സഹായിക്കാം, നമ്മളെ കൊണ്ടാകുന്നതുപോലെ…

230

Jomol Joseph

സഹായിക്കാം, നമ്മളെ കൊണ്ടാകുന്നതുപോലെ..

പൂത്തുനിൽക്കുന്ന മലനിരകൾ എന്ന അർത്ഥത്തിൽ പൂത്തമലയെന്നും, പൂത്തമല പിന്നീട് പുത്തുമല എന്നുമായി പേരുവീണ ഈ സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥയാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. ഞാനും നിങ്ങളും ഇപ്പോൾ സേഫെന്ന് കരുതിയിരിക്കുന്ന സ്ഥലങ്ങളും നമ്മുടെ വീടുകളും നമ്മുടെ നാടും ഒക്കെ ഇതുപോലെ നാമാവശേഷമാകാൻ നിമിഷങ്ങൾ മതി.

നാളെ ഞാനും നിങ്ങളും ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ അഭയം തേടി പോകേണ്ടിവരില്ലെന്നോ പാലായനം ചെയ്യേണ്ടിവരില്ലെന്നോ പറയാനാകില്ല. ഇന്നലത്തെ മഴയത്തും ഉരുൾപൊട്ടലിലോ ദുരിതത്തിൽ പെട്ടവർക്ക് പകരം ഇന്നത്തെ മഴയിലോ നാളത്തെ ഉരുൾപൊട്ടലിലോ ദുരിതത്തിൽ പെടുന്നത് ഞാനോ നിങ്ങളോ ആകാം.

ഇന്ന് എനിക്കിതെഴുതാനും നിങ്ങൾക്കിത് വായിക്കാനും കഴിയുന്നതും അതിനുള്ള സൌകര്യം എനിക്കും നിങ്ങൾക്കും ഇന്നും ഉണ്ട് എന്നതും മഹാഭാഗ്യം. എന്റെ സുഹൃത്തുക്കളിൽപെട്ടവരിൽ പലരുടേയും ഫോളോ ചെയ്യുന്നതിൽ പലരുരേയും ഫേസ്ബുകോ മെസഞ്ചറോ ദിവസങ്ങളായി ലോഗിൻ ചെയ്തിട്ടില്ല, പലസുഹൃത്തുക്കളുടേയും ഫോണുകൾ ദിവസങ്ങളായി ഓഫാണ്. അതിനർത്ഥം അവരുടെ വീടുകളിൽ കറന്റില്ലാതായതോ, അവരിൽ ചിലരെങ്കിലും ദുരിതം ബാധിക്കപ്പെട്ടവരോ, ക്യാമ്പുകളിലേക്ക് മാറിയവരോ, ചിലരെ കാണാതായെന്നോ ചിലരെ നമുക്ക് നഷ്ടപ്പെട്ടുവെന്നോ ഒക്കെയാകാം.

ദുരിതബാധിതരെ നോക്കി അഹങ്കാരം കാണിക്കരുതേ, അവരും നമ്മളെപ്പോലെ സകല സുഖസൌകര്യങ്ങളിലും കഴിഞ്ഞവരായിരുന്നു കഴിഞ്ഞ ദിവസം വരെ. അവരുടെ ചെറുതും വലുതും ആയ വിടുകളിൽ അവരും നമ്മളെപ്പോലെ യാതൊരു ഭയവും ആശങ്കയും കൂടാതെ കഴിഞ്ഞവരായിരുന്നു, ഇന്ന് നമ്മൾ കഴിയുന്നതുപോലെ തന്നെ. ഇപ്പോളവർ അഭയം തേടി ക്യാമ്പുകളിലാണ്, നമ്മൾ നമ്മുടെ വീടുകളിലും. അവരെ നമുക്ക് സഹായിക്കാം, അവരെയും നമ്മുടെ ഇല്ലായ്മകളുടെ ഭാഗമാക്കാം, ഒരു പായയോ ഒരു പുതപ്പോ, ഒരു മുണ്ടോ, ഒരു നൈറ്റിയോ, ഒരു നേരത്തെ ഭക്ഷണമോ നമുക്ക് അവരിലേക്കെത്തിക്കണം. സൂക്ഷിച്ച് നോക്കിയാൽ അവരിൽ നമ്മളെ തന്നെ കാണാനാകും നമുക്ക്.

https://keralarescue.in/district_needs/
ഈ ലിങ്കിൽ കയറി നോക്കിയാൽ ഓരോ ജില്ലയിലേക്കും ആവശ്യമുള്ള സാധനങ്ങളും, അവ സ്വീകരിക്കാനായി നമ്മുടെ സമീപത്തുള്ള കളക്ഷൻ സെന്ററുകളും അവിടെ ബന്ധപ്പെടേണ്ട വ്യക്തികളുടെ പേരും ഫോൺനമ്പറുകളും നമുക്ക് ഈ ലിങ്കിൽ പോയാൽ കാണാനാകും. എന്താണ് അവർക്ക് ആവശ്യമെന്ന് മനസ്സിലാക്കി നമുക്ക് അവരിലേക്ക് അവശ്യസാധനങ്ങളെത്തിക്കാനായി ശ്രമിക്കാം. ഈ കൊടും മഴയത്ത് തണുത്തുവിറച്ച് ദുരിതത്തിൽ തളർന്ന് പട്ടിണിയിൽ ആയിരിക്കും മിക്കവരും..

വടക്കരെന്നും തെക്കരെന്നും നമ്മളെ വേർതിരിച്ച് സംസാരിക്കുന്ന ചില പടുജൻമങ്ങളേയും കണ്ടു, അവരുടെ ലക്ഷ്യം നമ്മുടെ ഐക്യത്തെ ഇല്ലാതാക്കലാണ്, നമ്മുടെ സാഹോദര്യത്തെ ഭിന്നിപ്പിക്കലും വിഘടിപ്പിക്കലും തന്നെയാണ്. നമ്മൾ വടക്കരും തെക്കരുമല്ല, നമ്മൾ നമ്മളാണ്, നമ്മൾ മലയാളികളാണ്, മലയാളികൾ മാത്രമാണ് നമ്മൾ..

“ഇന്നു ഞാൻ, നാളെ നീ” എന്നത് മറക്കാതിരിക്കാം. ഇന്നലെയും ഇന്നും നാളെയും മറ്റന്നാളും അവർക്കുമാത്രമുള്ളതല്ല, എനിക്കും നിങ്ങൾക്കും കൂടിയുള്ളതാണ് ഇന്നുകളും വാരാനുള്ള നാളെകളും.

നബി – ദുരിതത്തിനിടയിൽ കുത്തിത്തിരിപ്പുമായി വരുന്നവരോട്, എന്റെ മുന്നിൽ വന്നുപെട്ടാൽ അടിച്ച് മോന്ത തിരിക്കും, പിന്നെ വരുന്ന കേസല്ലേ, അത് ഞാൻ നേക്കിക്കോളാം..