എത്ര വികലമായാണ് ശാസ്ത്രീയതയെന്ന പേരിൽ വിവരക്കേടും തെറ്റായ പഠനവും ആളുകളിലേക്ക് രജിത് കുമാറെന്ന കോളജ് അദ്ധ്യാപകൻ എത്തിക്കുന്നത്?

230
Jomol Joseph
എത്ര വികലമായാണ് ശാസ്ത്രീയതയെന്ന പേരിൽ വിവരക്കേടും തെറ്റായ പഠനവും ആളുകളിലേക്ക് രജിത് കുമാറെന്ന കോളജ് അദ്ധ്യാപകൻ എത്തിക്കുന്നത്?
അദ്ദേഹം കഴിഞ്ഞ ദിവസം ബിഗ്ബോസ്സ് ഷോയിൽ പറഞ്ഞ കാര്യമാണ്, ഇറച്ചിയുടെ ഉപയോഗത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ, അവയിൽ മനുഷ്യർക്ക് ദോഷകരമായ പല കെമിക്കലുകളും ഉൽപാദിപ്പിക്കപ്പെടുന്നു എന്ന്. കൂടാതെ അത്തരം സാഹചര്യത്തിൽ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചി കഴിക്കുന്നത് മനുഷ്യശരീരത്തിന് ദോഷകരമാണ് എന്നും ബിഗ്ബോസ്സിലൂടെ രജിത് കുമാർ പറഞ്ഞു വെക്കുന്നു. വലിയ ശാസ്ത്രീയതയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.
എന്താണ് ഇതിന് പിന്നിലെ വസ്തുത..
മനുഷ്യനായാലും മൃഗമായാലും പേടിയുടേയോ ഭയത്തിന്റേയോ സാഹചര്യം ആ ജീവിക്ക് ഉണ്ടാകുമ്പോൾ, ആ സാഹചര്യത്തിൽ തന്നെ കീഴ്പ്പെടുത്താനായി വരുന്ന ശത്രുവിനെ നേരിടാനായി ശരീരം സ്വയം സജ്ജമാകുന്ന അവസ്ഥയുണ്ട്.ആ അവസ്ഥ എങ്ങനെയെന്ന് നമുക്ക് നോക്കാം..
അഡ്രിനാലിൻ അഥവാ എപിനെഫ്രീൻ എന്നുപേരുള്ള ഹോർമോൺ ആണ് ശരീരത്തെ പ്രതിരോധത്തിന് സജ്ജമാക്കുന്നതിന് വേണ്ടി ഇത്തരം സാഹചര്യത്തിൽ ശരീരം സ്വയം ഉൽപാദിപ്പിക്കുന്നത്. ഈ ഹോർമോണിന് Fight or Flight ഹോർമോൺ എന്നും പേരുണ്ട്. സ്ട്രെസ് നിറഞ്ഞ, എക്സൈറ്റഡായ, അപകടകരമോ, ഭീഷണിയോ ഉള്ള സന്ദർഭങ്ങളിലൂടെ കടന്നുപോകുമ്പോൾ, ശരീരത്തിൽ അഡ്രിനാലിൻ ഉൽപാദിപ്പിക്കപ്പെടുകയും ശരീരം വളരെ വേഗത്തിൽ റിയാക്ട് ചെയ്യുന്നതിന് അഡ്രിനാലിൻ നമ്മളെ സഹായിക്കുകയും ചെയ്യും.
നമ്മുടെ ശരീരത്തിൽ അഡ്രിനാലിൻ ഉൽപാദിപ്പിക്കപ്പെട്ടാൽ, എന്തൊകകെ മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ നടക്കും എന്ന് നമുക്ക് പരിശോധിക്കാം.
1. കരൾ കോശങ്ങൾ ഗ്ലൈക്കോജൻ രൂപത്തിലുള്ള വലിയ പഞ്ചസാര തൻമാത്രകളെ ഗ്ലൂക്കോസ് എന്ന രൂപത്തിലുള്ള ചെറുതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ പഞ്ചസാര തൻമാത്രകളാക്കി മാറ്റുന്നു. ഈ പഞ്ചസാര തൻമാത്രകൾ നമ്മുടെ പേശികൾക്ക് അധിക ഊർജ്ജം നൽകുകയും, അതുവഴി നമ്മുടെ ശരീരത്തിന് പ്രതിരോധിക്കാനാവശ്യമായ കൂടുതൽ എനർജി ലഭിക്കുന്നു.
2. നമ്മുടെ ശരീരത്തിന് കൂടുതൽ വേഗത്തിൽ ശ്വസിക്കാൻ കഴിയുകയും അതുവഴി നമുക്ക് കൂടുതൽ എനർജി ലഭിക്കുകയും ചെയ്യുന്നു.
3. ഹൃദയമിടിപ്പിന്റെ വേഗതവർദ്ധിക്കുകയും അതുവഴി, നമ്മുടെ ശരീരത്തിലെ ബ്ലഡ് സർക്കുലേഷന്റെ വേഗത കൂടുകയും ചെയ്യുന്നു. കൂടാതെ പ്രധാന മസിൽ പേശികളിലേക്ക് നേരിട്ട് രക്തമെത്തിക്കപ്പെടുകയും ചെയ്യുന്നു.
4. ഇൻസുലിന്റെ ഉൽപാദനംകുറക്കുകയോ തടയുകയോ ചെയ്യുന്നത് വഴി, അധിക ഷുഗർ ലെവൽ രക്തത്തിൽ ഉണ്ടാകുകയും, അത് അധിക എനർജിയായി മാറ്റപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ അഡ്രിനാലിൻ ഉൽപാദിപ്പിക്കപ്പെടുന്നതിന്റെ പ്രകടമായ ലക്ഷണങ്ങൾ
1. ഹൃദയമിടിപ്പ് കൂടുന്നു
2. ശരീരം വിയർക്കും
3. വേഗത്തിലുള്ള ശ്വസനം
4. വേദന സഹിക്കാനുള്ള കഴിവ് കൂടുന്നു
5. കരുത്തും പ്രകടനവും വർദ്ധിക്കുന്നു.
6. നെർവസായി മാറുന്നു.
ഇതാണ് രജിത് കുമാറെന്ന കോളജ് അദ്ധ്യാപകൻ പറഞ്ഞ വികലമായ ശാസ്ത്രീയതയുടെ സയന്റിഫിക് വശം. ഇതിനെ പാമ്പിന് പേടി വരുമ്പോൾ, പാമ്പിന്റെ ശരീരത്തിൽ നിന്നു വിഷം വരുന്നതുമായി കണക്ട് ചെയ്ത്, തെറ്റായ അറിവ് സമൂഹത്തിലേക്ക് നൽകുകയാണ്. ഭക്ഷണത്തിനായി കൊല്ലപ്പെടുന്ന പശു, പോത്ത്, ആട്, കോഴി, താറാവ് തുടങ്ങിയ ജീവികളിലൊന്നും ശരീരത്തിൽ വിഷം ഉൽപാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് യഥാർത്ഥ വസ്തുത..
Phd നേടിയ, കോളജ് അദ്ധ്യാപകനായ ഒരു മനുഷ്യൻ ഇത്തരം പൊട്ടത്തരങ്ങൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നതും, അയാൾക്ക് സമൂഹത്തിൽ സ്വീകാര്യത കൂടുന്നതും അപകടം തന്നെയാണ്. സമൂഹത്തെ പിന്നോട്ട് നടത്താൻ മാത്രമേ അയാളുടെ സ്യൂഡോ സയൻസിനും അയാൾക്കും സാധിക്കൂ.