കെട്ട കാലത്തിലൂടെ ഓണം കടന്നുപോകുമ്പോൾ

248

Jomol Joseph

കെട്ട കാലത്തിലൂടെ ഓണം കടന്നുപോകുമ്പോൾ..

എന്റെ ചെറുപ്പകാലത്ത് ഓണം എല്ലാവരുടേയും കൂട്ടായ്മയായിരുന്നു. നാട്ടിലെ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷങ്ങൾ നടന്നിരിന്നന്നത്, ലൈബ്രറികളുടേയും ക്ലബ്ബുകളുടേയും നേതൃത്വത്തിൽ ദിവസങ്ങൾ നീളുന്ന ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കപ്പെടുകയും, പ്രായ, ലിംഗ, ജാതിഭേദമെന്യേ എല്ലാവരും കൂട്ടായി ഈ പരിപാടകളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന നല്ല ഓണക്കാലം തന്നെയായിരുന്നു എന്റെ ചെറുപ്പകാലം..

എന്നാൽ അന്നത്തെ കാലത്ത് കേട്ടുകേൾവി പോലുമില്ലായിരുന്ന ജാതി-മത സംഘടനകൾ ഇന്ന് നമ്മുടെ നാട്ടിലേക്കും കടന്നുവന്നു കഴിഞ്ഞു. അത്തരം സംഘടനകൾ സകല ആഘോഷങ്ങളും ഏറ്റെടുത്തു നടത്താനായി തുടങ്ങിയപ്പോൾ; ഹിന്ദുവിന്റെയും, ക്രിസ്ത്യാനിയുടേയും, മുസ്ലീമുകളുടേയും ഓണമായി കേരളത്തിന്റെ ഓണം മാറിത്തുടങ്ങി. ഒന്നെന്ന വികാരത്തോടെ ഒത്തുകൂടി കൂട്ടായ്മയോടെ ആഘാഷങ്ങൾ സംഘടിപ്പിക്കുകയും, പങ്കെടുക്കുകയും ചെയ്തിരുന്ന നമ്മൾ ജാതിയുടേയും മതത്തിന്റേയും സംഘടനകളുടേയും പേരിൽ വിഘടിച്ച് ചെറിയ സംഘങ്ങളായി മാറി ആഘോഷങ്ങളെ വരവേറ്റു തുടങ്ങി.

ഇന്ന് നമ്മൾ പങ്കെടുക്കുന്ന ആഘോഷങ്ങളിൽ അയൽവീടുകളിലുള്ളവരെ കാണാൻ കിട്ടണമെന്നില്ല, അവർ പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ നമ്മളെയും കാണാനാകില്ല. നമ്മളും നമ്മുടെ അയൽപക്കത്തുമായി പത്ത് വീടുകളുണ്ട് എങ്കിൽ ആ പത്ത് വീട്ടുകാരും പത്തിടത്തായി ആഘോഷിക്കുന്ന ഓണാഘോഷങ്ങളുടെ നാളുകളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ പത്തു വീടുകളിലുള്ളവർക്കും ഒന്നിച്ച് ചേരാനും, അവിടത്തെ കുട്ടികൾക്കും യുവതീയുവാക്കൾക്കും മുതിർന്നവർക്കും ഒന്നിച്ചു ചേരാനുമാകുന്ന, അങ്ങനെ പാരസ്പര്യത്തിന്റെ, കൂട്ടായ്മയുടെ, പങ്കുവെക്കലുകളുടേതായ ഓണക്കാലം നമുക്ക് നമുക്ക് കൈമോശം വന്നുകഴിഞ്ഞു എന്നതിൽ യാതൊരു തർക്കവും വേണ്ട. അത്തരം കൂട്ടായ്മയുടെ ഭാഗമായി ഇലകളിൽ നിരന്നിരുന്ന ഓണസദ്യയിന്ന്, റെഡി ടു ഈറ്റ് പാർസലുകളായി നമ്മുടെ മുന്നിലെത്തുന്നു. തൊടിയുണ്ടായിട്ടുവേണ്ടേ തൊടിയിലെ പച്ചക്കറികൾ അടുക്കളയിലെത്താനായി!! അഥവാ എത്തിയാലും ആർക്കാണ് ഇതൊക്കെ വെച്ചുണ്ടാക്കാനായി ഇന്ന് സമയം!!

ഇതിനിടയിലാണ് ചിലർ മാവേലിയും ഓണവുമായുള്ള ബന്ധത്തെ തള്ളി പറഞ്ഞുകൊണ്ടും, വാമനജയന്തിയായി ഓണത്തെ മാറ്റിക്കൊണ്ടും കഴിഞ്ഞ നാളുകളിൽ രംഗത്ത് വന്നത്. ആ ചിലരുടെ വരവോടെ, ചെറു ചെറു സംഘങ്ങളായി ഓണം ആഘോഷിച്ചിരുന്നവരെ വീണ്ടും മാവേലിയുടേയും വാമനന്റേയും ആളുകളാക്കി മാറ്റുന്നതിനുള്ള ശ്രമം തന്നെയായിരുന്നു എന്നതിൽ യാതൊരു തർക്കവും വേണ്ട. അതുവഴി വാമനജയന്തിയെ സപ്പോർട്ട് ചെയ്യുന്നവരെ ഒന്നിച്ചുകൂട്ടി അവരുടെ കൂടെച്ചേർക്കാനുള്ള ശ്രമവും ലക്ഷ്യം വെച്ചായിരുന്നു വാമനജയന്തിയുമായുള്ള അവരുടെ വരവ്.

ഇന്ന് കാണുന്ന ഓണക്കാഴ്ചകളിൽ സെറ്റ് സാരിയും, കേരള സാരിയും, കസവ് മുണ്ടും, സെറ്റ് മുണ്ടും, ഓണക്കോടിയും, പൂക്കളങ്ങളും, ഓണസദ്യയും അടക്കമുള്ള കാഴിചകളിലെ യൂണിഫോം ഫോർമാറ്റിനുമപ്പുറം, യൂണിറ്റിയും ഐക്യമത്യവും, പാരസ്പര്യവും, പങ്കുവെക്കലുകളും ഒക്കെ കൈമോശം വന്ന ഓണക്കാലത്തും, ഓണം ഓണമായി നിലനിൽനിൽക്കുന്നതും, കെട്ട കാലത്തെ അതിജീവിക്കാനായി ശ്രമിക്കുന്ന ഓണക്കാലവും വലിയ അൽഭുതം തന്നെയാണ്..

കെട്ടുകാഴ്ചകളുടെ ഭാഗമായി ഞാനും ചേരുന്നു, കാണുന്ന കാഴ്ചകളിൽ നിന്നും വിലയിരുത്തലുകൾ നടത്തുന്ന, മലയാളമറിയാത്ത കണ്ണുകൾക്കെങ്കിലും, നമ്മൾ ഒന്നെന്നും ഒരൊറ്റ ജനതയെന്നും തോന്നുമെങ്കിൽ, ആ തോന്നലുകളിലെങ്കിലും മലയാളികളെന്ന ഐക്യബോധം നിലനിർത്താനാകുമെങ്കിൽ, അടുത്ത തലമുറയുടെ കണ്ണുകളിലൂടെ അവരുടെ മസ്തിഷ്കങ്ങളിലേക്കും അവരുടെ ചിന്തകളിലേക്കും നമ്മളൊന്നെന്ന വികാരം പകർന്നു നൽകാൻ ഈ യൂണിഫോം കാഴ്ചകൾക്ക് കഴിഞ്ഞിരുന്നു എങ്കിൽ…

പ്രൌഢമായിരുന്ന ഗതകാല വിളപ്പെടുപ്പുൽസവത്തിന്റെ സന്തോഷ നാളുകൾ ചില ഓർമ്മപ്പെടുത്തലുകളുമായി നമ്മുടെ ചിന്തകളിൽ അവശേഷിക്കട്ടെ. ആ ഓർമ്മകൾ നമ്മുടെ ചിന്തകളിൽ വെളിച്ചം വിശട്ടെ..

അകറ്റി നിർത്തപ്പെടുന്നവരെയും പാർശ്വവൽക്കരിക്കപ്പെടുന്നവരേയും ചേർത്തുനിർത്തിക്കൊണ്ട്, ആഘോഷത്തെകുറിച്ച് പോലും ചിന്തിക്കാൻ കഴിയാതെ വിഷമതകളിലും വേദനകളിലും സങ്കടങ്ങളിലും കഴിയുന്നവരും നമ്മുടെ പരിസരങ്ങളിലുണ്ട് എന്നത് മറക്കാതെ, നമ്മൾ വയറുനിറയെ ഭക്ഷണം കഴിക്കുമ്പോഴും നിറയാത്ത വയറുകൾ നമുക്ക് സമീപങ്ങളിൽ ഉണ്ടെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട്, നമ്മുടെ ഇലകളിൽ നിറയുന്ന വിഭവങ്ങൾക്ക് കാരണക്കാരായ മണ്ണിൽ പണിയെടുക്കുന്നവരേയും അതിനായി വിയർപ്പൊഴുക്കിയ എല്ലാവരേയും ഓർത്തുകൊണ്ടും, മാവേലിയില്ലയെങ്കിൽ വാമനനും, വാമനനില്ല എങ്കിൽ മാവേലിക്കും പ്രസക്തിയില്ല എന്ന യാഥാർത്ഥ്യം മറക്കാതെയും…

എല്ലാ പ്രിയ്യപ്പെട്ടവർക്കും സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ ഓണാശംസകൾ..

സ്നേഹപൂർവ്വം,
ജോമോൾ