലമുറ. ആ തലമുറ അധികം ദൂരത്തിലല്ല, തൊട്ടുമുമ്പുള്ള തലമുറ തന്നെയാണത്.ഭ്രൂണത്തിന്റെ ലിംഗനിർണ്ണയം നടത്തി, പെൺ ഭ്രൂണമെങ്കിൽ കൊന്നുകളഞ്ഞൊരു സാംസ്കാരിക പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിന് കാരണം വലിയൊരു സോഷ്യൽ കണ്ടീഷനിങ് തന്നെയെന്ന് സമ്മതിക്കാതെ തരമില്ല. പെൺകുഞ്ഞ് ജനിച്ചാൽ അവളൊരു വലിയ ബാധ്യതയായി കണ്ടിരുന്ന മുൻതലമുറ, ജനിക്കുന്നത് ആൺകുഞ്ഞാകണമെന്ന് അതിയായി ആഗ്രഹിക്കുകയും, അതിൽ പലരും ഗർഭാവസ്ഥയിൽ ലിംഗനിർണ്ണയം നടത്തി, പെൺകുഞ്ഞെങ്കിൽ ആ ഗർഭം അലസിപ്പിക്കുകയും, ആൺകുഞ്ഞെങ്കിൽ ആ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാകുകയും ചെയ്തുപോന്നു. അങ്ങനെ പെൺ ഭ്രൂണങ്ങളുടെ ശവപ്പറമ്പായി നാട് മാറിയപ്പോളാണ് ആരോഗ്യ സംഘടനകളും, എൻജിഓകളും ഇതൊരു സാമൂഹ്യ വിഷയമാക്കി ചർച്ച ഉയർത്തിക്കൊണ്ടുവരികയും, സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും, ഭ്രൂണത്തിന്റെ ലിംഗനിർണ്ണയം തെറ്റെന്നും, നിയമപരമായ കുറ്റകൃത്യമെന്നും ഈ നാട്ടിൽ നിയമമുണ്ടാക്കുകയും ചെയ്ത്.

ഇത്തരമൊരു സോഷ്യൽ കണ്ടീഷനിങ്ങിന്റെ ദോഷവശം നമ്മുടെ കണ്ണുകൾക്ക് മുന്നിലുണ്ട്, ഈ വർത്തമാന കാലഘട്ടത്തിൽ. ഇതിന്റെ ഫലമായി സ്ത്രീ പുരുഷ അനുപാതം തീരെ കുറയുകയും, സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാർ ഈ സമൂഹത്തിൽ പെരുകുകയും ചെയ്തു. നമ്മുടെ പരിസരങ്ങളിൽ ഒന്ന് കണ്ണോടിച്ചാൽ, നാല്പത് കടക്കുകയോ, മുപ്പത്തഞ്ച് കഴിഞ്ഞ് നാല്പതുകളിലേക്ക് കടക്കുന്ന എത്രയോ പുരുഷൻമാൻ വിവാഹിതരാകാതെ, ജീവിത പങ്കാളിയില്ലാതെ നാട്ടിൽ നിലനിൽക്കുന്നത് നമുക്ക് കാണാനാകും. ഇവർക്ക് വിവാഹം കഴിക്കാനോ, കുടുംബജീവിതം നയിക്കാനോ താൽപര്യമില്ലാഞ്ഞിട്ടല്ല, മറിച്ച് അവരുടെ പ്രായത്തിന് യോജിച്ചതെന്ന് അവർ കരുതുന്ന പ്രായത്തിലുള്ള പെണ്ണുങ്ങളെ കിട്ടാനില്ലാത്തതാണ് വിഷയം. അവരേക്കാൾ പത്തും പതിനഞ്ചും വയസ്സിനിളയ പെൺകുട്ടികൾ ഉണ്ട്, എന്നാൽ ആ കുട്ടികൾ പ്രായത്തിൽ വലിയ വ്യത്യാസമുള്ള പുരുഷൻമാരെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

മലയാളി സമൂഹം വലിയ സാംസ്കാരിക പാരമ്പര്യമുള്ളവരെന്നും, അഭ്യസ്ഥ വിദ്യരെന്നും ഊറ്റം കൊള്ളുമ്പോൾ തന്നെ, അബദ്ധ ജഡിലമായ ഇത്തരം പല കോപ്രായങ്ങളും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരും കൂടെയാണ് എന്ന യാധാർത്ഥ്യം അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട് മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ.ആണും പെണ്ണും മൽസരിച്ച്, പുരുഷാധിപത്യം അടിവരയിട്ടുറപ്പിക്കുന്ന ഇത്തരം പല ചിന്താഗതികളുടേയൂം വക്താക്കളും വാഹകരും തന്നെയാണ്, നമ്മുടെ സംസ്കാര സമ്പന്നമായ, സാംസ്കാരീക പാരമ്പര്യമുള്ള മലയാളി സമൂഹം.

അമ്മയും കുഞ്ഞും – പെണ്ണുടലുകൾ ലൈംഗീകവസ്തുക്കളല്ല

ഏതൊരു കുഞ്ഞും ആദ്യമറിയുന്നത് അതിന്റെ അമ്മയെയാണ്, അമ്മയിലൂടെയാണ് ഏതൊരു കുഞ്ഞും ലോകത്തെ കാണുന്നത്. കുഞ്ഞ് കണ്ടുതുടങ്ങുന്ന ലോകത്തിൽ തന്നെ, പല കാഴ്ചകളിൽ നിന്നും ആ കുഞ്ഞിനെ അമ്മതന്നെ തടയുമ്പോൾ, സമൂഹത്തിന്റെ അടിച്ചേൽപ്പിക്കപ്പെട്ട സദാചാര ചിന്തകൾക്ക് അനുസരിച്ച്, പല അരുതുകളും ആ കുഞ്ഞിലേക്ക് അടിച്ചേൽപ്പിക്കപ്പെടുമ്പോൾ, പതിയെ പതിയെ തനിക്ക് ചൂടും ചൂരും ജീവനും നൽകിയ സ്വന്തം അമ്മയുടെ ശരീരം പോലും ഒരു ലൈംഗീക വസ്തു മാത്രമെന്ന തെറ്റായ ചിന്തയിലേക്ക് ആ കുഞ്ഞ് കണ്ടീഷൻ ചെയ്യപ്പെടുന്നു. അങ്ങനെ വളർന്നുവരുന്ന കുഞ്ഞുങ്ങളിൽ പെട്ടവരാണ്, അമ്മൂമ്മയുടെ പ്രായമുള്ളവരായാലും, മുലകുടി മാറാത്ത കുഞ്ഞായാലും പെൺ വർഗ്ഗത്തിൽ പെട്ടവളെന്ന ഒരൊറ്റകാരണം കൊണ്ട്, അവരുടെ പെണ്ണുടലുകളിലേക്ക് കാമക്കണ്ണുകളുമായി ഇരച്ചുകയറി റെയ്പ്പും, വെർബൽ റെയ്പ്പും ഒക്കെ നടത്തുന്നത്.പെണ്ണിന്റെ ശരീരം വെറും ലൈംഗീക വസ്തു മാത്രമല്ല എന്നും, അവൾ ഭോഗിക്കപ്പെടാനായി മാത്രമുള്ള ഉപകരണമോ, കേവലമൊരു കമ്മോഡിറ്റിയോ മാത്രമല്ല എന്നുമുള്ള ചിന്ത മുലപ്പാലിനോടൊപ്പം തന്നെ മക്കളിലേക്ക് പകരണം.

ആണുടലും പെണ്ണുടലും തമ്മിൽ ജൈവീകമായ വ്യത്യാസത്തിനുമപ്പുറം രണ്ടും മനുഷ്യശരീരങ്ങളാണ് എന്നും, വേദനകൾ ആണുടലിനും പെണ്ണുടലിനും ഒരുപോലെയെന്നും കുട്ടികൾ പഠിക്കണം. വികാരങ്ങളും, വിചാരങ്ങളും ആണിനും പെണ്ണിനുമുണ്ട് എന്നും, തിരഞ്ഞെടുക്കാനും, സ്വീകരിക്കാനും, തിരസ്കരിക്കാനും, തമസ്കരിക്കാനുമുള്ള അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ആണിനും പെണ്ണിനും ഒരുപാലെയെന്നും ഒരോ മനുഷ്യമക്കളും മസ്സിലാക്കി വളരണം .ഒരാളുടെ ശരീരത്തിലേക്കും, ചിന്തകളിലേക്കും കടന്നുകയറാനോ, പിടിച്ചെടുക്കാനോ ഉള്ള ഒരധികാരവും ഒരു മനുഷ്യമക്കൾക്കും ഇല്ലായെന്നും, ആണധികാരം എന്നതൊന്നില്ല എന്നും പറഞ്ഞുപഠിപ്പിക്കണം മനുഷ്യമക്കളെ.

ഇതിനൊക്കെയപ്പുറം മനുഷ്യനായാലും, ഏതൊരു ജീവിയായാലും സ്വതന്ത്രരാണ് എന്നും, ആരും ആരുടേയും അടിമകളല്ല എന്നുമുള്ള സ്വാതന്ത്ര്യ ബോധത്തിൽ വളരാനവരെ അനുവദിച്ച്, സ്വതന്ത്രമായി ചിന്തിക്കാനും, സ്വതന്ത്രമായി ജീവിക്കാനുമുള്ള അവകാശം കവരാതെ മക്കളെ വളർത്തി, അതോടൊപ്പം മറ്റുള്ളവരുടെ സ്വാതന്ത്ര്യം കവരുതെന്നും അവർ ഉൾക്കൊണ്ട് വളരണം..
കുഞ്ഞിന്റെ തുടക്കം ജൻമം തന്നവരിൽ നിന്നാണ് എങ്കിലും, സമൂഹം തിട്ടൂരങ്ങളും തീണ്ടാരികളുമായി ഒരു കുഞ്ഞിലേക്കും കടന്നുകയറരുത്. രാജ്യത്തെ നിയമങ്ങളും ഭരണഘടനയും മാത്രമാകണം കുഞ്ഞിന് വഴികാട്ടേണ്ടത്, അതിനുമപ്പുറം മതഗ്രന്ധങ്ങളെ ഒരു കുഞ്ഞിന്റെ തലയിലേക്കും കുത്തിനിറക്കരുത്. അച്ഛനമ്മമാരുടെ അധികാരപ്രയോഗത്തോടെ കുഞ്ഞിന് മതവും ജാതിയും നൽകി, തിരഞ്ഞെടുപ്പിനുള്ള അവകാശം കവർന്നുക്കപ്പെട്ടുകൊണ്ടാകരുത് ഒരു കുഞ്ഞിന്റേയും വളർച്ച ആരംഭിക്കേണ്ടത്..