കലക്റ്റർ അനുപമ പുറ്റിങ്ങൽ വെടിക്കെട്ടപകടം മറക്കരുത്

556

Jose Joseph Kochuparampil എഴുതുന്നു

2016ലെ പുറ്റിങ്ങൽ മീനഭരണി ഓർമ്മയുണ്ടോ? അന്നവിടെ നടന്ന ആചാരപ്രകാരമുള്ള വെടിക്കെട്ട് ഓർമ്മയുണ്ടോ?

പലർക്കും ഓർമ്മയുണ്ടാവില്ല.

Jose Joseph Kochuparampil
Jose Joseph Kochuparampil

പക്ഷേ നിന്ന നിപ്പിൽ എരിഞ്ഞ് മരിച്ച നൂറിലധികം പേരുടെ കുടുംബക്കാര് മറന്നിട്ടുണ്ടാവില്ല. അന്നേറ്റ പൊള്ളലുകളുമായി നീറി ജീവിക്കുന്ന നൂറുകണക്കിന് ആളുകൾ മറന്നിട്ടുണ്ടാവില്ല. അവരിൽ ഒരാളോടൊന്ന് ചോദിച്ച് നോക്കൂ- ജീവിതം പുറകോട്ട് കറക്കി ആ കരിമണം നിറയുന്ന ദിവസത്തിനും പുറകിലെത്താനും, വെടിക്കെട്ട് വേണ്ടാന്ന് പറയാനും കൊതിക്കുന്നുണ്ടാവും. പക്ഷേ, അത്തരം ടൈം-ട്രാവൽ ഒരു മിഥ്യ മാത്രമാണല്ലോ. മരിച്ചവർ മരിച്ചു, പരിക്കേറ്റവർക്ക് പരിക്കേറ്റു. അതിൽ ഇനി മാറ്റമില്ല.

പക്ഷേ ഈ സംഭവം ഓർത്തിരിക്കുന്നവരും മറന്നിരിക്കാവുന്ന മറ്റൊരു ചെറിയ കാര്യം കൂടിയുണ്ട്. വെടിക്കെട്ട് ദുരന്തത്തിന് തലേന്ന് ഉച്ചവരെ , ആ വെടിക്കെട്ട് നടത്താനുള്ള അനുമതി ജില്ലാ കളക്റ്റർ നൽകിയിരുന്നില്ല. സുരക്ഷാഭീഷണിയും അപകടസാധ്യതയും ചൂണ്ടിക്കാട്ടി അവരത് തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. പക്ഷേ ആചാരസംരക്ഷണമാണ് നിയമത്തേക്കാൾ പ്രധാനം എന്ന് വിശ്വസിച്ചിരുന്ന അധികാര രാഷ്ട്രീയ കേന്ദ്രങ്ങൾ അന്നുമുണ്ടായിരുന്നു. അവർ ഇടപെട്ടു. വെടിക്കെട്ട് നടന്നു. പിറ്റേന്ന് രാവിലെ അതേ അധികാരകേന്ദ്രങ്ങൾ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ഓർമ്മ ശരിയെങ്കിൽ ആ ജില്ലാ കളക്റ്റർ ഒരു മുസ്ലീം നാമധാരിയായിരുന്നു.

ഒരു നിമിഷം ഒന്നാലോചിച്ച് നോക്കൂ – നിയമപരമായ തൻ്റെ അധികാരം ഉപയോഗിച്ച് അവരന്നാ വെടിക്കെട്ട് തടഞ്ഞിരുന്നെങ്കിൽ ഏതാണ്ട് 120 മനുഷ്യജീവനുകൾ രക്ഷപെടുമായിരുന്നു. പക്ഷേ ‘ആചാരസംരക്ഷണം’ എന്ന സുവർണ്ണാവസരം തിരഞ്ഞ് നടക്കുന്ന പാഷാണത്തിൽകൃമികൾ അവരെയന്ന് എന്ത് പറഞ്ഞ് ആക്ഷേപിക്കുമായിരുന്നു എന്ന് ഊഹിച്ചൂടേ?

എന്തായാലും കളക്റ്ററുടെ എതിർപ്പ് മറികടന്ന് ഒപ്പിടീക്കാൻ പൊതുബോധത്തിന് കഴിഞ്ഞു. ദുരന്തം സംഭവിച്ചു.

അതേ സീനുകളാണ് ഇപ്പോഴും കേരളത്തിൽ കാണുന്നത്.

മുമ്പെങ്ങുമില്ലാത്ത ചൂടും, ലക്ഷത്തോളം ആളുകളും, നൂറുകണക്കിന് ചെണ്ടകളും, മത്സര വെടിക്കെട്ടുകാരും, ചാനലുകാരും കച്ചവടക്കാരും എന്നിങ്ങനെ ആകെ ശബ്ദകോലാഹലമായ ഒരു സെറ്റപ്പിലേക്കാണ്, മുമ്പ് നിയന്ത്രണം വിട്ട് പലരെയും തച്ചുകൊന്ന ചരിത്രമുള്ള ഒരു ആനയെ കൊണ്ടുവരാൻ നാട്ടിൽ ഒരു കൂട്ടം ആചാരസംരക്ഷകർ സമരം ചെയ്യുന്നത്.

ഇതിനൊക്കെ എന്ത് പറയാനാണ് ..