Share The Article

Jomol Joseph

സൗഹൃദങ്ങൾ..

ചില സൗഹൃദങ്ങൾ അങ്ങനെയാണ്, നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കും. ചില സൗഹൃദങ്ങൾ തഴുകലുകളായോ തലോടലുകളായോ നമുക്ക് മനസ്സ് പങ്കുവെക്കാൻ പറ്റിയ ഇടങ്ങളായോ ഒക്കെ മാറുമ്പോൾ മറ്റു ചില സൗഹൃദങ്ങൾ തലവേദനകളായി മാറുകയും ചെയ്യും..

സൗഹൃദമെന്നത് തനിയെ രൂപപ്പെടേണ്ട ഒന്നാണ്, സ്വാഭാവികമായി സംഭവിക്കേണ്ടവ, എന്നാൽ നമ്മൾ ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുന്ന സൗഹൃദങ്ങൾക്ക് പലപ്പോഴും ആയുസ്സ് കുറവായിരിക്കും. മനസ്സുകളുടെ പൊരുത്തവും, താൽപര്യങ്ങളിലെ യോജിപ്പുകളും, ആരോഗ്യകരമായ വിയോജിപ്പുകളും ഒക്കെയാണ് ഓരോ സൗഹൃദങ്ങളും രൂപപ്പെടുന്നതിന് കാരണം.

പലപ്പോഴും ശക്തമായ വിയോജിപ്പുകളുണ്ടായിരുന്നവർ പിന്നീട് നല്ല സുഹൃത്തുക്കളായി മാറുന്നത് കണ്ടിട്ടില്ലേ, അവരുടെ നിലപാടുകളിലെ ഉറച്ചുനിൽക്കലുകളോടുള്ള പരസ്പര ബഹുമാനം തന്നെയാണ് ഇത്തരം സൗഹൃദങ്ങൾ രൂപംകൊള്ളുന്നതിന് കാരണം. ഒരു സുഹൃത്തിന്റേയും വ്യക്തിപരമായ കാര്യങ്ങളിൽ കൈകടത്താനോ, അഭിപ്രായം പറയാനോ പോകരുത്, എന്നാൽ അവർ ചോദിച്ചാൽ മാത്രം നമ്മൾ അഭിപ്രായം പറയുക, കാരണം ഓരോ വ്യക്തിക്കും അവരവരുടേതായ താൽപര്യങ്ങളും നിലപാടുകളും ഉണ്ടാകും എന്നത് നമ്മൾ ആദ്യം മനസ്സിലാക്കണം, ആരും നമ്മൾ ചിന്തിക്കുന്നതുപോലെയോ ഇടപെടുന്നത് പോലെയോ ആകണം എന്ന് നമുക്കൊരിക്കലും വാശിപിടിക്കാനാകില്ല, വ്യക്തിസ്വാതന്ത്ര്യം തന്നയാണ് ബന്ധങ്ങളിലും സാമൂഹ്യജീവിത്തിലും പരമപ്രധാനം.

സോഷ്യൽമീഡീയാ സൗഹൃദങ്ങൾ രൂപം കൊള്ളുന്നത് പരസ്പര ഇടപെടലുകളിൽ കൂടിയാണ്. പോസ്റ്റുകളിലോ കമന്റുകളിലോ തോന്നുംയന്ന താൽപര്യം പലപ്പോഴും മെസഞ്ചറിലേക്കും വാട്സാപ്പിലേക്കും വളർന്ന് കോളുകളിലും നേരിട്ട് ഒന്നിച്ചുള്ള നിമിഷങ്ങളിലേക്കും വളർന്ന് പലരും കുടുംബസുഹൃത്തുക്കൾ വരെയായി മാറാറുണ്ട്. എന്നാൽ പലരും എന്റെ സുഹൃത്താകുമോ എന്ന് നിരന്തരം ചോദിക്കുന്നതോ, യാതൊരു പരിചയവുമില്ലാത്തവർ മെസഞ്ചറിൽ നിരന്തരം കാമ്പില്ലാത്ത മെസേജുകൾ അയക്കുകയോ മെസഞ്ചർ കോൾ ചെയ്യുകയോ ചെയ്യുന്നത് ചിലപ്പോഴൊക്കെ നമ്മളെ ദേഷ്യം പിടിപ്പിക്കുകവരെ ചെയ്യാം. നമ്മൾ ഒരാളോട് ഇടപെടുമ്പോൾ അയാളുടെ ജീവിതാവസ്ഥ കൂടി പരിഗണിക്കേണ്ടതുണ്ട്. പലരും പലപ്പോഴും നല്ല തിരക്കുകളിലോ ടെൻഷനുകളിലോ ഒക്കെയാകാം. ഇതൊക്കെ മനസ്സിലാക്കാതെ നമ്മൾ ഒര വ്യക്തിയോട് ഇടപെടുന്നതും വടക്കുനോക്കിയന്ത്രം എന്ന സിനിമയിൽ പാർവതിയോട് ശ്രീനിവാസൻ തമാശപറഞ്ഞ് ശോഭ ചിരിക്കൂ, ശോഭ ചിരിക്കൂ എന്നു പറഞ്ഞതും ഒരേ ആംഗിളിലേ കാണാനാകൂ. ശോഭയെ ചിരിപ്പിക്കാനായി കഷ്ടപ്പെടുന്ന തളത്തിൽ ദിനേശനായി മാറാതിരിക്കാൻ നമ്മൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

എന്റെ വ്യക്തിപരമായ കാര്യം പറയുകയാണ് എങ്കിൽ വിരലിലെണ്ണാവുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ മാത്രമാണ് എനിക്കുള്ളത് എന്നാൽ നിരവധി സുഹൃത്തുക്കൾ എനിക്കുണ്ട് താനും. ഓരോ സുഹൃത്തും നമുക്ക് ഇന്റിമേറ്റ് ആകുന്നത് പരസ്പര ഇടപെടലുകളിലെ യോജിപ്പിന്റെ മേഘലകളിലെ പൊരുത്തവും മനപ്പൊരുത്തവും അവർക്കിടയിലെ കെമിസ്ട്രിയും ഒക്കെകൊണ്ടാണ്. നിരവധി പേർ എനിക്ക് മെസഞ്ചറിൽ മെസേജുകൾ അയക്കാറുണ്ട്, എന്നാൽ വരുന്ന മെസേജുകൾ മിക്കതും വായിക്കാനായി പോലും പലപ്പോഴും സമയം കിട്ടാറില്ല. എന്നാൽ ഞാനിടുന്ന പോസ്റ്റുകളിൽ വരുന്ന കമന്റുകൾക്ക് മിക്കതിനും തന്നെ മറുപടി നൽകാറുമുണ്ട്.

എനിക്ക് മെസേജയക്കുന്നവർ ഒരു കാര്യം ദയവുചെയ്ത് ശ്രദ്ധിക്കുക, കാര്യമുള്ള കാര്യത്തിന് അയക്കുന്ന മെസേജുകൾക്ക് കൃത്യമായി മറുപടി നൽകാനായി ഞാൻ ശ്രദ്ധിക്കാറുണ്ട്. നിരവധി മെസേജുകൾക്കിടയിൽ പെട്ട് നിങ്ങളയച്ച മെസേജ് ഞാൻ കാണാതായിപ്പോയി എങ്കിൽ കമന്റുകളിൽ ഒന്ന് മെൻഷൻ ചെയ്ത് പറഞ്ഞാൽ മതി, ഞാൻ മെസേജ് നോക്കി മറുപടി തന്നിരിക്കും. ജാടകൊണ്ടേല്ല, മറിച്ച് ജീവിതത്തിലെ തിരക്കുകൾ കൊണ്ടും പരിമിതമായ സമയമേ എനിക്ക് ഓൺലൈനിൽ കിട്ടാറുള്ളൂ എന്നതും കൊണ്ടു മാത്രമാണ് എനിക്ക് മെസേജുകൾ നോക്കാനായി സമയം കിട്ടാത്തത്, എല്ലാവരും ക്ഷമിക്കണം.. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വിളിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ വലിയ ഉപകാരമായിരിക്കും, കാരണം ചിലപ്പോൾ മോനെ ഉറക്കുകയോ ഞങ്ങൾ ഉറങ്ങുകയോ ഒക്കെ ചെയ്യുമ്പോൾ നിരന്തരം നിർത്താതെ വിളിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്, അത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്ം മോന്റെ ഉറക്കം പോകുകയൊ ഞങ്ങളുടെ ഉറക്കം പോകുകയോ ഒക്കെ ചെയ്യും. അത്യാവശ്യ കാര്യം നെസേജിൽ കണ്ടാൽ ഞാൻ തന്നെ തിരികെ വിളിക്കുകയോ, അല്ലേൽ അവരോട് വിളിക്കാൻ പറയുകയോ ഒക്കെ ചെയ്യുന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മ മാത്രമാണ് ഞാൻ.

നബി – സൗഹൃദങ്ങൾ സ്വയം രൂപപ്പെടേണ്ടതാണ്, അല്ലാതെ നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതല്ല. നല്ല സുഹൃത്തുക്കൾ തമ്മിൽ എന്നും മെസേജുകൾ അയക്കണമെന്ന് പോലുമില്ല, യാതൊരു വിധത്തിലും കണക്ടഡല്ലാതെ മാസങ്ങൾ തുടർന്നാലും സൗഹൃദത്തിന് ഒരു കുറവും സംഭവിക്കില്ല

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.