Share The Article

Jomol Joseph

മദ്യപിക്കുന്നവരെ കൊള്ളയടിക്കുന്ന സർക്കാർ, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

മദ്യപിക്കുന്നത് രണ്ടാംതരം ഇടപാടും, മദ്യപാനികൾ രണ്ടാംതരം പൌരൻമാരും ആണെന്ന ചിന്ത നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ സമൂഹത്തിൽ എന്ന് പറയുമ്പോൾ പൊതുബോധത്തിൽ നിൽക്കുന്നവരുടെ ഇടയിൽ. അതാണല്ലോ രഹസ്യമായി മദ്യപിക്കേണ്ട ഗതികേട് പലർക്കും വരുന്നത്.

നമ്മുടെ സംസ്ഥാനത്ത് മദ്യവിൽപ്പനക്കുള്ള അവകാശം സംസ്ഥാന ബിവറേജസ് കോർപറേഷനാണ്. അതായത് സർക്കാർ തന്നെയാണ് മദ്യവിതരണത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ഒരേയൊരു ഏജൻസി. ബിവറേജസ് കോർപറേഷന് മദ്യനിർമ്മാണ കമ്പനികളിൽ നിന്നും മദ്യം ലഭിക്കുന്ന വിലയും, ബിവറേജസ് കോർപറേഷൻ വിൽക്കുന്ന വിലയും ഒന്ന് നോക്കുക. അപ്പോൾ മനസ്സിലാകും മദ്യം ഉപയോഗിക്കുന്നവരോട് എത്രത്തോളം അക്രമവും കൊള്ളയും ആണ് സർക്കാർ കാണിക്കുന്നത് എന്ന്.

ബിവറേജസ് കോർപറേഷൻ 52 രൂപ 43 പൈസക്ക് വാങ്ങുന്ന 750 മില്ലി ബിജോയ്സ് പ്രീമിയം ബ്രാണ്ടിയും, 52 രൂപ 58 പൈസ കൊടുത്ത് വാങ്ങുന്ന 750 മില്ലി നമ്പർ വൺ ഹണീബീ ബ്രാണ്ടിയും, നമ്പർ വൺ എംസിഡി ബ്രാണ്ടിയും നമുക്ക് ലഭിക്കുന്നത് 560 രൂപക്കാണ്. അതായത് സർക്കാർ കമ്പനികളിൽ നിന്നും മദ്യം വാങ്ങുന്നതിനേക്കാൾ പത്തിരട്ടി വിലക്കാണ് നമുക്ക് അതേ മദ്യം വിൽപ്പന നടത്തുന്നത്!! നമ്മൾ പത്തിരട്ടി വിലകൊടുത്ത് വാങ്ങാനായി നിർബന്ധിതരാകുന്നു.

ഇത് ഞാൻ വെറുതേ പറയുന്നതല്ല, തിരുവന്തപുരം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റ്യൻ എന്നയാൾക്ക് സി.കെ സുധർമ്മയെന്ന ബിവറേജസ് കോർപറേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ നിയമപ്രകാരം കൊടുത്ത മറുപടിയാണ് ഇത്. രാജ്യത്തെ കോർപറേറ്റ് കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ നമ്മളും നമ്മുടെ രാജ്യത്തെ പാർട്ടികളും വാതോരാതെ പ്രസംഗിക്കുമ്പോൾ ഒരു കാര്യം നമ്മൾ മനസ്സിലാക്കണം, മാടമ്പള്ളിയിലെ ആ മാനസീക രോഗി കേരള സർക്കാർ ആണ് പ്രിയ്യ മദ്യപാനികളേ, ഈ പകൽകൊള്ള നടത്തുന്നത് നമ്മുടെ സർക്കാർ തന്നെയാണ്!!

1240 രൂപ കൊടുത്ത് ബിവറേജസ് കോർപറേഷനിൽ നിന്നും നമ്മൾ വാങ്ങുന്ന 750 മില്ലി ബക്കാർഡി ക്ലാസ്സിക് സൂപ്പർ റം, നിർമ്മാണ കമ്പനിയിൽ നിന്നും ബിവറേജസ് കോർപറേഷന് ലഭിക്കുന്നത് 167 രൂപ 36 പൈസക്കാണ്!! 1270 രൂപക്ക് നമ്മൾ വാങ്ങുന്ന 750 മില്ലി സിഗ്നേചർ റെയർ എജി വിസ്കി 177 രൂപ 88 പൈസക്കാണ് സർക്കാരിന് ലഭിക്കുന്നത്!! 1170 രൂപക്ക് നമ്മൾ വാങ്ങുന്ന 750 മില്ലി റോയൽ ചലഞ്ച് പ്രീമിയം വിസ്കി 153 രൂപ 33 പൈസക്കാണ് സർക്കാരിന് ലഭിക്കുന്നത്!! ഇതാണ് വിതരണത്തിലെ മോണോപോളിയിലൂടെ സർക്കാർ നടത്തുന്ന തീവെട്ടി കൊള്ള!!

110 രൂപയും 140 രൂപയും 160 രൂപയും ഒക്കെ കൊടുത്ത് നമ്മൾ വാങ്ങുന്ന ബിയറൊക്കെ
സർക്കാരിന് ലഭിക്കുന്ന വില ഒന്ന് ചിന്തിച്ച് നോക്കിക്കേ? എന്നിട്ടോ, നീണ്ട ക്യൂവിൽ കത്തുനിന്നും, മണിക്കൂറുകൾ ക്യൂവിൽ നിന്നോ, മഴയും വെയിലും കൊണ്ടും ഇതൊക്കെ കഷ്ടപ്പെട്ട് വാങ്ങാനായി വിധിക്കപ്പെടുകയാണ് നമ്മൾ!! ഇഷ്ടപ്പെട്ട ബ്രാൻഡ് ലഭിക്കില്ല പകരം ഉള്ള ബ്രാന്റ് വേണേൽ വാങ്ങിക്കോ എന്നതാണ് വിൽപനക്കാരുടെ നിലപാട്, കൂടാതെ വിൽപന കേന്ദ്രത്തിൽ മെച്ചപ്പെട്ട സൈകര്യങ്ങളൊരുക്കാതെയോ, സർക്കാർ മദ്യപാനികളോട് ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. ലൈനിൽ നിൽക്കുന്നവരെ ആക്ഷേപത്തോടെ നോക്കിയും, കളിയാക്കിയും, ഒക്കെ പൊതുസമൂഹവും ഇതേ തെണ്ടിത്തരം മദ്യപാനികളോട് ആവർത്തിക്കുന്നു. ഇതിനൊക്കെ അപ്പുറമാണ് ബാറിൽ നിന്ന് മദ്യപിച്ച് പുറത്തേക്ക് വരുന്നവരെ ബാറിന്റെ മതിലിന് പുറത്ത് പതുങ്ങിയിരുന്ന് പോലീസ് പിടിച്ചുകൊണ്ടുപോകുന്ന അവസ്ഥ!!

നബി – സർക്കാർ ഇതൊക്കെ ചെയ്യുന്നതുകൊണ്ടുള്ള ഒരു വലിയ ഗുണം നമ്മൾ കാണാതെ പോകരുത്, ഒരു സിഗരറ്റ് വാങ്ങാനായി കടയന്വേഷിച്ച് തെണ്ടി നടക്കണം, ഒരു ബിയർ വാങ്ങാനായി പത്തും പതിനാറും ഇരുപതും കിലോമീറ്റർ യാത്ര ചെയ്യണം, എന്നാൽ സ്കൂളിൽ പഠിക്കുന്ന കൊച്ചുകുട്ടികൾക്ക് പോലും കഞ്ചാവും മറ്റു നിരോധിത ലഹരി വസ്തുക്കളും അവരുടെ സ്കൂളിന് പരിസരങ്ങളിലും, മിക്ക കവലകളിലും സുലഭമായി ലഭിക്കുകയും ചെയ്യുന്നു.!! കഴിഞ്ഞ വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് പരിശോധിച്ചാൽ കണ്ണുതള്ളും. ഒരു തരത്തിൽ പറഞ്ഞാൽ, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന നടപടിയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിൽ യാതൊരു തർക്കവുമില്ല.

നബി 2 – മദ്യപിക്കാത്തവർ കല്ലെറിയാനായി വരണ്ട, കാരണം ഇത് നിങ്ങളെ ബാധിക്കുന്ന വിഷയമേയല്ല..

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.