സേഫ് സോണുകളിൽ സുരക്ഷിതരായിരുന്ന് നമ്മുടെ ചിന്തകളിലേക്ക് വിഷകണികകൾ നമ്മൾ പോലുമറിയാതെ കയറ്റിവിടുന്നവർ..

ഞാൻ മുമ്പും എഴുതിയിട്ടുണ്ട് രാഷ്ട്രീയം എന്നത് ജനങ്ങളുടെ, സമൂഹത്തിന്റെ നന്മക്കായിരിക്കണം. എന്നാൽ കഴിഞ്ഞവർഷവും ഈ വർഷവും ഉണ്ടായ പ്രളയദിവസങ്ങളിലേയും, കഴിഞ്ഞ വർഷം പ്രളയത്തിന് ശേഷവും ഉണ്ടായ പ്രചാരണങ്ങളും, ആ പ്രചാരണങ്ങളുടെ ഫലമായി നമ്മുടെ ചിന്തകളിൽ പോലും കടന്നുകയറിയ നെഗറ്റീവായ ചിന്തകളും ഒന്ന് പരിശോധിച്ച് നോക്കിയാൽ ഇത്തരം കളവുകളുടെ പ്രചാരകരുടെ ലക്ഷ്യം നമുക്ക് മനസ്സിലാക്കാനാകും.

1. സാലറി ചലഞ്ച്

കഴിഞ്ഞ പ്രളയകാലത്തെ അതിജീവിക്കാനായി സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചു. സർക്കാരുദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുള്ള പദ്ധതി. ഈ നിർദ്ദേശത്തെ പ്രതിപക്ഷപാർട്ടികളും, പ്രതിപക്ഷ ഉദ്യോഹസ്ഥ യൂണിയനുകളും എതിർത്ത് തോൽപ്പിച്ചു. ഒരു മാസത്തെ ശമ്പളം നഷ്ടപ്പെടുന്നത് സർക്കാർ ജീവനക്കാരുടെ ജീവിതം ദുരിതത്തിലാക്കും എന്നതായിരുന്നു അവർ പറഞ്ഞ ന്യായം. എന്നാൽ ഒരു സുപ്രഭാതത്തിൽ സകലതും നഷ്ടപ്പെട്ട ജനതയേക്കാൾ വേദന ഇവരുടെ ഒരു മാസത്തെ ശമ്പളം ശമ്പളം നൽകലിന് ഉണ്ടോ എന്ന് ചോദിക്കരുത്, അത്തരം ചോദ്യങ്ങൾ കക്ഷിരാഷ്ട്രീയത്തെക്കാൾ മുകളിൽ മാനവീകതയെ പ്രതിഷ്ടിച്ചവരോടേ ആകാവൂ. ഏതായാലും സാലറി ചലഞ്ച് ഭാഗീകമായി പരാജയപ്പെടുത്തിയതിമ് പുറകിലെ ലക്ഷ്യം, പ്രളയാനന്തരകേരളത്തിന്റെ പുനസൃഷ്ടി സർക്കാരിന് സുഗമമായി നടപ്പിലാക്കാനായാൽ, പിന്നെ സർക്കാരിനെ വിമർശിക്കാനും രാഷ്ട്രീയം കളിക്കാനും പ്രതിപക്ഷത്തിന് എവിടെയാണ് റോൾ? ഇവിടെ സർക്കാരിനെതിരായ യുദ്ധം ബാധിക്കപ്പെട്ടത് കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനതയോടും കേരള സമൂഹത്തോടും തന്നെയായിരുന്നു. നാടിനെ പിന്നോട്ടടിച്ചായാലും തങ്ങളുടെ കക്ഷി രാഷ്ട്രീയം പ്രസക്തമാക്കണം എന്ന ചിന്ത. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായിവാങ്ങുന്നവർക്ക്, ജനങ്ങളുടെ ദുരിതത്തോട് യാതൊരുബാധ്യതയും ഉത്തരവാദിത്വവുമില്ല എന്ന ചിന്ത എത്രത്തോളം ധാർമ്മീകമാണ്?

2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കഴിഞ്ഞ പ്രളയകാലത്തും ഈ വർഷത്തെ ദുരിതസമയത്തും വ്യാപകമായി നടന്ന മറ്റൊരു പ്രചാരണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത്, ആ പണം സർക്കാർ ദുരുപയോഗം ചെയ്യും, വഴിവിട്ട് ചിലവഴിക്കും, ദുരിതബാധിതർക്ക് ഉപകരിക്കില്ല എന്നൊക്കെയുള്ള വ്യാപക പ്രചാരണം. ഈ പ്രചാരണത്തിൽ എത്രത്തോളം വസ്തുതയുണ്ട്? റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ് ഈ അക്കൌണ്ട്, എന്നുകരുതി സെക്രട്ടറിക്ക് ഈ പണം അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ഉപയാഗിക്കാനാകുമോ? ഇല്ല, അതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്, കൂടാതെ നിശ്ചിത തുകയിൽ കൂടിയ തുക പാസ്സാക്കണം എങ്കിൽ അതിന് ക്യാബിനറ്റ് തീരുമാനം വേണം. ക്യാബിനറ്റ് തീരുമാനമുണ്ടേൽ പണം ഇഷ്ടപ്രകാരം ചിലവഴിക്കാനാകുമോ? ഇല്ല, CAG (കണ്ട്രോളർ അന്റ് ഓഡിറ്റർ ജനറൽ) യുടെ കൃത്യമായ ഓഡിറ്റിങ് ഈ അക്കൌണ്ടിലെ പണത്തിന്റെ വിനിമയത്തിൽ നടക്കുന്നുണ്ട്.

3. ബിജെപിയും ദുരിതാശ്വാസ ഫണ്ടിനെ സംബന്ധിച്ച നിലപാടുകളും.

കഴിഞ്ഞ ദിവസം ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി. മുരളീധരൻ പറയുന്നു, ദുരിതാശ്വാസ നിധിയിൽ ആവശ്യത്തിന് പണമുണ്ട്, ഇനി ആരും ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കേണ്ടതില്ല എന്ന്. ഇവിടെയാണ് “അശ്വത്ഥാത്മാഃ ഹതഃ” എന്ന അർത്ഥ സത്യം പറഞ്ഞ് തെറ്റിദ്ധാരണ പടർത്തി നാടിനെ ചതിക്കുന്നവരെ, പിന്നിൽ നിന്ന് കുത്തുന്നവരെ തിരിച്ചറിയേണ്ടത്. കഴിഞ്ഞ പ്രളയത്തിൽ കേരളത്തിന്റെ ആകെ നഷ്ടം മുപ്പകിനായിരം കോടിക്ക് മുകളിൽ, ദുരിതാശ്വാസ നിധിയിൽ വന്ന തുക 4106 കോടി രൂപ, അതിൽ ചിലവാക്കികഴിഞ്ഞത് 2008.76 കോടി രൂപ. ബാക്കി 2097 കോടി രൂപ ദീർഘകാല പദ്ധതികൾക്കായി വേണ്ടതാണ്. അതായത് ഒരു വീട് പണിയാനായി ധനസഹായത്തിനായി ഒരു കുടുംബത്തെ പരിഗണിച്ചാൽ വിവിധ ഘട്ടങ്ങളിലായേ മുഴുവൻ തുകയും നൽകുകയുള്ളൂ. തറകെട്ട് പൂർത്തിയാക്കുമ്പോൾ ഒരു ഗഡു, ഭിത്തികെട്ട് കഴിയുമ്പോൾ അടുത്ത ഗഡു, വാർപ്പ് കഴിയുമ്പോൾ അടുത്ത ഗഡു, പ്ലാസ്റ്ററിംങും മറ്റുപണികളും പൂർത്തിയാകുമ്പോൾ അവസാന ഗഡു. ഇങ്ങനെ തന്നെയാണ് പാതുമരാമത്ത് പണികളുടേയും തുക നൽകുന്നത്.

ഇങ്ങനെ പല മാസങ്ങൾക്ക് ശേഷം വിതരണം ചെയ്യേണ്ട തുക ബാങ്കുകളിൽ മൂന്നുമാസം ആറുമാസം ഒരുവർഷം കാലയളവുകളിലേക്ക് സർക്കാർ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുന്നു, സാധാരണ അക്കൌണ്ടിൽ പണം കിടന്നാൽ പലിശ കിട്ടില്ല, ഇതാകുമ്പോൾ മാസം ഏകദേശം അരശതമാനം തുക പലിശയായി ലഭിക്കുന്നു, ഏകദേശം പത്ത് കോടിയോളം രൂപ. ഈ പലിശ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കാനാകുവോ? ഇല്ല, പലിശയും ദുരിതാശ്വാസ നിധിയിലേക്ക് തന്നെ പോകും. അപ്പോൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വി. മുരളീധരൻ പറഞ്ഞതും സത്യവുമായി എന്ത് ബന്ധം? ഒരു ബന്ധവുമില്ല. വി.മുരളീധരനും ബിജെപിയും കളവ് പറയുന്നതെന്തിനാണ്? അതാണ് അവരുടെ രാഷ്ട്രീയം. കേരള സമൂഹത്തിന്റെ നന്മയല്ല, പകരം കേരള സമൂഹം പിന്നോട്ടടിക്കപ്പെട്ടാൽ മാത്രമേ തങ്ങൾക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകൂ, അതിനായി അവർ എന്തും ചെയ്യും.

4. വിദേശ സഹായം.

കഴിഞ്ഞ പ്രളയകാലത്ത് നിരവധി രാജ്യങ്ങളിൽ നിന്നും വിദേശ സഹായം നമുക്ക് ഓഫർ ചെയ്യപ്പെട്ടിരുന്നു. അന്നും അതൊക്കെ സ്വീകരിക്കാൻ നമ്മളെ അനുവദിക്കാതിരുന്നത് കേന്ദ്രസർക്കാരാണ്. അതിനും ബിജെപി നേതക്കൾ പല വിശദീകരണങ്ങളും നൽകി. പക്ഷെ കഴിഞ്ഞ വർഷവും ഈ വർഷവുമായി കേരളത്തിലെ ജനങ്ങൾക്ക് അവരുടെ സമ്പാദ്യമായും പൊതുമുതലുകളും ആയി നഷ്ടപ്പെട്ടത് ഏകദേശം അമ്പതിനായിരത്തോളം കോടി രൂപയാണ്. അതിനെ അതിജീവിക്കാനായി 2019 ജൂലൈ 20 വരെ 4106 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്രസഹായം 700 കോടിയോളം ലഭിച്ചിട്ടുണ്ട് (ഇതിൽ പട്ടാളത്തെ വിട്ടതിനും, അരിയും ധാന്യങ്ങളും തന്നതിന്റെ കാശും മണ്ണെണ്ണയുടെ കാശും, ഹെലികോപ്റ്ററും വിമാനവും വിട്ടുതന്നതിനും ഒക്കെയായി 300 കോടിയോളം രൂപ കേന്ദ്രം തിരികെ പിടിച്ചിട്ടുമുണ്ട്) ബാക്കി പണം സർക്കാരിന് കണ്ടേത്തേണ്ടതുണ്ട്, എവിടെ നിന്ന് കണ്ടെത്തണം? രണ്ടുവർഷത്തെ ദുരിതത്തിലും മുച്ചൂടും തകർന്ന് നിൽക്കുന്ന കേരളത്തിൽ നിന്ന് തന്നെ!!

5. അതുകൊണ്ട് നമുക്ക് കേരളത്തെ രക്ഷിക്കാം.. അതിനായി

1. ആരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് (ബിജെപി എന്ന പാർട്ടി പറയുന്നത് നമുക്ക് കേൾക്കാതിരിക്കാനാകില്ലല്ലോ?)
2. ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, കളക്ഷൻ പോയന്റുകളിലേക്കോ യാതൊന്നും നൽകരുത് (സേവാഭാരതി വഴിയേ എല്ലാവരും സഹായിക്കാവൂ)
3. ആരും സാലറി ചലഞ്ചുമായി സഹകരിക്കുകയോ, സാലറി ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയോ ചെയ്യരുത് (കോൺഗ്രസ്സ് പറയുന്നതിൽ കാര്യമില്ലാതെ വരില്ല)

6. എനിക്ക് രണ്ടേ രണ്ടുകാര്യം അറിയണമെന്നുണ്ട്.

A. കഴിഞ്ഞ പ്രളയകാലത്ത് സേവാഭാരതി ലോകവ്യാപകമായി കേരളത്തിന്റെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തിയിരുന്നു. സേവാഭാരതി ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നടക്കം പിരിച്ചത് എത്ര തുകയാണ്? അത് ചിലവാക്കിയ കണക്ക് (വരവ് ചിലവ് കണക്കുകൾ) പബ്ലിഷ് ചെയ്യാമോ? എത്ര വീടുകൾ, റോഡുകൾ പിരിച്ച പണം ഉപയോഗിച്ച് സേവാഭാരതി നിർമ്മിച്ച് നൽകി.

B. കോൺഗ്രസ്സുകാരും പിരിവ് നടത്തിയിരുന്നു, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചുനൽകുമെന്ന പ്രഖ്യാപനവുമായി. എത്ര കോടി രൂപയാണ് കോൺഗ്രസ്സ് കഴിഞ്ഞ പ്രളയത്തിന്റെ പേരിൽ പിരിച്ചത്? എത്ര വീടുകൾ കോൺഗ്രസ്സ് നിർമ്മിച്ചുനൽകി? ഈ കണക്കും ഞാനടക്കമുള്ള പൊതുജനത്തിന് അറിയേണ്ടതുണ്ടല്ലോ?

C. ദുരിതാശ്വാസ നിധിയുടെ വരവുചിലവ് കണക്കുകൾ സുതാര്യമാണ്. അത് ബോധ്യപ്പെടാനായി https://donation.cmdrf.kerala.gov.in/ ഈ സൈറ്റിൽ പോയാൽ മതിയാകും. ഒരു തവണയെങ്കിലും നൂറുരൂപ സംഭാവന നൽകാനായി ഈ സൈറ്റിൽ പോയവർക്ക് കാര്യമറിയാം. നൂറുരൂപപോലും ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാത്തവർക്ക് ഈ സൈറ്റിനെ കുറിച്ച് അറിയാനായി വഴിയില്ല.

ഓഡിറ്റിങ് സർക്കാരിന് മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും, രാഷ്ട്രീയ പാർട്ടികൾക്ക് കീഴിലും അല്ലാതെയും പ്രവത്തിക്കുന്ന സന്നദ്ധസംഘടനകൾക്കും ബാധകമാണല്ലോ?

7. പ്രളയകാലത്ത് ഞങ്ങൾ എന്തുചെയ്തു.

കഴിഞ്ഞ പ്രളയകാലത്ത് ഞങ്ങൾ (മോനുമായി പോകാനുള്ള ബുദ്ധിമുട്ട് കാരണം എനിക്ക് അധികം ഇടപെടലുകൾ നേരിട്ട് നടത്താനായിട്ടില്ല, കണ്ട്രോൾ റൂമുപോലെ പ്രവർത്തിച്ച ഞങ്ങളുടെ ഫോണുകളുടെ ചുമതല എനിക്കായിരുന്നു) രണ്ടുമാസത്തോളം ഓഫീസും പൂട്ടിയിട്ട് അൻപോട് കൊച്ചിയുടെ ഭാഗമായും, അല്ലാതെ നേരിട്ട് റെസ്ക്യൂ റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങളിലും, ക്യാമ്പുകളിലേക്ക് സാധനസാമഗ്രികളുടെ വിതരണവും, നാട്ടിൽ നിന്ന് സർവ്വ സജ്ജീകരണങ്ങളുമായി സന്നദ്ധപ്രവർത്തകരായ സുഹൃത്തുക്കളെ കൊണ്ടുവന്ന് എറണാകുളത്ത് വീടുകളുടെ ക്ലീനിങ്ങും, അവരുടെ തുടർതാമസത്തിന് തുടക്കമിടുന്നതിനുളള സാധനങ്ങളെത്തിക്കുകയും, അന്യനാടുകളിൽ നിന്ന് ലക്ഷക്കണത്തിന് രൂപയുടെ മെഡിസിനുകൾ കേരളത്തിലേക്ക് എത്തിക്കുകയും, നിരവധി കണ്ടെയ്നർ ക്ലീനിങ് സാമഗ്രികളും അവശ്യ വസ്തുക്കളും ജില്ലാ ഭരണകൂടത്തിന് എത്തിച്ച് നൽകാനുമൊക്കെയായി രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ച് ജീവൻ പോലും പണയം വെച്ച് പ്രവർത്തിച്ചവരാണ്. അതിന് ശേഷം കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായ വോളന്റിയറായും പ്രവർത്തിച്ചിരുന്നു. ഇതൊക്കെ വിനുവിന്റെ വാളിൽ ഒന്ന് കയറി നോക്കിയാൽ കാണാനാകും.

ഒന്നും ചെയ്യാതെ, യാതൊരു ഇടപെടലുകളും നടത്താതെ വായിൽതോന്നിയത് വിളിച്ച് പറയുന്നവർ കേരളത്തെ തോൽപ്പിക്കാനായി നടക്കുന്നവരാണ്, അല്ലാതെ നമ്മുടെ കേരളത്തിന്റെയോ മലയാളികളുടേയോ നന്മ ലക്ഷ്യം വെക്കുന്നവരല്ല. സ്വയം ചിന്തിക്കുക, മനുഷ്യത്തത്തോടെ ഇടപെടുക, കകഷിരാഷ്ട്രീയമല്ല വലുത്, നമ്മൾ മനുഷ്യരാണ് എന്ന ചിന്തകളാണ് വേണ്ടത്, മനുഷ്യരായാലും മൃഗങ്ങളായാലും ഓരോ ജീവനുകളും വിലപ്പെട്ടതാണ്.

സേഫ് സോണിലിരുന്ന് ആർക്കും എന്തും പറയാം, പക്ഷെ ദുരിതം അനുഭവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ ഗ്രൌണ്ട് റിയാലിറ്റി മനസ്സിലാകും. ഒരു കളവ് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞാൽ സത്യമെന്ന് നമ്മളിൽ തോന്നലുണ്ടായേക്കാം, പക്ഷെ അത് വെറും തോന്നലുകൾ മാത്രമെന്ന് മനസ്സിലാക്കാൻ പണയം വെക്കാത്ത മസ്തിഷ്കവും സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവും നമുക്ക് ആവശ്യമാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.