ജീവിതശൈലിയും രക്താതിസമ്മർദ്ദവും

0
328

Jomol Joseph

ജീവിതശൈലിയും രക്താതിസമ്മർദ്ദവും (High BP)

രക്തം ധമനികളിലൂടെ ഒഴുകുമ്പോൾ രക്തധമനികളിൽ ചെലുത്തുന്ന ശക്തിയുടെ അളവാണ് രക്തസമ്മർദ്ദം. ഈ സമ്മർദ്ദം സാധാരണനിലയിൽ നിന്നും ഉയർന്ന അളവിൽ എത്തുമ്പോൾ, അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ തിരിച്ചറിയുകയോ ചികിത്സിക്കാതെ വരികയോ ചെയ്താൽ ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദ്ദം കാരണം ഹൃദയസ്തംഭനം, കാഴ്ച നഷ്ടം, ഹൃദയാഘാതം, വൃക്കരോഗം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യുന്ന പേശിയാണ് ഹൃദയം. ഓക്സിജന്റെ അളവ് കുറവുള്ള രക്തത്തിലേക്ക് ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ സ്വീകരിച്ച് ആ ഓക്സിജൻ രക്തത്തിലേക്ക് കലർത്തി വീണ്ടും ഓക്സിജൻ നിറഞ്ഞ രക്തം ശരീര ഭാഗങ്ങളിലേക്ക് വീണ്ടും പമ്പ് ചെയ്യുന്നു, ഇതുവഴി ശരീരകോശങ്ങളൾക്കും പേശികൾക്കും ഓക്സിജൻ വിതരണം സാധ്യമാക്കുന്നു. ഈ പമ്പിംഗ് പ്രവർത്തനമാണ് ധമനികളുടെ ഭിത്തികളിലും ആർട്ടറികളിലും സമ്മർദ്ദം സൃഷ്ടിക്കുന്നത്. ഒരു വ്യക്തിക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ, ധമനികളുടെ മതിലുകളും ആർട്ടറികളും നിരന്തരം വളരെയധികം സമ്മർദ്ദമനുഭവിക്കുന്നു എന്നാണ് ഇതിനർത്ഥം.

രക്തസമ്മർദ്ദത്തിന്റെ കാരണങ്ങളെ രണ്ടായി തരം തിരിക്കാം.

1. Essential High Blood Pressure : ഇത്തരത്തിലുള്ള ഉയർന്ന രക്തസമ്മർദ്ദത്തിന് സ്ഥിരമായതോ പ്രത്യേകമായതോ ആയ കാരണങ്ങളൊന്നും തന്നെയില്ല.

2. Secondary High Blood Pressure : മറ്റെന്തിങ്കിലും ആരോഗ്യപ്രശ്നം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന അവസ്ഥയാണിത്.

🔸 Secondary High Blood Pressure ന് കാരണങ്ങൾ

A. പ്രായം (Age) : ഒരു വ്യക്തി പ്രായമാകുമ്പോൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിക്കുന്നു, ഇതിന് പ്രധാന കാരണം രക്തക്കുഴലുകളുടെ ഫ്ലക്സിബിലിറ്റി കുറയുന്നു എന്നതാണ്.

B. പാരമ്പര്യം (Family History) – ഒരാളുടെ അടുത്ത ബന്ധത്തിൽ പെട്ട വ്യക്തികൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ട് എങ്കിൽ ആ വ്യക്തിക്കും ഉയർന്ന രക്തസമ്മർദ്ദത്തിന് സാധ്യതയുണ്ട്.

C. അമിതവണ്ണവും അമിതഭാരവും (Obesity and overweight): അമിതഭാരമുള്ളവരിലും അമിതവണ്ണമുള്ളവരിലും ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യത കൂടുതലാണ്.

D. ശാരീരികമായി അദ്ധ്വാനമോ വ്യായാമമോ ഇല്ലാത്ത അവസ്ഥ (Physical Inactivity): വ്യായാമത്തിന്റെ അഭാവവും ഉദാസീനമായ ജീവിതശൈലിയും രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

E. പുകവലി (Smoking) : പുകവലി രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യുന്നു. പുകവലിമൂലം രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും, ഇങ്ങനെ കുറവ് വരുന്ന ഓക്സിജന്റെ കുറവ് നികത്താനായി രക്തം പമ്പ് ചെയ്യുന്നത് വേഗത്തിലാക്കാൻ ഹൃദയം നിർബന്ധിതമാകുകയും ചെയ്യുന്നു, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു.

F. മദ്യപാനം (Alcohol Intake) : അമിതമായി മദ്യപിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും അതുവഴി ഹൃദയസ്തംഭനം, ഹൃദയാഘാതം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവക്ക് കാരണമായേക്കുകയും ചെയ്യാം.

G. മോശം ഭക്ഷണക്രമം (Poor Diet) : കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണക്രമം രക്താതിമർദ്ദത്തിന്റെ ഉയർന്ന അപകടസാധ്യതയിലേക്ക് നയിക്കുന്നുവെന്ന് പല ആരോഗ്യ വിദഗ്ധരും പറയുന്നു. എന്നിരുന്നാലും, മിക്ക ഡയറ്റീഷ്യൻ‌മാരും ഈ കൊഴുപ്പിന്റെ അളവിനേക്കാൾ ഏത് തരം കൊഴുപ്പാണ് അധികരിക്കുന്നത് എന്നതിലാണ് വിഷയം എന്ന് ഊന്നിപ്പറയുന്നു. സസ്യജന്യ കൊഴുപ്പുകളായ അവൊകാഡോ, പരിപ്പ്, ഒലിവ് ഓയിൽ, ഒമേഗ ഓയിൽ എന്നിവ ആരോഗ്യകരമാണ്. മൃഗങ്ങളിൽ നിന്നുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളിൽ സാധാരണ കാണപ്പെടുന്ന പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ആരോഗ്യത്തിന് ദോഷകരമാണ്

H. ഉയർന്ന കൊളസ്ട്രോൾ (High Cholesterol) : ഉയർന്ന രക്തസമ്മർദ്ദമുള്ള 50 ശതമാനം ആളുകളിലും കൊളസ്ട്രോൾ (LDL) കൂടിയ നിലയിലായിരിക്കും. അനാരോഗ്യകരമായ ധാരാളം കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണക്രമം ആർട്ടറികളിൽ കൊഴുപ്പടിയുന്നതിന് കാരണമാകും.

I. മാനസിക സമ്മർദ്ദം (Mental Stress) : മാനസീക സമ്മർദ്ദം രക്തസമ്മർദ്ദത്തെ സാരമായി ബാധിക്കും, പ്രത്യേകിച്ചും മാനസീകസമ്മർദ്ദം വിട്ടുമാറാത്ത സമയത്ത്. സാമൂഹിക, സാമ്പത്തിക, മനശാസ്ത്രപരമായ, ഘടകങ്ങളുടെ ഫലമായി മാനസീക സമ്മർദ്ദം സംഭവിക്കാം.

J. പ്രമേഹം (Diabetes) : പ്രമേഹമുള്ളവർക്ക് രക്താതിമർദ്ദം വരാനുള്ള സാധ്യത കൂടുതലാണ്. നിർദ്ദേശിച്ച അളവിലുള്ള ഇൻസുലിൻ ഉപയോഗവും, രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ നിയന്ത്രിച്ചുനിർത്തുന്നതും ടൈപ്പ് 1 പ്രമേഹമുള്ളവരുടെ രക്തസമ്മർദ്ദം ഉയരാതിരിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് ബ്ലഡ്ഷുഗർ കൂടുന്നതുകൊണ്ട് ഉയർന്ന രക്തസമ്മർദ്ദത്തിന് സാദ്യതയുണ്ട്. അതുപോലെതന്നെ ചില മരുന്നുകളുടെ ഉപയോഗമോ ഹൃദയ സംബന്ധമായ അസുഖങ്ങളോ, അമിതഭാരമോ അമിതവണ്ണമോ പോലുള്ള മറ്റ് ഘടകങ്ങൾ മൂലമോ രക്തസമ്മർദ്ദം വർദ്ധിക്കാം.

K. ഗർഭാവസ്ഥ (Pregnancy) : ഗർഭിണികളിൽ സമപ്രായക്കാരായ സ്ത്രീകളേക്കാൾ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മർദ്ദം അപകടകരമായ അളവിലേക്ക് ഉയർത്താൻ കഴിയുന്ന പ്ലാസന്റൽ ഡിസോർഡറാണ് Preeclampsia

L. ഉറക്കസംബന്ധമായ രോഗങ്ങൾ (Sleep Apnea) : ഉറക്കത്തിനിടയിൽ ശ്വാസതടസ്സം സംഭവിക്കുന്നതോ, ശ്വസനം നിലക്കുന്നതോ ആയ അവസ്ഥകളും രക്തസമ്മർദ്ദം ഉയരാനായി കാരണമാകും

നബി – IMA, PERAMBRA Branch നടത്തുന്ന പ്രബന്ധ രചനാമൽസരത്തിലേക്ക് സമർപ്പിച്ച പ്രബന്ധത്തിലെ ഭാഗം