കുട്ടികളും ജീവിതശൈലീ രോഗങ്ങളും

708

Jomol Joseph

കുട്ടികളും ജീവിതശൈലീ രോഗങ്ങളും

ഇന്ത്യയിലെ കുട്ടികളിൽ ജീവിതശൈലീ രോഗങ്ങൾ ഇപ്പോൾ ധാരാളമായി കണ്ടുവരാനായി തുടങ്ങിയിരിക്കുന്നു. ശാരീരികമായും സൈക്കോളജിക്കലായും ഉള്ള നിരവധി പ്രശ്നങ്ങളാണ് ഇന്ന് നമ്മുടെ കുട്ടികളിൽ കണ്ടുവരുന്നത്. ദശാബ്ദങ്ങൾക്ക് മുമ്പ് മുതിർന്നവരിൽ കണ്ടിരുന്ന പല രോഗങ്ങളും ഇന്ന് കുട്ടികളിൽ കണ്ടുവരുന്നതിന് പ്രധാനകാരണം ജീവിതശൈലിയുടെ ഭാഗമായി തന്നെയാണ്.

Image result for fat children1. പൊണ്ണത്തടി – Endocrinology and Metabolism എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട് ഇന്ത്യൻ ജേർണലിൽ വന്ന ഡാറ്റയെ ആസ്പദമാക്കി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ആർട്ടിക്കിൾ പ്രകാരം 5.74 ശതമാനത്തിനും 8.82 ശതമാനത്തിനും ഇടയിലുള്ള കുട്ടികൾ പൊണ്ണത്തടിയുള്ളവരാണ് എന്നതാണ്. അതായത് നൂറു കുട്ടികളെ പരിഗണിച്ചാൽ അതിൽ ആറുമുതൽ ഒൻപത് വരെ കുട്ടികൾ പൊണ്ണത്തടിയുമായി ജീവിക്കുന്നവരാണ് എന്നത് ഞെട്ടിക്കുന്ന ഡാറ്റ തന്നെയാണ്. റെഡി ടു ഈറ്റ് ഫുഡ്ഡുകളുടേയും ഫാസ്റ്റ് ഫുഡ്ഡുകളുടേയും അമിതമായ ഉപയോഗം തന്നെയാണ് നമ്മുടെ കുട്ടികൾക്ക് പൊണ്ണത്തടി സമ്മാനിക്കുന്നതിന് പ്രധാന കാരണം. ജങ്ക് ഫുഡ് കഴിച്ച് വളരെയധികനേരം ടിവിയിലോ കംപ്യൂട്ടറുകൾക്കോ ടാബിനോ മൊബൈൽഫോണുകളുമായോ ചിലവിഴിക്കുന്ന കുട്ടികൾക്ക് ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല എന്നത് തന്നെയാണ് നമ്മുടെ കുട്ടികളിൽ ഇന്ന് വ്യാപകമായി കണ്ടുവരുന്ന പൊണ്ണത്തടിക്ക് പ്രധാനകാരണം. ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ആർട്ടിക്കിളിൽ പറയുന്നു 2025 ആകുമ്പോഴേക്കും 17 മില്യനോളം ഇന്ത്യൻ കുട്ടികൾക്ക് പൊണ്ണത്തടി പിടിപെട്ടേക്കാം എന്ന്, ഭീതികരമായ അവസ്ഥ തന്നെയാണ് ഇത്.

പൊണ്ണത്തടി എന്നത് നമ്മുടെ ശരീരത്തിൽ അടിയുന്ന എക്സസ് ഫാറ്റ് മൂലം സംഭവിക്കുന്ന ഒരു ശാരീരീരക അവസ്ഥയാണ്. ശരീരത്തിന്റെ പൊക്കത്തിന് ആനുപാതീകമായതിനേക്കാൾ അധിക തോതിലുള്ള ബോഡിവെയ്റ്റ് (തൂക്കം) വരുന്നത് കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും നല്ലതല്ല. പൊണ്ണത്തിടിയുടെ ഭാഗമായി ഹൃദയ സംബന്ധമായ രോഗങ്ങൾക്കും, ഷുഗർ കൂടുന്നതിനും, സന്ധിവാതം പോലുള്ള രോഗങ്ങൾ പിടിപെടുന്നതിനും, പലതരത്തിലുള്ള ക്യാൻസറുൾ ബാധിക്കു്നനതിനും സാധ്യതയുണ്ട് എന്നത് നമ്മൾ അറിയുമ്പോഴാണ് നമ്മുടെ തെറ്റായ ജീവിത ശൈലി നമ്മുടെ ശരീരത്തിനും ജീവിതത്തിനും തന്നെ ഭീഷണിയായി മാറുന്നു എന്ന ഭീതികരമായ സത്യം നമുക്ക് മനസ്സിലാകൂ. കുട്ടികളിലെ അമിതവണ്ണം വലുതാകുന്നതിനനുസരിച്ച് കുറയണം എന്നില്ല എന്നതുകൊണ്ടുതന്നെ, ദീർഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് അമിതവണ്ണം കുട്ടികൾക്ക് സമ്മാനിക്കുന്നത്.

Image result for asthma in children2. അസ്ത്മ – കുട്ടികൾ അനുഭവിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റൊരു രോഗം ആസ്ത്മയാണ്. വാസ്തവത്തിൽ, കുട്ടികളിലെ വിട്ടുമാറാത്ത പല മാരക രോഗങ്ങളിലേക്കും ആസ്ത്മ അവരെ കൊണ്ടുചെന്നെത്തിക്കുന്നു. ഏത് പ്രായത്തിലും ആസ്ത്മ ആരംഭിക്കാം, കുട്ടി ശിശുവായിരിക്കുമ്പോൾ തന്നെ രോഗലക്ഷണങ്ങൾ ആരംഭിച്ചെന്നും വരാം. ഇന്ത്യയിൽ ആസ്ത്മ ബാധിച്ച കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിന് മലിനീകരണം ഒരു പ്രധാന ഘടകമാണ്. നമ്മുടെ വീടുകളിലെ പൊടിയും, അടുക്കളയിൽ നിന്നും പുറത്തുനിന്നും വീടിനക്തതേക്ക് വരുന്ന പുകയും നേരിട്ടോ അല്ലാതെയോ കുട്ടികളിൽ ആസ്ത്മക്ക് കാരണമാകുന്നു. മലീമസമല്ലാത്ത, വൃത്തിയുള്ള പരിസരം കുട്ടികൾക്ക് നൽകുക എന്നത് തന്നെയാണ് ആസ്ത്മ ഒഴിവാക്കാനായി ഉപകരിക്കുക. നമ്മുടെ വീടുകളുടെ കർട്ടനുകളിലും, ജനലുകളിലും, ഭിത്തിയിലും, സെററിയിലും, ബെഡ്ഡുകളിലും, നിലത്തും, അലമാരകളിൽ അടുക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങളിലും, ദീർഘകാലമായി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന വസ്തുക്കളിലും ഒക്കെ ധാരാളം പൊടി ശേഖരിക്കപ്പെടുന്നുണ്ട്, കുട്ടികൾ വീടിനകത്ത് കൂടുതൽ സമയം ചിലവഴിക്കുന്നു എന്നതുകൊണ്ടുതന്നെ അവർക്ക് ഈ പൊടിയുണ്ടാക്കുന്ന ദോഷം നിസ്സാരമല്ല. ഇതിന് പരിഹാരം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ്, വൃത്തിയുള്ള പരിസരങ്ങളിൽ ജീവിക്കുക എന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനം തന്നെയാണ്.

3. ത്വക്ക് രോഗങ്ങളും അലർജി രോഗങ്ങളും

കുട്ടികളിൽ ഇന്ന് വർദ്ധിച്ചുവരുന്ന എക്സിമ, ഹൈവ് (റാഷസ് ഡിസീസസ്) തുടങ്ങിയ രോഗങ്ങളെല്ലാം തന്നെ അലർജിയുമായി ബന്ധപ്പെട്ട വരുന്ന ത്വക് രോഗങ്ങളാണ്. ഈ ത്വക് രോഗങ്ങൾക്ക് കാരണം അവർ കഴിക്കുന്ന ഭക്ഷണമോ, അവർ ഇടപെടുന്ന വളർത്തുമൃഗങ്ങളോ, അവർ ചിലവഴിക്കുന്ന പുറം ലോകമോ ഒക്കെയാകാം. ഇതും കുട്ടികളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് തന്നെ കിടക്കുന്നവയാണ്. പല തരം അലർജികളുണ്ട്,

3.1 ഭക്ഷണത്തിൽ നന്നും ഉണ്ടാകുന്ന അർജ്ജികൾ – ചില കുട്ടികളിൽ നിലക്കടല, പാൽ, പരിപ്പ്, സോയ, മത്സ്യം, ഗോതമ്പ്, കടല, ഷെൽഫിഷ് എന്നിവ എന്നിവ അലർജിക്ക് കാരണമായേക്കാം. എന്നാൽ ഓരോരുത്തരിലും അലർജി ഉണ്ടാക്കുന്നത് വിവിധ കാരണങ്ങളാകാം, അങ്ങനെ എന്താണോ ഒരു കുട്ടിയിൽ അലർജിക്ക് കാരണമാകുന്നത് എന്നത് മനസ്സിലാക്കി, അത്തരം വസ്തുക്കൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക എന്നതാണ് ഇതിന് പ്രതിവിധി.

3.2 പൊടിയിൽ നിന്നും ഉണ്ടാകുന്ന അലർജികൾ – പൊടി അലർജിയുള്ള കുട്ടികളിൽ തുമ്മലും മറ്റ് അസുഖകരമായ ലക്ഷണങ്ങളും നമുക്ക് കാണാനാകും. പൊടിയാണ് അവരുടെ അലർജിക്ക് കാരണമെന്ന് കണ്ടെത്തിയാൽ പൊടിരഹിതമായ പരിസരം അവർക്കായി ഒരുക്കുന്നതിന് നമ്മൾ ശ്രദ്ധിക്കുക.

3.3 വളർത്തുമൃഗങ്ങളിൽ നിന്നും ഉണ്ടാകുന്ന അലർജ്ജി രോഗങ്ങൾ – ചില കുട്ടികളിൽ വീട്ടിൽ നമ്മൾ വളർത്തുന്ന പട്ടി പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളുടെ രോമം, സ്രവം തുടങ്ങിയവ അലർജിക്ക് കാരണമായേക്കാം. അത്തരം കുട്ടികൾ വളർത്തുമൃഗങ്ങളുമായി ഇടപെടുന്ന സാഹചര്യം ഇല്ലാതാക്കുക എന്നതും വളർത്തുമൃഗങ്ങളുടെ രോമമോ സ്രവങ്ങളോ വീടിനകത്ത് എത്തി അത് കുട്ടികളിലേക്ക് എത്താതെ നോക്കുന്നതിനും നമ്മൾ ശ്രദ്ധിക്കണം.

3.4 മരുന്നുകളിൽ നിന്നുമുള്ള അലർജി – ചില കുട്ടികളിൽ ചില മരുന്നുകൾ ചർമ്മത്തിൽ റാഷസുകളോ ശ്വാസതടസ്സമോ ഉണ്ടാക്കിയേക്കാം. അത്തരം മരുന്നുകൾ ഏതെന്ന് കൃത്യമായി മനസ്സിലാക്കി ഭാവിയിൽ അവയുടെ ഉപയോഗം കുട്ടികളിൽ ഇല്ലാതെ നോക്കേണ്ടതാണ്.

4. അനീമിയ – ഒരു വ്യക്തിയുടെ രക്തത്തിൽ ചുവന്ന കോശങ്ങളോ ഹീമോഗ്ലോബിനോ കുറവുള്ള അവസ്ഥയാണ് അനീമിയ. ഇത് ആ കുട്ടിയിൽ തളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. അനീമിയ കുട്ടികളിലെ ജീവിതശൈലീ രോഗങ്ങളിൽ ആദ്യത്തെ അഞ്ച് രോഗങ്ങളുടെ ലിസ്റ്റിൽ വരുന്നതാണ്. ചില പഠനങ്ങളിൽ മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അയേൺ ഡെഫിഷ്യൻസി മൂലമുള്ള കുട്ടികളിലെ അനീമിയ 78 ശതമാനം ആണെന്നാണ് പറയുന്നത്. കുട്ടികളിലെ പല സ്വാഭാവീകമായ കഴിവുകളുടെ വികാസത്തേയും അനീമിയ ബാധിക്കാറുണ്ട്, അതിന് ഉദാഹരണമാണ് അവരിലെ ഭാഷാപരമായ കഴിവുകളുടെ വികാസത്തിന് വരുന്ന തടസ്സങ്ങൾ.

ഇന്ത്യൻ കുട്ടികൾ വിളർച്ച ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം അവരുടെ ഭക്ഷണശീലമാണ് – പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മത്സ്യം, മുട്ട, പരിപ്പ് തുടങ്ങിയ ഇരുമ്പ് അടങ്ങിയവ കുട്ടികളുടെ ഭക്ഷണക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തുക എന്നതാണ് ഇതിന് പരിഹാരം.

5. മാനസിക പ്രശ്‌നങ്ങളും ഉത്കണ്ഠകളും –
കുട്ടികളിലെ ജീവിതശൈലി രോഗങ്ങളിൽ ഉത്കണ്ഠയും മാനസിക പ്രശ്നങ്ങളും ഉൾപ്പെടുന്നു. ലളിതമായി പറഞ്ഞാൽ, ഉത്കണ്ഠ എന്നത് സമ്മർദ്ദത്തിന്റെ ഒരു രൂപമാണ്. ശാരീരികമായും വൈകാരികമായും – അത് പലവിധത്തിൽ പ്രകടമാകാം. കുട്ടികൾ ചുറ്റുമുള്ള ലോകത്തെ നോക്കികാണുന്ന രീതിയെയും പരിസരവുമായി നടത്തുന്ന ഇടപെടലുകളേയും ഇത് ബാധിക്കുന്നു. മൂഡ് ഡിസോർഡർ, ഫുഡ ഡിസോർഡർ എന്നിവയൊക്കെ ഇതിന്റെ ഫലമായി അവരിൽ പ്രകടമായി കാണാനാകും. കൂടുതൽ സമയം വീടിനകത്ത് ചിലവഴിക്കുന്നതുകൊണ്ടോ അവർ ആക്ടിവിറ്റികളിൽ സജീവമായി ഇടപെടാത്തതോ ഒക്കെ അവരിലെ ഉൽകണ്ഠകൾക്കും മാനസീക പ്രശ്നങ്ങൾക്കും കാരണമായേക്കാം. കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നതും, എല്ലാ ദിവസവും വ്യായാമം ചെയ്യിക്കുന്നതും കളികളിൽ ഏർപ്പെടുത്തുന്നതും, വീടിന് പുറത്ത് കുറെ സമയം ചിലവഴിക്കാനായി അവരെ വിടുന്നതും, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ അവരുടെ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കുന്നതും ഉപകരിക്കും.

കുട്ടികളിലെ ഇത്തരം പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാന കാരണങ്ങൾ മാറിവരുന്ന ജീവിതരീതികളാണ്. നമ്മുടെ ജീവിതശലിയിൽ വന്ന മാറ്റങ്ങൾ ഒരു പരിധിവരെ നമ്മുടെ കുട്ടികളെ, പുതിയ തലമുറയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ മാറ്റം നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും നോക്കിയാൽ നമുക്ക് കാണാനാകും. കൂട്ടുകുടുംബങ്ങളിൽ നിന്നും ന്യൂക്ലിയർ കുടുംബങ്ങളായി മാറിയതും, കൂട്ടുകുടുംബങ്ങളിലെ പാരസ്പര്യത്തിന് നിന്നും അണുകുടുംബങ്ങളിലെ അവനവനിലേക്ക് മാത്രം ഒതുങ്ങികൂടലുകളിൽ നിന്നും തുടങ്ങുന്നു ഇത്തരം പ്രശ്നങ്ങളുടെ ആരോഗ്യ കാരണങ്ങൾ. കൊച്ചു കുട്ടികളിൽ നിന്ന് തുടങ്ങി സ്കൂളുകളിൽ പോയിവരുന്ന കുട്ടികൾ വരെ, സ്കൂൾ വിട്ട് വന്നാൽ ഒറ്റക്ക് സമയം ചിലവഴിക്കേണ്ടി വരുന്നു, അവർ അവരിലേക്ക് മാത്രം ചുരുങ്ങി ജീവിക്കുന്നു, കളികളും ഓട്ടവും ചാട്ടവും ഒക്കെ കുറഞ്ഞ് കുറഞ്ഞ് വന്ന്, ടിവിക്ക് മുന്നിലേക്കും, വീഡിയോ ഗെയിമിന് മുന്നിലേക്കും കംപ്യൂട്ടറുകൾക്ക് മുന്നിലും ഒതുങ്ങിക്കൂടിയ കൊച്ചു തലമുറ ഇന്ന് ടാബുകളിലും, മൊബൈൽ ഫോണുകളിലും അഭയം തേടിയിരിക്കുകയാണ്.

ഈ ചടഞ്ഞു കൂടലുകൾ അവർക്ക് നൽകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. കണ്ണുകൾക്കുണ്ടാക്കാവുന്ന വിഷയങ്ങളും, സ്പൈനൽ ഇഷ്യൂസും തുടങ്ങി അനവധി നിരവധി വിഷയങ്ങൾ തന്നെയാണ് അവരിലേക്ക് കടന്നുവരുന്നത്. ഇതിന് കാരണം മുതിർന്നവർ അവരിലേക്ക് നൽകുന്ന ശീലങ്ങളും സാഹചര്യങ്ങളും തന്നെയാണ്. ഭക്ഷണം കഴിക്കാനായി മടി കാണിക്കുന്ന കൊച്ചു കുട്ടികളെ വീടിന് പുറത്ത് കൊണ്ടുപോയി കാഴ്ചകൾ കാണിച്ച് ഭക്ഷണം കൊടുത്തിരുന്ന ശൈലിക്ക് പകരം, ഇന്ന് മൊബൈലിലോ ടിവിയിലോ കാർട്ടൂണുകൾ വെച്ചുകൊടുത്ത് അവർക്ക് ഭക്ഷണം കൊടുത്ത് തുടങ്ങുന്നതിൽ നിന്നുപോലും തുടങ്ങുന്നു ഈ ശൈലീ മാറ്റം, പതിയെ അവർ മൊബൈലിലേയോ ടാബിലേയോ കാർടൂണുകൾക്ക് അടിപ്പെടുന്നു. രണ്ടും മൂന്നും വയസ്സായ കുട്ടികൾ പോലും യൂട്യൂബിൽ സ്വയം കാർടൂണുകൾ കാണുന്ന കാലമാണിത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജനനനരക്കുകൾ പോലും നമ്മുടെ കണ്ണുകളെയോ ചിന്തകളെയോ സ്വാധീനിക്കുന്നില്ല എന്നത് പരിതാപകരമാണ്.

ഈ തിരിച്ചറിവുകളിൽ നിന്ന് തന്നെയാണ് ജീവിതശൈലിയിൽ മാറ്റം വരുത്താനായി സ്വീകരിക്കേണ്ട കറക്ടീവ് മെഷേഴ്സിന്റേയും ആരംഭം തുടങ്ങേണ്ടത്. നഗരപ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും കുട്ടികൾ തമ്മിൽ ആരോഗ്യപരമായും, ജീവിതശൈലീ രോഗങ്ങളുടെ വിഷയത്തിലും വലിയ അന്തരമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾ നഗരജീവിതം നയിക്കുന്ന കുട്ടികളേക്കാൾ ആരോഗ്യമുള്ളവരും, ജീവിത ശൈലീ രോഗങ്ങൾ തുലോം കുറവുള്ളവുള്ളവരും ആണെന്നത് നമുക്ക് കാണാനാകും. ഇത് തന്നെയാണ് ഗ്രാമ നഗര ജീവിതങ്ങൾ തമ്മിലുള്ള ജീവിത ശൈലികളുടെ വ്യത്യാസവും, അതുവഴി ലഭിക്കുന്ന ആരോഗ്യകരമായ ജീവിതവും. നഗരങ്ങളിൽ ജീവിക്കുന്നവർ കുറച്ച് ശ്രദ്ധചെലുത്തിയാൽ ആരോഗ്യകരമായ ഒരു ജീവിതം അവർക്കും സാധ്യമാണ്.

നമ്മുടെ കുട്ടികൾക്കായി ആരോഗ്യകരമായ ഒരു ജീവിതശൈലിയൊരുക്കാം, അത് അടുത്ത തലമുറയെ ആരോഗ്യകരമായ ജീവിതത്തിലേക്കു നയിക്കും, അതോടൊപ്പം രാജ്യത്തിന്റേയും സമൂഹത്തിന്റേയും പുരോഗതികൂടി സാധ്യമാകും. ഇതിനായി നമ്മൾ ഒരോരുത്തർക്കും ബാധ്യതയും കടപ്പാടും ഉത്തരവാദിത്തവും ഉണ്ട്.

നബി – നഷ്ടപ്പെട്ടു പോയ കളിയിടങ്ങളെയും കൈമോശം വന്ന കളികളെയും, വരണ്ട പുഴകളും മലിനമായ കുളങ്ങളും തിരിച്ചുപിടിച്ച് നമ്മുടെ കുട്ടികൾക്കായി വീണ്ടെടുത്ത് നൽകാം, അവർ തിമർത്ത് കളിച്ച്, നീന്തി തുടിച്ച് വളർന്നു വലുതാകട്ടെ.. കുട്ടികൾക്ക് കളിയിടങ്ങളും, കളിയിടങ്ങൾക്ക് കുട്ടികളും അന്യമായിത്തീരാതിരിക്കട്ടെ..

നബി 2 – IMA, PERAMBRA Branch നടത്തുന്ന പ്രബന്ധ രചനാമൽസരത്തിലേക്ക് സമർപ്പിച്ച പ്രബന്ധത്തിലെ ഭാഗം

#Lifestyle_Diseases