മതങ്ങൾ മനുഷ്യരെ ഭ്രാന്തൻമാരാക്കുകയാണ്

604

Jomol Joseph എഴുതുന്നു

മതങ്ങൾ മനുഷ്യരെ ഭ്രാന്തൻമാരാക്കുകയാണ്

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ; അയൽവാസികൾ എന്ന യോജിപ്പ് രൂപംകൊള്ളേണ്ടതിന് പകരം മതം, ജാതി എന്നീ ചിന്തകളാൽ നമ്മളിൽ പലരും നമ്മളെ തന്നെ ഭിന്നിപ്പിക്കുകയാണ്, പല അവസരങ്ങളിലും. നമ്മുടെ ജാതിയും മതവും നോക്കിയാണ് ഇന്നത്തെ കാലത്ത് പലരും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ഇന്ന് കുട്ടികളുടെ സ്കൂളുകൾ പോലും ഏത് മതവിഭാഗത്തിൽ പെട്ടവരുടെ മാനേജ്മെന്റാണോ, അതിനനുസരിച്ച മതത്തിൽ പെട്ടവരുടെ താവളങ്ങളായി മാറുന്നു. നമ്മൾ പുരോഗതിയിലേക്ക് നീങ്ങുന്നു എന്ന് പറയുമ്പോഴും, നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ചിന്തകളും പ്രവർത്തികളും മതങ്ങൾക്ക് പണയം വെച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നത്, നമ്മളിലേക്ക് തന്നെ ഒന്ന് ഇറങ്ങി ചിന്തിച്ചാൽ മനസ്സിലാകും..

Image result for religionമിക്കമതങ്ങൾക്കും തങ്ങളിൽ പെടാത്തവർ വിജാതീയരോ, കാഫിറുകളോ ഒക്കെയാണ്. മറ്റുമതങ്ങളിൽ പെട്ടവരുമായുള്ള കലഹത്തിന്റെ, യുദ്ധത്തിന്റെ, പോരാട്ടത്തിന്റെ കഥകൾ കേട്ട് വളർന്നുവരുന്ന, മതചിന്തകൾക്ക് തലച്ചോർ പണയം വെച്ച തലമുറയിൽ നിന്നും മതഭ്രാന്തിന്റെ പ്രകടനങ്ങളല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? സ്വന്തം ശരീരത്തിൽ ബോംബ് കെട്ടിവെച്ച്, മറ്റു മതങ്ങളിൽ പെട്ടവരെ കൂട്ടക്കുരുതി നടത്താനായി വരെ യുവത്വം ഇറങ്ങി പുറപ്പെടുന്ന ഈ കാലത്ത്, മതങ്ങൾ മനസ്സിനെ മയക്കുന്ന കറപ്പാണ് എന്നല്ല, മറിച്ച് മതങ്ങൾ മനുഷ്യനെ ഭ്രാന്തനാക്കുന്നു എന്നു തന്നെയാണ് പറയേണ്ടത്.

ഞങ്ങൾ ഈ ആഗസ്റ്റ് മാസം പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ, ഞങ്ങൾ പട്ടിയെ വളർത്തുന്നു എന്ന ഒറ്റക്കാരണം കൊണ്ട്, അയൽവാസി ഞങ്ങളുടെ ശത്രുവായി മാറുകയും, രണ്ട് മൂന്നു തവണ വഴക്കുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. വഴക്കുകളേക്കാൾ എന്നെ വേദനിപ്പിച്ചത്, ഞാനും രണ്ടരവയസ്സുള്ള മകൻ ആദിയും വീടിന് മുന്നിലുള്ള റോഡിൽ നിന്ന് കളിക്കുമ്പോൾ, അയൽ വാസിയുടെ വീട്ടിലേക്ക് വന്ന അയൽവാസിയുടെ അനിയന്റെ പത്ത് വയസ്സോളമുള്ള മകൻ പറഞ്ഞ വാക്കുകളാണ്. “ആന്റീ ഈ കൊച്ചിനെ ഒന്ന് പിടിക്കുവോ, ഞാൻ ഒന്ന് പോയ്ക്കോട്ടേ” എന്ന ചോദ്യം കേട്ട ഞാൻ ഞെട്ടി പോയി. പട്ടിയെ വളർത്തുന്ന വീട്ടിലെ ചെറിയകൊച്ചെങ്ങാനും, ആ കുട്ടിയെ തൊട്ടാൽ, ആ കുട്ടിയുടെ തലച്ചോറിലേക്ക് പകർന്നു നൽകിയ തെറ്റായ അറിവ് കാരണം ആ കുട്ടി പിന്നെ പല തവണ കുളിക്കേണ്ടി വരുമെന്ന പേടിയാണ് ആ പത്തുവയസ്സുകാരൻ രണ്ടുവയസ്സുള്ള ആദിയിൽ നിന്നും അകലം പാലിക്കുന്നതിന് കാരണമായത്!!

നോക്കൂ, എത്ര ക്രൂരമായാണ് കുഞ്ഞു മനസ്സുകളിലേക്ക് വിഷം കുത്തിവെക്കപ്പെടുന്നതെന്ന്? ഒരു മതവാദിയുടെ മകനായി ജനിച്ച് മതവദികൾക്കിടയിൽ വളർന്നു വരുന്ന പത്തുവയസ്സുകാരനായ ആ കുട്ടിക്ക്, പട്ടിയുള്ള വീട്ടിലെ രണ്ടരവയസ്സുകാരനോട് അയിത്തം തോന്നാനും അകറ്റി നിർത്താനും തോന്നിയെങ്കിൽ, നാളെ ആ കുട്ടി എത്രമാത്രം മറ്റുകുട്ടികളുമായി ഇടപഴകി ജീവിക്കും? ഒരു വർഷത്തോളമായി ഞങ്ങൾ ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ടും ആദിയും ആ കുട്ടികളും തമ്മിൽ ഇന്നേവരെ കളിക്കാൻ പോലുമുള്ള സാഹചര്യം ഇല്ലാതാക്കിയത് ആ കുട്ടിയുടെ മാതാപിക്കളും, മതപുരോഹിതരും ആ കുട്ടിയുടെ കുഞ്ഞുമനസ്സിലേക്ക് കുത്തിവെച്ച വികലമായ മതചിന്തകളല്ലാതെ വേറെന്താണ്?

ചെറുപ്പകാലം മുതൽ, കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ തികഞ്ഞ മതചിന്തകളുമായി, മതജീവിയായി ജീവിച്ച ഞാൻ കുറച്ച് വർഷങ്ങളായി മതചിന്തകളിൽ നിന്നും പുറത്ത് വരികയും, ഇന്ന് മതമില്ലാതെ ജീവിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ മകനെ ഇന്നുവരെ ഒരു മതത്തിലും ചേർത്തിട്ടുമില്ല, ഇനിയൊട്ട് ചേർക്കുകയുമില്ല, അവൻ വളർന്ന് വലുതായി, അവന് സ്വയം ചിന്തിക്കാനുള്ള സമയം വരുമ്പോൾ അവന് താൽപര്യമുള്ള മതങ്ങളേകുറിച്ച് അവൻ പഠിക്കട്ടെ, മനസ്സിലാക്കട്ടെ. സ്വയം ചിന്തിക്കാൻ പ്രായമാകുന്നതിന് മുമ്പ്, വികലമായതോ അല്ലാത്തതോ ആയ ചിന്തകളും, തെറ്റായ പഠനങ്ങളും കുഞ്ഞുമനസ്സുകളിലേക്ക് കുത്തിനിറച്ച് തന്നെയാണ് എല്ലാ മതങ്ങളും തലമുറകളിലൂടെ കടന്നു പോകുന്നത്. അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാൻ നമ്മൾ ഓരോരുത്തർക്കും ബാധ്യതയുണ്ട്, കാരണം ഇന്ന് മതവാദികൾ നടത്തുന്ന അക്രമത്തിന് മുഴുവനും ഉത്തരവാദിത്തം നമ്മൾ ഓരോരുത്തർക്കുമുണ്ട്, കാരണം നമ്മൾ ഓരോരുത്തരും മതങ്ങൾക്ക് കൊടുക്കുന്ന അന്ധമായ പിന്തുണതന്നെയാണ് മതവാദികളുടെയും മതതീവ്രവാദികളുടേയും വെള്ളവും വളവും.

മതഭ്രാന്ത് മൂത്തുള്ള അക്രമങ്ങൾ ഇല്ലാതാകട്ടെ, മതഭ്രാന്തില്ലാത്ത അടുത്ത തലമുറ മതവാദത്തിന് പകരം മനുഷ്യവാദം പഠിക്കട്ടെ..