സ്വതന്ത്ര ലൈംഗീകതയിലെ ചതിക്കുഴികൾ

0
1101

Jomol Joseph എഴുതുന്നു 

സ്വതന്ത്ര ലൈംഗീകതയിലെ ചതിക്കുഴികൾ – പെൺകുട്ടികൾ ശ്രദ്ധിക്കുക

ഡേറ്റിങ് വഴി നമ്മുടെ പാർട്ണറെ കണ്ടെത്തി, സ്വതന്ത്ര ലൈംഗീകബന്ധമോ, അതിനുമുപരിയായി പ്രണയമോ, ലിവിങ് ടുഗെദർ റിലേഷനിലേക്കോ ഒക്കെ നിരവധി ആളുകൾ കടന്നു വരുന്നത് കാണുമ്പോൾ തികച്ചും സന്തോഷം തോന്നുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ പേടിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ലൈംഗീക ബന്ധത്തിലേക്കോ ബന്ധങ്ങളിലേക്കോ കടക്കുന്ന വ്യക്തികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ പ്രാഥമീകമായി അറിയേണ്ട ഒരു കാര്യമാണ്, ഏത് ദിവസവും പ്രഗ്നൻസിക്ക് സാധ്യതയുണ്ട് എന്ന വിഷയം. അത് ചിലപ്പോൾ മെനുസ്ട്രേഷൻ ദിവസങ്ങളിൽ പോലും ലൈംഗീകബന്ധത്തിലേർപ്പെടുന്ന പെണ്ണും ഗർഭിണിയാകുന്നതിനുള്ള സാധ്യതയുണ്ട്. ലൈംഗീകബന്ധത്തിലേർപ്പെടുമ്പോൾ ഗർഭനിരോധന മാർഗ്ഗങ്ങൾ അവലംബിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. സാധാരണഗതിയിൽ കോണ്ടം ഉപയോഗിച്ചുള്ള പ്രികോഷൻ സ്വീകരിക്കുന്നതാകും നന്നാകുക, കോണ്ടം പുരുഷൻമാർക്കുള്ളതുപോലെ തന്നെ സ്ത്രീകളിൽ ഉപയോഗിക്കാവുന്നതും ഉണ്ട്.

കോണ്ടം പുരുഷൻമാർ ഉപയോഗിക്കുമ്പോൾ അവരുടെ ലൈംഗീകാവയവത്തിന്റെ നീളത്തിനും വണ്ണത്തിനും അനുസരിച്ചുള്ള കൃത്യമായ സൈസിലുള്ള കോണ്ടം ഉപയോഗിക്കാനായി ശ്രദ്ധിക്കണം. അല്ലാതെ വന്നാൽ കോണ്ടം പൊട്ടിപോകുന്നതിനോ, ലൂസാകുന്നതിനാൽ ലീക്ക് സംഭവിക്കുന്നതിനോ സാധ്യതയുള്ളതിനാൾ സുരക്ഷിതമായ സുഖകരമായ ലൈംഗീകബന്ധം സാധ്യമല്ലാതെ വരും.

രണ്ടാമതായി കോപ്പർടി ഉപയോഗിക്കാം. കോപ്പർടി സ്ത്രീകളിലാണ് ഉപയോഗിക്കുന്നത്. മെൻസസ് തുടങ്ങി അഞ്ച് ആറ് ദിവസങ്ങളിലാണ് സാധാരണരീതിയിൽ കോപ്പർടി യോനിയിലേക്ക് ഇൻസേർട്ട് ചെയ്യുന്നത്. മിക്കവാറും സർക്കാർ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും കോപ്പർ​ടി ഇൻസേർട് ചെയ്യുന്ന പ്രോസീജർ ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിൽ മൂവായിരത്തിയഞ്ഞൂറ് രൂപമുതൽ ചിലവ് വരാം. മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ ഗർഭധാരണം ഒരു പരിധിവരെ തടയാൻ കോപ്പർടി ഉപകാരപ്പെടും. ഗർഭിണിയാകണം എന്ന തീരുമാനം എടുക്കുമ്പോൾ കോപ്പർടി എടുത്ത് കളഞ്ഞാൽ തുടർന്ന് ഗർഭധാരണത്തിന് തടസ്സങ്ങളുമില്ല. കൂടാതെ തൊണ്ണൂറ് ദിവസം കൂടുമ്പോൾ ഇൻജെക്ഷനെടുത്ത് സ്ത്രീകൾക്ക് ഗർഭധാരണം ഒരു പരിധിവരെ തടയാനുമാകും

ഞാനിവിടെ പറഞ്ഞത് കേവലം ആർക്കും സ്വീകരിക്കാവുന്ന ഗർഭനിരോധന മാർഗ്ഗങ്ങളാണ്. എന്നാൽ മറ്റു നിരവധി മാർഗ്ഗങ്ങളും അവെയ്ലബിളാണ്.

സേഫ് ഡേറ്റ്സ് നോക്കി ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് ശുദ്ധ മണ്ടത്തരമാണ്. എന്നുവേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള ഗർഭധാരണത്തെ നമ്മൾ ദിവസക്കണക്കുകൊണ്ട് കൂട്ടിയും കുറച്ചും കണക്കാക്കി അബദ്ധം സംഭവിച്ചാൽ സംഭവിക്കുന്നത് പെൺകുട്ടി ഒരു കുഞ്ഞിനെ ഗർഭം ധരിക്കാമെന്ന സാധ്യതയാണ്. ഒരു സ്ത്രീയും പുരുഷനും ലൈംഗീകമായി ബന്ധപ്പെടുമ്പോൾ, പുരുഷന് ശുക്ളം യോനിയുടെ അകത്ത് പോകുമ്പോളുള്ള അതേ സുഖം തന്നെയാണ് പെണ്ണിന് യോനിക്കുള്ളിലേക്ക് ശുക്ളം വീഴുമ്പോൾ സംഭവിക്കുന്നത്. ലൈംഗീക ബന്ധത്തിന്റെ പൂർണ്ണതയും ഈ രീതിയിൽ ലൈംഗീകബന്ധം അവസാനിക്കുന്നിടത്താണ്.

ലൈംഗീകബന്ധത്തിലേർപ്പെട്ട പെണ്ണ് ഗർഭിണിയായിക്കഴിഞ്ഞാൽ, അവളെ കൂടെ ചേർത്ത് നിർത്താനും അൺവാണ്ടഡ് പ്രഗ്നൻസിയാണ് എങ്കിൽ ഇരുപത് ആഴ്ചക്കുള്ളിൽ ഗർഭം ഒഴിവാക്കാനുമുള്ള സാഹചര്യം നിയമപരമായി ഇന്ത്യയിലുണ്ട് എന്നാണ് എന്റെ അറിവ്. ഇത് തെറ്റെങ്കിൽ തിരുത്താനും ഞാൻ തയ്യാറാണ്. അബോർഷനെന്നതും നിസ്സാരമായ സംഗതിയല്ല. ഹെബി ബ്ലീഡിങ്ങിലൂടെ ഒരു സ്ത്രീ കടന്നുപോകുമ്പോൾ അവൾക്കുണ്ടാകുന്ന ശാരീരിക മാനസീക പ്രശ്നങ്ങളും സമ്മർദ്ദങ്ങളും നിസ്സാരമല്ല. ഈ അവസ്ഥയിൽ അവളോട് ചേർന്ന് നിന്ന് അവൾക്ക് ശാരീരികമായും മാനസീകമായും പിന്തുണ നൽകാൻ അവളുമായി ലൈംഗീകബന്ധത്തിലേർപ്പെട്ട്, അവളുടെ ഗർഭപാത്രത്തിൽ സെമൻ നിക്ഷേപിച്ച് അവൾ ഗർഭിണിയാകാൻ അവളെ സഹായിച്ച പുരുഷന് ധാർമ്മീകമായ ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്.

അബോർഷൻ സാധ്യമല്ലാതെ വന്ന്, അവൾ ആ കുഞ്ഞിനെ പ്രസവിക്കേണ്ട അവസ്ഥ വന്നാൽ, സ്വന്തം ചോരയിൽ പിറന്ന ആകുഞ്ഞിനെ സംരക്ഷിക്കാനുള്ള ബാധ്യത ആ കുഞ്ഞിന്റെ അപ്പനും അമ്മക്കും ഒരുപോലെയുണ്ട്. അതുമാത്രമല്ല ഗർഭകാലത്തും പ്രസവസമയത്തും പ്രസവശേഷമുള്ള ദിവസങ്ങളിലും ആ സ്ത്രീ കടന്നുപോകുന്ന ശാരീരിക മാനസീക ബുദ്ധിമുട്ടുകളിൽ അവളോടൊപ്പം അവൾക്ക് തുണയായി നിൽക്കുക എന്നതും പുരുഷന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാനായി മടിക്കുന്ന പുരുഷൻ കേവലം മൃഗത്തിന്റെ പോലും നിലവാരമില്ലാത്തവനെന്നേ പറയാനാകൂ. ഒരു പെണ്ണിനെ കണ്ടാൽ, അവളോട് ലൈംഗീക താൽപര്യം തോന്നിയാൽ, എത് വാഗ്ദാനം നൽകിയും അവളെ ലൈംഗീരമായി ഉപയോഗിച്ച്, കാര്യം കഴിഞ്ഞ് മൂട്ടിലെ പൊടിയും തട്ടിപോകാം എന്ന ചില പുരുഷൻമാരുടെ (അത്തരം ആളുകളെ പുരുഷനെന്ന് വിളിക്കാനാകില്ല) തോന്നൽ വെറും വ്യാമോഹം മാത്രമാണ്.

(തുടരും)
നബി – ലൈംഗീക വികാരത്തള്ളിച്ചയിൽ “വെള്ളം കളയലെന്ന” കലാപരിപാടി മാത്രമല്ല ലൈംഗീകമായ ബന്ധപ്പെടൽ. അത് ഉത്തരവാദിത്തപൂർണ്ണമായി തന്നെ നടത്തേണ്ട ഇടപെടലാണ്.