Jomol Joseph
മോഹൻലാലിന് വി.ടി മുരളിയോ, വി.ടി മുരളിക്ക് മോഹൻലാലോ ആകാൻ കഴിയില്ല..
VT Murali എന്ന പേര് ഇന്നത്തെ തലമുറയിലെ പലർക്കും അറിയില്ല എങ്കിലും, അദ്ദേഹം പാടിയ പാട്ടുകൾ തലമുറവ്യത്യാസമില്ലാതെ പാടിനടക്കുന്ന പാട്ടുകൾ തന്നെയാണ്. രണ്ടു കൈകളുടെ വിരലുകളിൽ എണ്ണാവുന്നത്ര പാട്ടുകളേ വി.ടി മുരളി സിനിമകൾക്കായി പാടിയിട്ടുള്ളൂ എങ്കിലും, ആ പാട്ടുകൾ കഴിഞ്ഞ തലമുറയുടെ ഇഷ്ടഗാനങ്ങളും, ആളുകൾ നെഞ്ചേറ്റിയ ഗാനങ്ങളും ആയിരുന്നു ആളുകളുടെ ചുണ്ടുകളിലും, സൌഹൃദ സദസ്സുകളിലും, സാംസ്കാരിക പരിപാടികളിലും, ഗാനമേളകളിലും ഒക്കെ വി.ടി മുരളിയുടെ പാട്ടുകൾ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നുമായിരുന്നു എന്നതാണ് വസ്തുത. ആ പാട്ടുകളെല്ലാം ഇന്നും ആളുകൾ മൂളുന്ന പാട്ടുകൾ തന്നെയാണ്.
ഒരു ഗായകനെ കുറിച്ച് കേരളത്തിലെ പതിമൂന്നോളം പബ്ലിഷിങ് കമ്പനികൾ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട് എങ്കിൽ അത് വി.ടി മുരളി എന്ന അനുഗ്രഹീത ഗായകന് മാത്രം ലഭിച്ച അംഗീകാരമാണ്.
“ഓത്തു പള്ളീലന്നു നമ്മള്
പോയിരുന്ന കാലം
ഓർത്തു കണ്ണീർ വാർത്തു
നിൽക്കയാണ് നീലമേഘം”
ശ്രീവിദ്യയും സുകുമാരനും അഭിനയിച്ച്, കെ പി കുമാരൻ സംവിധാനം ചെയ്ത തേൻതുള്ളി എന്ന 1979 ൽ റിലീസ് ചെയ്ത സിനിമയിൽ, പി. അബ്ദുറഹ്മാൻ രചിച്ച് കെ. രാഘവൻ ഈണമിട്ട് വി.ടി. മുരളി പാടിയ ഈ ഗാനം നാല്പതാണ്ടുകളായി മലയാള ഗാനശാഖയുടെ നെഞ്ചോടു ചേർന്നിട്ട്. തേൻതുള്ളി എന്ന സിനിമയുടെ ഒരു പ്രിന്റ് പോലും ഇന്ന് ലഭ്യമല്ല എങ്കിൽ പോലും ഈ പാട്ട് ഇന്നും ആയിരക്കണക്കിനാളുകളുടെ മനസിൽ തേന്മഴ പൊഴിക്കുന്നുണ്ട്. നാല്പത് വർഷം മുമ്പെന്ന് പറയുമ്പോൾ കാസറ്റ് ടേപ്പുകളും ടേപ്പ് റെക്കോർഡറുകളും മലയാളികൾ കണ്ടു തുടങ്ങുന്ന കാലം. ഗൾഫ് കുടിയേറ്റത്തിന്റെ തുടക്കകാലം. കടൽകടന്നെത്തുന്ന പാനസോണിക്കിന്റെ ടേപ്പ് റെക്കോർഡറുകൾക്കായി ആളുകൾ കൊതിച്ച് കാത്തിരുന്ന കാലം. അന്ന് ടേപ്പ് റെക്കോർഡറുകൾ കൈവശമുള്ള ആളുടെ കയ്യിൽ “ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം” എന്ന പാട്ടിന്റെ കാസറ്റും ഉണ്ടായിരിക്കും. അത്രമേൽ മലയാളികളെ സിനിമാഗാനശാഖയോട് ചേർത്തുനിർത്തിയ ഗാനമാണ് ഇത്. ആ ഗാനം ഹൃദയത്തിൽ തട്ടി പാടിയ അതുല്യ ഗായകനാണ് വി.ടി മുരളി എന്ന പ്രതിഭ.
മലയാള സിനിമയുടെ ചരിത്രത്തിൽ, ഒരു സിനിമാഗാനത്തെ ആസ്പദമാക്കി ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എങ്കിൽ അത് ഓത്തുപള്ളിയോർമ്മയിലെ തേൻതുള്ളി എന്ന ഒരേയൊരു പുസ്തകമാണ്. ഷംസുദ്ദീൻ കുട്ടോത്ത് എന്ന പത്ര പ്രവർത്തകൻ നാല്പത് വർഷങ്ങൾക്ക് ശേഷം ഇന്നും ഹരിതാഭയോടെ നിൽക്കുന്ന ആ പാട്ടിനെക്കുറിച്ചുള്ള ആയിരക്കണക്കിനോർമകളിൽ നിന്നും 53 പാട്ടോർമ്മകൾ സമാഹരിച്ചാണ് ഈ പുസ്തകത്തിന് രൂപം നൽകിയിരിക്കുന്നത്.
ഓരോ ഓർമയും പാട്ടിന്റെ ഓരോ ലോകമാണ് ഓർത്തെടുക്കുന്നത്. സംഗീതം പകർന്ന രാഘവൻ മാഷ് മുതൽ പാടിയ വി. ടി. മുരളി വരെ. സംവിധായകൻ കെ. പി. കുമാരൻ, നടൻ മാമുക്കോയ, എഴുത്തുകാരായ ശിഹാബുദീൻ പൊയ്തും കടവ്, അക്ബർ കക്കട്ടിൽ, കല്പറ്റ നാരായണൻ, യു .കെ .കുമാരൻ, വി.ആർ സുധീഷ്, കവി കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗായകൻ ജി. വേണുഗോപാൽ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, മുൻ മന്ത്രിമാരായ എം. കെ, മുനീർ, ബിനോയ് വിശ്വം എന്നിവർ തങ്ങളുടെ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ തേൻ തുള്ളിയുടെ നിർമാതാവ് ഷാജഹാനും ഓർമ്മകൾ പങ്കുവെക്കുന്നു. മാമുക്കോയയാണ് ഈ പുസ്തകത്തിനൊപ്പമുള്ള ഗാനത്തിന്റെ സി ഡി അവതരിപ്പിച്ചിരിക്കുന്നത്.
ഓത്തുപള്ളിയെന്ന പാട്ടിലൂടെ ഓർമ്മകളുടെ തേൻതുള്ളികളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ സിനിമയിൽ നായികാ നായകൻമാരുടെ ബാല്യകാലം ഗാനരംഗത്തിൽ അഭിനയിച്ചത് അലി അക്ബറും, താഹിറയും ആണ്. അലി അക്ബറിനെ ഇന്നും എല്ലാവരും അറിയും, എന്നാൽ താഹിറയെ പലരും ഇന്നറിയണമെന്നില്ല. പള്ളിക്കര വി.സി മുഹമ്മദിന്റെ മകളയായ താഹിറ, ഹാഫിസ് മുഹമ്മദിന്റെ ഭാര്യയാണിന്ന്.
മാതള തേനുണ്ണാൻ എന്ന പാട്ടിനും സിനിമാ രംഗത്തെ ചതികളുടെ കഥകളെ അതിജീവിച്ച കഥകൾ പറയാനുണ്ട്. വടകരക്കാരൻ കൂടിയായ കുറ്റിയിൽ ബാലനെന്ന “ഉയരും ഞാൻ നാടാകെ” എന്ന സിനിമയുടെ നിർമ്മാതാവാണ് അന്ന് തിളങ്ങി നിൽക്കുന്ന ഗായകനായ വി.ടി മുരളിയെ മാതളതേനുണ്ണാൻ എന്ന പാട്ടുപാടാനായി വിളിക്കുന്നത്. തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിൽ വെച്ച് റെക്കോഡിസ്റ്റ് ബാലകൃഷ്ണൻ വി.ടി മുരളി പാടിയ പാട്ട് റെക്കോർഡ് ചെയ്യുന്നു. റെക്കോർഡ് ചെയ്ത പാട്ട് കേട്ട വി.ടി മുരളി ഞെട്ടിപ്പോയി, ഗായകന്റെ സ്വരം പിന്നണി സംഗീതത്തിനും താഴെ അവ്യക്തമായി നിൽക്കുന്നു. എന്താണ് ഇങ്ങനെയെന്ന് റെക്കോഡിസ്റ്റിനോഡ് വി.ടി മുരളി ചോദിക്കുമ്പോൾ യേശുദാസിന് വേണ്ടിയുള്ള ട്രാക്കാണിതെന്ന് പറയുന്നു. തന്നെ പാട്ടുപാടാനാണ് വിളിച്ചതെന്നും, ട്രാക്ക് പാടാനായി എനിക്ക് തിരുവനന്തപുരം വരെ വരണ്ട ഗതികേടില്ല എന്നും വി.ടി മുരളി റെക്കോഡിസ്റ്റിനോട് പറയുകയും, ഈ വിവരം സിനിമയുടെ നിർമ്മാതാവായ കുറ്റിയിൽ ബാലനെ അറിയിക്കുകയും ചെയ്യുന്നു. നിർമ്മാതാവ് സിനിമയുടെ സംവിധായകനെ വിളിക്കുന്നു, സംവിധായകൻ നിർമ്മാതാവ് പോലും അറിയാതെ ഈ പാട്ട് യേശുദാസിനെ കൊണ്ട് പാടിക്കാം എന്ന് തീരുമാനിച്ചതറിഞ്ഞ നിർമ്മാതാവ്, വി.ടി മുരളിയല്ല ഈ പാട്ട് പാടുന്നതെങ്കിൽ ഈ സിനിമയിൽ താങ്കൾ ഇതുവരെ പ്രവർത്തിച്ചതിന്റെ പ്രതിഫലം വാങ്ങി ഈ സിനിമ നിർ‌ത്തിവെക്കാം എന്നും, എന്തു നഷ്ടം വന്നാലും അത് ഞാൻ സഹിച്ചോളം എന്നും പറയുന്നു. അതേതുടർന്ന് സംവിധാകൻ ഗത്യന്തരമില്ലാതെ വി.ടി മുരളി പാടിയ ഈ പാട്ട് തന്നെ സിനിമയിൽ ഉപയോഗിക്കുന്നു, പാട്ട് തെറ്റുകൾ തിരുത്തി പാടാനോ, മെച്ചപ്പെടുത്താനോ ഗായകന് രണ്ടാമതൊരു അവസരം പോലും നൽകാതെ, ആദ്യം റെക്കോർഡ് ചെയ്ത ട്രാക്ക് നിലവാരത്തിലുളള പാട്ടിൽ ഗായകന്റെ ശബ്ദം ബൂസ്റ്റ് ചെയ്താണ് ആ ഗാനം സിനിമയിൽ ഉപയോഗിക്കുന്നത്. എന്നിട്ടും ആ ഗാനം മലയാള സിനിമാ സംഗീത ലോകത്തെ മായാമുദ്രയായി തുടരുന്നു. അതാണ് കലയുടെ, കലാകാരന്റെ മഹത്വം.
മോഹൻലാലിന്റെ ആരാധകർ വിക്കിപീഡിയ എഡിറ്റ് ചെയ്ത് പാട്ടു പാടിയ വി.ടി മുരളി എന്ന പേരിന് പകരം മോഹൻലാൽ എന്നു ചേർ‌ത്താലോ, വി.ടി മുരളി എന്ന അതുല്യ പ്രതിഭയെ ആരാധകർ കൂട്ടമായെത്തി തെറി വിളിച്ചാലോ ആ പാട്ടുപാടിയത് മോഹൻലാലായി മാറില്ല. ആ പാട്ട് പാടിയത് വി.ടി മുരളി തന്നെയാണ്.
വി.ടി മുരളി പറയുന്നതുപോലെ “സിനിമ കലയാണ്, എന്നാൽ സിനിമാ ലോകത്തെ ഇൻഡസ്ട്രിയായി കാണുന്നവർക്ക് സിനിമ വ്യവസായം മാത്രം, അവിടെ മുതലാളിയും തൊഴിലാളികളും മാത്രമേയുള്ളു, അവിടെ സർഗ്ഗശേഷിയും കലാഹൃദയങ്ങളും കലാകാരൻമാരും പിന്തള്ളപ്പെടും; കാരണം ഏതു വ്യവസായവും മുതലാളിമാരുടെ ലോകമാണ്!!”
മോഹൻലാലിനെ ഞാനും കലാകാരനെന്ന നിലയിലാണ് കാണുന്നത്, അതോടൊപ്പം സിനിമയെ കലയായും. എല്ലാം തികഞ്ഞവരായി ആരുമില്ലാത്ത ഈ ലോകത്ത് മോഹൻലാലെന്ന അതുല്യ പ്രതിഭയെ കംപ്ലീറ്റ് ആക്ടറെന്ന് ആരാധകർ വിശേഷിപ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന, അദ്ദേഹത്തിന്റെ സർഗ്ഗശേഷിയോട് ചെയ്യുന്ന അനീതിയാണ്. ആരും പൂർണ്ണരല്ലാത്ത ഈ ലോകത്ത്, മേഹൻലാലിന് മാത്രം എങ്ങനെ പൂർണ്ണനാകാനാകും?
നബി – കംപ്ലീറ്റ് ആക്ടറിൽ നിന്നും കംപ്ലീറ്റ് സിങ്ങറിലേക്ക് പണവും സ്വാധീനവും ഉപയോഗിച്ച് മുന്നേറാനാകില്ല, മോഹൻലാലിൽ ഗായകനില്ല, അദ്ദേഹത്തിന്റെ സർഗ്ഗശേഷി അഭിനയത്തിലാണ്, പാട്ടിലല്ല. സർഗ്ഗശേഷി എന്നത് കട്ടെടുത്ത് സ്വന്തമാക്കാനാകുന്ന ഒന്നല്ല..
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.