സെക്സിന് അവസരം ഇല്ലാത്ത പുരുഷന്മാർക്ക് ആ അവസ്ഥ വലിയ ഫ്രസ്ട്രേഷൻ നൽകുന്നു

4260

Jomol Joseph

എന്തിലും ഏതിലും ലൈംഗീകതക്കായി തുടിക്കുന്ന മലയാളി ഹൃദയം – കപട സദാചാരബോധത്തിന്റെ ബാക്കിപത്രമായ മാനസീക വൈകല്യമായി മാറിയിരിക്കുന്നു..

വായനാദിനം സംബന്ധിച്ച് ഞാനെഴുതിയ പോസ്റ്റിനടിയിൽ വായനയെ ബ്ലോജോബുമായി താരതമ്യം ചെയ്തുകൊണ്ടും മറ്റു പല ആംഗിളുകളിലും ദ്വയാർത്ഥ കമന്റുകൾ നിരവധിയായി വന്നിരുന്നു, കുറച്ച് അശ്ലീല കമന്റുകളും. ഒരുത്തൻ കുറച്ചുകൂടി കടന്ന്, “കല്യാണം കഴിഞ്ഞ ചേച്ചിമാരെ ആണുങ്ങൾക്ക് വലിയ ഇഷ്മാ rape ചെയ്യാൻ” എന്ന് കൂടി കമന്റിട്ടിട്ടുണ്ട്!!

‘’വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഗ്രാമീണ വായനശാലയിൽ പമ്മന്റെ ഭ്രാന്ത് എന്ന നോവൽ വന്നു. ഇരുന്നൂറിലധികം പേജുകളുള്ള പുസ്തകത്തിൽ വളരെ കുറച്ച് താളുകളിൽ മാത്രമേ രതിയുടെ വിശാലവർണ്ണനകൾ ഒഴിഞ്ഞുനിന്നുള്ളൂ. പുസ്തകമെടുത്തവർ തങ്ങൾക്ക് വേണ്ട പേജുകൾ കീറിയെടുത്ത് തിരിച്ചുകൊണ്ടുവെച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഭ്രാന്തിൽ കവറടക്കം 10 പേജുകൾ മാത്രമായി. വായനശാലയുടെ വാർഷിക ജനറൽബോഡിയിൽ ഭ്രാന്തിന്റെ ചർച്ച മൂത്ത് എല്ലാവർക്കും ഭ്രാന്ത് പിടിച്ചു. പേജുകൾ കീറിക്കൊണ്ട് പോവുന്നത് പുസ്തകത്തോടും വായനാസമൂഹത്തോടും ചെയ്യുന്ന കൊടിയ അനീതിയും ജനാധിപത്യവിരുദ്ധതയുമാണെന്ന് വായിക്കുന്നവർ എഴുന്നേറ്റ് നിന്ന് രോഷം പറഞ്ഞു. ചർച്ചകൾ ചുമരുകൾ പൊളിക്കുമെന്നായപ്പോൾ ഭ്രാന്തിന്റെ 3 കോപ്പികൾ കൂടെ വാങ്ങാമെന്ന് തീരുമാനമുണ്ടായി. അതോടെ എല്ലാവരും ശാന്തരായി.’ ഇത് കേരളത്തിൽ നടന്നതായി പറയപ്പെടുന്ന സംഭവമാണ്. കൂടാതെ കോളേജ് ലൈബ്രറികളിലെ നോവലുകളിൽ നിന്നും രതി പ്രതിപാദ്യവിഷയമായി വരുന്ന പുസ്തകങ്ങളുടെ പേജുകൾ നഷ്ടപ്പെടുന്ന അവസ്ഥയും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.

ഇവിടെ വിഷയം പ്രസക്തമാണ്. സെക്സ് എന്ന വിഷയം മനുഷ്യന് ഒളിഞ്ഞും തെളിഞ്ഞും ഇഷ്ടമുള്ള കാര്യം തന്നെയാണ്. സെക്സിനായി അവസരം ഇല്ലാത്തവർക്ക് ആ അവസ്ഥ വലിയ ഫ്രസ്ട്രേഷൻ തന്നെ നൽകുന്നു എന്നതും വിഷയമാണ്. ഈ ഫ്രസ്ട്രേഷൻ സമൂഹത്തിന്റെ മാനസീകാവസ്ഥയിലും സാമൂഹ്യ സാഹചര്യങ്ങളിലും വരെ വിള്ളലുകൾ വീഴ്ത്തുന്നു എന്നതും നമ്മൾ ദിവസവും പുറത്തുവന്നിരുന്ന വാർത്തകളിൽ നിന്നും കാണുന്നു. ഫ്രസ്ട്രേഷൻ മൂത്ത ചിലർ ബസുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും റോഡരുകുകളിലും ബസ്സ്റ്റാന്റുകളിലും ഒക്കെ ഒരു വിടന്റെ കണ്ണുകളോടെ സ്ത്രീശരീരങ്ങളിലേക്ക് ചൂഴ്ന്ന് കയറുന്നു. ഈ കണ്ണുകളുമായി തന്നെയല്ലേ ഇത്തരം മാനസീകരോഗികൾ കുട്ടികളിലേക്ക് വരെ തങ്ങളിലെ കാമഭ്രാന്തുമായി പാഞ്ഞടുക്കുന്നത്? ഇന്നത്തെ കാലത്ത് അവർക്ക് ഏറ്റവും സൌകര്യമായി മുഖംമൂടിയിട്ട് പതുങ്ങിയിരിക്കാവുന്ന സ്ഥലമായി സോഷ്യൽമീഡിയായി മാറിയിട്ടുണ്ട്. ഈ പതുങ്ങിയിരിക്കുന്നവരിൽ നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അയൽവാസികളോ നാട്ടുകാരോ സ്വന്തം വീടുകളിലുള്ളവരോ ഒക്കെ കാണ്ടേക്കാം!!

കേരളത്തിൽ ബാലാവകാശ കമ്മീഷനും, യുവജന കമ്മീഷനും വനിതാ കമ്മീഷനും ഒക്കെയുണ്ട്. സാമൂഹ്യനീതിവകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും നമുക്കുണ്ട്. ചൈൽഡ് ലൈൻ ഇടപെടലുകളും ശക്തമാണ്. പക്ഷെ ഒരു ചോദ്യം, ഇതൊക്കെ പ്രവർത്തിക്കുന്നതും ഇടപെടുന്നതും മാനസീകരോഗം മൂത്ത് അക്രമകാരിയായ മാനസീകരോഗിയുടെ ഇരയാക്കപ്പെട്ട ഇരകളെ സഹായിക്കാനും സമൂഹത്തോട് ചേർത്തു നിർത്താനും മാത്രമല്ലേ? എത്രയോ പോക്സോ കേസുകൾ ഓരോ ദിവസവും രജിസ്റ്റർ ചെയ്യപ്പെടുന്നു? ഇനിയും ഓരോ നിമിഷവും ഇരകളേയും കാത്തുനിൽക്കുന്നവർക്കുന്ന മാനസീകരോഗികളെ കണ്ടെത്താനും, അവരുടെ മാനസീകരോഗം ചികിൽസിച്ച് ഭേദമാക്കാനും എന്ത് സാമൂഹ്യ ഇടപെടലാണ് ഈ പറഞ്ഞ വകുപ്പുകളും കമ്മീഷനുകളും സർക്കാരും പൊതുസമൂഹവും ചെയ്യുന്നത്? സദാചാരബോധത്തിന്റെ കൽത്തുറുങ്കുകളിൽ സെക്സിനെ പൂട്ടിവെക്കുന്നവർക്ക് തന്നെയല്ലേ ഈയൊരു സമൂഹ്യപ്രശ്നത്തിന്റെയും ഉത്തരവാദിത്തം?

നബി – അടിച്ചേൽപ്പിക്കപ്പെടുന്ന കപട സദാചാരമൂല്യങ്ങളുടെ ബാക്കിപത്രം തന്നെയാണ് ഈ മാനസീകരോഗത്തിന് കാരണം എന്നതിൽ യാതൊരു തർക്കവുമില്ല..