മുതിർന്നവരിലെ ജീവിതശൈലീ രോഗങ്ങൾ

352

Jomol Joseph

മുതിർന്നവരിലെ ജീവിതശൈലീ രോഗങ്ങൾ

കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് കുട്ടികളിലെ ജീവിതശൈലീരോഗങ്ങളെ കുറിച്ചായിരുന്നു; ഇനി നമുക്ക് മുതിർന്നവരിൽ വരുന്ന വിഷയങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ആദ്യമായി ചില കണക്കുകളിൽ നിന്നും ആരംഭിക്കാം.

ഇന്ന് പ്രചാരത്തിലുള്ള പ്രമേഹരോഗങ്ങൾ, രക്താദിസമ്മർദ്ദം, ഹൃദയ രോഗങ്ങൾ, സ്തനാർബുദം, അമിത കൊളസ്ട്രോൾ മൂലമുള്ള പ്രശ്നങ്ങൾ എന്നിവയുടെ ഒക്കെ പ്രധാനകാരണം അമിതവണ്ണമാണ്. നമ്മുടെ രാജ്യത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം എഴുപത് ദശലക്ഷമാണ്, അതായത് ഇന്ത്യയിലെ ഏഴുകോടി ആളുകൾ അമിതവണ്ണത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നവരാണ്. ഇത് ഇന്ത്യയിലെ ആകെ കണക്ക്, എന്നാൽ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ കണക്ക് നോക്കിയാൽ, നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ എഴുപത് ശതമാനം ആളുകളും (അതായത് നൂറുപേരെ പരിഗണിച്ചാൽ അതിൽ എഴുപത് പേരും) അമിതവണ്ണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നവരാണ്.

Image result for lifestyle diseasesലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 1.4 ബില്യണിലധികം മുതിർന്നവർ അമിതഭാരമുള്ളവരാണ്. ഇന്ത്യയിൽ സ്കൂളിൽ പോകുന്ന കുട്ടികളിൽ 20 ശതമാനം പൊണ്ണത്തടിയുള്ളവരാണെന്നും 19.2 ശതമാനം ആൺകുട്ടികളും 18.1 ശതമാനം പെൺകുട്ടികളുമാണെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

1 അമിതവണ്ണം – ശരീരത്തിലെ അമിത കൊഴുപ്പ് അടിവയറ്റിൽ അടിയുന്ന അവസ്ഥയെ അമിതവണ്ണമായി കണക്കാക്കാം. ബോഡി മാസ്സ് ഇൻഡക്സ് അനുസരിച്ച് പുരുഷൻമാരുടെ അടിവയറ്റിൽ അടിയുന്ന കൊഴുപ്പ്, ശരീരത്തിലെ ആകെ കൊഴുപ്പിന്റെ ഇരുപത്തിയഞ്ച് ശതമാനം ആയാൽ പുരുഷൻമാരിൽ ഇതിനെ അമിതവണ്ണം എന്ന് കണക്കാക്കാം, എന്നാൽ സ്ത്രീകളുടെ ശരീരത്തിലെ ആകെ കൊഴുപ്പിന്റെ മുപ്പത് ശതമാനം കൊഴുപ്പ് അടിവയറ്റിൽ അടിയുകയാണ് എങ്കിൽ അതിനെ നമുക്ക് സ്ത്രീകളിലെ അമിതവണ്ണമായും കണക്കാക്കാനാകും. സാധാരണയേക്കാൾ ഉയർന്ന ശരീരഭാരം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. അനിയന്ത്രിതമായ പ്രമേഹം ഉയർന്ന ബിപി, ഹൃദയാഘാതം, മസ്തിഷ്ക സ്ട്രോക്ക്, അന്ധത, വൃക്ക തകരാറുകൾ, നാഡികൾക്ക് സംഭവിക്കുന്ന ക്ഷതങ്ങൾ പോട്ടലുകൾ എന്നിവയിലേക്കൊക്കെ ഈ അവസ്ഥ നമ്മളെ നയിക്കുന്നു.

അമിതഭാരത്തിന്റെ മറ്റ് അനന്തരഫലങ്ങൾ ഉറക്കം തടസ്സപ്പെടുത്തുന്ന സ്ലീപ് അപ്നിയ എന്ന ശ്വാസകോശ സംബന്ധമായ പ്രശ്നമാണ്, ഉറക്കത്തിൽ ഇടയ്ക്കിടെ ശ്വസനം നിർത്തുന്നതിനോ ശ്വാസതടസ്സം ഉണ്ടാകുന്നതിനോ ഇത് കാരണമാകാം, ഇതുവഴി ഉറക്കത്തിന് നേരിടുന്ന പ്രശ്നം മാത്രമല്ല മറിച്ച് ഉയർന്ന ബിപി, ഹൃദയത്തിന്റെ പ്രവർത്തനം നിലക്കൽ എന്നിവയ്ക്കോ കാരണമാകുന്നു. വളരെ അപകടരമായ സ്ഥിതിയാണ് ഇത്.

അമിതവണ്ണമുള്ള ആളുകൾക്ക് സന്ധിവാതത്തിന് സാധ്യതയുണ്ട്, സന്ധിവാതത്തിന് കാരണം അമിത വണ്ണമുള്ള ആളുകളിൽ യൂറിക് ആസിഡിന്റെ അളവ് അളവ് കൂടുതലാകുകയും, ഇത് സന്ധിവേദന വേദന, സന്ധികളിൽ ചുവപ്പ് നിറം വന്ന് വീക്കം വെക്കുന്ന അവസ്ഥ എന്നിവയ്ക്കൊക്കെ കാരണമാവുകയും ചെയ്യുന്നു.

2. പ്രമേഹരാഗങ്ങൾ – വർദ്ധിച്ചു വരുന്ന ദാഹവും തൊണ്ടയിൽ ഉണ്ടാകുന്ന വരൾച്ചയും, ഇടക്കിടെ ഉണ്ടാകുന്ന മൂത്രശങ്ക, വിശപ്പ് വർദ്ധിച്ചുവരുന്നത്, അകാരമായി തോന്നുന്ന ക്ഷീണം, കാഴ്ചയിൽ ഉണ്ടാകുന്ന മങ്ങൽ, കാലുകളിലോ കൈകളിലോ ഉണ്ടാകുന്ന മരവിപ്പുകൾ അല്ലെങ്കിൽ ഇക്കിളി, മുറിവ് സംഭവിച്ചാൽ ഉണങ്ങാത്ത അവസ്ഥ, ശരീരഭാരത്തിൽ പെട്ടന്നുണ്ടാകുന്ന കുറവ് തുടങ്ങിയവയൊക്കെയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.

പ്രമേഹ രോഗങ്ങൾ രണ്ടു തരത്തിലുള്ളവയാണ്, ടൈപ്പ് 1 പ്രമേഹരോഗവും, ടൈപ്പ് 2 പ്രമേഹരോഗവും. ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ആഴ്ചകൾക്കുള്ളിൽ വളരെ വേഗത്തിൽ ആരംഭിക്കാം. ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും സാവധാനത്തിൽ വികസിച്ചുവരികയാണ് ചെയ്യുക, ചിലപ്പോൾ നിരവധി വർഷങ്ങൾ കൊണ്ടായിരിക്കും ഒരാൾ ടൈപ്പ് 2 പ്രമേഹരോഗം തിരിച്ചറിയുന്നത്, നമുക്ക് തിരിച്ചറിയാൻ പോലും ആകാത്ത ലക്ഷണങ്ങൾ മനസ്സിലാക്കാൻ പോലും കഴിയാത്ത സാഹചര്യം ടൈപ്പ് 2 പ്രമേഹരോഗികളിൽ ഉണ്ടാകുന്നു. കാഴ്ച മങ്ങുകയോ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പോലുള്ള പ്രമേഹ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതുവരെ ചില ആളുകൾക്ക് ഈ രോഗമുണ്ടെന്ന് കണ്ടെത്താനാകാത്ത അവസ്ഥ സാധാരണമാണ്.

നമ്മുടെ പ്രതിരോധശേഷിയിൽ സംഭവിക്കുന്ന കുറവ്മൂലം അണുബാധയെ ചെറുക്കുന്നതിനുള്ള ശരീരിക പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന പിഴവുകളും, പാൻക്രിയാസിന്റെ ഇൻസുലിൻ ഉൽ‌പാദിപ്പിക്കുന്ന ബീറ്റ സെല്ലുകളെ ആക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുമ്പോളും ടൈപ്പ് 1 പ്രമേഹം ആ ശരീരത്തിൽ ഉണ്ടാകുന്നു. ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകുന്നത് ജീനുകളും വൈറസുകൾ പോലുള്ള പാരിസ്ഥിതിക ഘടകങ്ങളുമാണ് എന്ന് ചില സയന്റിസ്റ്റുകൾ പറയുന്നു. ഇൻസുലിൻ ലെവലിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ തന്നെയാണ് പ്രമേഹരോഗങ്ങൾക്ക് കാരണം. ഓരോ വ്യക്തിയിലും കാരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ജനിതകമായ (ജീനുകൾ) വിഷയങ്ങളും, ജീവിതശൈലിമൂലമുണ്ടാകുന്ന ആഫ്റ്റർഇഫക്ട്സും തന്നെയാണ് ടൈപ്പ് 2 പ്രമേഹരോഗത്തിന് കാരണം.

അമിതഭാരം, അമിതവണ്ണം, ശരീരത്തിന് വ്യായാമമോ അദ്ധ്വാനമോ ഇല്ലാത്ത അവസ്ഥ ഇതൊക്കെ പ്രമേഹത്തിന് കാരണമാകുന്നു. ശാരീരിക അദ്ധ്വാനമോ വ്യായാമമോ കുറവാണ് എങ്കിലും അമിതവണ്ണമുള്ള ആളാണ് എങ്കിലും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. അധിക ഭാരം ചിലപ്പോൾ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു, ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഇത് സാധാരണമാണ് താനും. ശരീരത്തിലെ കൊഴുപ്പിന്റെ അളവും പ്രമേഹത്തിന് കാരണമായിത്തീരാം, അധികമായി വയറിൽ അടിയുന്ന കൊഴുപ്പ് ഇൻസുലിൻ പ്രതിരോധത്തിനോ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കോ, രക്തക്കുഴൽ സംബന്ധമായ വിഷയങ്ങൾക്കോ കാരണമായേക്കാം.

ടൈപ്പ് 2 പ്രമേഹം സാധാരണയായി ഇൻസുലിൻ പ്രതിരോധത്തോടെയാണ് ആരംഭിക്കുന്നത്, മസിലുകൾ, ലിവർ, ഫാറ്റ് സെൽസ് എന്നിവക്ക് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ വരുന്നതാണ് ഇൻസുലിൻ പ്രതിരോധം. ഇതിന്റെ ഫലമായി ഗ്ലുക്കോസിന് കോശങ്ങളിലേക്ക് പ്രവേശിക്കാനായി കൂടുതൽ ഇൻസുലിൻ ആവശ്യമായി വരുന്നു. തുടക്കത്തിൽ അധികമായി ആവശ്യം വരുന്ന ഇൻസുലിൻ പാൻക്രിയാസ് ഉൽപാദിപ്പിച്ച് നൽകും, എന്നാൽ കൂടുതൽ കൂടുതലായി ആവശ്യം വരുന്ന ഇൻസുലിൻ ഉൽപാദിപ്പിച്ചുനൽകാൻ ക്രമേണ പാൻക്രിയാസിന് കഴിയാതെ വരുകയും അതുവഴി ഗ്ലൂകോസിന് കോശങ്ങളിലേക്ക് പ്രവേശിക്കാൻ ആവശ്യമായ ഇൻസുലിൻ ലഭിക്കാതെ വരുമ്പോൾ, കോശങ്ങളിലേക്ക് പ്രവേശിക്കാനാകാതെ ഗ്ലൂക്കോസ് രക്തത്തിൽ തന്നെ തുടരുകയും ചെയ്യുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

നബി – ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ആരോഗ്യത്തെ ഗുണകരമായോ ദോഷകരമായോ ബാധിക്കാം, ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണക്രമവും, ജീവിതരീതിയും ആവശ്യമാണ്. ആരോഗ്യമുള്ള ശരീരവും മനസ്സും തന്നെയാണ് നമ്മുടെ വലിയ സമ്പത്ത്.

നബി 2 – IMA, PERAMBRA Branch നടത്തുന്ന പ്രബന്ധ രചനാമൽസരത്തിലേക്ക് സമർപ്പിച്ച പ്രബന്ധത്തിലെ ഭാഗം

#Lifestyle_Diseases