ജീവിത ശൈലിയും ക്യാൻസർ സാധ്യതകളും

0
432

 

ജീവിത ശൈലിയും ക്യാൻസർ സാധ്യതകളും

ക്യാൻസർ രോഗങ്ങൾക്ക് സാധ്യതനൽകുന്ന പ്രധാനകാരണങ്ങളായി പറയപ്പെടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളും, ഭക്ഷണക്രമവും, ശരീരത്തിന് ആവശ്യമായ വ്യായാമമില്ലാത്തതും, വായു മലിനീകരണവും, സ്റ്റെറിലൈസ് ചെയ്യാത്ത നീഡിലുകളുടെ ഉപയോഗവും, ലഹരിവസ്തുക്കളുടെ സ്ഥിരമായ ഉപയോഗം തുടങ്ങി പലപല സംഗതികളാണ്. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളേക്കാൾ ക്യാൻസർ മരണനിരക്ക്, സമ്പന്ന രാജ്യങ്ങളിലാണ് എന്ന സ്ഥിതിവിവരങ്ങൾ ജീവിതശൈലിയിലേക്ക് തന്നെ വിരൾ ചൂണ്ടപ്പെടേണ്ട സൂചകങ്ങളായി കണക്കാക്കപ്പെടണം.

ക്യാൻസർ പിടിപെട്ട് മരിക്കുന്നതിൽ ശ്വാസകോശാർബുദം പിടിപെട്ട് മരിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ശ്വാസകോശ അർബുദം പിടിപെട്ട് മരിക്കുന്നവരിൽ 71% ആളുകളിലും പുകയില ഉപയോഗിച്ചിരുന്നവരിലാണ് എന്ന് പഠനങ്ങൾ പറയുന്നു. പുകയിലയുടെ ഉപയോഗം, പഴങ്ങളും വെജിറ്റബിൾസും കഴിക്കുന്നതിനുള്ള വൈമുഖ്യവും, നഗരങ്ങളിലെ വായുമലിനീകരണവും, വിറക് കൽക്കരി തുടങ്ങിയ ഖര ഇന്ധനങ്ങൾ പാചകത്തിനായി വീടുകളിൽ ഉപയോഗിക്കുന്നത് മൂലമുള്ള പുകമലിനീകരവും മൂലവും ഉണ്ടാകുന്ന ക്യാൻസർ മരങ്ങൾ, ആകെ ഉള്ള ശ്വാസകോസ അർബുദ മരണങ്ങളുടെ 76% ആണ്. ഈ ഡാറ്റയും ജീവിതശൈലിയിലേക്ക് തന്നെയാണ് വിരൾചൂണ്ടുന്നത്. World Health Organisation പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ ക്യാൻസർ സാധ്യത വളരെയധികം കുറക്കുന്നതായി പറയുന്നു.

🔸 ക്യാൻസർ സാധ്യത കുറക്കാനായി എന്തു ചെയ്യണം

ഏറ്റവും രസകരമായ വിഷയം, എന്തൊക്കെയാണ്; ഏതൊക്കെയാണ് ക്യാൻസറിന് സാധ്യതയുണ്ടാക്കുന്നത് എന്ന് മിക്കവർക്കുമറിയാം, എന്നാൽ ക്യാൻസറിന് സാധ്യത നൽകുന്ന ആ കാരണങ്ങളിൽ നിന്നും അകലം പാലിക്കാൻ, ആ കാരണങ്ങളെ അകറ്റി നിർത്താൻ പലർക്കും കഴിയുന്നില്ല എന്നതാണ് പ്രധാനവിഷയം. താഴെ പറയുന്ന നിർദ്ദശങ്ങൾ ജീവിതത്തിൽ പ്രാവർത്തീകമാക്കാനായി ശ്രമിച്ചാൽ അതുവഴി ക്യാൻസർ സാധ്യത കുറക്കാനാകും എന്നുമാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, ഹൃദയാഘാതം തുടങ്ങിയ മറ്റ് വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള അപകടസാധ്യതകൾ കൂടെ നമ്മുടെ ജീവിതത്തിൽ കുറയ്ക്കുകയും ചെയ്യാൻ ഇതുവഴി ഉപകരിക്കും.

A. പുകവലി ഒഴിവാക്കുക – പുകവലിക്കുന്നത് ക്യാൻസറിന്റെ ഒരു പ്രധാന കാരണമാണ്. വലിച്ചുതള്ളുന്ന ഓരോ സിഗരറ്റും നമ്മുടെ ശരീരത്തിന് ക്ഷതമേൽപ്പിക്കുകയാണ്. പുരുഷൻമാരിൽ ഉണ്ടാകുന്ന ശ്വാസകോശ അർബുദങ്ങളിൽ 90 ശതമാനവും, സ്ത്രീകളിൽ ഉണ്ടാകുന്ന ശ്വാസകോശ അർബുദങ്ങളിൽ 65 ശതമാനവും പുകവലിമൂലം ഉണ്ടായവയെന്ന് പഠനങ്ങൾ പറയുന്നു.

B. അമിതമദ്യപാനം ഒഴിവാക്കുക – മിതമായ അളവിൽ മദ്യം കുടിക്കുക, ദിവസവും അമിതമായ അളവിൽ മദ്യപിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു, വായ, തൊണ്ട, കരൾ, വൻകുടൽ, മലാശയം എന്നിവിടങ്ങളിലെ ക്യാൻസറിനും സ്തനാർബുദത്തിനും അമിത മദ്യപാനം സാധ്യത വർദ്ധിപ്പിക്കുന്നു.

C. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക – അമിതവണ്ണമോ അമിതഭാരമോ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും എന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. അന്നനാളം, പാൻക്രിയാസ്, വൃക്ക, ഗർഭപാത്രം, സ്തനം, അണ്ഡാശയം, പിത്തസഞ്ചി, പ്രോസ്റ്റേറ്റ്, കരൾ തുടങ്ങിയവയെ ബാധിക്കുന്ന ക്യാൻസറുകൾക്ക് അമിതവണ്ണമോ അമിതഭാരമോ കാരണമായേക്കാം. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും മൂലം 25 ശതമാനം ക്യാൻസറുകളേയും അകറ്റിനിർത്താനാകും.

D. അദ്ധ്വാനമുള്ള ശരീരവും, കൃ‌ത്യമായ വ്യായാമത്തിന്റേയും അഭാവവും – ശാരീരികമായി സജീവമായ ഒരു ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദ്രോഗ സാധ്യത, ടൈപ്പ് 2 പ്രമേഹം, മാനസികാരോഗ്യം മെച്ചപ്പെടുത്തൽ, പ്രായമായവരിൽ വീഴാനുള്ള സാധ്യത എന്നിവ കുറയ്ക്കാൻ കഴിയും. കാൻസർ പ്രതിരോധത്തിൽ, വ്യായാമത്തിനും, ശാരീരാകാദ്ധ്വാനത്തിനും വലിയ പങ്കുണ്ട്. സ്തനങ്ങൾ, എൻഡോമെട്രിയം, മലവിസർജന പ്രക്രിയയുമായി ബന്ധപ്പെട്ട അവയവങ്ങൾ തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസർ രോഗങ്ങളെ അകറ്റി നിർത്താൻ ശാരീരികവ്യായാമത്തിന് സാധിക്കും എന്ന് പഠനങ്ങൾ പറയുന്നു. ശരീരം കൂടുതൽ സജീവമായിരിക്കുന്നതിലൂടെ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.

E. ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക – അതുവഴി കാൻസർ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കാനും കഴിയും, ചുവന്നതും സംസ്കരിച്ചതുമായ മാംസങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുക, ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ധാരാളം കഴിക്കുക, ഉയർന്ന കലോറി ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക, ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറക്കുക എന്നിവയൊക്കെ നമ്മുടെ ഭക്ഷണക്രമത്തെയും ശരീരത്തെയും ആരോഗ്യകരമാക്കും.

F. സൺലൈറ്റിൽ നിന്നും സുരക്ഷിതരാകുക – അൾട്രാവയലറ്റ് സൂചിക മൂന്നോ അതിലധികമോ ആകുമ്പോൾ, ചർമ്മത്തെ സൂര്യവെളിച്ചത്തിൽ നിന്ന് സംരക്ഷിക്കണം. 95 ശതമാനം മെലനോമകളും 99 ശതമാനം നോൺ-മെലനോമ ത്വക്ക് അർബുദവും അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നതുമൂലമാണ് സംഭവിക്കുന്നത്.

സംരക്ഷണ വസ്ത്രം ധരിക്കുക, തൊപ്പി ധരിക്കുക, സൺഗ്ലാസ് ധരിക്കുക, തണലിൽ സുരക്ഷിതമാകുക, സൺസ്ക്രീൻ ലോഷൻ പുരട്ടുക എന്നിയവയൊക്കെ വഴി അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സുരക്ഷിതരാകാൻ നമുക്ക് സാധിക്കും.

G. ഖര ഇന്ധനങ്ങളുടെ ഉപയോഗവും പുകയും – വിറക്, കൽക്കരി, മരക്കരി തുടങ്ങിയ ഖര ഇന്ധനങ്ങൾ പാചകത്തിനായി കത്തിക്കാതിരിക്കുക, ഇവയുടെ പുക ശ്വാസകോശ ക്യാൻസറുകൾക്ക് പ്രധാന കാരണമാണ്.

നബി – IMA, PERAMBRA Branch നടത്തുന്ന പ്രബന്ധ രചനാമൽസരത്തിലേക്ക് സമർപ്പിച്ച പ്രബന്ധത്തിലെ ഭാഗം

#Lifestyle_Diseases