ലവ് ജിഹാദ് വിഷയത്തിൽ ക്ലാരിറ്റി വരുത്താനായി സീറോമലബാർ സഭുടെ സിനഡിനോടും, സഭയോടും ചില ചോദ്യങ്ങൾ

228

Jomol Joseph

ക്രിസ്ത്യൻ പെണ്ണുങ്ങളും ലൗ ജിഹാദും.

വിദേശത്തുനിന്നും ക്രിസ്ത്യൻ മിഷണറിമാർ കടലുകടന്ന് ഭാരതത്തിൽ വന്ന്, ഇവിടുണ്ടായിരുന്ന അക്രൈസ്തവരായ മനുഷ്യരെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിക്കൊണ്ട് തന്നെയാണ് ക്രിസ്ത്യൻ സഭ ഭാരതത്തിലുണ്ടായത്. ഇങ്ങനെ ക്രിസ്ത്യാനികളായ കുടുംബങ്ങളിലെ ആണുങ്ങൾ മറ്റുമതങ്ങളിൽ പെട്ട പെൺകുട്ടികളെ പ്രേമിച്ച് വിവാഹം ചെയ്യുമ്പോൾ ആ പെൺകുട്ടികളെ ക്രിസ്ത്യാനികളാക്കാൻ സഭ പ്രത്യേക താൽപര്യം കാണിച്ചിരുന്നു. ആ പെൺകുട്ടികൾക്ക് അവരുടെ മതമുപേക്ഷിക്കാതെ വേറെ വഴികളൊന്നുമില്ലതാനും. ഇതുപോലെ തന്നെ, ക്രിസ്ത്യൻ പെൺകുട്ടികളുടെ കാര്യത്തിൽ നടക്കണമെന്ന് സഭ വാശി പിടിച്ചിട്ട് വലിയ ഗുണമൊന്നും കിട്ടിയിട്ടില്ല, കാരണം ക്രിസ്ത്യൻ പെൺകുട്ടികൾ മറ്റുമതങ്ങളിൽ പെട്ട പുരുഷൻമാരെ പ്രേമിച്ച് വിവാഹം ചെയ്യുമ്പോൾ, ആ പുരുഷൻമാരുടെ മതം സ്വീകരിക്കേണ്ട അവസ്ഥയാണ് പെൺകുട്ടികൾക്ക്. ഇത് ക്രിസ്ത്യൻ പെൺകുട്ടികളുടെ മാത്രം വിഷയമല്ല, പുരുഷമേധാവിത്വം പിന്തുടർച്ചാവകാശമായി കൊണ്ടുനടക്കുന്ന എല്ലാ മതങ്ങളിലും ഇതാണ് അവസ്ഥ. പ്രണയിച്ച് വിവാഹം കഴിക്കുമ്പോൾ, ഭർത്താവിന്റെ മതം സ്വീകരിക്കാനും തന്റെ മതമുപേക്ഷിക്കാനും വിധിക്കപ്പെടുന്ന പാവം മതജീവികൾ മാത്രമാണ് എല്ലാ മതങ്ങളിലും പെട്ട സ്ത്രീകൾ.

ഇനി വിഷയത്തിലേക്ക് വരാം, കഴിഞ്ഞ ദിവസം അവസാനിച്ച സീറോ മലബാർ സഭയുടെ സിനഡിൽ സഭയിലെ പെൺകുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കി മുസ്ലീം തീവ്ര ആശയങ്ങളുടെ വക്താക്കൾ തട്ടിക്കൊണ്ടുപോകുന്നു എന്നതാണ് സഭാ സിനഡിന്റെ കണ്ടെത്തൽ. ഇതിൽ ക്ലാരിറ്റി വരുത്താനായി സീറോമലബാർ സഭുടെ സിനഡിനോടും, സഭയോടും ചില ചോദ്യങ്ങൾ..

 1. സിനഡിന്റെ വാർത്താക്കുറിപ്പിൽ പറയുന്ന ലൗ ജിഹാദിന് ഇരയായി ISIS ലേക്ക് പോയ ക്രിസ്ത്യൻ പെൺകുട്ടികൾ ആരൊക്കെ?
 2. അവരുടെ പേരും അഡ്ഡ്രസ്സും പറയാൻ സഭ തയ്യാറാണോ?
 3. ആ പെൺകുട്ടികളെ ലൗ ജിഹാദിന് ഇരയാക്കിയ മുസ്ലീം പുരുഷൻമാർ ആരൊക്കെ?
 4. അവരുടെ പേരും അഡ്ഡ്രസ്സും പറയാൻ സഭ തയ്യാറാണോ?
 5. രാജ്യത്തെ ജനങ്ങളേയും സഭാമക്കളേയും നേരിട്ടു ബാധിക്കുന്ന പൗരത്വ നിയമ വിഷയത്തിൽ സിനഡിൽ ചർച്ച നടന്നോ?
 6. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് വല്ല ആശങ്കളും സഭാസിനഡ് പുറപ്പെടുവിച്ച പത്രക്കുറുപ്പിലോ, പ്രസ്താവനകളിലോ കണ്ടിരുന്നോ?
 7. രാജ്യത്തെ സമ്പദ്ഘടന തകർന്നടിയുന്നതിലും, തൊഴിൽനഷ്ടം സംഭവിക്കുന്നതിലും സഭാസിനഡ് അഭിപ്രായം വല്ലതും പറഞ്ഞോ?
 8. മാസങ്ങളായി കാശ്മീരി ജനത അനുഭവിക്കുന്ന നീതിനിഷേധത്തിൽ സഭാ സിനഡ് വേവലാതിപ്പെട്ടോ?
 9. രാജ്യത്തെ കലാലയങ്ങളിൽ നടക്കുന്ന പോലീസ് ഭീകരതയെ കുറിച്ച് സഭ ചർച്ചചെയ്തോ?
  ഇവിടെ മറ്റൊരു വിഷയം കൂടി നമ്മൾ കാണേണ്ടതുണ്ട്. കഴിഞ്ഞദിവസം സംസ്ഥാനത്ത് ബിജെപി ആരംഭിച്ച പൗരത്വനിയമ ഭേദഗതിക്ക് അനുകൂലമായ പ്രചരണം ഉദ്ഘാടനം ചെയ്തത് ആരാണ്? അത് ഈ പോസ്റ്റിനൊപ്പം പങ്കുവെക്കുന്ന ചിത്രം കണ്ടാൽ സഭാവിശ്വാസികൾക്കും നാട്ടുകാർക്കും ബോധ്യപ്പെടും.

അപ്പോൾ സഭയുടെ യഥാർത്ഥവിഷയം എന്താണ്? രാജ്യത്തെ ജനങ്ങളെയോ, സഭാവിശ്വാസികളേയോ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെ സഭ അഡ്ഡ്രസ്സ് ചെയ്യാൻ തയ്യാറാകാതെ, എന്തിന് സഭ ബിജെപിക്കൊപ്പം നിലകൊള്ളണം?

വിഷയം സിമ്പിളാണ്, കൊള്ളയും തീവെട്ടികൊള്ളയും നടത്തുന്ന സഭക്ക് കേന്ദ്രസർക്കാർ ഏജൻസികളെ പേടിക്കേണ്ടിയിരിക്കുന്നു. എൻഫോഴ്സ്മെന്റിനെയും, ഇൻകം ടാക്സിനെയും ചൂണ്ടിക്കാണിച്ച് പേടിപ്പിക്കുന്ന ബിജെപിയോടൊപ്പം നിൽക്കാൻ സഭാ നേതാക്കൾ തയ്യാറായില്ലേൽ, സഭാനേതാക്കളുടെയും അവരുടെ ബന്ധുക്കളുടേയും സ്ഥാവര ജംഗമ വസ്തുക്കളിലേക്ക് ഒരു അന്വേഷണം വന്നാൽ, ഇന്നത്തെ പല സഭാനേതാക്കളും തട്ടിപ്പുകാരാണെന്നും കള്ളൻമാരാണെന്നുമുള്ള സത്യം ലോകമറിയും. അതോടെ സഭാവിശ്വാസികൾക്ക് സഭാനേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. അതോടെ ഇവരുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകും.

അകത്ത് പോകാൻ തക്ക വിധത്തിൽ കേസുണ്ടായതുകൊണ്ട് ആലഞ്ചേരിക്ക് ബിജെപിയുടെ ഭാഷയിലേ സംസാരിക്കാനാകൂ. പക്ഷെ വിശ്വാസികൾക്ക് ആ ഭാഷ ഏറ്റുപിടിക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല.
ക്രിസ്ത്യൻ പെമ്പിള്ളേരെ മുസ്ലീം ചെക്കൻമാർ വിവാഹം കഴിച്ചാൽ അത് ലൗജിഹാദ്, ക്രിസ്ത്യൻ ചെക്കൻമാർ മറ്റുമതങ്ങളിൽ പെട്ട പെൺകുട്ടികളെ വിവാഹം കഴിച്ചാൽ അത് സുവിശേഷപ്രവർത്തനം!! മതവും ജാതിയും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നത് ഒരു പുരോഗമന സമൂഹത്തിന്റെ ലക്ഷണമാണ്, കാലം പുരോഗതിയിലേക്ക് നീങ്ങുമ്പോൾ മതങ്ങൾ കെട്ടിപ്പൊക്കിയ സകല മതിലുകളും സ്നേഹത്തിനും മനുഷ്യത്വത്തിനും വിലകൊടുക്കുന്ന മനുഷ്യർ തകർത്തെറിയും.

സമൂഹം ഒറ്റക്കെട്ടായി നിന്ന് രാജ്യത്തെ മതവൽക്കരിക്കുന്നതിനെ, രാജ്യത്തെ കുട്ടിച്ചോറാക്കുന്നതിനെ എതിർക്കുമ്പോൾ, ഇസ്ലാമോഫോബിയക്കെതിരായ നിലപാട് സ്വീകരിക്കുമ്പോൾ ഇമ്മാതിരി കന്നംതിരിവ് കാണിക്കാൻ സിനഡിന് കഴിഞ്ഞതോർക്കുമ്പോൾ സഭാനേതൃത്വത്തോട് ഒന്നേ പറയാനുള്ളൂ, “അന്യന്റെ വിയർപ്പെടുത്ത് നക്കാതെ, പോയി പണിയെടുത്ത് ജീവിക്കെടോ മരയൂളകളേ”..