ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്, അതിജീവിക്കാം നമുക്കൊരുമിച്ച്

243

Jomol Joseph

വീണ്ടുമൊരു ദുരിതകാലം കൂടി നമ്മൾ അഭിമുഖകരിക്കേണ്ടിയിരിക്കുന്നു..

കഴിഞ്ഞ ദിവസം മുതൽ ഇന്റൻസിറ്റി കൂടിയ മഴ നിർത്താതെ പെയ്യുന്നതുകൊണ്ട്, നമ്മുടെ നാടിന്റെ പലഭാഗത്തും വെള്ളം കയറുകയോ, ഉരുൾപൊട്ടൽ സംഭവിക്കുകയോ ചെയ്ത് നമ്മുടെ നാടിന്റെ പലഭാഗങ്ങളിലുള്ളവരും ദുരിതത്തിലാണ്. പലർക്കും വീടുകൾ നഷ്ടപ്പെട്ടു, പലരെയും കാണാതായി, പലയിടത്തും പ്രദേശങ്ങൾ തന്നെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി..

നമുക്ക് വേണ്ടത് ജാഗ്രതയാണ്

ഭീതിപ്പെടുത്തുന്ന പല വാർത്തകളും പലകോണുകളിലും നിന്നും വരുന്നു, മാധ്യമങ്ങൾ റിപ്പോർട്ടിങ്ങിൽ മിതത്വം പാലിക്കുക എന്നത് സാമാന്യ മര്യാദയാകും. സർക്കാരും സർക്കാർ സംവിധാനങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നമ്മൾ ഒരോരുത്തരും തയ്യാറാകണം. അപകട സാധ്യതയുണ്ടെന്ന മുന്നറിയിപ്പു ലഭിക്കുന്ന പ്രദേശങങളിൽ, വീട് വിട്ടിറങ്ങാനും സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടാനും മടികാണിക്കരുത്. ജീവനേക്കാൾ വലുതായി മറ്റൊന്നും ഇല്ല, ജീവൻ സുരക്ഷിതമാക്കിയ ശേഷം നമുക്ക് ബാക്കികാര്യങ്ങൾ ആലോചിക്കാം. വീടുവിട്ടിറങ്ങുന്നവർ വളർത്തുമൃഗങ്ങളുടെ കയറുകളും ചങ്ങലകളും അഴിച്ച് അവയെ കൂടെ സ്വതന്ത്രമാക്കുന്നതിന് ശ്രദ്ധിക്കണേ.

ഓരോ വ്യക്തിയും സ്വയം നിസ്വാർതഥ സേവകരായി, വോളണ്ടിയർമാരായി മാറുക എന്നതാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ട പ്രധാന ഉത്തരവാദിത്തം. അതോടൊപ്പം തന്നെ നമ്മൾ ഓരോരുത്തരും നല്ല കോഡിനേറ്റർമാരായി മാറുന്നതിനും ശ്രദ്ധിക്കണേ, നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് ഈ സമയത്തെയും അതിജീവിക്കാനായി ശ്രമിക്കാം.

ദുരിതബാധിത മേഖലകളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്, പ്രദേശത്തെ സുരക്ഷിതമായ സ്കൂളുകളിലും, കോളേജുകളിലും ഒക്കെയാണ് ക്യാമ്പുകൾ. അവിടേക്ക് വരുന്നവരെല്ലാം വീടുകളുപേക്ഷിച്ചോ വീടുകൾ നഷ്ടപ്പെട്ടോ വരുന്നവരാണ്, അവർക്ക് ഈ കൊടിയ മഴയത്തും തണുപ്പിലും താമസത്തിനാവശ്യമായ പ്രാഥമീക സൌകര്യങ്ങൾ മുതൽ ഒരുക്കാൻ നമുക്കൊരോരുത്തർക്കും ബാധ്യതയുണ്ട്. പായ, ബെഡ്ഷീറ്റ്, പുതപ്പ്, തോർ‌ത്ത്, സോപ്പ്, ബക്കറ്റ്, വസ്ത്രങ്ങൾ എന്നിവ എത്തിക്കുന്നതിനും അവരുടെ ഭക്ഷണകാര്യങ്ങളിലും നമുക്ക് ശ്രദ്ധ ചെലുത്താം. ദുരിതപ്രദേശങ്ങളിൽ അല്ലാത്തവരിൽ നിന്നും ദുരിതം ബാധിച്ചവരിലേക്ക് നമുക്ക് സഹായമെത്തിക്കാം.

കഴിഞ്ഞ വർഷത്തെ അത്രയും വലിയ ദുരിതങ്ങളിലേക്കോ, പ്രളയത്തിലേക്കോ നമ്മുടെ നാട് ഇത്തവണ പോകില്ല എന്നതുറപ്പാണ്, അതിനാൽ തന്നെ കഴിഞ്ഞ വർഷത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്ത് ഭീതി വിതക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. അതോടൊപ്പം മുൻവർഷം നമുക്ക് ലഭിച്ച അനുഭങ്ങളെ മുതൽക്കൂട്ടാക്കി നമുക്ക് ഈ സമയത്തേയും അതിജീവിക്കാം.

നമ്മൾ ഓരോരുത്തരുടേയും ഫോണുകൾ കണ്ട്രോൾ റൂമുകളായി മാറട്ടെ. നമുക്ക് വരുന്ന മെസേജുകളുടെ സത്യാവസ്ഥ നേരിട്ടറിഞ്ഞതിനുശേഷം മാത്രം അത് കൃത്യമായി ആരിലേക്ക് എത്തിക്കണം എന്നത് നോക്കി നമുക്ക് അവരിലേക്ക് മാത്രം എത്തിക്കാനായി ശ്രമിക്കാം. വരുന്ന മെസേജുകൾ മുഴുവനും നമ്മൾ വെറുതേ ഫോർവേഡ് ചെയ്യുന്നത് ഒരിക്കലും ഗുണകരമാകില്ല.

ഒരിക്കലും പുരകത്തുമ്പോൾ കഴുക്കോലൂരുകയോ വാഴവെട്ടുകയോ ചെയ്യുന്ന സമീപനം ആരും സ്വീകരിക്കരുതേ. കഴിഞ്ഞ പ്രളയകാലത്ത് രണ്ടുമാസത്തോളം പ്രളയബാധിത മേഖലകളിലും കളക്ഷൻ/വിതരണ കേന്ദ്രങ്ങളിലും, സപ്ലൈചെയ്യുന്നതിനായും, റെസ്ക്യൂ റീഹാബ് പ്രവത്തനങ്ങളിലും ഞങ്ങൾ ഇറങ്ങി പ്രവർത്തിച്ച സമയത്ത് പല ദുഷ്പ്രവണതകളും നേരിൽ കാണുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. അത്തരം സ്വാർത്ഥതകൾ വെടിയാനായി നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.

ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്, അതിജീവിക്കാം നമുക്കൊരുമിച്ച്..