മതവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ സവാളവിലയ്ക്ക് എന്ത് പ്രസക്തി?

163

Jomol Joseph

മതവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ സവാളവിലയ്ക്ക് എന്ത് പ്രസക്തി?

ഇന്നത്തെ കെട്ടകാലത്തിന്റെ ഏറ്റവും വലിയ ദോഷം എന്തെന്ന് ചോദിച്ചാൽ, എന്തിലും ഏതിലും മതത്തെ കൂട്ടികുഴച്ച്, മതങ്ങളുടെ ലേബൽ അടിച്ചേൽപ്പിക്കുന്നത് തന്നെയെന്ന് പറയാനാകും.

എന്റെയും നിന്റെയും നിങ്ങളുടേയും അവരുടേയും ഞങ്ങളുടേയും പേരിൽ നിന്ന് തുടങ്ങി, ഇടപെടലുകളിലും, ഗുണങ്ങളിലും, ദോഷങ്ങളിലും വരെ മതങ്ങളെ പ്രതിഷ്ഠിക്കുകയാണ് ഇന്നുകളിൽ മിക്കവരും ചെയ്യുന്നത്.

മതമില്ലാതെ ജീവിക്കുന്ന, മതമുപേക്ഷിക്ഷിച്ച് ജീവിക്കുന്ന എന്റെയും ഞങ്ങളുടേയും പേരിൽ നിന്നും മതബന്ധം കണ്ടെത്തി, നീ അയാളുടെ ആളല്ലേ, നിങ്ങൾ അവരുടെ ആളുകളല്ലേ, തുടങ്ങിയ ചാപ്പ കുത്തലിൽ നിന്നും തന്നെയാണ് ഈ മതചാപ്പയുടെ ആരംഭം. പിന്നീടിങ്ങോട്ട് പേര് അടയാളപ്പെടുത്തുന്ന മതത്തിൽ നടന്നതോ, നടക്കുന്നതോ ആയ എന്തിനും ഏതിനും നമ്മൾ മറുപടികൾ പറയുകയോ, നമ്മളെ കൊണ്ട് മറുപടി പറയിക്കുകയോ വേണം എന്ന വാശിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്..

ഈ സമൂഹത്തിൽ മതത്തിന്റെ ഭാഗമാകാതെ ഒരാൾക്ക് പോലും തുടരാനാകില്ല എന്നും, തുടരാൻ അനുവദിക്കില്ല എന്നും പലരും തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. “പലരും” എന്നതിന്റെ തുടക്കം സംഘപരിവാര ഗ്രൂപ്പുകളിൽ നിന്നും തന്നെയാണ്. സംഘപരിവരം ഭൂരിപക്ഷ ഹിന്ദുവിനെ ഒരു കുടക്കീഴിലേക്ക് എത്തിക്കാനായും അവരുടെ വക്താക്കളായി മാറാനും ശ്രമിക്കുമ്പോൾ, മുസ്ലീം തീവ്രവാദ ശക്തികൾ ഇസ്ലാമിസ്റ്റ് വർഗ്ഗീയതയുമായി കളം നിറയുകയാണ്. ഇതിന്റെ ഭാഗമായി ക്രിസ്ത്യാനികളെയും, പാഴ്സികളെയും, ജൈനരെയും തുടങ്ങി സകല മതജാതി വിഭാഗങ്ങളിൽ പെടുന്നവരെയും പെടാത്തവരെയും മതമുപേതക്ഷിച്ചവരേയും, മതചിന്തകളില്ലാത്തവരേയും ഒക്കെ മതതിട്ടൂരങ്ങൾക്കുള്ളിലേക്ക് വലിച്ചിടാൻ തന്നെയാണ് ഇവരൊക്കെ ശ്രമിക്കുന്നത്.

അതുവഴി സമൂഹത്തിന്റെ മതനിരപേക്ഷത ഇല്ലാതാക്കി, മതാധിഷ്ഠിത സമൂഹം പണിതുയർത്തുക എന്നത് തന്നെയാണ് ഇവരുടെയൊക്കെ ലക്ഷ്യം. ഈ മതാധിഷ്ഠിത സമൂഹസൃഷ്ടി ലക്ഷ്യം വെക്കുന്നത് ഹിന്ദുരാഷ്ട്ര സങ്കൽപത്തിന്റെ പൂർത്തീകരണത്തിലേക്ക് തന്നെയാണ്. സങ്കൽപ പൂർത്തീകരണത്തിനായി വിശ്വാസം മാത്രം മതിയാകും അടിസ്ഥാനമായി. ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകളുടെ വിശ്വാശപ്രകാരം രാമരാജ്യമായിരുന്നു ഇവിടം എന്ന് പറയപ്പെടുകയും, ആ പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകൾ രാജ്യത്തെ ഭൂരിപക്ഷവിഭാഗം ആകുകയും, ആ ഭൂരിപക്ഷ വിഭാഗത്തിന്റെ വക്താക്കളായി സംഘപരിവാരം നിലയുറപ്പിക്കുകയും, അതേ സംഘപരിവാരം നാട് ഭരിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ നാട്ടിലെ നിലനിന്നിരുന്ന വ്യവസ്ഥകളും, സമ്പ്രദായങ്ങളും, സാമൂഹ്യക്രമവുമൊക്കെ അപ്രസക്തങ്ങളായി മാറും.

അതിനിടയിൽ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചകളിലും, ഭരണത്തിന്റെ ഇടനാഴികളിലും പരിഗണനക്ക് വരാതെ പോകുകയും ദൈനംദിന ജീവിതം ദുഷ്കരമാകുകയും ചെയ്താലും ആർക്കെന്ത് പ്രശ്നം.

നബി – ഇന്ന് രാവിലെ ഒരു കിലോ സവാള വാങ്ങി 164 രൂപ, അതിൽ ഏഴു സവാള ഉണ്ടായിരുന്നു. ഈ ഒരെണ്ണത്തിന്റെ വില 164/7= 23.42!! ഇരുപത്തിമൂന്ന് രൂപ നാല്പത്തിരണ്ട് പൈസയാണ് ഈ സവാളയുടെ വില, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു കിലോ സവാള ലഭിച്ചിരുന്ന വിലക്ക് ഇന്ന് ഒരു സവാള വാങ്ങാം!! ജയ് ഭാരത്