Jomol Joseph

സിസ്റ്റർ ലൂസി കളപ്പുരക്കൽ നേരിടുന്ന ദുരിതപർവ്വം

ഇത് ലൂസി സിസ്റ്ററുടെ മാത്രം വിഷയമല്ല, കന്യാസ്ത്രീകളാൻ പോകുന്ന പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും മനസ്സിലാക്കേണ്ട വിഷയം തന്നെയാണിത്. കന്യാസ്ത്രീകളായവർ ശ്രദ്ധിച്ചിട്ട് യാതൊരു കാര്യവുമില്ല, കാരണം അവരൊക്കെ പെട്ടു കഴിഞ്ഞു, ഇനി രക്ഷപ്പെടുക അത്ര എളുപ്പമല്ല.

സിസ്റ്റർ ലൂസി കളപ്പുരക്കൽ
സിസ്റ്റർ ലൂസി കളപ്പുരക്കൽ

ഒരു യുവതി സന്യാസവ്രതം സ്വീകരിക്കാനായി സഭയെ സമീപിക്കുമ്പോൾ തന്നെ ആ യുവതിയും യുവതിയുടെ രക്ഷിതാക്കളും സഭയുടെ (നിരവധി സന്യാസ സമൂഹങ്ങൾ ഉണ്ട് ക്രൈസ്തവസഭയിൽ) നിയമാവലികൾ വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ നിയമാവലികൾ വായിച്ച് മനസ്സിലാക്കിയാൽ പിന്നെ ആരും സന്യാസം സ്വീകരിക്കുന്നതിന് തയ്യാറാകുമെന്ന് കരുതുന്നില്ല, നിയമാവലികൾ വായിച്ച് മനസ്സിലാക്കിയിട്ടും ആ യുവതിയും രക്ഷിതാക്കളും തീരുമാനവുമായി മുന്നോട്ട് പോകുന്നു എങ്കിൽ ഗതികേട് മാത്രമാകും അവരുടെ തീരുമാനത്തിന് പിന്നിൽ, അല്ലാത്ത പക്ഷം മതത്തിനും മതചിന്തകൾകൾക്കും അടിമകളായി മാറിയ മസ്തിഷ്കങ്ങളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുകയോ, സ്വതന്ത്രമായി ചിന്തിക്കാനും കാര്യങ്ങളെ നേരായ രീതിയിൽ നോക്കിക്കാണുകയോ ചെയ്യാനാകാത്തതും ഈ തീരുമാനവുമായി മുന്നോട്ട് പോകാൻ കാരണമാകുന്നു.

ഒരു പെൺകുട്ടി സന്യാസ സഭയിൽ ചേർന്ന് വർഷങ്ങളുടെ പഠനങ്ങൾക്ക് ശേഷം സന്യാസവ്രതം സ്വീകരിക്കുമ്പോൾ ആ പെൺകുട്ടിയുടെ അവകാശമായി കുടുംബത്തിലുള്ള സ്വത്തോ സ്വത്തിന് തുല്യമായ തുകയോ മിക്ക സന്യാനസഭകളും കൈക്കലാക്കും. ഒരു പെൺകുട്ടി സന്യാസവ്രതം സ്വീകരിച്ചു കഴിഞ്ഞശേഷം ആ പെൺകുട്ടി ചെയ്യുന്ന ജോലിയുടെ ശമ്പളമായി ലഭിക്കുന്ന പണം മുഴുവനും ആ സന്യാസ സഭക്ക് അവകാശപ്പെട്ടതാണ്, സന്യാസ സഭ ആ പെൺകുട്ടിയുടെ ചിലവിന് (ദാരിദ്ര്യമില്ലാതെ ജീവിക്കാൻ ആവശ്യമായ തുക മാത്രം) അത്യാവശ്യമായ പണം മാത്രമാണ് ആ സ്ത്രീക്ക് നൽകുക. ഇടക്കെങ്ങാനും ഒന്ന് വീട്ടിൽപോകാൻ അനുവാദം കിട്ടിയാൽ തന്നെ അത് പരിമിതമായ ദിവസങ്ങളിലേക്ക് മാത്രമാകും, വീട്ടിൽ പോകുന്ന ദിവസങ്ങളിൽ പോലും സ്വന്തം വീട്ടിൽ രാത്രിയുറങ്ങാൻ ചില സഭകൾ അവർക്ക് അനുമതി കൊടുക്കാറില്ല.

ഇങ്ങനെ നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഓരോ കന്യാസ്ത്രീകളും സഹനം എന്ന പേരിൽ നേരിടുന്നത്. അവർ കർത്താവിന്റെ കുഞ്ഞാടുകളെന്ന് നമ്മൾ കരുതും, എന്നാൽ യഥാർത്ഥത്തിൽ അവരൊക്കെ കഴിയുന്നത് ഇറച്ചിവെട്ടുകാരൻ അറക്കാനായി നിർത്തിയ ആടുകളുടെ അവസ്ഥയിലാണ്, ഓരോ ലൂസിസിസ്റ്റർമാരെയും കഴുത്തറത്ത് കൊല്ലുന്നത് കണ്ട്, ഉറക്കെയൊന്ന് നിലവിളിക്കാനോ പ്രതികരിക്കാനോ പോലും പേടിച്ച്, തന്റെ ഊഴം എപ്പോഴെന്ന് മാത്രം ചിന്തിച്ച് പേടിച്ച് കഴിയുന്നവരാണ് മിക്ക കുഞ്ഞാടുകളും.

സാമ്പത്തീക ചൂഷണം മാത്രമല്ല സന്യാസ മഠങ്ങളിൽ നടക്കുന്നത്, നിരവധി സ്ത്രീകൾ ലൈംഗീക ചൂഷണം നേരിടുന്നുണ്ട്, നിരവധി സ്ത്രീകൾ ശാരീകിക, മാനസീക പീഢനങ്ങൾ നേരിടുന്നുണ്ട്. അവർക്ക് ഇതൊന്നും പുറത്ത് പറയാനാകാത്ത അവസ്ഥ തന്നെയാണ്, പുറത്ത് പറഞ്ഞാൽ പ്രതിഷേധിച്ചാൽ, അവർ നേരിടേണ്ടത് സാമ്പത്തീകമായും സാമൂഹ്യമായും മാഫിയാ സംഘങ്ങളെ പോലെ പ്രവർത്തിക്കുന്ന റോബിൻ മാരാടും ഫ്രാങ്കോമാരോടും നോബിളുമാരോടും തന്നെയാണ്. സാമ്പത്തീകമായി നയാ പൈസ കയ്യിലില്ലാത്തവർ എന്നും അടിയാളവർഗ്ഗത്തെപ്പോലെ പേടിച്ച് കഴിയും. എവിടേക്കെങ്ങിലും ഒന്ന് ഓടിപ്പോയി രക്ഷപ്പെടാൻ പോലും കയ്യിൽ പണം കാണില്ല. ഈ മാഫിയാ സംഘങ്ങളെ എതിർത്ത് പുറത്ത് വരേണ്ടി വന്നാൽ അതുവരെ ജോലിചെയ്ത സമ്പാദ്യം മുഴുവനും സഭയുടെ കയ്യിലാണ്. സ്വന്തം വീട്ടിലെ അവകാശം മുഴുവനും സഭ കൈക്കലാക്കി. മഠം വിട്ടു പോരേണ്ടിവരുന്ന ഏതൊരു സ്ത്രീയും ആ സ്ത്രീയുടെ തുടർജീവിതവും കുടുംബക്കാർക്കും, ബന്ധുക്കൾക്കും സാമ്പത്തീക ബാധ്യത തന്നെയായി മാറും. മഠം വിട്ടു പോരുന്നവർക്ക് തുടർന്ന് ജോലി ചെയ്യലും ബുദ്ധിമുട്ടായി മാറും, കാരണം അവരുടെ ജോലി സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലായതുകൊണ്ടുതന്നെ, മഠം വിട്ടു രക്ഷപ്പെട്ടാൽ ജോലിയിൽ നിന്ന് പുറത്താക്കാനും അച്ചടക്ക നടപടികളും കള്ളക്കേസുകളും ഒക്കെ സഭക്ക് നിർബാധം തുടരാനാകും.

സന്യാസ സഭയുടെ പ്രവർത്തനങ്ങളിൾ ശക്തമായ സർക്കാർ ഇടപെടലുകൾ ആവശ്യമാണ്. ഓരോ സന്യാസിനിക്കും ജോലിചെയ്യുന്ന ശമ്പളം അവർക്ക് അവകാശപ്പെട്ടതായി മാറണം, മാത്രമല്ല ഓരു സന്യാസിനിക്കും അവകാശപ്പെട്ട കുടുംബസ്വത്ത് സഭ അടിച്ചുമാറ്റുന്ന സ്ഥിതിയും ഉണ്ടാകരുത്. സാമ്പത്തീകമായി സുരക്ഷിതത്വം നേടിയാൽ തന്നെ ഓരോ സന്യാസിനിയുടേയും പ്രശ്നങ്ങൾ പതുതിയും പരിഹരിക്കപ്പെടും. അടുത്തതായി വേണ്ടത് ലൈംഗീക ചൂഷണം തടയുക എന്നതാണ്, നമ്മൾ കർത്താവിന്റെ ദാസിമാരെന്ന് കരുതുന്ന കന്യാസ്ത്രീകൾ റോബിൻമാരുടേയും, ഫ്രാങ്കോമാരുടേയും കണ്ണുകളിൽ വെറും വേശ്യകൾ മാത്രമാണ്. വിത്തുകാളകളായി ജീവിക്കുന്ന റോബിൻമാർക്കും ഫ്രാങ്കോമാർക്കും കാമവെറി തീർക്കാനായി മാത്രം ഒരു കന്യാസ്ത്രീയും ഇനിയും ഉപയോഗിക്കപ്പെട്ടു കൂട. ഒരു അഭയും ഇനി സഭയിൽ ഉണ്ടായിക്കൂട..

മാനന്തവാടി രൂപതയുടെ പിആർഓ ഫാദർ നോബിൾ സിസി ടിവി ക്യാമറാദൃശ്യങ്ങൾ തെറ്റായ പരാമർശത്തോടെ പുറത്തുവിട്ട് ലൂസി സിസ്റ്റർക്ക് അവമതിയുണ്ടാക്കാനായി നോക്കിയതോ, ലൂസി സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കിയതോ ഒന്നും വലിയ കാര്യങ്ങളായി എനിക്ക് തോന്നുന്നില്ല, നിരവധി സന്യാസികളുടേയും സന്യാസിനികളുടേയും ജീവനും ചോരയും കണ്ട് ശീലിച്ച സഭാമാഫിയയിൽ നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കണം. ഇതൊക്കെയെന്ത്..

മനുഷ്യാവകാശ കമ്മീഷനും, വനിതാകമ്മീഷനും സന്യാസിനികൾ നേരിടുന്ന ചൂഷണങ്ങളിൽ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ലൂസി സിസ്റ്റർക്ക് ഐക്യദാർഢ്യം

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.