ഞാൻ കാശ്മീരി ജനതയോടൊപ്പം

483

ജോമോൾ ജോസഫ് എഴുതുന്നു

ഞാൻ കാശ്മീരി ജനതയോടൊപ്പം

ജമ്മുകാഷ്മീരിനെ സംസ്ഥാന പദവി ഇല്ലാതാക്കി വിഭജിച്ചതിന് വലിയ പിന്തുണ നൽകുന്നവരോട്..

കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയോട് കൂറില്ലാത്ത ജനത എന്നൊക്കെ നമ്മൾ അവരെ പഴിക്കാറുണ്ട്. കാഷ്മീരിൽ പാക് അധിനിവേശം നടന്നതായും ആ പ്രദേശത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിക്കുന്നതും നമ്മൾ കേൾക്കാനായി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. പല വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ ഭൂപടത്തിന് തലയില്ലാതെയാണ് (അതായത് പാക് അധിനിവേശ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമല്ലാതെ പാക്കിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന) ഇന്ത്യയുടെ ഭൂപടം പോലും മാർക് ചെയ്തിട്ടുള്ളത്.

ഇന്ത്യ സ്വതന്ത്ര രാജ്യമായിമാറിയപ്പോൾ ജമ്മുകാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറിയതുമുതൽ കാശ്മീരി ജനത നീതിനിഷേധം നേരിടുകയാണ്. ആ ജനതയുടെ ഹിതം എന്തെന്ന് പരിശോധന നടത്താതെ, ആ ജനതയുടെ താൽപര്യമെന്ത് എന്ന് അറിയാതെയാണ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതും ഇന്നും കാശ്മീർ ഇന്ത്യയുടെ ഭാഗമായി തുടരുന്നും. എത്രയോ വർഷമായി കേൾക്കുന്നതാണ്, കാശ്മീരിൽ ഹിതപരിശോധന നടത്തും എന്ന് മാറിമാറിവരുന്ന ഭരണാധികാരികൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നത്. എന്നാൽ ഇന്നുവരെ ഹിതപരിശോധന മാത്രം നടന്നിട്ടില്ല..

ഇപ്പോൾ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് എങ്ങനെയെന്ന് നോക്കൂ..

ദിവസങ്ങളായി പട്ടാളത്തെ കാശ്മീരിൽ കൊണ്ടെത്തിച്ച്, പട്ടാളവലയത്തിൽ കാശ്മീരി ജനതയെ തളച്ചിടുന്നു. വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതാക്കുന്നു. ഇന്റർനെറ്റ് ബ്ലോക്ചെയ്യുന്നു. വിവിധ പാർട്ടികളുടെ നേതാക്കളെയും, ജനകീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കുന്നു. ആ ജനതക്ക്, കാശ്മീരി ജനതക്ക് ഇതൊക്കെ എന്താണ് നടക്കുന്നതെന്ന് അറിയില്ല, ആ ജനതയറിയാതെ ആ ജനതയുടെ, ആ സമൂഹത്തിന്റെ കാര്യത്തിലുള്ള തീരുമാനങ്ങൾ മുഴുവനും ആ നാടിന് പുറത്തുനിന്നുള്ളവർ എടുത്തിരിക്കുന്നു. ആ നാടിനെ ബലമായി, ആയുധം കാണിച്ച് പേടിപ്പിച്ച് നിർത്തിയിരിക്കുന്നു. ഇതിനെയല്ലേ അധിനിവേശം എന്ന് പറയുന്നത്!! ഇപ്പോൾ ജമ്മുകാശ്മീരിൽ അധിനിവേശം നടത്തിയിരിക്കുന്നത് പാക്കിസ്ഥാനാണോ ഇന്ത്യയാണോ?

ജനാധിപത്യ ക്രമത്തിൽ വിയോജിപ്പിന്റെ സ്വരങ്ങളാണ് മധുരസംഗീതമായി ആ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് കാശ്മീരിൽ വിയോജിപ്പിന്റെ സ്വരങ്ങളെയല്ല, കാശ്മീരി ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ വരെ ഇല്ലാതാക്കി, കാശ്മീരി ജനതയെ കാരണമില്ലാതെ തടവിലിട്ട്, ആ ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഇന്ത്യയെന്ന രാജ്യം ചെയ്തിരിക്കുന്നത്. ആ നാട്ടിലെ ഭൂസ്വത്ത് ഇനി ഇന്ത്യക്കാർക്ക് കൊള്ളയടിക്കാനാകും. അവരുടെ ഭൂമി അവർക്ക് നഷ്ടപ്പെടാനായി പോകുകയാണ്. കാശ്മീരി ജനതക്ക് ജനാധിപത്യപരമായും ഇന്ത്യയെന്ന ഫെഡറേഷന് കീഴിലുണ്ടായിരുന്നതുമായ അവകാശങ്ങൾ മുഴുവനും നിഷേധിക്കപ്പെട്ടിരിക്കുന്നു. കാശ്മീരി ജനതക്ക് വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുന്നു. കാശ്മീരിജനതക്ക് പൌരാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. കാശ്മീരി ജനതയുടെ ആത്മാവിനെ കവർന്നെടുത്തിരിക്കുന്നു.

ഇന്ത്യയുടെ ഈ തീരുമാനം വേട്ടയാടലിന്റേതാണ്, ആയുധബലവും ആൾബലവും പട്ടാളബലവും കാണിച്ച് ഭീഷണിപ്പെടുത്തി നടത്തിയ കടന്നുകയറ്റം തന്നെയാണ്. 70 വർഷങ്ങൾക്ക് മുമ്പ് വലിയ നാട്ടുരാജ്യങ്ങൾ ചെറിയ നാട്ടുരാജ്യങ്ങളെ ആക്രമിച്ച് കീഴപ്പെടുത്തിയതും ഇങ്ങനെ തന്നെയാണ്. കാശ്മീരിലേക്ക് കുടിയേറ്റങ്ങൾക്ക് അവസരമൊരുക്കിയിരിക്കുന്നു. ഇതേ രീതിയാണ്, ഇതൊക്കെ തന്നെയാണ് ഇസ്രയേൽ പാലസ്തീനോടും ചെയ്തത്. പാലസ്തീനിൽ ഇസ്രയേലി-ജൂത കുടിയേറ്റത്തിന് അവസരമൊരുക്കിയതും പാലസ്തീൻ ജനതയെ ആയുധത്തിന് മുന്നിൽ നിർത്തിയായിരുന്നു, പട്ടാളവലയത്തിൽ നിർത്തിയായിരുന്നു.

ഇന്ത്യയൊരു സാമ്രാജ്യവും കാശ്മീരൊരു നാട്ടുരാജ്യവും ലഡാക് ഒരു പ്രവിശ്യയും തന്നെയായി മാറിയിരിക്കുന്നു. ബന്ദികളാക്കി കീഴടക്കപ്പെട്ടഴടക്കപ്പെട്ട നാട്ടുരാജ്യം തന്നെയാണ് ഇന്നത്തെ കാശ്മീർ.

ഇന്ന് ഇന്ത്യയും ഇസ്രയേലിന്റെ പാതയിലാണ്, കാശ്മീർ പാലസ്തീന് സമവും. ഏതായാലും വരും നാളുകളിൽ പാലസ്തീന് സമാനമായ ഇസ്രയേൽ-പാലസ്തീൻ വിഷയത്തിന്റെ പരിഛേദം തന്നെയാകാം നമുക്ക് ഇന്ത്യ-കാശ്മീർ വിഷത്തിലും കാണാനാകുക. അസംതൃപ്തരായ, അവകാശനിഷേധം നേരിടുന്ന, ആത്മാഭിമാനമുള്ള ഒരു ജനതയും ഒരു തരത്തിലുള്ള കടന്നുകയറ്റത്തേയും അധിനവേശത്തെയും അംഗീകരിക്കില്ല. കടന്നുകയറ്റത്തിനെതിരായി അധിനിവേശത്തിനെതിരായി അവർ ചെറുത്തുനിൽക്കും, പോരാടും. കാശ്മീരിൽ ഹിതപരിശോധന നടക്കട്ടെ കാശ്മീരി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടട്ടെ.

കാശ്മീരിലെ നാളെയുടെ ആദ്യ കുടിയേറ്റക്കാർ ഇന്ത്യയിലെ കോർപറേറ്റുകൾ തന്നെയാകും. അതിൽ അംബാനിയും അദാനിയും ഉറപ്പായും കാണും. കടന്നുകയറ്റക്കാരുടെ കണ്ണുകൾ ആ സ്വർഗ്ഗതുല്യമായ മണ്ണിൽ തന്നെയാണ്.

നബി – ഞാൻ കാശ്മീരി ജനതയോടൊപ്പം, ആത്മാവ് നഷ്ടപ്പെട്ട ഇന്ത്യൻ ഭരണകൂടത്തോടൊപ്പം നിൽക്കാൻ മനസ്സാക്ഷിയുള്ളവർക്ക് കഴിയില്ല