അനുഗ്രഹീതൻ ആൻ്റണി‘യിലെ കുട്ടനെന്ന മെക്കാനിക്കിനെ മാത്രമല്ലെ നിങ്ങൾക്ക് അറിയൂ…!

0
232

 Josemon Vazhayil

‘അനുഗ്രഹീതൻ ആൻ്റണി‘യിലെ കുട്ടനെന്ന മെക്കാനിക്കിനെ നിങ്ങൾക്ക് അറിയൂ…! കൂട്ടുകാരൻ ജോലി ചെയ്തിരുന്ന സ്റ്റുഡിയോയിൽ ഉടമസ്ഥൻ അറിയാതെ പാതിരാത്രിക്ക് പോയി കൂട്ടുകാരൻ ചെയ്യുന്നത് കണ്ട് വീഡിയോ എഡിറ്റിംഗ് പഠിച്ച Melvin G Babu വെന്ന വീഡിയോ എഡിറ്ററെ നിങ്ങൾക്കറിയില്ലാ.
FT Guys എന്ന പേരിൽ അറിയപ്പെടുന്ന കണ്ടൻ്റ് ക്രിയേറ്റർ മെൽവിൻ ജി ബാബുബിനെയെ നിങ്ങൾക്കറിയൂ…, ‘ഫയങ്കര വാക്യങ്ങൾ‘ എന്നൊരു ചെറുപുസ്തകം തന്നെ രചിച്ച മെൽവിനെ നിങ്ങൾക്കറിയാൻ വഴിയില്ലാ. അതറിയണമെങ്കിൽ ചുമ്മാ ആമസോണിൽ കയറി ‘ഭയങ്കര വാക്യങ്ങൾ‘ എന്ന് ഒന്ന് സെർച്ച് ചെയ്താൽ മതി.
മെൽവിനെക്കുറിച്ച് ഇങ്ങനെ പറയാൻ തുടങ്ങിയാൽ കുറെ പറയേണ്ടി വരും… ഒറ്റവാക്കിൽ പറയാം…. ‘സർവകലാവല്ലഭൻ‘.

May be an image of 7 people and text‘അനുഗ്രഹീതൻ ആൻ്റണി‘ കണ്ടപ്പോ ആദ്യം മനസിൽ ഉദിച്ച ചോദ്യം ആരാണീ കുട്ടൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ കക്ഷി എന്നായിരുന്നു. തപ്പിയിറങ്ങിയപ്പോ കിട്ടിയ പേര് “മെൽവിൻ ജി ബാബു“. എന്നാൽ പിന്നെ ഒന്ന് ഡീറ്റയിൽ ആയിട്ട് അറിഞ്ഞിട്ട് തന്നെ കാര്യമെന്ന് ചിന്തിച്ച് ചെന്ന് കയറിയത് ഒരു യുവസിംഹത്തിൻ്റെ മടയിൽ.

മൂന്ന് വർഷം മുൻപ് FT Guys എന്നൊരു യൂട്യൂബ് ചാനലും തുടങ്ങി അരങ്ങിലേക്കിറങ്ങിയ മെൽവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ലാ. അത് ആദ്യ വീഡിയോ തന്നെ വൈറൽ ആയിട്ടൊന്നുമല്ലാ. സ്വന്തം ക്രിയേറ്റിവിറ്റി എന്നെങ്കിലും ആരെങ്കിലും ഒക്കെ കാണുകയും അതിലൂടെ സിനിമയെന്ന മഹാസാഗരത്തിലേക്ക് ഇറങ്ങിയൊന്ന് നീന്താൻ അവസരമൊരുങ്ങുകയും ചെയ്യുമെന്ന ശുഭപ്രതീക്ഷയിൽ, സ്വന്തം കഴിവിനെ ഇങ്ങനെ പരിപോഷിപ്പിക്കാനും താലോലിക്കാനും വേണ്ടി അയാൾ മടുക്കാതെ, തോൽക്കാതെ സ്വന്തം ആശയങ്ങളെ സ്വയം എഴുതി, അഭിനയിച്ച്, ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത് പൊളപ്പനാക്കി അപ്ലോഡ് ചെയ്തുകൊണ്ടേയിരുന്നു. അതിൽ, ഷോട്ട്ഫിലിമുണ്ട്, റാപ്പുണ്ട്, കവിതയുണ്ട്, റോസ്റ്റിംഗുണ്ട്, ഷോർട്ട്സുണ്ട്, അങ്ങനെ പലതുമുണ്ട്…!! മെൽവിൻ്റെ ചെറുവീഡിയോ-ആശയങ്ങൾ ഒക്കെ ജാവ പോലെ… സിമ്പിളാണ്, പക്ഷെ പവർഫുൾ…!!! പതിയെ പതിയെ വ്യൂവേഴ്സ് കൂടി. ഫോളോവേഴ്സ് കൂടി. അറിയപ്പെടാൻ തുടങ്ങി. സംഭവം ഹിറ്റായി. മെൽവിൻ സ്റ്റാറായിതുടങ്ങി.

അങ്ങനെ യൂട്യൂബിലൊക്കെ ഇങ്ങനെ സ്റ്റാറായി നിക്കണ മെൽവിൻ്റെ പെർഫോമൻസ് കണ്ടിട്ടാണ് “അനുഗ്രഹീതൻ ആൻ്റണി“യുടെ സംവിധായകൻ Prince Joy ഉം തിരക്കഥാകൃത്ത് Naveen T Manilal ഉം സിനിമയിലേക്ക് ക്ഷണിക്കുന്നത്. അതിൻ്റെ പിന്നിലും ഒരു കഥയുണ്ട്…. FT Guys ചാനൽ വഴി ലഭിച്ച സിനിമാ സുഹൃത്ത്, നമ്മടെ സ്വന്തം അർജുൻ അശോകൻ്റെ വിവാഹത്തിനു പോയപ്പോൾ ആണ് മെൽവിൻ, സ്റ്റിൽ ഫോട്ടോഗ്രാഫർ ‘റിച്ചാർഡ് ആൻ്റണി‘യെ പരിചപ്പെടുന്നതും നമ്പർ കൈമാറുന്നതും. അങ്ങനെ അനുഗ്രഹീതനിലേക്ക് ഓഫറുമായി ആദ്യവിളി വന്നത് റിച്ചാർഡിൻ്റെ ആയിരുന്നൂത്രെ. ‘അനുഗ്രഹീതൻ ആൻ്റണി‘യുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടി ആണ് ഈ പറയുന്ന റിച്ചാർഡ്.

മെൽവിൻ്റെ കഥ പുതുതലമുറക്ക് ഒരു മാതൃക തന്നെയാണ്. ‘ഈ വീഡിയോയും ചെയ്ത് നടന്നാൽ നീ ഒരിടത്തും എത്താൻ പോകുന്നില്ലാ‘ന്ന് പലരും പറഞ്ഞിട്ടും, അറിയപ്പെടുന്ന ഒരു റോസ്റ്റർ (?) ഇടിച്ചുതാഴ്ത്തി റോസ്റ്റ് ചെയ്തിട്ടും, തളരാതെ തകരാതെ മുന്നോട്ട് തന്നെ സഞ്ചരിച്ച് സിനിമയുടെ മാന്ത്രികവാതിൽ തള്ളിത്തുറന്ന മെൽവിൻ കിടുവാണ്.

മെൽവിനോട് സംസാരിക്കുമ്പോൾ നമ്മക്ക് കിട്ടുന്നത് മൊത്തം ഒരു പോസിറ്റീവ് വൈബ് ബ്രോയുടെ സംസാരമാണ്. ആദ്യമൊന്നും തൻ്റെ വീഡിയോസുകൾക്ക് ഒട്ടും തന്നെ വ്യൂവേഴ്സ് ഇല്ലാതിരിന്നിട്ടും എങ്ങനെ പിന്നെയും പിന്നെയും വീഡിയോ ചെയ്ത് മുന്നോട്ട് പോകാൻ സാധിച്ചു എന്ന ചോദ്യത്തിന് മെൽവിൻ പറഞ്ഞത്…

“ഞാൻ ചെയ്യുന്ന വർക്കുകളിൽ സ്വയം ഒരു സംതൃപ്തിയും സന്തോഷവും ഞാൻ കണ്ടെത്തി… മറ്റുള്ളവർ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുക എന്നത് രണ്ടാമത്തെ കാര്യമായി ചിന്തിച്ചു…! എൻ്റെ കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുക എന്നതായിരുന്നു പ്രധാനകാര്യം. അങ്ങനെ ഞാൻ ചെയ്തുകൊണ്ടേയിരുന്നു…! അപ്പോൾ പിന്നെ പിന്നോട്ട് പോകുക എന്നൊന്ന് ഇല്ലല്ലോ ബ്രോ…!!“
അദ്ദാണ്…. ചെയ്യുന്ന കാര്യത്തോടുള്ള ഇഷ്ടവും, ആത്മാർത്ഥതയും. പിന്നെ സ്വയം കൂടുതൽ നല്ലതാക്കാൻ വേണ്ടിയുള്ള തീരാശ്രമവും.

“സിനിമാനടനാവുമെന്ന് കരുതിയിരുന്നോ…?“
“ആഗ്രഹം, സംവിധായകനാവുക എന്നതായിരുന്നു. പിന്നീട് സ്വന്തം ഷോട്ട് ഫിലിമുകളിൽ അഭിനയിച്ച്, അഭിനയിച്ചഭിനയിച്ച് അഭിനയിക്കാൻ ആവുമെന്ന് തോന്നി. അങ്ങനെ നല്ല നടൻ ആവുക എന്നതായി ആഗ്രഹം…!! എന്തായാലും അത് കണ്ടിട്ടാണ് അനുഗ്രഹീതനിലേക്ക് അവസരം കിട്ടിയത്…!“
“ഇതിനുമുൻപ് സ്വന്തം ഷോട്ട്സിൽ അല്ലാതെ അഭിനയിച്ചിട്ടുണ്ടോ?“
“മാധ്യമം മാസികക്ക് വേണ്ടി ഒരു പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്…!“
“അനുഗ്രഹീതനിൽ ആദ്യ ഷോട്ട് ഏതായിരുന്നു? എങ്ങനെ ആയിരുന്നു?“
“സിനിമയിൽ എന്നെ ആദ്യം കാണിക്കുന്ന കടയിലെ ഷോട്ട് തന്നെ ആയിരുന്നു ആദ്യഷോട്ട്. തലയിൽ എന്തോ വലിയ സംഭവം എടുത്ത് വച്ച ഫീൽ ആയിരുന്നു. ഇതുവരെ ചെയ്തതൊക്കെ സ്വന്തം തൃപ്തി മാത്രം നോക്കിയാൽ മതിയായിരുന്നു. ഇതിപ്പോ പ്രിൻസ്ചേട്ടൻ്റെയും നവീഞ്ചേട്ടൻ്റെ ഒക്കെ പ്രതീക്ഷയുടെ ലെവലിൽ എത്തണം. ടെൻഷൻ ഉണ്ടായിരുന്നു. പിന്നെ ജാഫർ ഇടുക്കി ചേട്ടനും സണ്ണിച്ചേട്ടനും കട്ട സപ്പോർട്ട് ആയിരുന്നു…!“

“പുതിയ സിനിമകൾ? ഓഫറുകൾ?“
“രണ്ട് മൂന്ന് വിളികൾ ഒക്കെ വന്നിട്ടുണ്ട്… ഒന്നും പറയാറായിട്ടില്ലാ…!!“
മെൽവിൻ പൊളിയാണ്. ഇതിനിടയിൽ അദ്ദേഹം ഒരു 8 പേജുള്ള “ഫയങ്കര വാക്യങ്ങൾ“ എന്ന ഒരു ചെറുപുസ്തകവും എഴുതി. കൂടാതെ അദ്ദേഹത്തിൻ്റെ കഴിവുകളുടെ കമനീയകലവറയെ അറിയണമെങ്കിൽ യൂട്യൂബിൽ കയറി മെൽവിൻ്റെ FT Guys എന്ന ചാനലിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി.

നാളെയുടെ മലയാള സിനിമാ ദിനങ്ങൾ മെൽവിൻ ജി ബാബു എന്ന കട്ട-പോസിറ്റീവ് വൈബ് ബ്രോയുടെ കൂടി ആവട്ടെ എന്ന ആഗ്രഹത്തോടെ… ആശസകളോടെ…!!!
മെൽവിൻ ജി ബാബുവിനെക്കുറിച്ച് ഇനിയും കൂടുതൽ അറിയാൻ ഇതാ: https://m3db.com/melvin-g-babu