സ്ത്രീ ശരീരങ്ങളിൽ മുലകളും മുലച്ചാലും മാത്രം തേടി അലയുന്ന കണ്ണുകൾ

2307

Jomol Joseph

സ്ത്രീ ശരീരങ്ങളിൽ മുലകളും മുലച്ചാലും മാത്രം തേടി അലയുന്ന കണ്ണുകൾ – നമ്മുടെ സമൂഹത്തിന്റെ ലൈഗീക കാഴ്ചപ്പാടുകൾ റീഡിഫൈൻ ചെയ്യാനുള്ള സമയമം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകൾ തന്നെയാണ്..

നമ്മുടെ കാഴ്ചയുടെ കാണാപ്പുറങ്ങൾ

ഞാൻ പലപ്പോഴും എന്റെ ചിത്രങ്ങൾ എന്റെ പോസ്റ്റുകൾക്കൊപ്പമോ, ചിത്രങ്ങൾ മാത്രമുള്ള പോസ്റ്റുകളായോ, മോഡലിങ്ങിന്റെ ഭാഗമായ ചിത്രങ്ങളോ ഒക്കെ സോഷ്യൽമീഡിയയിൽ ഇടാറുണ്ട്. പലരും പല രീതിയിലാണ് ആ ചിത്രങ്ങളെ നോക്കി കാണുകയും പലരും അവരുടെ അഭിപ്രായം കമന്റുകളായി രേഖപ്പെടുത്തുകയും ചെയ്യാറുമുണ്ട്. ഇതിൽ നിന്നെല്ലാം ഞാൻ മനസ്സിലാക്കിയ ചില വിഷയങ്ങൾ പറയാം എന്നുകരുതുന്നു. (എന്റെ മനസ്സിലാക്കലുകളും വിശകലനങ്ങളും മാത്രമാണ് ഞാൻ പറയുന്നത്, കൂടാതെ വരുന്ന എല്ലാ അഭിപ്രായങ്ങളേക്കാളും വേറിട്ടുനിൽക്കുന്ന ചില അഭിപ്രായപ്രകടനങ്ങളെ ആണ് തൽക്കാലം ഞാൻ ഈ പോസ്റ്റിനായി പരിഗണിച്ചിരിക്കുന്നത്)

നമ്മുടെ കണ്ണുകൾ കാണുന്ന കാഴ്ചകളിൽ പതിയുന്ന ഫ്രയിമിൽ പല ഒബ്ജക്ടുകളും ഉണ്ടാകും. എന്നാൽ ആ ഫ്രയിമിലെ ഒബ്ജക്ടുകളിൽ, നമുക്ക് താൽപര്യമുള്ള, നമ്മുടെ തലച്ചോറിന്റെ പ്രചോദനത്തിൽ നിന്നും പ്രേരിതമായ ഒബ്ജക്ടുകളിലേക്കാണ് നമ്മുടെ കണ്ണുകളിൽ പതിയുന്ന കാഴ്ചകളിൽ നിന്നും നമ്മുടെ തലച്ചോർ നമുക്ക് താൽപര്യമുള്ള കാഴ്ചകളെ വിവേചിച്ചെടുക്കുന്നത്.

ഭൂരിഭാഗം ആളുകളും മൊബൈൽ ഫോണിലാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ കൂടിവന്നാൽ ആറിഞ്ചോളം ഉയരവും മൂന്നിഞ്ചോളം വീതിയും ഉള്ള സ്ക്രീനിലൂടെയാണ് നമ്മൾ സ്മാർട്ട്ഫോണിലൂടെ കാഴ്ചകൾ കാണുന്നത്. എന്റെ ചിത്രങ്ങളും ഇതേ ഡിസ്പ്ലേയിലൂടെ തന്നെയാണ് നിങ്ങളുടെ കണ്ണുകളിലേക്ക് പതിയുന്നത്.

എന്റെ ശരീരം സ്ത്രീശരീരമായതിനാൽ തന്നെ, ഒരു സ്ത്രീശരീരത്തിൽ ഉണ്ടാകുന്ന എല്ലാ ഭാഗങ്ങളും എന്റെ ശരീരത്തിലും ഉണ്ടാകും. ചെവികളും, കണ്ണുകളും, മൂക്കും, കഴുത്തും, മുഖവും, മുടിയും ഒക്കെ ഉള്ളതുപോലെ തന്നെ എന്റെ ശരീരത്തിൽ രണ്ടുമുലകളും ആ മുലകൾക്കിടയിൽ നിങ്ങൾ പറയുന്ന ‘മുലച്ചാലും’ (ചിലരുടെ ഭാഷയിൽ വിടവ്) ഒക്കെയുണ്ട്. അതുകൊണ്ട് തന്നെ എന്നെ ചിത്രത്തിലൂടെ കാണുമ്പോൾ ശരീരത്തിലെ മറ്റ് ഭാഗങ്ങളെ പോലെതന്നെ സ്വാഭാവികമായും മുലകളും ‘മുലച്ചാലും’ എന്റെ ചിത്രത്തിലും ഉണ്ടാകും. ഇതുരണ്ടും ശരീരത്തിൽ നിന്നും അടർത്തിമാറ്റി ഫോട്ടോയെടുക്കാൻ പ്രത്യേകമായി വെച്ചുപിടിപ്പിക്കുകയോ, കമ്മലും മാലയും ഒക്കെ പോലെ കൂടുതലായി കൂട്ടിച്ചേർക്കപ്പെടുകയോ, ഊരിയോ അഴിച്ചോ മാറ്റി വെക്കാനാകുന്ന ‘സാധനങ്ങളോ’ അല്ല ഇവയൊന്നും; മറിച്ച് എന്റെ ശരീരത്തിന്റെ ഭാഗങ്ങളാണ് എന്റെ മുലകളും ‘മലച്ചാലും’!!

നിങ്ങൾ കാണുന്ന ചിത്രത്തിന്റെ എത്രയൊ ചെറിയൊരു ശതമാനം മാത്രമാണ് മുലകളും മുലച്ചാലും ഉള്ളത്? ചിത്രത്തിൽ ബാക്കി വലിയൊരു ശതമാനം വരുന്ന ബാക്കിയിടങ്ങളേക്കാൾ, ചെറിയൊരു ശതമാനം മാത്രമുള്ള മുലകളിലേക്കും മുലച്ചാലിലേക്കും നിങ്ങളുടെ കാഴ്ച കേന്ദ്രീകരിക്കപ്പെടുന്നു എങ്കിൽ അത് ആ ചിത്രത്തിന്റെ പ്രത്യേകത കൊണ്ടല്ല, മറിച്ച് നിങ്ങളുടെ തലച്ചോറിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിങ്ങളുടെ കണ്ണുകൾ, ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വലിയൊരു ഫ്രെയിമിന്റെ ചെറിയൊരു ഭാഗത്ത് മാത്രം വരുന്ന എന്റെ മുലകളിലേക്കും മുലച്ചാലിലേക്കും മാത്രമാണ്.

ഇതാണ് നമ്മുടെ തലച്ചോറിന്റെ കുഴപ്പം, നമ്മുടെ ചിന്തകൾ ഏത് രീതിയിലാണോ തലച്ചോറിൽ രജിസ്റ്ററാകുന്നത് അതിനനുസരിച്ചുള്ള ചിന്തകളിലേക്കും കാഴ്ചകളിലേക്കും മാത്രമേ തലച്ചോർ നമ്മളെ കൊണ്ടുപോകൂ. നമ്മൾ ശീലിച്ച് കേട്ട ഒരു പുരുഷ വേർഷൻ വാചകമുണ്ട് ” ഞാൻ സ്ത്രീകളുടെ മുഖത്തേക്ക് നോക്കാറേയില്ല” എന്ന്. ആ വാചകം പറയുന്ന പുരുഷൻ നോക്കുന്നത് സ്ത്രീകളുടെ മുലകളിലേക്കാണ് എന്നൊരു തമാശപ്രയോഗവും നമുക്കിടയിലുണ്ട്. ഇതൊരു തമാശയാണ് എങ്കിലും ചില കാര്യങ്ങൾ ഉൾക്കൊള്ളുന്നു ഈ തമാശ. സ്ത്രീകളുടെ മുഖത്തേക്ക് നോക്കുന്നതിനേക്കാൾ പല പുരുഷൻമാരും അവളുടെ മുലകളിലേക്ക് നോക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നത് ഈ തമാശയിൽ തന്നെ ഉണ്ട്. സ്ത്രീശരീരങ്ങൾ വലിയ ഫാന്റസിയായോ, അപ്രാപ്യമായോ, കാണാക്കനിയായോ ഉള്ള പുരുഷൻമാരുടെ കണ്ണുകൾ സ്ത്രീശരീരത്തിൽ ആദ്യം തിരയുക അവളുടെ ലൈംഗീകതയിലേക്കാണ്. അത് ആ പുരുഷന്റെ തെറ്റല്ല, അത് അവൻ ചിന്തിച്ച് ശീലിച്ചതിന്റ ഫലമായി അവന്റെ തലച്ചോർ മോൾഡ് ചെയ്യപ്പെട്ടതിന്റെ ഭാഗമായി അവന്റെ തലച്ചോർ ചെയ്യുന്ന പ്രവർത്തിയാണ്. ഈ കടുത്ത അവസ്ഥ തന്നെയാണ് സ്ത്രീകളെയോ അവളുടെ ചിത്രങ്ങളോ കാണുമ്പോൾ അന്യഗ്രഹജീവികളെ കണ്ടതുപോലെ ചിലരുടെ കണ്ണുകൾ അവളുടെ ചില പ്രത്യേക ഭാഗങ്ങളിലേക്ക് മാത്രം തുറിച്ച് നോക്കുന്നതിന് കാരണം. ഇതിന്റെ പ്രധാന കാരണം ആണിനേയും പെണ്ണിനേയും പരസ്പരം അകറ്റിനിർത്തുകയും രണ്ടുപേരേയും രണ്ട് ധ്രുവങ്ങളിലേക്ക് മാറ്റിനിർത്തുകയും ചെയ്യുന്ന നമ്മുടെ സാമൂഹ്യക്രമവും ലൈംഗീകത പാപമെന്ന് നമ്മളെ പറഞ്ഞ് പഠിപ്പിക്കുന്ന നമ്മുടെ മതാധിഷ്ഠിത സാമൂഹ്യ വ്യവസ്ഥയും തന്നെയാണ്.

സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമെന്ന് എഴുതുവെച്ചിട്ടുള്ള സിഗരറ്റ് പാക്കറ്റിൽ നിന്നുതന്നെ സിഗരറ്റെടുത്ത് വലിക്കുന്നവരും, മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് എഴുതി വെച്ചിട്ടുള്ള കുപ്പിയിൽ നിന്നും മദ്യം ഊറ്റികുടിക്കുടിക്കുകയും ചെയ്യുന്ന മനുഷ്യരാണ് നമ്മൾ. ആ മനുഷ്യരോടാണ് ലൈംഗീകത പാപമെന്ന് ഈ മതങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്നത്!! എന്നാൽ ആരോഗ്യകരമായ ലൈംഗീകത എങ്ങനെവേണം എന്ന് പഠിപ്പിക്കാൻ മതങ്ങൾ തയ്യാറാകാത്തിടത്തോളം ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനി കഴിക്കാനായി മനുഷ്യമനസ്സുകൾ വെമ്പുകയും, മനുഷ്യന്റെ കണ്ണുകൾ വിലക്കപ്പെട്ട കനിതേടി അലയുകയും ചെയ്യും. ഏദൻ തോട്ടത്തിൽ നിരവധി കായ്കനികൾ ഉണ്ടായിട്ടും വിലക്കപ്പെട്ട കനിയിലേക്ക് തന്നെ ആദിമമനുഷ്യൻ കൈനീട്ടി എന്ന് പറയുന്ന അതേ മതങ്ങൾ തന്നെ ഇത്തരം വിലക്കുകളുടെ പൊള്ളത്തരങ്ങൾ മതഗ്രന്ധങ്ങളിലൂടെ വിളിച്ചുപറയുകയും ചെയ്യുന്നു.

സ്ത്രീ ശരീരങ്ങളിൽ മുലകളും മുലച്ചാലും മാത്രം തേടി അലയുന്ന കണ്ണുകൾ – നമ്മുടെ സമൂഹത്തിന്റെ ലൈഗീക കാഴ്ചപ്പാടുകൾ റീഡിഫൈൻ ചെയ്യാനുള്ള സമയമം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ്..

നബി – മുലകൾക്കായും മുലച്ചാലിനായും മാത്രം അലയുന്ന കണ്ണുകളോട് സഹതാപം മാത്രം.. അവരുടെ തലച്ചോറിലേക്ക് കുറച്ച് വെളിച്ചം കടന്നിരുന്നു എങ്കിൽ!!