അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
72 SHARES
868 VIEWS

ജോഫിൻ മണിമല

80കളിലെയും 90കളിലെയും യുവത്വങ്ങളിൽ മാത്രമല്ല. ദേഹമില്ലാതെ സ്മിത ഇന്നും ജീവിക്കുന്നുണ്ട്.. മരണം എന്നാൽ ആത്മാവ് ഇനിയില്ല എന്നുകൂടിയാണല്ലോ. പക്ഷേ സ്മിതയുടെ ആത്മാവ് ഭൂമുഖം വിട്ട് പോയിട്ടില്ല എന്നുതന്നെയാണ് സ്മിത ഓർമ്മയിൽ ഇരിപ്പുറപ്പിച്ച കാലം മുതൽ ഇന്നോളം വിശ്വസിക്കാൻ ഇഷ്ടം.
സമൂഹം കെട്ടിപ്പൊക്കിയ സദാചാരവേലിക്കെട്ടുകളുടെ ഒറ്റക്കമ്പിന്മേൽ ഞാന്നാണ് സ്മിത നൃത്തമാടിയത്. മദ്രാസിലെ വീട്ടിൽ തൂങ്ങിയാടുവോളം സമ്മർദ്ദങ്ങളിൽ തന്നെയാവും ആ ജീവിതം മുഴുവനും അവർ താളം ചവിട്ടിയിട്ടുണ്ടാകുക..

അഞ്ചരവയസ്സുകാരന് പത്രവാർത്ത, ഏതോ ഒരു നടി ആത്മഹത്യ ചെയ്തു എന്നുമാത്രമായിരുന്നു. പിന്നെ വർഷങ്ങൾക്കപ്പുറം മാത്രമാണ് “ഓളങ്ങളെയും ഓടങ്ങളെയും വെള്ളിമണി തുള്ളുന്ന ചന്തങ്ങളെ”യും പാടിവിളിച്ചുകൊണ്ട് തീരത്ത് പൂവിട്ട പൂവരശിനെ തുമ്പോളി കടപ്പുറത്ത്, തലങ്ങനെ കുറുങ്ങനെ വെള്ളിവരകൾ വീണ പഴയ ബ്ളാക്ക് ആൻഡ് വൈറ്റ് ടിവിയിൽ തെളിഞ്ഞും തെളിയാതെയും കാണാനായത്. കെ എസ് ചിത്ര പാടിയ വരികളിലെ കണ്ടുമോഹിച്ച പൊന്മത്സ്യമായി എത്രയോ ആളുകളുടെ നീലസ്വപ്നങ്ങളിൽ ഇപ്പോഴും അവർ ഉപ്പൂറ്റി ഉയർത്തി വിരലുകളിൽ ബാലൻസ് ചെയ്ത് നടനമാടുന്നുണ്ടാവും..
തീർച്ചയായും കൗമാരക്കനവുകളിൽ ഉണ്ടായിരുന്നു. പെണ്ണുടൽ, രതി, കാമം എന്നൊക്കെ രണ്ടാമതൊരാളോട് പറഞ്ഞാൽ കടുത്ത സദാചാര ലംഘനമായി, മാന്യതയുടെ അതിർവരമ്പുകൾക്കുള്ളിൽ കെട്ടിയിടപ്പെട്ടിരുന്ന കാലത്തുനിന്ന് ഇനിയും നമ്മൾ പുരോഗമിച്ചിട്ടില്ല – പ്രത്യേകിച്ച് സാക്ഷരസുന്ദരമനോജ്ഞ പുരോഗമന മലയാളികൾ – എന്ന് പതിനെട്ടുകാരി അനശ്വര രാജൻ തീർച്ചയായും സാക്ഷ്യം പറയാനുണ്ടാവും.
സദാചാരം പഠിപ്പിച്ച്, രഹസ്യമായ സ്വപ്നസ്ഖലനം നടത്തി കഴുകൻ നോട്ടങ്ങളുമായി നടക്കുന്നവർക്ക് സ്മിത വെറും സിൽക്കാണ്. ഉടൽമോഹങ്ങളെ താണ്ടി പിന്നെയും കടന്നവർ സ്മിതക്ക് കാഞ്ചീപുരം പട്ടിനെക്കാൾ വില കല്പിച്ചാലും അത്ഭുതപ്പെടാനില്ല.

എന്തിനുംവേണ്ടി തുണിയഴിക്കുന്നവളുമാർ എന്ന് ഒരു സിനിമയിൽ മുഖം കാട്ടിയ പെണ്ണിനെപ്പോലും ആക്ഷേപിച്ച് നടക്കുന്ന ഞരമ്പുരോഗികൾ, ഇരുട്ടിൽ തന്നിൽ ലയനം പ്രാപിക്കാൻ മറവ് തേടുന്നതും തിരക്ക് കൂട്ടുന്നതും കാണുമ്പോൾ മുഖത്തേക്ക് കാർക്കിച്ചുതുപ്പുന്ന സ്മിതയുടെ സാങ്കല്പിക ഇമേജുകൾ പലപ്പോഴും വെറുതെയെങ്കിലും തെളിയാറുണ്ട്.. പക്ഷേ, അപ്പോൾ അവയ്ക്ക് പഴയ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയുടെ വെള്ളിവരകൾ വീണുണ്ടായ തെളിച്ചക്കുറവ് തീരെയുണ്ടാവാറില്ല.

പഴയകാല സിനിമകളിൽ സോ കോൾഡ് ‘മാന’ത്തിനുവേണ്ടി വില്ലന്മാരുടെ മുന്നിൽ യാചിക്കുന്ന പെൺവേഷങ്ങൾ പോലും വികാരത്തീയ്ക്ക് കോപ്പുകൂട്ടാനുള്ള കാഴ്ചവസ്തുക്കൾ മാത്രമായിരുന്നു. അക്കാലത്ത് നിന്ന് വന്ന തലമുറകൾക്ക് മാത്രമല്ല ഞാനുൾപ്പെടുന്ന 90കളുടെ തുടക്കത്തിലെ തലമുറകൾ ഇന്നും, ഷാളിടാത്ത പെണ്കുട്ടികൾപോലും ‘ശരിയല്ല’ എന്ന ഞരമ്പൻ ആശയത്തിൽ അഭിരമിക്കുന്നവർ ആണ്. Sex ഒരു വാഗ്ദാനമല്ല എന്നുപറയുമ്പോൾ അത് മനസിലാവണം എന്നില്ല. ആണിനും പെണ്ണിനും ഏത് പാതിരാത്രിയിലും സ്വാഭാവികമായി സംസാരിക്കാനാവും എന്നുപറയുമ്പോൾ നെറ്റി ചുളിഞ്ഞുപോകും. അല്ലെങ്കിൽ തന്നെ എന്താണ് അസ്വാഭാവികം എന്ന ചോദ്യമെറിഞ്ഞാൽ സദാചാരബോധത്തിലൂന്നിയ ഘനഗംഭീരൻ മറുപടികൾ മസ്തിഷ്ക്കത്തിൽ set ചെയ്തത് വച്ചിട്ടുണ്ടാവും.

ബാലൻ കെ നായരുടെ മുന്നിൽ അടിവസ്ത്രങ്ങളുമായി മാത്രം നിൽക്കുന്ന റാണി പത്മിനിയെ കാണുമ്പോൾ ഞരമ്പിന് ചൂടുപിടിക്കുന്നവരോട്, ‘സംഘർഷം’ സിനിമ കാണൂ, ആ ഭീകരാവസ്ഥ കാണൂ, സുകുമാരന്റെ വേദനയോടും പ്രതികാരവാഞ്ജയോടും ഐക്യപ്പെടാൻ ശ്രമിക്കൂ എന്നൊക്കെ പറഞ്ഞാൽ ചുണ്ട് കോട്ടിയുള്ള ചിരിയെ പുറമെ കാണൂ. ഇത്തരം വക്രചിരികളാണ് നമ്മുടെ സിനിമകൾ പലപ്പോഴും നീക്കിയിരുപ്പായി അവശേഷിപ്പിച്ചിരിക്കുന്നത് എന്നുള്ളതാണ് വസ്തുത.

ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ടോ എന്ന് തിരികെ ചോദിച്ചാൽ നിർവികാരമായ ഒരു ചിരി മാത്രമാണ് ബദൽ. ‘അപ്പു’വിനെ ഒക്കെ കൊണ്ടാടുന്ന ഭൂരിഭാഗം പേർക്കും ഒമർ ലുലുവിയൻ അശ്ലീല കോമഡികളോട് തന്നെയാണ് പ്രിയമെന്ന യാഥാർത്ഥ്യം മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീ എങ്ങനെ രണ്ടാമതും മൂന്നാമതും പീഡിപ്പിക്കപ്പെട്ടു, ആത്മഹത്യ ചെയ്ത റംസി കല്യാണത്തിന് മുന്നേ എന്തിന് അബോർഷൻ ചെയ്തു, ഡൽഹിയിലെ നിർഭയ രാത്രിയിൽ എന്തിന് ആണ്സുഹൃത്തിനൊപ്പം സിനിമ കണ്ടു, എന്തിനാണ് അവൾ ആ വേഷം ധരിച്ചത് എന്നൊക്കെയുള്ള ചോദ്യങ്ങൾ വാരിവിതറി ‘മാന്യദേഹങ്ങൾ’ പെരുകി കൊണ്ടിരിക്കുന്നത് കണ്ടേപറ്റൂ…

പറഞ്ഞത് സ്മിതയെ കുറിച്ചാണ്. ആക്ഷേപിക്കുന്നവർ തന്നെ രതിമോഹങ്ങളിൽ നായികയായി നിലനിർത്തിപ്പോരുന്ന വിരോധാഭാസത്തിലെ, 24 വർഷങ്ങൾക്കിപ്പുറം ഇന്നും ജീവിക്കുന്ന പെണ്ണ്, അഥവാ അനേകം പെണ്ണുങ്ങളിൽ ഒരുവൾ…

ചെന്നൈ വേപ്പമ്പെട്ടിലെ സി ടി എച്ച് റോഡിൽ, ടാസ്മാക് വൈൻഷോപ്പിന് മുകളിലുള്ള പൊടി നിറഞ്ഞ മുറിയിൽ ഒന്നിച്ചിരുന്ന് മദ്യം നുകർന്നപ്പോൾ വേണുവേട്ടന് ഒരിക്കൽ ഒരു മുത്തം കൊടുത്തിട്ടുണ്ട്. ‘ലയന’ത്തിൽ സ്മിതയുടെ അയല്പക്കക്കാരൻ കഥാപാത്രമായിരുന്നു ഇന്നും അതിസുന്ദരനായ വേണുവേട്ടൻ..
ഒരിക്കലും അതുപക്ഷേ, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല. ഏറെ ദുഃഖദുരിതങ്ങൾ ഉള്ളിലൊതുക്കുമ്പോഴും തന്റേടത്തോടെ സദാചാരക്കൂട്ടത്തെ തന്റെ കടലാഴങ്ങളെ ഉൾക്കൊള്ളുന്ന കണ്ണുകൾ കൊണ്ട് നേരിട്ട ഒരു സ്ത്രീയുടെ നിഴൽ ആ ദേഹത്ത് വീണിട്ടുണ്ട് എന്നതുകൊണ്ട് തന്നെയാണ്…സ്മിതയ്ക്ക് ഓർമ്മപ്പൂക്കൾ….
..

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ