വാൾ കൊണ്ട് വെട്ടിയപ്പോൾ മോന്ത കൊണ്ട് തടുക്കുന്ന പരിപാടിയാണ് സതീശൻ കാണിച്ചത്

175

സ്വരാജിന്റെ “സ്റ്റേറ്റ്” പ്രയോഗവും വി ഡി സതീശന്റെ കൗണ്ടറും വലിയ ചർച്ചയായിരുന്നുവല്ലോ. സ്വരാജിനെതിരെ ട്രോളുകളുടെ പെരുമഴയായിരുന്നു ഇന്നലെ.ഈ വിഷയത്തിൽ ഇന്ന് വായിച്ച ഒരു പോസ്റ്റ് ഇവിടെ ഷെയർ ചെയ്യുന്നു. Jose Joseph Kochuparampil എഴുതിയത്.
o o o

കിഫ്ബി എന്ന ആശയത്തോട്, അത് അവതരിപ്പിച്ച കാലം മുതൽ എനിക്കെതിർപ്പുണ്ട്. ആ എതിർപ്പ് സാമ്പത്തികനയപരമാണ് താനും. അതുമായി ബന്ധപ്പെട്ട ഒരു ചർച്ച നിയമസഭയിൽ നടക്കുമ്പോൾ ഞാനത് കൂടുതൽ താത്പര്യത്തോടെ ശ്രദ്ധിക്കാറുമുണ്ട്. പക്ഷേ സഭാ ചാനലും ലൈവ് ടെലിക്കാസ്റ്റുമൊക്കെ വന്നതിൽപ്പിന്നെ നിയമസഭാപ്രസംഗങ്ങളും ചാനൽ ചർച്ചാ നിലവാരത്തിലേക്ക് താഴുകയാണ്. അണികൾക്കും ആരാധകർക്കും കൃത്യമായി കട്ട് ചെയ്ത് പ്രചരിപ്പിക്കാൻ ഉതകുന്ന ചില മാസ് ഡയലോഗുകളും കൗണ്ടറുകളുമൊക്കെയായി ആകെ സംഭവബഹുലം – പക്ഷേ കണ്ടൻ്റ് തീരെ കുറയുന്നു.ഇന്നലെ നടന്ന ഒരു സീക്വൻസ് നോക്കൂ – ഭരണഘടനയുടെ ആർട്ടിക്കിൾ 293 സ്റ്റേറ്റുകളുടെ കടമെടുപ്പിനെക്കുറിച്ചാണെന്നും ആ പരിധിയിൽ കിഫ്ബി വരില്ല എന്നും എം സ്വരാജ്. ആർട്ടിക്കിൾ 12 പ്രകാരം, സ്റ്റേറ്റ് എന്നാൽ രാജ്യ, സംസ്ഥാന സർക്കാരുകൾ എല്ലാം വരുമെന്നും, സർക്കാർ ഉടമസ്ഥതിയിലുള്ള കമ്പനികൾ പോലും വരുമെന്നും വി ഡി സതീശൻ.

കഴിഞ്ഞു! അത് വെട്ടിയൊട്ടിച്ചുള്ള ആർപ്പ് വിളിയായി, ബഹളമായി, ആഘോഷമായി.ഏതാണ്ട് 450 അടുത്ത് വകുപ്പുകളിൽ പരത്തിപ്പരത്തിയെഴുതിയ ഒരു ഭരണഘടനയാണ് നമ്മുടേത്. മറ്റ് നിയമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ സരളമാണ്. മിനിമം ഭാഷാപരിചയമുള്ളവർക്ക് വായിച്ചാൽ മനസ്സിലാകുന്നതേയുള്ളൂ.എന്താണിവിടെ സംഭവം എന്നത് അറിയാൻ താത്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം.ആർട്ടിക്കിൾ 12 – ഭരണഘടനയുടെ ഹൃദയം എന്ന് തന്നെ പറയാവുന്ന മൗലികാവകാശങ്ങളുടെ ഭാഗത്തെ , പാർട്ട് 3ലെ, ആദ്യ വകുപ്പാണിത്.

In this Part,unless the context otherwise requires, “the State’’ includes the Government and Parliament of India and the Government and the Legislature of each of the States and all local or other authorities within the territory of India or under the control of the Government of India.

വളരെ ക്ലിയറല്ലേ? മൗലികാവകാശങ്ങളെക്കുറിച്ച് വിവരിക്കുന്ന ഈ ഭാഗത്ത് (” In this Part”) സ്റ്റേറ്റ് എന്നാൽ അത് കേന്ദ്ര സംസ്ഥാന സർക്കാരുകളോ നിയമനിർമ്മാണസഭകളോ പ്രാദേശിക അധികാരകേന്ദ്രങ്ങളോ ഒക്കെയാകാമെന്ന്.അതെന്തിനാ അങ്ങനെ ഒരു നിർവ്വചനം?കാരണം, ഓരോ മൗലികാവകാശവും വിവരിക്കുന്നത് ” the State shall” എന്ന വാഗ്ദാനത്തോടെയോ, “the State shall not” എന്ന നിയന്ത്രണത്തോടെയാണ്.മൗലികാവകാശം നമുക്ക് ഉറപ്പ് തരേണ്ടത് ഏതെങ്കിലും ഒരു സർക്കാരോ ഉദ്യോഗസ്ഥനോ കോടതിയോ അല്ല, അത് മുഴുവൻ ഭരണസംവിധാനത്തിൻ്റെയും കടമയാണ്. ആ സിങ്കിൾ പവർ എൻ്റിറ്റിയുടെ പേരാണ് “സ്റ്റേറ്റ്”. മലയാള പരിഭാഷയിൽ, “രാഷ്ട്രം” എന്നാണ് പ്രയോഗം. അല്ലാതെ, സംസ്ഥാനം എന്ന അർത്ഥം ആ ‘സ്റ്റേറ്റ്’ പ്രയോഗത്തിനില്ല.

സ്വരാജ് സൂചിപ്പിച്ച ആർട്ടിക്കിൾ 293 ലേക്ക് വരുമ്പോഴോ? അവിടെ ചർച്ചയാകുന്നത് “Borrowing of states” എന്നതിനെക്കുറിച്ചാണ്. “സംസ്ഥാനങ്ങളുടെ കടമെടുപ്പ്” എന്ന മലയാള പരിഭാഷയിലും കാണാം.അതായത്, ആർട്ടിക്കിൾ 12ൽ പറഞ്ഞിരിക്കുന്ന ” the State ” അല്ല ആർട്ടിക്കിൾ 293 ലെ ” a State”.ഈ വ്യത്യാസം പോലും തിരിച്ചറിയാതെയാണോ കേരളത്തിൻ്റെ നിയമസഭയിൽ ചർച്ച നടക്കുന്നത് എന്നത് നിരാശപ്പെടുത്തുന്നു.

“ഒന്ന് സ്റ്റേറ്റ് (state ) ആണ് , അതിൽ ഭരണഘടനയുടെ കീഴിലെ എല്ലാ സ്ഥാപനങ്ങളും വരും . രണ്ടാമത്തേത് സ്റ്റേറ്റ്സ് (states ) ആണ് , അത് സംസ്ഥാനങ്ങളെ ഉദ്ദേശിക്കുന്നു. വാൾ കൊണ്ട് വെട്ടിയപ്പോൾ മോന്ത കൊണ്ട് തടുക്കുന്ന പരിപാടിയാണ് സതീശൻ കാണിച്ചത്”