ഹെൽമറ്റുകളുടെ ഉപയോഗം

149

Jomol Joseph

ഹെൽമറ്റുകളുടെ ഉപയോഗം

ഹെൽമറ്റ് ഒരു ബാധ്യതയായാണ് പലരും കാണുന്നത്. എന്നാൽ ഹെൽമറ്റ് ഒരു ബാധ്യതയല്ല, നമ്മുടെ ജീവന്റെ സംരക്ഷണത്തിന് ഹെൽമറ്റ് അത്യാവശ്യമാണ്.

ഹെൽമറ്റ് നിർബന്ധമായും ധരിക്കണം എന്ന് പറയുമ്പേൾ, പലരും പറയുന്ന മറുപടിയാണ് ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് ഹെൽമറ്റ് നിർബന്ധമാക്കാം എന്ന്. എന്നാൽ മോശം റോഡുകളിലൂടെ ടൂവീലറുകളിൽ യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും അപകട സാധ്യത എന്ന യാഥാർത്ഥ്യം പലരും മനസ്സിലാക്കാതെ പോകുന്നു.

ഞങ്ങൾ ബിസിനസ്സ് ആവശ്യത്തിനായി നിരന്തരമായി യാത്രകൾ ചെയ്തിരുന്നവരാണ്. നമ്മുടെ ഹൈവേയിലൂടെ മിക്ക ദിവസവും മുന്നോറോളം കിലോമീറ്ററുകൾ യാത്ര ചെയ്യാത്ത ദിവസങ്ങൾ വിരളമായിരുന്നു രണ്ടുവർഷം മുമ്പ് വരെ. മിക്ക യാത്രകളിലും പല അപകടങ്ങളും കൺമുന്നിൽ കണ്ടിട്ടുണ്ട്. അതിൽ കൂടുതലും ടൂവീലർ അപകടങ്ങളായിരുന്നു എന്നതാണ് സത്യം. അപകടത്തിൽ പെട്ടവരെ തിരിഞ്ഞു നോക്കാതെ കടന്നു പോകുന്ന നിരവധി വാഹനങ്ങളെയും ആളുകളേയും കണ്ടിട്ടുമുണ്ട്.

എന്നാൽ ഒരു അപകടം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ, അപകടത്തിൽ പെട്ടവരെ ഞങ്ങളുടെ കാറിലോ, ആമ്പുലൻസിലോ കയറ്റി ആശുപത്രിയിലെത്തിച്ച് ബന്ധുക്കളോ സുഹൃത്തുക്കളോ വരുന്നതുവരെ കൂടെ നിനന് ചികിൽസ ഉറപ്പുവരുത്താൻ ഇന്നു വരെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നത് സന്തോഷകരമാണ്.

ഈ അപകടങ്ങളിൽ ഭൂരിഭാഗവും തലക്ക് പരിക്കുപറ്റിയത് തന്നെയായിരുന്നു. ടൂവീലറിൽ നിന്ന് മറിഞ്ഞു വീഴുമ്പോൾ തലക്ക് പരിക്ക് പറ്റാനാണ് കൂടുതൽ സാധ്യത. നമ്മുടെ നാട്ടിൽ നടക്കുന്ന ടൂ വീലർ അപകടങ്ങളിൽ വലിയൊരു ശതമാനം കേസുകളിലും, അപകടം പറ്റിയ ആളുടെ തലക്കാണ് പരിക്കേറ്റിരിക്കുന്നത് എന്ന യാഥാർത്ഥ്യം നമ്മൾ കാണാതെ പോകരുത്. ഇത്തരം പരിക്കുകളിൽ നിന്നും തലക്ക് സംരക്ഷണം ഒരുക്കാനായി ഹെൽമറ്റിന് ഒരു പരിധി വരെ സാധിക്കും.

വിപണിയിൽ ലഭിക്കുന്ന ഒരു ഹെൽമറ്റിനും വാറന്റിയോ ഗ്യാരന്റിയോ ഇല്ല എന്നതും യാഥാർത്ഥ്യമാണ്. എന്നാൽ ISI മുദ്രയുള്ള ഹെൽമറ്റുകൾ നോക്കി വാങ്ങിയാൽ ഗുണനിലവാരം ഒരു പരിധി വരെ ഉറപ്പുവരുത്താനാകും. ഹെൽമറ്റുകൾ വാങ്ങുമ്പോൾ താടിയെല്ലിന് കൂടി സംരക്ഷണം ലഭിക്കുന്ന തരത്തിൽ ഫുൾ കവറിങ് ഉള്ളത് വാങ്ങുന്നതാണ് കൂടുതൽ ഗുണകരം. തലയുടെ പരിക്കുകഴിഞ്ഞാൽ ടൂവീലർ അപകടങ്ങളിൽ കൂടുതലായി പരിക്ക് പറ്റുന്നത് താടിയെല്ലിനാണ് എന്നതും പഠനങ്ങളിൽ നിന്നും മനസ്സിലാക്കാം.

അപ്പോൾ, നല്ല റോഡായാലും മോശം റോാഡായാലും ഹെൽമറ്റ് ധരിച്ച് ശ്രദ്ധിച്ച് ടൂവീലറിൽ യാത്ര ചെയ്യുക. അശ്രദ്ധമായ ഡ്രൈവിങ് അപകടം ക്ഷണിച്ച് വരുത്തും, നമ്മുടെ തെറ്റ് കൊണ്ടല്ലാതെ, എതിരെ വരുന്ന വാഹനത്തന്റെ ഡ്രൈവറുടെ അശ്രദ്ധ കൊണ്ടോ, ഒരു പട്ടിയോ പൂച്ചയോ മനുഷ്യനോ കുറുകെ ചാടിയാലോ, നമ്മുടെ ടൂവീലർ കുഴിയിൽ ചാടിയാലോ പോലും അപകടങ്ങൾ സംഭവിക്കാം. ഏതൊരു നിമിഷവും പതിയിരിക്കുന്ന അപകടത്തിൽ നിന്നും സ്വയം സംരക്ഷണം ഉറപ്പാക്കാൻ ടൂവീലർ യാത്രക്കാർക്ക് ഹെൽമറ്റ് തന്നെയാണ് പ്രധാനമായ സുരക്ഷാടൂൾ.

ടൂവീലർ ഓടിക്കുന്നവരായാലും, പിൻ സീറ്റിൽ യാത്രചെയ്യുന്നവരയാലും ഹെൽമറ്റ് നിർബന്ധമായും ധരിക്കുക, സ്വന്തം ജീവനേക്കാൾ വിലയേറിയതായി ഈ ലോകത്ത് വേറൊന്നുമില്ല.