“കത്തെഴുതലും കത്തുവായനയും” – അത് കാത്തിരിപ്പിന്റെ കാലം..

0
575

Jomol Joseph

“കത്തെഴുതലും കത്തുവായനയും” – അത് കാത്തിരിപ്പിന്റെ കാലം..

സ്മാർട്ട് ഫോണുകളുടേയും ഇന്റർനെറ്റിന്റെയും കന്നുവരവും, ഫേസ്ബുക്കും മെസഞ്ചറും വാട്സാപ്പും സർവ്വ സാധാരണമാകുകയും ചെയ്തതോടെ കത്തുകൾ എഴുതാനും വായിക്കാനും നമുക്ക് അവസരങ്ങളില്ലാതായി, കൂടെ സമയവും.

സമയത്തേക്കാൾ വേഗതയിൽ സന്ദേശങ്ങൾ അയക്കാനും, സന്ദേശങ്ങൾ ലഭിക്കാനും നമുക്ക് കഴിഞ്ഞതോടെ യഥാർത്ഥത്തിൽ നമുക്ക് നഷ്ടപ്പെടുന്നത് കാത്തിരിപ്പിന്റെ സുഖം തന്നെയാണ്. നമുക്ക് വേണ്ടപ്പെട്ടവർക്ക് ഒരു ഇൻലന്റിലോ പേപ്പറിലോ എഴുതി അത് മടക്കി കവറിലാക്കി ഒട്ടിച്ച് സ്റ്റാമ്പ് പതിച്ച് പോസ്റ്റ് ബോക്സിൽ കൊണ്ടുപോയിട്ട് പോസ്റ്റ് ചെയ്ത്, ആ സന്ദേശത്തിന് മറുപടി ലഭിക്കാനായി കാത്തിരിക്കുമ്പോൾ, ആ സന്ദേശത്തിന്റെ മറുപടിയെന്തായിരിക്കും എന്ന് ചിന്തിച്ച് വേവലാതിയോടെ തള്ളി നീക്കുന്ന ദിവസങ്ങൾക്ക് ശേഷം, നമ്മുടെ കൈകളിലെത്തുന്ന മറുപടികത്തിനോടൊപ്പം നമ്മുടെ മനസ്ലിൽ വളരുന്ന ആകാംഷയും, പൊട്ടിച്ച് വായിക്കുമ്പോൾ നമ്മുടെ മനസ്സിലും മുഖത്തും വരുന്ന സന്തോഷമോ സങ്കടമോ നിസ്സംഗഗതയോ, ചിലപ്പോളൊക്കെ കത്തു വായിച്ച് തലയിണയും കെട്ടിപ്പിടിച്ച് കിടക്കലോ, ബെഡ്ഡിലേക്ക് അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളോ ഒക്കെ ഈ കത്തെഴുത്തിന്റെയും കത്തുകളുടേയും ഭാഗമായിരുന്നു.

നമ്മുടെ കയ്യിൽ കിട്ടേണ്ട പ്രേമലേഖനങ്ങൾ നമ്മുടെ അച്ഛനമ്മമാരുടെ കൈകളിൽ കിട്ടുന്നതോ, സുഹൃത്തുക്കൾക്ക് ലഭിച്ച പ്രണയലേഖനങ്ങൾ അടിച്ചുമാറ്റി വായിക്കുന്നതോ ഒക്കെ വലിയ വലിയ സന്തോഷങ്ങളും സങ്കടങ്ങളും നിരവധിയായിരുന്നില്ലേ? ഇടക്ക് ടെലഗ്രാം വന്നെന്നു കേൾക്കുമ്പോൾ തന്നെ നമുക്ക് വേണ്ടപ്പെട്ട ആർക്കോ എവിടെയോ അപകടം നടന്നതായി മാത്രം ചിന്തിക്കുകയോ പേടിക്കുകയോ ചെയ്തിരുന്ന കാലവും തപാൽ കാലത്തിന്റെ ഭാഗമായിരുന്നു.

ഇന്നിപ്പോൾ വാട്സാപ്പിലോ, മെസഞ്ചറിലോ നമ്മൾ ഒരു മെസേജ് അയച്ചാൽ, അതിന് ആ നിമിഷം തന്നെ നമുക്ക് റിപ്ലൈ ലഭിക്കണമെന്ന വാശിയാണ്, നമ്മളൊരാളെ വിളിച്ചാൽ ആ നിമിഷം കോളെടുക്കണം എന്ന വാശിയാണ്. മറ്റുള്ളവരുടെ തിരക്കുകളും സാഹചര്യങ്ങളും അവസ്ഥകളും മാനിക്കാതെയോ പരിഗണിക്കാതെയോ നമ്മൾ നമ്മളിലേക്ക് മാത്രം ചുരുങ്ങി ചിന്തിച്ച്; ഞാനാണ്, ഞാൻ മാത്രമാണ് പ്രധാനം എന്ന ചിന്തയിലേക്ക് മാറുകയും, ഒരു നിമിഷം പോലും കാത്തിരിക്കാനായി നമ്മൾ തയ്യാറല്ലാത്ത അവസ്ഥയിലേക്കും നമ്മൾ എത്തിപ്പെട്ടു. സമയത്തെ തോൽപിക്കാനായി സ്പീഡിൽ ഓടുമ്പോൾ, മറ്റുള്ളവരെയും പരിഗണിക്കാനും, മനസ്സിലാക്കാനും ഒക്കെ നമ്മൾ ഇനിയും പഠിക്കേണ്ടതുണ്ട്..

“കാത്തിരിപ്പൊറ്റക്ക് കാതോർത്തിരിക്കുന്നു
കാത്തിരപ്പൊറ്റക്ക് കൺപാർത്തിരിക്കുന്നു
ഞാനുറങ്ങുമ്പോഴും കാത്തിരിപ്പൊറ്റക്ക്
എന്റെ മയക്കത്തിൽ എന്റെ സ്വപ്നങ്ങളിൽ
കാത്തിരിപ്പെന്തോ തെരഞ്ഞോടിയെത്തുന്നു”
വരികൾ – മുരുഗൻ കാട്ടാക്കട
കവിത – കാത്തിരിപ്പ്