കൂടത്തായി കൊലപാതകം – ചില ചിന്തകൾ

413

Jomol Joseph

കൂടത്തായി കൊലപാതകം – ചില ചിന്തകൾ

1. കൂടത്തായിയിൽ 16 വർഷമായി നീണ്ടുനിന്ന, ആറുപേരെ കൊന്ന കേസെന്ന് മാധ്യമങ്ങൾ പറയുന്നു. എന്നാൽ പോലീസ് പറയുന്നത്, ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമാണ് സംശയകരമായ സാഹചര്യം നിലനിൽക്കുന്നത്, (അതായത് പോസ്റ്റ്മോർട്ടം റിപ്പോർ​ട്ടിൽ സയനൈഡിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്) അതിനാൽ ആ കേസാണ് പോലീസ് അന്വേഷിക്കുന്നത് എന്നതാണ്. ബാക്കി മരണങ്ങളിൽ മരണം നടന്ന കാലത്ത് ആരും സംശയം ഉന്നയിച്ചിട്ടില്ല, എന്നാൽ ഇന്ന് ആ മരണങ്ങൾ കൂടി സംശയത്തിന്റെ നിഴലിലേക്ക് വന്നതിനാൽ പോലീസ് ആ മരണങ്ങളും അന്വേഷിച്ചേക്കാം, എന്നാൽ ഇതുവരെ ആ മരണങ്ങൾ സംബന്ധിച്ച് യാതൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. മരണത്തിൽ അസ്വാഭീവകതയുണ്ട് എന്ന് ആരോപണം വന്നാൽ അതൊക്കെ കൊലപാതകം എന്ന് മുൻധാരണയോണയോടെ വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് എന്താണ് അധികാരം?

2. പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നതേയുള്ളൂ, ജോളിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത്, പോലീസ് കസ്റ്റഡിയിൽ വാങ്ങി. പക്ഷെ മാധ്യമങ്ങൾ ഓരോ ദിവസവും പലരേയും പ്രതിയെന്ന് പറഞ്ഞ് സമാന്തര അന്വേഷണം നടത്തി, സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. അതായത് എന്നെയും നിങ്ങളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പോലീസ് ചോദ്യം ചെയ്തു എന്ന കാരണം കൊണ്ട്, ചോദ്യം ചെയ്യപ്പെട്ടവരെല്ലാം പ്രതികളായി മാറുമോ? പോലിസ് കേസിന്റെ മുന്നോട്ടുപോക്കിനായി ചോദ്യം ചെയ്തവരെ മുഴുവനുംം ചാനലുകളിൽ കൊണ്ടിരുത്തി പോലീസ് ചോദിച്ച ചോദ്യങ്ങളും അവർ നൽകിയ ഉത്തരങ്ങളും പറയിപ്പിക്കുന്നത്, ആ കേസിന്റെ മുന്നോട്ടുപോക്കിന് എത്രമാത്രം തടസ്സങ്ങൾ സൃഷ്ടിക്കും? പോലീസ് നടത്തുന്ന കേസന്വേഷണത്തെ അട്ടിമറിക്കാനേ മാധ്യമങ്ങളുടെ സ്വയം പ്രഖ്യാപിത അന്വേഷണം ഇടനൽകൂ.

3. ഓരോ ദിവസവും ചാനലുകളുടെ ചർച്ചകളിൽ നേരിട്ടും, ഫോൺ ഇൻ ആയും ഒക്കെ റിട്ടയേഡ് എസ്പിമാരെ കൊണ്ടിരുത്തി എന്തൊകകെ വിവരക്കേടുകളാണ് പറയിക്കുന്നത്? ഇവരൊക്കെ ആധികാരികമായി പലതും പറയുന്നു, ഇതിന് അടിസ്ഥാനമായ എന്ത് വിവരമാണ് അന്വേഷണസംഘം ഇവർക്കോ പൊതസമൂഹത്തിനോ കൈമാറിയത്? ചില വക്കീലൻമാരെയും ചർച്ചകളിൽ കാണാം, ആ വക്കീലൻമാർ പോലും കേസ് തെളിയിച്ചുകഴിഞ്ഞപോലാണ് ചാനലുകളിൽ ഇരുന്ന് സംസാരിക്കുന്നത്.

4. ഒരു കേസ് ഉണ്ടായാൽ, ആ കേസിലൊരു പെണ്ണ് പ്രതിയായിമാറിയാൽ, അവിഹിതകഥകൾക്ക സ്കോപ്പുണ്ടോ എന്നും, എരിവും പുളിയും ഉള്ള കഥകൾ കിട്ടുമോ എന്നുമാണ് പലരുടേയും നോട്ടം, അതിൽ മാധ്യമങ്ങളും മുന്നിൽ തന്നെയുണ്ട്. എന്നാൽ ഇന്നലെ ജോർജ്ജ് ജോസഫ് എന്ന മുൻ എസ്പി മനോരമ ചാനലിൽ വന്നിരുന്ന് പറയുന്നു, ” ഒരു വിവാഹം കഴിഞ്ഞു, ഭർത്താവ് മരിച്ചു, വീണ്ടും വിവാഹിതയായി, പല പുരുഷൻമാരുമായും ബന്ധമുണ്ട്, നാല്പതു വയസ്സുകഴിഞ്ഞവളാണ് ജോളി, അവർ ഒന്ന് രണ്ട് തവണ ഗർഭഛിത്രം നടത്തി.. അവർ (ജോളി) സെക്സോ മാനിയാക് ആണ്!!” എന്ന്. അല്ല മുൻ എസ്പീ, ജോളി സെക്സോമാനിയാക് ആണെന്നും, അതാണ് കൊലപാതകങ്ങളിലേക്കോ കൊലപാതകത്തിലേക്കോ നയിച്ചതെന്നോ അന്വേഷണസംഘം കണ്ടെത്തിയോ? അവർ സെക്സോ മാനിയാക് ആണെന്ന് മെഡിക്കൽ സംഘം പറഞ്ഞോ? പിന്നെങ്ങനെ താങ്കളീ അഭിപ്രായം ചാനലിലൂടെ പൊതുസമൂഹത്തോട് പറയും?

ഇവിടെയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പൊതുബോധം. ഒരു സ്ത്രീയുടെ ഭർത്താവ് മരിച്ചാൽ, പിന്നെ ആ സ്ത്രീക്ക് ലൈംഗീകജീവിതം പാടില്ല, പല പുരുഷൻമാരുമായി ഒരു സ്ത്രീക്ക് സൌഹൃദമുണ്ട് എങ്കിൽ, അതെല്ലാം അവളുടെ കാമാസക്തി മൂലം തന്നെ, നാല്പത് കഴിഞ്ഞ സ്ത്രീയുടെ ലൈംഗീകതാൽപര്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല ഇങ്ങനെയുള്ള വികലമായ ചിന്തകളിൽ നിന്നും തന്നെയാണ് ഒരു മുൻ എസ്പി പോലും സമൂഹത്തിൽ ഇടപെടുന്നത്. ആ എസ്പിയുടെ ഭാര്യക്ക് ലൈംഗീക താൽപര്യം ഇല്ല എങ്കിൽ, എസ്പി സാർ എത്രയും പെട്ടന്ന് നല്ലൊരു സെക്സോളജിസ്റ്റിനെ കാണിക്കൂ, അല്ലാതെ താങ്കളുടെ ഫ്രസ്ട്രേഷൻ മുഴുവനും ജോളിയുടെ എന്നല്ല ഒരു സ്ത്രീയുടെ തലയിലേക്കും കെട്ടിവെക്കരുത്.

5. ജോളി ചെയ്ത ക്രൈം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുക പോലും ചെയ്യുന്നതിന് മുമ്പ്, ജോളിയെ മുതലെടുക്കുകയാണ് പലരും.

ഒന്നാമതായി മാധ്യമങ്ങൾ – അവർ അപസർപ്പക കഥകളും, ഊഹാപോഹങ്ങളും ആയി അവരുടെ റേറ്റിങ്ങിനായി മാത്രം ജോളിയെ ഉപയോഗിക്കുകയാണ്.

രണ്ടാമതായി രാഷ്ട്രീയക്കാർ – അവർക്ക് വേണ്ടത് ജോളിയുടെ സൌഹൃദവലയത്തിലുണ്ടായിരുന്ന എതിർ രാഷ്ട്രീയക്കാരെയാണ്. അതിനുമപ്പുറം ഈ രാഷ്ട്രീയക്കാരും കേസുമായി ബന്ധമുണ്ടോ എന്നത് വിഷയമല്ല, ഇരുപത് കൊല്ലം ഒരു നാട്ടിൽ അതും നാട്ടിൻപുറത്ത് ജീവിച്ച ഒരു സ്ത്രീക്ക് ആ നാട്ടിലുള്ളവരെയും സമീപ പ്രദേഷങ്ങളിലുള്ളവരേയും പരിചയമുണ്ടാകും എന്ന മിനിമം ബോധം പോലും പലർക്കുമില്ല.

മൂന്നാമതായി മതവിരോധികൾ – ജോളി മതവാദിയായിരുന്നു എന്നതുവഴി മതവാദികൾ മുഴുവനും ക്രിമിനലുകളാണ് എന്ന് വരുത്തിതീർ‌ത്ത് മദവാദത്തെക്കാൾ എന്തുകൊണ്ടും ഭേദം മതനിരാസമാണ് എന്നു സ്ഥാപിക്കാനായി മതവിരോധികളും ജോളിയെ സമർത്ഥമായി ഉപയോഗിക്കുന്നു.

നാലാമതായി സ്ത്രീവിരോധികൾ – സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണം എന്നുതുടങ്ങുന്ന ട്രോളുകൾ പോലും സ്ത്രീവിരോധത്തിന്റെ നേർലക്ഷണമാണ്. സ്ത്രീകളേക്കാൾ മെച്ചം പുരുഷൻമാരെന്ന് പറയാതെ പറയുന്നു ഇത്തരക്കാർ. അവർക്ക് നമ്മുടെ സംസ്ഥാനത്തെ ക്രൈം റേറ്റിലും, കൺവിക്ടഡ് കണക്കുകളിലും 90 ശതമാനത്തിനും മുകളിൽ പുരുഷൻമാരാണ് പ്രതികളും കുറ്റക്കാരും എന്ന ഡാറ്റ പോലും വിഷയമല്ല. ഒരു പുരുഷൻ കുറ്റകൃത്യം ചെയ്താൽ, സകല പുരുഷൻമാരും അത്തരക്കാരെന്ന വാദം സ്ത്രീകൾ പറയാറില്ല, എന്നാൽ നമ്മുടെ വീട്ടിലും ഇതിന് സാധ്യതയുണ്ട് എന്ന് പറയാതെ പറയുന്നവർക്ക് സ്ത്രീകളെ കടന്നാക്രമിക്കാനൊരു ഉപകരണം മാത്രമാണ് ജോളി.

അഞ്ചാമതായി സീരിയൽ വിരോധികൾ – നമ്മുടെ വീടുകളിലും ജോളിമാർ വളർന്നു വരുന്നു എന്ന തലക്കെട്ടോടെ, സീരിയലുകളിലെ ക്രൈമുകളും അസൂയയും പരദൂഷണവും ഒക്കെ കുടുംബജീവിതത്തിൽ വിള്ളലുകൾ തീർക്കുന്നു എന്നും, നാളെ സ്വന്തം മകളോ സഹോദരിയോ അമ്മയോ ഭാര്യയോ ഒക്കെ ഈ സീരിയലുകളാൽ പ്രചോദിതരായി ജോളിമാരാകും എന്നും ഉള്ള വാദം തന്നെ എന്തൊരു വിവരക്കേടാണ്? സിനിമയോ, സീരിയലോ, നോവലുകളോ സ്വാധീനിച്ച് എത്ര ക്രൈമുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്? എത്ര ക്രിമിനലുകൾ അതുമൂലം നമ്മുടെ നാട്ടിൽ ഉണ്ടായി? അതൊന്നും ഇവരുടെ വിഷയമേയല്ല. ജോളി ഇത്തരമൊരു കുറ്റകൃത്യം ചെയ്തോ എന്നും, അതിന് പ്രചോദനം സീരിയുകളാണോ എന്നതും അവർക്ക് വിഷയമേയല്ല, പകരം സീരിയൽ വിരോധം തീർക്കാൻ കിട്ടുന്ന അവസരം അവരും മുതലെടുക്കുന്നു.

ആറാമതായി പുരോഗമനവാദികൾ – ജോളി കുലസ്ത്രീ ആയിരുന്നു എന്നും അതാണ് കൊലക്ക് കാരണമെന്നുംം കുലസ്ത്രീകളെല്ലാം അവസരം കിട്ടിയാൽ ക്രിമിനലുകളാകും എന്നത് അവരും പറഞ്ഞുവെക്കുന്നു. എത്ര കുലസ്ത്രീകൾ ആണ് കൊലപാതകികളോ ക്രിമിനലുകളോ ആയിട്ടുള്ളത്, കലസ്ത്രീ പട്ടം അവരുടെ ക്രൈമിന് മറയായിരുന്നോ എന്നൊന്നും അവരോടും ചോദിക്കരുത്, പുരോഗമന വാദികൾക്ക് ജോളിയെ വെച്ച് വല്ല മെച്ചവും കിട്ടിയാൽ അവർക്കും കൈപ്പ് തോന്നില്ലല്ലോ?

ഏഴാമതായി സിനിമക്കാർ – അവർ കൂടത്തായി എന്ന ടൈറ്റിലിൽ സിനിമ ചെയ്യാനായി മൽസരിക്കുകയാണ്. അതിൽ മോഹൻലാൽ അടക്കം ഉണ്ടെന്നത്, ഈ കേസിന്റെ സാമൂഹ്യ പ്രാധാന്യത്തേക്കാൾ, ഈ സംഭവം എങ്ങനെ വരുമാനമാർഗ്ഗമാക്കാം എന്ന ചിന്ത തന്നെയാണ്. കൂടത്തായി എന്ന ഗ്രാമത്തേയും, ആ ഗ്രാമത്തിൽ നടന്നു എന്ന് പോലീസ് ആരോപിക്കുന്ന സംഭവത്തെയും എൻക്യാഷ് ചെയ്യാനായി സിനിമക്കാരും മൽസരിക്കുന്നു.

ഇങ്ങനെ ഏതൊക്കെ തരത്തിൽ എങ്ങനെയൊക്കെ ജോളിയെ ഉപയോഗപ്പെടുത്താം എന്നതാണ് സകലരുടേയും ചിന്ത, എന്നാൽ എന്റെ ചിന്തകൾ ഇതിൽ നിന്നും വിഭിന്നമാണ്.

1. പോലീസ് പ്രതിയെന്ന് പറയുന്ന, പോലീസിനാൽ കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തി മാത്രമാണ് ജോളി. ജോളിക്ക് എന്താണ് പറയാനുള്ളതെന്ന് നമ്മളാരും കേട്ടിട്ടില്ല, ജോളിക്ക് ജോളിയുടെ ഭാഗം പറയുവാനും, ജോളിയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ശരിയെന്നോ തെറ്റെന്നോ പറയാനുംം പോലീസ് ജോളിക്കെതിരായി നിരത്തുന്ന തെളിവുകൾ ശരിവെക്കുകയോ ഖണ്ഡിക്കുകയോ ചെയ്യാനും ജോളിക്ക് അവസരമുണ്ട്. പോലീസ് ജോളിയിൽ ആരോപിക്കപ്പെട്ട കുറ്റം ശരിയെന്ന് കോടതി കണ്ടെത്തുന്നതുവരെ എന്നെ സംബന്ധിച്ച് “കുറ്റാരോപിത മാത്രമാണ് ജോളി”

2. ഇന്ന് നടക്കുന്നത് മാധ്യമവിചാരണ മാത്രമാണ്. മാധ്യമ വിചാരണക്ക് ഇരയാകേണ്ട ഒരു ബാധ്യതയും ജോളിക്കോ ജോളിയുടെ സുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ ഇല്ല.

3. ജോളിയിൽ അരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായി കേസന്വേഷേണം സമഗ്രമായി നടത്താൻ പോലീസിന് ബാധ്യതയുണ്ട്. ആ അന്വേഷണം അട്ടിമറിക്കാൻ സമാന്തരമായി മാധ്യമങ്ങളുടെ അന്വേഷണസംഘങ്ങളെ ഈ നാട്ടിൽ ആവശ്യമില്ല.

4. ആരെയും ക്യാമറയിൽ പകർത്താനോ, എവിടേയും കയറിചെന്ന് ക്യാമറ സൂംചെയ്യനോ മാധ്യമങ്ങൾക്ക് യാതൊരു അവകാശവുമില്ല, ഇന്ന് നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ പാപ്പരാസികളെക്കാൾ താഴ്ന്ന നിലവാരത്തിലാണുള്ളത്.

5. ജോളിക്ക് നിയമസഹായം നൽകാതെ പല വക്കീലൻമാരും ഒഴിഞ്ഞുമാറുന്നതായി കണ്ടു, അത് അവരുടെ പ്രൊഫഷനോടും അവരുടെ പ്ലഡ്ജിനോടും ചെയ്യുന്ന നീതികേടാണ്. നിയമസഹായം തേടിവരുന്ന ആർക്കും നിയമസഹായം നൽകുക എന്നത് വക്കീലൻമാരുടെ ബാധ്യതയാണ്.

6. ഏതൊരു കേസുമായി ബന്ധപ്പെട്ടായാലും പോലീസ് പറയുന്നത് മാത്രമല്ല ശരി, അങ്ങനെയായിരുന്നു എങ്കിൽ പ്രോസിക്യൂഷൻ നടപടികൾ കൂടാതെതന്നെ പോലീസ് ആരോപിക്കുന്ന കുറ്റം ശരിവെച്ച് ശിക്ഷ വിധിച്ചാൽ മതിയായിരുന്നല്ലോ?

7. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്, ഒരു നിരപരാധിയും ശിക്ഷിക്കപ്പെടുകയുമരുത്.

അച്ഛനെക്കൊന്നത് അമ്മയാണെന്ന വാർത്തകൾ കേട്ട് പകച്ചു നിൽക്കുന്ന മക്കളോടും, അമ്മയെയും, സഹോദരിയെയും കൊന്നത് രണ്ടാനമ്മയാണെന്ന വാർത്തകളിൽ നെഞ്ചുലയുന്ന കുഞ്ഞുങ്ങളോടും, സ്വന്തം അച്ഛനെയും അമ്മയെയും സഹോദരനേയും കൊന്നത് സഹോദര ഭാര്യയാണെന്ന വാർത്തകേൾക്കാൻ വിധിക്കപ്പെട്ടവരോടും, ഈ കാലയളവിൽ ആയുസ്സെത്താതെ അപ്രതീക്ഷിതമായി മരിച്ച തങ്ങളുടെ ബന്ധുക്കളും കൊലചെയ്യപ്പെട്ടാണോ എന്ന വേവലാതിയിലേക്ക് തള്ളിയിടപ്പെട്ടവരോടും താതാത്മ്യപ്പെട്ടുകൊണ്ടും, ജോളിയെ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിമാത്രമായി കണ്ടുകൊണ്ടും, സത്യം ആധികാരികമായി പുറത്തുവരുന്നതുവരെ കാത്തിരിക്കാൻ തയ്യാറായിക്കൊണ്ടും അപസർപ്പക കഥകളെയും സ്വയം കോടതിയും അന്വേഷണ ഉദ്യോഗസ്ഥരാകുന്നവരേയും പുച്ഛത്തോടെ കണ്ടുകൊണ്ടും നിർ‌ത്തട്ടെ..

ജോമോൾ ജോസഫ്