മറുനാടനും ഷാജൻ സ്കറിയയും വാർത്തയുടെ ആഭാസങ്ങളും

1939

Jomol Joseph എഴുതുന്നു 

മറുനാടനും ഷാജൻ സ്കറിയയും വാർത്തയുടെ ആഭാസങ്ങളും..

മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം എന്റെ ചിത്രങ്ങളും, മറ്റു പല സ്ത്രീകളുടെ ചിത്രങ്ങളും ഉൾപ്പെടുത്തി വളരെ മോശമായി വാർത്ത (ആഭാസത്തരം) ചെയ്തിരുന്നു. പ്രതികരിക്കാനായി വൈകിയത്, എവിടെ വരെ പോകും എന്ന് നോക്കാനായും, നിയമപരമായി മുന്നോട്ട് നീങ്ങുന്നതിനായി എന്റെ അഡ്വക്കേറ്റുമായി ചർച്ചകൾ നടക്കുന്നതിനിടയിൽ ഷാജൻ സ്കറിയയുടെ പേഴ്സണൽ മെസേജ് എനിക്ക് വരികയും, ആ മെസേജിൽ ക്ഷമാപണം നടത്തുകയും, അതേ ക്ഷമാപണ മെസേജ് പബ്ലിക് പോസ്റ്റ് ആയി ഷാജൻ സ്കറിയ അദ്ദേഹത്തിന്റെ വാളിൽ ഇടുകയും ചെയ്തതിനാലാണ്.

എന്നെ സംബന്ധിച്ച് സോഷ്യൽ മീഡിയയും എന്റെ എഴുത്തുകളും എനിക്ക് ആരുമായും തല്ലുപിടിക്കാനായുള്ള വേദിയോ, സോഷ്യൽ മീഡിയാ അന്തരീക്ഷം മലീമസമാക്കാനായുള്ള വേദിയോ അല്ല. എനിക്ക് എന്റെ കാഴ്ചപ്പാടുകളും, ചിന്തകളും, നിലപാടുകളും തുറന്നുപറയാനും സംവദിക്കാനുമുള്ള ഇടമാണ് സോഷ്യൽ മീഡിയ. എന്നാൽ പലരും വളരെ മോശമായ ഇടപെടലുകൾ നടത്തിയിട്ടും ഇന്നേ വരെ യാതൊരു നിയമ നടപടികളിലേക്കും ഞാൻ പോകാതിരുന്നത്, ഞാൻ കാരണം ഒരാൾക്ക് പോലും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുത് എന്ന ചിന്തകൊണ്ടും നിർബന്ധബുദ്ധി കൊണ്ടും മാത്രമാണ്. പലരും പലപ്പോഴും കാട്ടിക്കൂട്ടുന്നതിന്റെ നിയമപരമായ ആഫ്റ്റർഇഫക്ട്സ്, വളരെ അധികം കാലം നീണ്ട നിയമക്കുരുക്കിലേക്ക് അവരെ കൊണ്ടെത്തിക്കും എന്ന ചിന്തകൾ ഇല്ലാത്തതുകൊണ്ട് തന്നെയാണ്. ഇത്തരം നിയമക്കുരുക്കുകളും വ്യവഹാരങ്ങളും ആ വ്യക്തിയുടെ കുടുംബത്തിന്റെ തന്നെ സാമ്പത്തീക അടിത്തറ തകർക്കുകയും, ആ വ്യക്തിയുമായി ബന്ധപ്പെട്ട് കഴിയുന്നവരും മാനസീക, സാമ്പത്തീക, പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്ന ചിന്തകളും തന്നെയാണ് ഇതുവരെ പലർക്കും അനുവദിച്ച് കിട്ടിയ കൺസിഡറേഷന് കാരണം.

മറുനാടൻ എന്നോട് ചെയ്തത് (കൂടെ മറ്റു നിരവധി സ്ത്രീകളോടും) നിരവധി കടുത്ത നിയമവിരുദ്ധമായ പ്രവർത്തികളും, വ്യക്തിപരമായ കടന്നാക്രമണവും, സ്ത്രീത്വത്തിനെതിരായി നടത്തിയ കടന്നാക്രമണവും, സ്വഭാവഹത്യയും, സ്വഭാവ ദൂഷ്യ ആരോപണങ്ങളും,കടുത്ത സ്ത്രീവിരുദ്ധതയും ഒക്കെയാണ്. അതിനൊക്കെ ഉപരിയായി എന്റെ ജെന്റർ തന്നെ ചോദ്യം ചെയ്യുക എന്ന അങ്ങേയറ്റം കടുത്ത കടന്നുകയറ്റമാണ് മറുനാടനിൽ നിന്നും ഉണ്ടായത്. ഇനി ഷാജൻ സ്കറിയയുടെ വിശദീകരണത്തിലേക്കും ക്ഷമാപണത്തിലേക്കും വരാം..

ഇത്തരം തോന്നിയവാസ വാർത്തകൾ ചെയ്തുകഴിഞ്ഞാൽ, അതിന് വിശദീകരണം നൽകേണ്ടി വരുന്ന സമയങ്ങളിലെല്ലാം, ഷാജൻ സ്കറിയ ഇംഗ്ലണ്ടിലോ, ഇംഗ്ലണ്ടിൽ നിന്നും കേരളത്തിലേക്കോ ഉള്ള യാത്രയിലോ ആയിരിക്കും!! ഷാജന്റെ വാദം വിശ്വാസത്തിലെടുത്താൽ തന്നെ, ഒരു മാധ്യമ ഉടമ ഓഫീസിൽ ഇല്ലായിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് അയാളുടെ ഉടമസ്ഥതയിലുള്ള മാധ്യമം ചെയ്ത ചെയ്ത തെറ്റിൽ നിന്നും അയാൾക്ക് കൈകൾ കഴുകി ഒഴിഞ്ഞുമാറാനാകുമോ?

എന്റെ അനുവാദം കൂടാതെ എന്റെ ചിത്രങ്ങൾ ഉപയോഗിക്കാനായി ഒരു മാധ്യമത്തിന് എന്തവകാശമാണ് ഉള്ളത്?

ശ്രീലക്ഷ്മി അറക്കൽ, ജോമോൾ ജോസഫ്, രഹന ഫാത്തിമ, ദിയസന, രശ്മി നായർ എന്നീ അഞ്ച് പേരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചെയ്ത വാർ‌ത്തയെന്ന ആഭാസം, ക്ഷമാപണം നടത്തി പിൻവലിക്കുമ്പോൾ അഞ്ച് സ്ത്രീകളിൽ രശ്മി നായരെ മാത്രം ഒഴിവാക്കി ബാക്കി നാലുപേർക്കാണ് ഷാജന്റെ ക്ഷമാപണം ബാധകം!! ഇതിന് കാരണമായി “രശ്മി സ്വന്തം ശരീരം വിൽപ്പനചരക്കാക്കുന്ന സ്ത്രീയാണ്” എന്നതാണ് ഷാജൻ പറയുന്ന ന്യായം!! സ്വന്തം ശരീരംപ്രതിഫലം വാങ്ങി മോഡലിംഗിനായി ഉപയോഗിക്കുന്നു എന്നാണോ അതോ പ്രതിഫലം വാങ്ങി സെക്സ് വർക്കിനായി സ്വന്തം ശരീരം ഉപയോഗിക്കുന്നു എന്നാണോ “രശ്മി സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീയാണ്” എന്ന് ഷാജൻ പ്രസ്താവിച്ചതിലൂടെ ഷാജൻ അർത്ഥമാക്കിയത്? ഇവിടെ കുറച്ച് ക്ലാരിറ്റി ആവശ്യമാണല്ലോ ഷാജൻ.

രശ്മി ശരീരം വിൽപനചരക്കാക്കുന്ന സ്ത്രീയാണ് എന്ന് ഷാജൻ പറയുമ്പോൾ (എനിക്ക് രശ്മിയെ സോഷ്യൽ മീഡയിൽ കണ്ട പരിചയമേ ഉള്ളൂ, നേരിട്ട് കമന്റിലോ, മെസേജിലോ, ഫോണിലോ ഒന്നും കണക്ടഡല്ല ഞാനുംരശ്മിയും) എന്ത് ആധികാരികതയാണ് ഷാജന്റെ ആരോപണത്തിനുള്ളത്?

സെക്സ് വർക്ക് ചെയ്യുന്ന, ചെയ്യേണ്ടി വരുന്ന സ്ത്രീകളോട് ഷാജന്റെ നിലപാട് എന്താണ്? സെക്സ് വർക്ക് ചെയ്യുന്ന സ്ത്രീയെ അവരുടെ സർവീസിനായി പണം നൽകി സമീപിക്കുന്ന പുരുഷൻമാരോട് ഷാജന്റെ സമീപനമെന്താണ്? ഒരാണും പെണ്ണും തമ്മിൽ ലൈംഗീകബന്ധത്തിലേർപ്പെട്ടാൽ, പെണ്ണ് പിഴച്ചവളും ആണ് പുണ്യവാനും എന്ന ചിന്തയാണോ ഷാജനുള്ളത്?

ഷാജന്റെ അടുത്ത വാദം “ഇങ്ങനെ തികച്ചും തെറ്റായ ഒരു വാർത്ത ചെയ്ത വനിതാ സബ് എഡിറ്ററെ പതിനഞ്ച് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു എന്നതാണ്”!! ഏതൊരു മാധ്യമ സ്ഥാപനത്തിനും അതിന്റേതായ വാർത്താ റിപ്പോർട്ടിങ് പോളിസി ഉണ്ടാകും. ആ പോളിസിക്ക് വിരുദ്ധമായി ഒരു സബ് എഡിറ്റർ മാത്രം വിചാരിച്ചാൽ വാർത്ത കൊടുക്കാനാകുമോ? എത്രയോ ആളുകൾ ഒരോ വാർത്തയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നു? അവരാരും അറിഞ്ഞില്ലേ ഈ വാർത്ത മറുനാടന്റെ പോളിസിക്ക് വിരുദ്ധമാണെന്ന്? ആരെയാണ് ഷാജൻ സ്കറിയ പറ്റിക്കാനായി നോക്കുന്നത്? ഇവിടെ ആ പെൺകുട്ടിയെ ബലിയാടാക്കി തന്റെയും തന്റെ മാധ്യമസ്ഥാപനത്തിന്റേയും കടുത്ത സ്ത്രീവിരുദ്ധ നിലപാട് അടിവരയിട്ട് ഉറപ്പിക്കുകയാണ് ആ പെൺകുട്ടിയെ സസ്പെന്റ് ചെയ്തതിലൂടെ (ഷാജൻ പറയുന്നത് സത്യമെങ്കിൽ) ഷാജൻ ചെയ്തിരിക്കുന്നത്.

ഇനി വാർത്തയുടേയും ഖേദപ്രകടനത്തിന്റേയും സാംഗത്യത്തിലേക്ക് വരാം. പതിനായിരക്കണക്കിന് ആളുകൾ കണ്ട ഒരു തെറ്റായ നിയമവിരുദ്ധവും സ്ത്രീവിരുദ്ധവും വ്യക്തിപരമായ കടന്നാക്രമണവും ജെന്റർ ചോദ്യം ചെയ്യലും നടത്തിയ വ്യാജ വാർത്ത, തെറ്റെന്ന് കണ്ട് ക്ഷമാപണം നടത്തി ഡിലീറ്റ് ചെയ്തു. ക്ഷമാപണം വന്നത് മാധ്യമ മുതലാളിയുടെ വാളിൽ. ആ ക്ഷമാപണത്തിന് നൂറോളം വ്യൂവർഷിപ്പ് മാത്രം!! പതിനായിരക്കണക്കിന് ആഴുകളുടെ മുന്നിൽ അപസഹിച്ച ശേഷം, നൂറുപേരുടെ മുന്നിൽ അത് തെറ്റെന്ന് പറയുന്നതിലെ സാംഗത്യം എത്ര ശരിയാണ് എന്നത് കൂടി ഷാജൻ ഒന്ന് പറഞ്ഞു തന്നാൽ നന്നായേനെ!! മാത്രമല്ല ഈ ക്ഷമാപണത്തിൽ പോലും ഒരു കുറുക്കൻ ബുദ്ധിയില്ലേ ഷാജൻ? കൂട്ടമായി കുറച്ചുപേരെ ആക്രമിക്കുക, അതിന് ശേഷം ഒരാളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക!! വല്ലാത്ത മാധ്യമധർമ്മം തന്നെയാണ് മുതലാളീ..

നബി 1 – ഷാജൻ സ്കറിയ മാധ്യമ പ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ ഒന്ന് പഠിക്കുന്നതും, സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്ക് ഒന്ന് പറഞ്ഞു കൊടുക്കുന്നതും നന്നാകും. കാരണം സ്ത്രീവിരുദ്ധ വാർത്തകളുടെ കൂത്തരങ്ങ് മാത്രമാണ് മറുനാടനും ഷാജനും നടത്തുന്ന ഇടപെടലുകൾ.

നബി 2 – പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതിന്റെ രഹസ്യം എനിക്ക് പിടികിട്ടിയത്, ഈ ചുരണ്ടി ഐസ് കഴിച്ചപ്പോഴാണ് എന്ന് കൂടി ഷാജനനെയും മറുനാടനെയും ഓർമ്മിപ്പിക്കുന്നു 😃

നബി 3 – ജോലിത്തിരക്കുകളും യാത്രകളും കാരണമാണ് പ്രതികരിക്കാൻ വൈകിയത്, ഇംഗ്ലണ്ടിലൊന്നും പോകാറില്ലേലും കോഴിക്കോടേക്ക് ഇടക്കിടെ പോകാറുണ്ട്