Jomol Joseph എഴുതുന്നു

“തുറന്നു കാണിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ മറച്ചുവെക്കാനും സ്വാതന്ത്ര്യമുണ്ട്. വസ്ത്ര സ്വാതന്ത്ര്യം ഔദാര്യമല്ല. അത് ഓരോരുത്തരുടേയും അവകാശമാണ്.”

ഈ വാചകങ്ങൾ ഇന്നലെ ഒരു പെൺകുട്ടിയുടെ ഫേസ്ബുക് പോസ്റ്റിൽ കണ്ടതാണ്. എന്റേതല്ല. ഈ വാചകത്തിന് പിന്നാലെ പോയാൽ വലിയൊരു മോൾഡിങ്ങിന്റെ പിന്നാമ്പുറം നമുക്ക് കണ്ടെത്താനാകും.

ഇപ്പോൾ ചർച്ചയായിരിക്കുന്നത് പർദ്ദയും മഫ്തയും നിഖാബും ഒക്കെയാണല്ലോ? പർദ്ദയുടെ കൂടെ ചുറ്റായി മഫ്തയുപയോഗിക്കുമ്പോൾ മുഖം മൂടിയാണ് നിഖാബ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. മുപ്പത്തഞ്ച് വർഷക്കാലമായിക്കാണും അറബ് നാടുകളിൽ പർദ്ദക്ക് പ്രചാരം ലഭിച്ചിട്ട്. എന്നാൽ അതിനുമെത്രയോ കാലങ്ങൾക്ക് ശേഷം മാത്രമാണ് നിഖാബ് കേരളത്തിലേക്കെത്തിയത് (സമീപകാലത്ത് മാത്രം) എന്നതിന് യാതൊരു തർക്കവുമില്ല. മുഖവും മുൻകൈയ്യുമൊഴികെയുള്ള ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കരുതെന്ന് മതഗ്രന്ഥത്തെ ഉദ്ധരിച്ച് വിശദീകരിക്കപ്പെടുമ്പോഴും, അതിനും മേലേ മുഖം പോലും കാണിക്കരുതെന്ന വാദം എന്തുകൊണ്ട് ഉയർന്നുവരുന്നു എന്നത് ചിന്തിച്ചിട്ടുണ്ടോ?

യാഥാസ്ഥിതികരുടെ രീതി ഇതാണ്. ചെറുപ്പം മുതൽ കുട്ടികളിലേക്ക്; അവരുടെ ചിന്തകളിലേക്ക് അടിച്ചേൽപ്പിച്ച് അവരെ പറഞ്ഞു പഠിപ്പിച്ച്; അവരെ ശാസനക്ക് വിധേയരാക്കി; സ്വതന്ത്രമായി ചിന്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കി; ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിലേക്ക് അവരെ പിടിച്ചിടുക. പിന്നീട് ആ കൂടിനുള്ളിൽ കഴിയുന്നവർ വിചാരിക്കും ആ കൂടാണ് തങ്ങളുടെ അവകാശം, അതിനുള്ളിലാണ് എന്റെ സ്വാതന്ത്ര്യം!! അതായത് സ്വതന്ത്രമായചിന്ത എന്തെന്ന് പോലും അവർ മറക്കുകയോ അത്തരം ചിന്തകളെക്കുറിച്ച് അവർ അറിയാതെ പോകുകയോ ചെയ്യുന്നു.

മുഖം എന്നത് ഒരു വ്യക്തിയുടെ ഐഡന്റിറ്റി ആണ് എന്നതുപോലും ആ വ്യക്തികൾ മറക്കുന്നു. സ്വന്തം ഐഡന്റിറ്റിയിൽ പുറംലോകത്തിന് മുന്നിൽ പോലും വരാനാകാതെ, സ്വന്തം ഐഡന്റിയെ മുഖംമൂടികൊണ്ട് മറച്ച് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നവർ പറയുന്നു, അത് ഞങ്ങളുടെ അവകാശമാണ്, സ്വാതന്ത്ര്യമാണ് എന്ന്!! യാതൊരു അടിസ്ഥാനമില്ലാത്ത; വിഢിത്തങ്ങളിലൂടെ തന്നെയാണ് ഓരോ യാഥാസ്ഥിതിക സമൂഹവും അവരുടെ വേരുകൾ അടുത്ത തലമുറയിലേക്ക് വ്യാപിപ്പിക്കുന്നത്. നോക്കൂ, പ്രായമായവരേക്കാൾ മദ്രസകളിൽ പഠിക്കുന്ന കുട്ടികളിൽ തന്നെയാണ് നിഖാബിന്റെ ഉപയോഗം കൂടുതലായി കാണാനാകുക. പുരോഗമനചിന്തകൾ സമൂഹത്തിൽ എത്രമാത്രം പടരുന്നുവോ, അതിലും ഭീകരമായി യാഥാസ്ഥിതകത മാനവീകതക്ക് പോലും എതിരായ രീതിയിൽ വിപരീതദിശയിൽ അടിച്ചേൽപ്പിക്കുന്നതിന് പണ്ടുകാലം മുതൽ മതവാദികൾ ശ്രമിച്ചു പോന്നിട്ടുണ്ട് എന്നത് ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാനാകും.

ഇനിയൊരു ഉദാഹരണം പറയാം.
ഒരു ജീവിയുടേയും ഉടമയായി മനുഷ്യനെ ആരും നിയമിച്ചിട്ടില്ല. എന്നാൽ നിരവധി ജീവികളിൽ ഒരു ജീവിയായ മനുഷ്യൻ, മറ്റുജീവികളുടെ ഉടമയോ ഉടയോനോ ആയി സ്വയം അവരോധിച്ച്, അവയെ മുഴുവനും അടക്കി വാഴുന്നു. മനുഷ്യൻ കൂട്ടിലിട്ട് വളർത്തുന്ന ഓരോ ജിവിക്കും, മനുഷ്യൻ സ്വയം അനുവദിച്ച് നൽകിയ കുറച്ച് സ്വാതന്ത്ര്യങ്ങളും ഔദാര്യങ്ങളും ഉണ്ട്. അതെല്ലാം അവരുടെ അവകാശമെന്നാണ് അവർ കരുതുന്നത്. കൂടുവിട്ട് പുറത്തു ചാടിയ ഏതൊരു ജീവിയും ഉടമയായ മനുഷ്യനെ കണ്ടാൽ തിരികെ കൂട്ടിലേക്കോടിക്കേറാൻ സ്വയം നിർബന്ധിതനാകും, ആ ജീവി കരുതുന്നത് കൂടുവിട്ട് പുറത്ത് വന്നത് ആ ജീവി ചെയ്ത തെറ്റെന്നാണ്. ഈ ലോകം മുഴുവനും മനുഷ്യനേപ്പോലെ തന്റേതുമാണ് എന്നത് അറീയുകപോലും ചെയ്യാത്ത ആ ജീവിയുടെ ദയനീയ അവസ്ഥയിൽ നിന്നും തന്നെയാണ് ആ ജീവിയുടെ അവകാശപ്രഖ്യാപനത്തിന്റെയും, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റേയും ദയനീയത.

ഞാനാരാണ്, എന്താണ് എന്നുപോലും മനസ്സിലാക്കാനോ ചിന്തിക്കാനോ അവസരം നൽകാതെ, മതവാദ തിട്ടൂരങ്ങളിൽ വാർത്തെടുക്കപ്പെടുന്ന, തിട്ടൂരങ്ങൾക്ക് അടിമകളായി ജീവിക്കേണ്ടി വരുന്ന, അടിമത്തം അടിമയുടെ ജൻമാവകാശമെന്ന് കരുതുകയും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്ന, ഓരോ ജൻമങ്ങളോടും, ജീവനുകളോടും സഹതാപം മാത്രം.

Image may contain: one or more people and plant

നബി – ഈ ചെടി ഞാൻ ചെറിയൊരു പോട്ടിൽ വളർത്തുന്നതാണ്, എന്റെ സന്തോഷത്തിനും സൌകര്യത്തിനും വേണ്ടി. ചെടി എങ്ങനെ വളരണം, എത്രത്തോളം വളർച്ച നേടണം, എങ്ങനെ ആകണം എന്നൊക്കെ ഞാൻ തീരുമാനിക്കും. അധികമായി വളർന്നു വലുതാകുമ്പോൾ ഞാൻ ചെടിയുടെ വളർച്ച നിയന്ത്രിക്കുകയോ പുതിയ മുളകൾ വരുന്നത് മുറിച്ചു കളയുകയോ വരെ ചെയ്തേക്കാം. വെള്ളമൊഴിക്കലും വളം ചെയ്യലും പരിചരണവും ഒക്കെ എന്റെ സൌകര്യത്തിന് ഞാൻ ചെയ്യാം, ചെയ്യാതിരിക്കാം. ഈ ചെറിയ ചട്ടിക്ക് പുറത്തുള്ള മണ്ണിനെ കുറിച്ചും വായുവിനെ കുറിച്ചും ചെടിക്ക് ബോധം ലഭിക്കാത്തിടത്തോളം ഈ ചെടി എനിക്ക് സ്വന്തം. പക്ഷെ ചെടി വിചാരിക്കും ചെടിയൂടെ സ്വാതന്ത്ര്യവും അവകാശവുമാണ് ചെടി അനുഭവിക്കുന്നതെല്ലാം എന്ന്. ഇത്രയുമേയുള്ളൂ മതവാദവും സ്വതന്ത്ര വാദവും..

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.