വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി, പകൽക്കൊള്ള നടത്തുന്ന വൈദ്യുതി മന്ത്രിക്ക് എന്റെ വക മെഴുകുതിരി

0
578

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി, പകൽക്കൊള്ള നടത്തുന്ന വൈദ്യുതി മന്ത്രിക്ക് എന്റെ വക മെഴുകുതിരി

ഇന്നലെ രാത്രി കിടക്കാനായി പോകുമ്പോൾ കണ്ട വാർത്തയാണ് വൈദ്യുതി നിരക്കിൽ 11.4% വർദ്ധനവ് നിലവിൽ വന്നു എന്നത്!! എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന ടാഗ് ലൈനിൽ നടന്ന പ്രചാരണപ്രവർത്തനങ്ങളുടെ ചുവടുപിടിച്ചും നിഷ്പക്ഷരായ വോട്ടർമാരുടെ വോട്ടുകൾ നേടിയും തന്നെയാണ് പിണറായി സർക്കാർ അധികാരത്തിലേക്കെത്തിയത്. നിങ്ങളെ വിശ്വസിച്ചവരെ മറക്കരുത് സഖാക്കളേ..

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം പല തവണ കറന്റ് ചാർജ്ജിൽ വർദ്ധനവ് വരുത്തി. എപ്പോഴും പറയുന്ന ന്യായം, കെഎസ്ഇബി നഷ്ടത്തിലാണ് എന്നതാണ്. ജനങ്ങളുടെ വോട്ടും വാങ്ങി, സർക്കാർ ചിലവിൽ ജീവിക്കുന്ന മന്ത്രിമാർക്ക് ചിലപ്പോൾ ഈ വൈദ്യതിചാർജ്ജ് വർദ്ധനവിന്റെ ദോഷം എന്തെന്ന് നേരിട്ട് അനുഭവിച്ചറിയാൻ യോഗം കാണില്ല. അതറിയാനായി സ്വന്തം ചിലവിൽ സ്വന്തം വീട്ടിൽ ജീവിക്കണം സഖാക്കളേ..

കഴിഞ്ഞ വേനൽക്കാലത്തെ ഉയർന്ന ചൂടുകാരണം, വൈദ്യുതി ഉപയോഗം കൂടിയിരുന്നു. എറണാകുളം പോലൊരു നഗരത്തിൽ താമസിക്കുമ്പോൾ, ഒടുക്കത്തെ ചൂടു കാരണം ഫാനില്ലാതെ നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. മിക്ക വീടുകളിലും മൂവായിരം നാലായിരം രൂപക്കിടയിൽ വന്നിരുന്ന കറന്റ് ബില്ലിന് പകരം ഏപ്രിൽ മെയ്മാസത്തെ ബില്ലായിവന്നത് മിക്കവർക്കും ആറായിരവും ഏഴായിരവും ഒൻപതിനായിരവും ഒക്കെയാണ്. ഞങ്ങൾക്ക് വന്നത് 7327 രൂപയുടെ ബില്ലും!!

പൊന്നു സഖാക്കളേ, മിക്ക വീടുകളിലും ടിവിയും ഫ്രിഡ്ജും വാഷിങ് മെഷീനും മിക്സിയും ഒക്കെയുണ്ട്. നിങ്ങൾ അധികാരത്തിൽ കയറുന്നതുവരെ കടുത്ത വേനൽക്കാലത്ത് എസി ഉപയോഗിച്ചിട്ട് പോലും കറന്റ് ബില്ലായി വന്നത് മാക്സിമം 2200 രൂപയായിരുന്നു. അത് നിങ്ങൾ സത്യപ്രതിജ്ഞ ചെയ്ത 2016 മെയ് മാസം അവസാനം. മൂന്ന് വർഷം കഴിഞ്ഞ് 2019 മെയ് മാസം വന്ന വൈദ്യുതി ബില്ല് 7327 രൂപയും!! ഈ മൂന്നുവർഷം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ വരുമാനത്തിൽ വല്ല ഉയർച്ചയും ഉണ്ടായിട്ടുണ്ടോ അതോ പലർക്കും ഉള്ള വരുമാനം തന്നെ ഇല്ലാതായോ? ഈ വർദ്ധനവുകൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന അധികച്ചിലവ് താങ്ങാൻ കേരളത്തിലെ ജനങ്ങളുടെ കയ്യിൽ പണമുണ്ടോ? ഇതുകൊണ്ടുണ്ടാകുന്ന സാമൂഹികാഘാതം പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടാണോ വൈദ്യുതിചാർജ്ജ് വർദ്ധനവ് നടപ്പിലാക്കുന്നത്? കേരളത്തിലെ സാധാരണക്കാർ, ജീവിക്കാനായി പെടാപ്പാട് പെടുകയാണ് എന്നത് സഖാക്കൾക്കറിഞ്ഞുകൂടേ? കർഷകരുടേയും തൊഴിലാളികളുടേയും സാമ്പത്തീകാവസ്ഥയെന്താണ് എന്ന് നാടുഭരിക്കുന്ന സഖാക്കൾക്കറിയാമോ? ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവർക്ക് ഇപ്പോൾ എത്ര ദിവസം ജോലി ലഭിക്കുന്നുണ്ട്? തകർന്നടിഞ്ഞ നിർമ്മാണ മേഖലയുടെ പ്രത്യാഘാതം അനുഭവിക്കുന്നവരല്ലേ മിക്ക കുടുംബങ്ങളും? അരപ്പട്ടിണിയില്ലാത്ത കടബാധ്യതയില്ലാത്ത എത്ര കർഷക കുടുംബങ്ങളുണ്ട്? ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന സർക്കാരുദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മാത്രമാണ് സഖാക്കളേ വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടുള്ളൂ.

ഏതായാലും വൈദ്യുതി വകുപ്പിലെ ഭരണം അടിപൊളിയാകുന്നുണ്ട്. വിലവർദ്ധനവുണ്ടാകില്ല എന്ന് പറഞ്ഞ് അധികാരത്തിലേറിയ നിങ്ങളുടെ മൂന്നുവർഷക്കാലം കൊണ്ട് മൂന്നിരട്ടിയായി വൈദ്യുതി വില ഉയർന്നു. ഇതിനെ ന്യായീകരിക്കാനായി കണക്കുകളും ആയി വരേണ്ടതില്ല, ഒരു വീട്ടമ്മയെന്ന നിലയിൽ ഞാൻ അടച്ച കറന്റ് ബില്ലുകൾ മുന്നിൽ വെച്ചാണ് ഞാൻ സംസാരിക്കുന്നത്. ഇനിയിപ്പോ സാധാരണക്കാരായ മിക്കവരും കറന്റ് ബില്ലടക്കാനായി വേറേ ജോലിയോ ഓവർടൈം ജോലിയോ കണ്ടെത്തേണ്ടി വരുമല്ലോ സഖാക്കളേ?

ചൂടു കൂടുന്നു എന്നതുകൊണ്ട്, തലക്ക് മുകളിൽ പൊരുന്നകോഴിയെ കെട്ടിയിട്ട് കാറ്റുകൊള്ളാനും, മെഴുകുതിരി കത്തിച്ച് വെളിച്ചം കാണാനും കൂടെ പറയല്ലേ സഖാക്കളേ. ഈ രീതിയിലാണ് മുന്നോട്ട് പോക്കെങ്കിൽ, രണ്ടുവർഷം കഴിഞ്ഞ് തിരഞ്ഞെടുപ്പ് വരുമ്പോൾ, ഒരു തരി കനല് പോലും കാണാൻ കിട്ടുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരി അധിക വരുമാനം കണ്ടെത്തി നാട് ഭരിക്കാൻ ആർക്കും കഴിയും, എന്നാൽ ജനങ്ങളുടെ തലയിൽ അധികഭാരം കയറ്റിവെക്കാതെ ഭരിക്കാൻ കഴകത്തുള്ളവർക്കേ കഴിയൂ.

നബി – 900 കോടിയുടെ അധിക വരുമാനം കണ്ടെത്താനായി വൈദ്യുതി വകുപ്പ് പദ്ധതി തയ്യാറാക്കുമ്പോൾ ഇത് ജനങ്ങളെ കൊള്ളയടിക്കുന്ന തീവെട്ടിക്കൊള്ള തന്നെയാണെന്നതിൽ യാതൊരു സംശയവും വേണ്ട. രാഷ്ട്രീയത്തിനതീതമായി ഈ പകൽക്കൊള്ളക്കെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവന്നേ മതിയാകൂ.