നൻപകൽ നേരത്ത് , ഒരു ക്രൈം മാസ്റ്റർ പ്ലാൻ
Jose Joseph Kochuparampil
പള്ളിക്കെതിരേ പ്രസംഗവും മറുതലിപ്പുമായി നടക്കുന്ന നാടകക്കാരന് പെട്ടെന്ന് വേളാങ്കണ്ണിയിൽ പോകാൻ തോന്നുന്നു… എന്തിന്? ഓരോ രൂപയ്ക്കും കണക്കെഴുതിക്കൂട്ടുന്ന അറുക്കീസ്, തൻ്റെ ട്രൂപ്പിനെ മുഴുവൻ വേളാങ്കണ്ണിക്ക് കൊണ്ടുവരുന്നു…എന്നാത്തിന്? രാവിലെ തിരികെ പോകാമെന്ന് ഏറ്റിട്ട്, മനഃപ്പൂർവ്വം അത് നീട്ടി ഉച്ചയാക്കുന്നു… വൈ??ബാക്കിയെല്ലാവരും ചോറുണ്ടിട്ട് ഉറക്കം തൂങ്ങുമ്പോൾ, അയാൾ ചായ കുടിച്ചിട്ട് ശ്രദ്ധയോടെ ഇരിക്കുന്നു… എതുക്ക്? കടന്ന് പോകുന്ന വഴിയിലെ ഓരോ ലാൻഡ് മാർക്കും ശ്രദ്ധിക്കുന്നു…. എന്ത് കാര്യത്തിന്? കൃത്യം സ്ഥലമെത്തുമ്പോൾ വണ്ടി നിർത്തിച്ച് നടന്ന് പോകുന്നു….. എങ്ങോട്ട് ?
അതു വരെ കണ്ടിട്ടോ പോയിട്ടോ ഇല്ലാത്ത ഒരു വീട്ടിൽ കൃത്യമായി ചെന്ന് കയറുന്നു… എങ്ങനെ?
മറ്റൊരാളുടെ ജീവിതാനുഭവം വള്ളി പുള്ളി വിടാതെ ആവർത്തിക്കുന്നു… എപ്പടി?
ആ നാട്ടിലെ പല പല ഭാഗങ്ങളിൽപ്പോയി തൻ്റെ വരവ് രേഖപ്പെടുത്തുന്നു… ക്യോം?
രണ്ട് വർഷം മുമ്പ് കാണാതായ സുന്ദരത്തിൻ്റെ വീട്ടിലേയ്ക്ക് അയാളുടെ ഭാവങ്ങളോടെ കടന്ന് വരുന്നത് മറ്റൊരാളെന്ന്, സുന്ദരത്തിൻ്റെ അപ്പനും ഭാര്യയും നേരിട്ട് കണ്ടതാണ്. എന്നിട്ടും, അതൊന്ന് രജിസ്റ്ററാകാൻ അവർക്ക് കുറേ സമയമെടുത്തു എന്ന് മാത്രമല്ല അന്ന് രാത്രിനേരമായിട്ടും അവരെല്ലാം നല്ല ആശയക്കുഴപ്പത്തിലുമായിരുന്നു.പക്ഷേ പിറ്റേന്ന് രാവിലെ കുപിതനായി വന്ന സഹോദരൻ കുമാർ, തിരികെ വന്ന് കയറിയ ആളെ ഒന്ന് കാണുന്നതിനു മുമ്പ് തന്നെ, അത് സുന്ദരമല്ല എന്ന് ഉറപ്പിച്ചാണ് വരുന്നത്. ഇതിൽ അസ്വാഭാവികതയുണ്ട്. വന്നവൻ തൻ്റെ കൂടപ്പിറപ്പ് തന്നെയാകണേ എന്ന ഒരു മിനിമം ആഗ്രഹം ഏത് മനുഷ്യനും പ്രദർശിപ്പിക്കില്ലേ? പക്ഷേ ഇവിടെ അങ്ങനെയൊന്നില്ല.
അപ്പോ, സുന്ദരം ഇനി തിരികെ വരില്ല എന്ന് അയാൾക്ക് ഉറപ്പാണ്. വന്നവൻ മറ്റൊരാളാണ് എന്ന് വ്യക്തമായി അറിയാവുന്ന അയാൾ അതൊരു സംഘർഷമാക്കണം എന്ന് തീരുമാനിച്ചാണ് വരുന്നത്.
അതെന്തിനാണ്? അതിനുത്തരം ദേ ഈ സംഭാഷണത്തിലുണ്ട്.മൂത്തവനായ കുമാർ കല്യാണം കഴിക്കുന്നതിനു മുമ്പ് സുന്ദരം കല്യാണം കഴിച്ചതിലും, അതിനുശേഷവും അയാൾ അവിവാഹിതനായി തുടരുന്നതിലും, സുന്ദരത്തിൻ്റെ മരണശേഷം ആ കുടുംബത്തെ അയാൾ സ്വന്തം പോലും പരിചരിക്കുന്നതിലുമെല്ലാം എന്തോ ഒരു അസ്വാഭാവികതയുണ്ട്.യേസ്.. പൂങ്കുഴലിയെ സ്വന്തമാക്കാൻ വേണ്ടി ആ ജേഷ്ഠസഹോദരൻ നടത്തിയ നാടകമായിരുന്നു ഇതെല്ലാം.
ആരുമറിയാതെ അനിയനെ തട്ടി… പിന്നെ അവൻ്റെ കുടുംബത്തെ ഏറ്റെടുത്തു… “എന്തായാലും അവനാണ് കുടുംബം നടത്തുന്നത്, എന്നാപ്പിന്നെ അവനവളെയങ്ങ് കെട്ടട്ടെ” എന്ന തീരുമാനത്തിലേക്ക് കാർന്നോന്മാരെയും അയലോക്കംകാരെയും ഒരുവിധം അടുപ്പിച്ചു…പക്ഷേ ഭർത്താവിൻ്റെ മടങ്ങിവരവ് കാത്തിരിക്കുന്ന പൂങ്കുഴലി മാത്രം അതിന് സമ്മതിക്കാതെയിരുന്നു. ഭർത്താവ് എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷ.രണ്ട് കൊല്ലം കടന്ന് പോയി. അയാളുടെ ക്ഷമ നശിച്ചു.സുന്ദരം മരിച്ചു എന്ന് കുടുംബത്തിനും നാട്ടുകാർക്കും തോന്നുകയും വേണം, എന്നാൽ അതൊരു കേസോ അന്വേഷണമോ ആകാനും പാടില്ല.
ഒറ്റ വഴി മാത്രം – സുന്ദരത്തിൻ്റെ ആത്മാവ് തങ്ങളെ സന്ദർശിച്ച്, സ്നേഹം പ്രകടിപ്പിച്ച്, ബലിച്ചോറ് കഴിച്ച്, യാത്ര പറഞ്ഞ് പോയി എന്ന് അവരെയെല്ലാം തോന്നിപ്പിക്കണം.അതിനയാൾ, കേരളത്തിൽ നിന്നും ഒരു അമച്വർ നാടകക്കാരനെ തപ്പിയെടുത്തു. ആ നാടകക്കാരൻ തൻ്റെ സംഘവുമായി കളത്തിലെത്തി നല്ല ഏ ക്ലാസ് ഒരു നാടകം തുടങ്ങി.പിറ്റേന്ന് കാലത്ത് വന്ന് ഒരടിയും കൊടുത്ത് ആളെ ഓടിക്കാം എന്നായിരുന്നു പ്ലാൻ. പക്ഷേ നാട്ടുകാർ സമ്മതിക്കുന്നില്ല. പിന്നെയങ്ങോട്ട് മരുന്ന് കൊടുക്കാനും കൊടുപ്പിക്കാനുമൊക്കെ കുമാറിന് എന്തായിരുന്നു ഉത്സാഹം!
കാപ്പിക്ക് ശേഷം മരുന്ന്, പിന്നെ മയക്കം , മടക്കം എന്നൊക്കെയായിരുന്നു പ്ലാൻ. പക്ഷേ 10 മണിക്കൂർ മയക്കുന്ന മരുന്ന് കഴിച്ചാൽ ആള് കാഞ്ഞ് പോകുമോ എന്ന അടക്കം പറച്ചിൽ കേട്ടതോടെ ആ പരിപാടി ഉപേക്ഷിച്ചു.
“ഇത് ഞാനാണ്, എൻ്റെ ഊരാണ്, അമ്മയാണ്, ഭാര്യയാണ്” എന്നൊക്കെ അതിനാടകീയമായി തലേ ദിവസം അവതരിപ്പിച്ചിട്ട്, നട്ടുച്ച നേരത്ത് എല്ലാവരും കാൺകെ വീടിൻ്റെ തിണ്ണേൽ കിടന്ന് ഒരുറക്കോം, ഞെട്ടിയെഴുന്നേൽക്കലും…അപ്പോത്തന്നെ ബോധം തെളിയലും….. താളവട്ടത്തിൽ അറ്റൻ്റർ നാരായണൻ അടി വീഴുമ്പോ “പോട്ടേ സാർ?” എന്ന് ചോദിച്ചിട്ട് പോകുന്നത് പോലെ, “പോകാം?” എന്ന ചോദ്യവും.
ചോദ്യത്തിന് മുമ്പ്, അത് കാണാൻ പൂങ്കുഴലി പുറകിൽ നിൽപ്പുണ്ട് എന്ന് അയാൾ ഉറപ്പാക്കുന്നുമുണ്ട്. എന്നിട്ട് അവരെ കാഴ്ചക്കാരിയായി നിർത്തിക്കൊണ്ട് ഒരു വേഷംമാറലും മടക്കവും.
വണ്ടി വിടാൻ നേരം നാടകക്കാരൻ നോക്കിയത്, ആ പാടത്തിനിക്കരെ നിന്നും തംസ്-അപ്പ് കാണിച്ച കുമാറിനെത്തന്നെയാണ്.സ്വപ്നമാണോ, നാടകമാണോ , പ്രേതമാണോ, സൈക്കോയാണോ എന്നൊക്കെയുള്ള ആലോചനാവലോകനങ്ങൾക്കിടയിൽ നൈസായിട്ട് മറഞ്ഞ് പോകുന്ന ഒരു ക്രിമിനൽ കോൺസ്പിറസിയാകുന്നു ‘നൻപകൽ നേരത്ത് മയക്കം’
One Response
പള്ളിപ്പോകുന്നവരുടെ കുറ്റം പറയുന്നുണ്ട് എന്നത് ശരിയാണ് എന്ന് കൂട്ടുകാരുടെ സംഭാഷണത്തിൽ നിന്ന് മനസിലാകും. പക്ഷെ “പള്ളിക്കെതിരേ പ്രസംഗവും മറുതലിപ്പുമായി നടക്കുന്ന” എന്നെങ്ങനെ പറയാൻ കഴിയും. അത് ഒരു കെട്ടിച്ചമച്ച ആരോപണമാണ്. “ഞാൻ വല്ലപ്പോഴുമേ പള്ളിയിൽ പോകാറുള്ളെങ്കിലും, അതിന്റെ മുറക്കെ പോകാറുള്ളൂ” എന്നാണ് ജെയിംസ് പറയുന്നത്. കപട വിശ്വാസികളുടെ പെരുമാറ്റത്തിൽ മനം മടുത്ത ഒരു യഥാർത്ഥ വിശ്വാസിയുടെ ലക്ഷണമല്ലേ അത്?
സുന്ദരം മരിച്ചു എന്ന് കുടുംബത്തിനും നാട്ടുകാർക്കും തോന്നുകയും വേണം, എന്നാൽ അതൊരു കേസോ അന്വേഷണമോ ആകാനും പാടില്ല ……………. ഇങ്ങിനെയാണ് ഉദ്ദേശ്യമെങ്കിൽ സുന്ദരത്തിന്റെ കള്ള ഒപ്പിട്ടു സാമ്പത്തിക തിരിമറി കാണിക്കാൻ ശ്രമിക്കുമോ? കൂടുതൽ ജനശ്രദ്ധയും, കേസും അന്വേഷണവും ഉണ്ടാകാൻ സാധ്യതയുള്ള ഒരു സംഗതി ആയിരുന്നില്ലേ അത്? വളരെ ബുദ്ധിപരമായ പ്ലാൻ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ വളരെയധികം റിസ്ക് എലമെന്റ് ഉള്ള അത്തരം ഒരു മണ്ടത്തരം കാണിക്കുമോ ?
സുന്ദരത്തിന്റെ അപ്പനും ഭാര്യയും കുറെ നേരത്തേക്ക് ആശയക്കുഴപ്പത്തിലായി പോകുന്നു എന്നത് സത്യമാണ്. മയക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ അവരുടെ തൊട്ടു മുൻപിൽ അവർക്ക് അല്പം സാവകാശം പോലും കിട്ടാത്ത അവസ്ഥയിൽ പെട്ടെന്നാണു എല്ലാം സംഭവിച്ചത്. മാത്രമല്ല സുന്ദരത്തോടുള്ള സ്നേഹം കാരണം അവരുടെ മനസ് ഇതുവരെ അയാളുടെ തിരോധാനം പൂർണമായും അംഗീകരിച്ചിട്ടില്ല. എന്നാൽ, മകളുടെ സ്ഥിതി അതല്ല. രണ്ടു വർഷമായി അവൾ സ്ഥിരമായി കൂട്ടുകാരുമായുള്ള പങ്കു വെക്കലിലൂടെയും മറ്റും തന്റെ അച്ഛൻ കൂടെയില്ല എന്നത് മനസ്സിലാക്കിയിരിക്കുന്നു, ഒരു പക്ഷെ തന്നെയും തനിക്ക് വേണ്ടപ്പെട്ടവരെയും ഉപേക്ഷിച്ചു പോയതോ (ഒരു പക്ഷെ മരിച്ചു പോയതോ) ആയ സുന്ദരത്തോടു അവൾക് മാനസികമായ ഒരു അകൽച്ചയും ഉണ്ടാവണം. മാത്രമല്ല , ജെയിംസ് വരുമ്പോൾ അവൾ സ്ഥലത്തില്ല. അവൾ തിരിച്ചു വീട്ടിലെത്തുന്നതിന് മുൻപ് തന്നെ ആരോ ഒരാൾ വീട്ടിൽ അതിക്രമിച്ചു കയറിയെന്നും വീട്ടിലെ പ്രധാന സ്വത്തായ ടൂവീലർ അടിച്ചു കൊണ്ട് പോയെന്നും അറിഞ്ഞിട്ടാണ് അവൾ എത്തുന്നത്. അത് കൊണ്ട് അവൾക് ഒരു ആശയക്കുഴപ്പവുമില്ല, എത്രയും പെട്ടെന്ന് അയാളെ ഒഴിവാക്കണം എന്ന തീരുമാനത്തിൽ ആണ് അവൾ. മുത്ത് തന്നെയാണ് കുമാറിനെ വിശദമായി വിവരമറിയിക്കുന്നത്. മുൻപറഞ്ഞ തന്റെ കാഴ്ചപ്പാടിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ആണ് അവൾ കുമാറിനോട് സംസാരിക്കുന്നത്. പിന്നെങ്ങിനെ കുമാറിന് വേറിട്ടൊരു ചിന്താഗതി ഉണ്ടാവും ??
Respectfully, based on the substantial evidence presented, it is clear that the case in question lacks merit and should be dismissed with due expediency. I urge your Honor to make a just and informed decision in this matter. ദാറ്റ്സ്ആൾ