OTT റിലീസ് പ്ലാറ്റ്‌ഫോമുകളെ കുറിച്ച് സംശയമുണ്ടോ ? ഈ പോസ്റ്റ് വായിക്കുക

103

Josemon Vazhayil

OTT റിലീസ്‌ എന്ന്‌ കേൾക്കുമ്പോഴേ ആദ്യം ചോദിക്ക ഏതിലാ എന്നാണ്‌. വരിസംഖ്യ എടുത്തിട്ടുള്ള എവിടെയെങ്കിലും ആകണേ ഭഗവാനേന്ന്‌ മനസിലും പറയും. അങ്ങനെ ‘ദൃശ്യം-2’ പ്രൈമിൽ വരുന്നു. എന്നാൽ നമ്മടെ സ്വന്തം Jeo Baby ചേട്ടന്റെ The Great Indian Kitchen വരുന്നത്‌ തികച്ചും പുതിയതായ NeeStream പ്ളാറ്റ് ഫോമിലാണ്‌. ആദ്യം കേട്ടപ്പോ ‘അയ്യോ അതെന്നാന്നേ പ്രൈമിന്‌ കൊടുക്കാഞ്ഞെ..?’ എന്ന്‌ മനസിൽ തോന്നിയെങ്കിലും സാരല്യാന്ന്‌ വച്ച്‌ കയറി നോക്കി. ഒറ്റ സിനിമ കാണാൻ ആണെങ്കിൽ 140/- രൂപ കൊടുത്ത്‌ 5 ദിവസത്തെ സമയപരിധിക്കുള്ളിൽ കാണാവുന്നതാണ്‌. അതല്ലെങ്കിൽ 210/- രൂപ കൊടുത്ത്‌ 30 ദിവസത്തെ വരിസംഖ്യ വാങ്ങാവുന്നതാണ്‌. അതാണ്‌ ഒന്നുകൂടി നല്ലതായി തോന്നിയത്‌. ഇപ്പോൾ NeeStreamൽ ‘പ്രതിവിധി’, മനോജ്‌ കെ ജയന്റെ ‘വിശുദ്ധ പുസ്തകം’ ഒക്കെ ലഭ്യമാണ്‌. അതു കൂടാതെ 450 ഓളം ദിവസത്തെ ഫ്രീ വരിസംഖ്യയുടെ ഭാഗമായി മറ്റ്‌ ലഭ്യമായ കുറെ മലയാളം സിനിമകൾ കാണാൻ സാധിക്കും. കൂടാതെ ചില വെബ്‌ സീരിസുകളും ലഭ്യമാണ്‌. അപ്പോ ഇനി The Great Indian Kitchen റിലീസ്‌ ആവുന്ന ജനുവരി 15-ന്‌ വരിസംഖ്യ എടുക്കാന്ന്‌ തീരുമാനിച്ചിരിക്കുന്നു. അവിടുന്നങ്ങോട്ട്‌ 30 ദിവസം കിട്ടുമല്ലോ…!!

മറ്റ്‌ OTT പ്ളാറ്റ്ഫോമുകളെക്കുറിച്ച്‌ കൂടി ചിലത്‌ പറയാം.

Prime Reels – കഴിഞ്ഞ ദിവസം ‘ഗാർഡിയൻ“ എന്ന സിനിമയെക്കുറിച്ച്‌ കേട്ടത‌നുസരിച്ച്‌ ഒന്ന്‌ കാണാമെന്ന്‌ കരുതിയാണ്‌ Prime Reels ൽ കയറിയത്‌. ’ഗാർഡിയൻ‘ കാണാൻ മാത്രമായിട്ട്‌ 149/- രൂപ കൊടുക്കണം. അതുപോലെ അവിടെ ക്ളിയർ ആയിട്ട്‌ അതിൽ എഴുതിയിട്ടുണ്ട്‌ ജനുവരി 30 വരെയെ ഈ സിനിമയുടെ ലഭ്യത ഉണ്ടാവു എന്ന്‌. അപ്പോൾ അത്‌ കഴിഞ്ഞ്‌ TVയിൽ വരുമോ? അതോ മറ്റേതെങ്കിലും OTT Platformൽ വരുമോ? പേ & വാച്ച്‌ എന്ന്‌ പറയുമ്പോ ഒറ്റത്തവണയെ കാണാൻ പറ്റുകയുള്ളോ…? ഇങ്ങനെ കുറെ ഡൗട്ടുകൾ ബാക്കിയാവുന്നു. മറ്റ്‌ ചില വരിസംഖ്യാ ഓപ്ഷൻസ്‌ ഉണ്ടെങ്കിലും അതിലും ചില പ്രശ്നങ്ങൾ… 350/- രൂപ കൊടൂത്ത്‌ 4 സിനിമ കാണാൻ കഴിയുന്ന ഓപ്ഷൻ വാങ്ങിയാൽ അതിൽ സിനിമ റിലീസ്‌ ആയി 7 ദിവസത്തിനുള്ളിൽ കണ്ടിരിക്കണം എന്നൊരു വകുപ്പ്‌ കൂടി. അത്‌ ഒട്ടും ഫ്ളെക്സിബിൾ ആയി തോന്നിയില്ല. ഇതേ നിയമം 12 സിനിമ / 52 സിനിമ എന്നീ ഓപ്ഷനുകളിലും ബാധകമാണ്‌. 12 സിനിമക്ക്‌ 999/- രൂപയും 52 സിനിമക്ക്‌ 3999/- രൂപയുമുണ്ട്‌ താനും…!! ’ഗാർഡിയൻ‘ന്റെ അത്ര ഗംഭീര റിവ്യൂ ഒന്നും കാണാഞ്ഞതിനാൽ വിട്ട്‌ കളഞ്ഞു. റ്റിവിയിലോ മറ്റൊ വരുമ്പോ നോക്കാം.

Netflix – ൽ പല വിലയ്ക്ക്‌ പല രീതിയിൽ ഉള്ള പ്ളാനുകൾ ആണ്‌. 199/- രൂപ മാസാമാസം മുടക്കി ആണെങ്കിൽ ഒരു മൊബൈലിൽ മാത്രമായിട്ട്‌ ലഭ്യമാണ്‌. ഈ ചാർജിൽ tvയിലേക്ക്‌ കണക്റ്റ്‌ ചെയ്ത്‌ കാണാനോ, ഒരേസമയം രണ്ടാമതൊരാൾക്ക്‌ കാണാനോ സാധ്യമല്ല. 499/- രൂപ മാസം മുടക്കി ബേസിക്‌ പ്ളാൻ എടുത്താലും ഒരു സമയത്ത്‌ ഒരാൾക്കെ കാണാൻ ആവു. പക്ഷെ TVയിലോ Tabletലോ ഒക്കെ കാണാവുന്നതാണ്‌. അതിനു മുകളിലേക്ക്‌ ആണെങ്കിൽ 649/- രൂപ മാസം വിലയിൽ 2 പേർക്ക്‌ കാണാവുന്നതും, 799/- മാസം 4 പേർക്ക്‌ ഒരേ സമയം 4K HDയിൽ കാണാവുന്നതാണ്‌. 799/-ന്റെ പ്ളാൻ 4 പേർ ഷെയർ ഇട്ട്‌ വാങ്ങിയിരുന്നു നാട്ടിലേക്ക്‌ പോരുന്നതിനു മുൻപ്‌ വരെ. അതായിരുന്നു ബെസ്റ്റ്‌ ലാഭം. പിന്നെ നാട്ടിൽ വന്നപ്പോ അത്‌ 649/- സ്വന്തമായി വാങ്ങേണ്ടി വന്നു എനിക്ക്‌. ഏറ്റവും അവസാനം റിലീസ്‌ ആയ മലയാളം സിനിമ ‘മണിയറയിലെ അശോകൻ’ ആണെന്ന്‌ തോന്നുന്നു.

ആമസോൺ പ്രൈം വീഡിയോ – 999/- രൂപാ വർഷത്തേക്ക്‌ അല്ലെങ്കിൽ 129/- രൂപാ ഓരോ മാസവും. ഏറ്റവും കുറഞ്ഞ പൈസയിൽ കൂടുതൽ കണ്ടന്റ്‌ കിട്ടുന്നതിവിടെ തന്നെയാണ്‌ എന്നാണ്‌ എന്റെ ഒരു അനുഭവം. കൂടാതെ ആമസോണിൽ നിന്ന്‌ സാധനങ്ങൾ വാങ്ങിയാൽ ഫ്രീ ഡെലിവറി, ഫാസ്റ്റ്‌ ഡെലിവറി ഓപ്ഷൻസും ഇതിന്റെ കൂടെ കിട്ടുന്നുണ്ടേ…! കുറെ അധികം നല്ല മലയാള സിനിമകൾ തന്നെ പ്രൈമിൽ ലഭ്യവുമാണ്‌. ‘CU soon’, ‘കുമ്പളങ്ങി നൈറ്റ്സ്‌’ ‘ജോസഫ്‌’ ‘ഐയപ്പനും കോശിയും’ ‘വൈറസ്‌’, ഇങ്ങനെ പോകുന്ന ഒരു നല്ല ലിസ്റ്റ്‌. ഇനിയിപ്പോ ഇതാ ‘ദൃശ്യം-2’വും വരുന്നുണ്ട്…!!! മാത്രമല്ല ഈ പൈസയിൽ തന്നെ ആമസോൺ പ്രൈം മ്യൂസികും ലഭിക്കും. ഒരു വെടിക്ക്‌ മൂന്നാ പക്ഷി.

ഡിസ്നി ഹോട്ട്സ്റ്റാർ vip – 399/- രൂപ ഒരു വർഷത്തേക്ക്‌. അല്ലെങ്കിൽ പ്രീമിയം – 299/- ഓരോ മാസവും. ആയിട്ടാണ്‌ ലഭ്യം. പുതിയ മലയാളം പടമൊന്നും റിലീസിന്‌ കിടപ്പില്ല എങ്കിലും അവസാനം ആയി അവിടെ മലയാളത്തിലും കൂടി റിലീസ്‌ ആയത്‌ ‘മൂക്കുത്തി അമ്മൻ’ ആയിരുന്നു. ഹിന്ദി ക്രിമിനൽ ജസ്റ്റിസ്‌, സ്പെഷ്യൽ OPS ഒക്കെ കാണണം പൈസ വസൂലാക്കാൻ. ഇന്നലെകളിലെ കുറെ മലയാളം സിനിമകളും ലഭ്യമാണ്‌.

ജിയോ സിനിമ – ഒരു ആക്ടീവ്‌ ജിയോ നമ്പർ ഉണ്ടെങ്കിൽ ലഭിക്കുന്നതാണ്‌. പുതിയ റിലീസുകൾ ഇല്ലാ എങ്കിലും സൺ നെക്സ്റ്റ്‌, ഈറോസ്‌ നൗവിന്റെ ഒക്കെ മലയാളം സിനിമകൾ ജിയോയിൽ ലഭ്യമാണ്‌. കണ്ട സിനിമകൾ പിന്നെയും പിന്നേയും കാണാൻ ഇത്‌ മതി.

MX Player ജിയോ സിനിമയിൽ കിട്ടുന്ന സൺ നെക്സ്റ്റിന്റെ മിക്ക പടങ്ങളും MXplayerൽ ഫ്രീ ആയിട്ട്‌ കാണാവുന്നതാണ്‌. ഇടക്ക്‌ പരസ്യം ചിലപ്പോ കിട്ടിയേക്കാം. എന്നാലും കൊയ്പ്പില്ല. ജസ്റ്റ്‌ ഒന്ന്‌ ലോഗിൻ ചെയ്താ ‘ചാർലി’, ‘ചതിക്കാത്ത ചന്തു’ പോലെയുള്ള ചില സിനിമകൾ വീണ്ടും കാണാം.

zee5 ന്റെ ഒരു മാസത്തെ വരിസംഖ്യ 99/- രൂപയും ഒരു വർഷത്തേക്ക്‌ 999/- രൂപയുമാണ്‌. ഇതിൽ ‘മൂത്തോൻ’, ‘പ്രതി പൂവൻ കോഴി’, ‘ആമി’ ഇങ്ങനെ ചില മലയാളം സിനിമകൾ ഇപ്പോൾ ലഭ്യമാണ്‌. പുതിയ മലയാളം റിലീസ്‌ ഒന്നും പ്രഖ്യാപിച്ചതായി അറിവില്ല.

മനോരമ മാക്സ്‌ – 499/- രൂപ അടച്ചാൽ ‘മഹേഷിന്റെ പ്രതികാരം’, ‘ലൂക്ക’, ‘ഗോദ’, ഇങ്ങനെ 250 ൽ പരം സിനിമകൾ ഒരു വർഷത്തേക്ക് എപ്പോൾ വേണമെങ്കിലും കാണാവുന്നതാണ്‌.

SunNxt – ല്‍ മലയാളം സിനിമകള്‍ കാണാൻ, നിങ്ങളുടെ വീട്ടിലെ ഡിഷ്‌ സണിന്റെ ആണെങ്കില്‍ ഒരു ഐഡിയും പാസ്‌വേര്‍ഡും കിട്ടി കാണുമല്ലോ. അത്‌ വച്ച്‌ ഒരു സമയം ഒരു മൊബൈലില്‍ എന്ന രീതിയില്‍ സണ്‍ നെക്സ്റ്റിലെ എല്ലാ സിനിമകളും കാണാവുന്നതാണ്‌. ടിവിലേക്കും കണക്റ്റ്‌ ചെയ്യാവുന്നതാണ്‌. നെറ്റ്ഫ്ലിക്സില്‍ കിട്ടുന്ന ‘വരനെ ആവശ്യമുണ്ട്‌’ ഇവിടെയും കിട്ടുന്നുണ്ട്‌…!

ErosNow – മാസം 49/- രൂപയോ, വര്‍ഷം 399/- രൂപയോ കൊടുത്താല്‍ കുറച്ച്‌ മലയാളം സിനിമ കാണാന്‍ പറ്റും. പക്ഷെ അതില്‍ ഉള്ളവയൊക്കെ മറ്റ്‌ പലയിടത്തും ഉള്ളതിനാല്‍ വരിസംഖ്യാ ആവശ്യം തോന്നുന്നില്ല. ഉദ്ദാഹരണത്തിന്‌ ജിയോ ബേബിയുടെ ‘2 പെണ്‍കുട്ടികൾ’ ജിയോ സിനിമയില്‍ കിട്ടുന്നുണ്ട്‌, അപ്പോള്‍ പിന്നെ ErosNowല്‍ കാണാന്‍ പോകുമോ? പിന്നെ ErosNow ല്‍ HD തരാന്ന്‌ പറയുന്നുണ്ട്‌…!!!

Simply South – ഇന്‍ഡ്യക്ക്‌ പുറത്ത്‌ പല രാജ്യങ്ങളിലും ഉള്ളവർക്ക്‌ ഉപയോഗിക്കാവുന്ന ഒരു OTT Platform ആണ്‍ ‘സിമ്പളി സൌത്ത്‌’. അങ്ങനെ പുതിയ പടങ്ങള്‍ ഒന്നും കാണിക്കുന്നില്ല. എങ്കിലും കാണണമെങ്കില്‍ 6 ഡോളര്‍ മാസം കൊടുക്കണമാത്രേ.

koode.in – ഇതൊരു സ്ട്രീമിംഗ്‌ ആപ്പും വെബ്സൈറ്റും ആണെങ്കിലും കണ്ടന്റ്‌ എല്ലാം യൂറ്റ്യൂബില്‍ നിന്നുംആണ്‌ തരുന്നത്‌. ഫ്രീ ആണ്‌. ചില സിനിമകള്‍ ലിസ്റ്റില്‍ കാണിച്ചാലും അവൈലബിള്‍ അല്ലാ എന്ന്‌ കാണിക്കുന്നുണ്ട്… കാരണം ആ യൂറ്റ്യൂബർക്ക്‌ വിലക്കോ അല്ലെങ്കില്‍ വീഡിയോ ബ്ളോക്ക്‌ ആയെന്നോ കാരണത്താൽ. എന്നാലും കൃത്യമായി ലിസ്റ്റ്‌ ചെയ്തിരിക്കുന്നതിനാല്‍ എളുപ്പത്തില്‍ സിനിമ കണ്ടൂപിടിച്ച്‌ കാണാന്‍ കഴിയുമെന്നത് ഒരു നല്ല കാര്യമാണ്.

Roots OTT – ഇതിനേക്കുറിച്ച്‌ കൂടുതല്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഇപ്പോഴും റൂട്ട്സ്‌ ലെവലില്‍ ആണ്‌. ഒരു സബ്സ്ക്രിപ്ഷന് ഒരു മരം നടും എന്നൊക്കെയാണ്‌ പറയുന്നത്‌. ജയരാജിന്റെ ‘ബാക്ക്പാക്കേഴ്സ്‌’ ഇതില്‍ റിലീസ്‌ ചെയ്യുമെന്ന്‌ പറയപ്പെടുന്നു. മൊബൈല്‍ ആപ്പിലേ ലോഗിന്‍ ചെയ്യാനാവു ഇപ്പോൾ.

Mubi – യില്‍ കുറെ മലയാളം സിനിമകള്‍ ഉണ്ടെന്ന്‌ മനസിലായി എങ്കിലും അതൊന്ന്‌ തിരഞ്ഞ്‌ പിടിക്കാന്‍ കഴിഞ്ഞാല്‍ അന്ന്‌ നിങ്ങള്‍ ഒരു ലോട്ടറി എടുത്ത്‌ നോക്ക്‌, ഉറപ്പായും അടിക്കും. എന്തായാലും കാണണമെങ്കില്‍ മൂന്ന്‌ മാസത്തേക്ക്‌ 199/- രൂപ അടക്കണം. ഇനിയെൻ്റെ സേർച്ചിംഗ് രീതി തെറ്റാണെങ്കിൽ പറയാൻ പറ്റില്ല.

Airtel Xstream – എയര്‍ടെല്‍ സിം ആണ്‌ യൂസ്‌ ചെയ്യുന്നത്‌ എങ്കില്‍ ഇത്‌ ഡൌണ്‍ലോഡ്‌ ചെയ്ത്‌ ഫ്രീ ആയി ഉപയോഗിക്കാം. ജിയോ സിനിമാ സെറ്റപ്പ്‌ പോലെ തന്നെ സണ്‍ നെക്സ്റ്റ്‌, ഈറോസ്‌ നൌ, തുടങ്ങിയവയുടെ പടങ്ങള്‍ ആണ്‌ കൂടുതലും ലഭിക്കുക.

Saina Play – പഴയ സയന സിഡി കമ്പനിയുടെ സിനിമകൾ എല്ലാം തന്നെ ഇതിൽ കിട്ടും. ഇത് മൊബൈൽ ആപ്പിലേ കിട്ടുകയുള്ളു. വെബ്സൈറ്റ് ഉള്ളതായി അറിയില്ല. ഫ്രീ ആണ് കേട്ടോ..!!!
MainStream – മലയാളം സിനിമകളും ചുരുക്കം ചില തമിഴ് സിനിമകളും മാത്രം ലഭിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് മെയിൻ സ്ട്രീം. പഴയ സിനിമകൾ പലതും ഇതിൽ ലഭ്യമാണ്. വരിസംഖ്യ ഒന്നുമില്ല എങ്കിലും, പ്രീമിയം ആയി വരുന്ന ചില സിനിമകൾക്ക് ചെറിയ തുക ഫീസ് വച്ചിട്ടുണ്ട്. ‘കൊന്നപ്പൂക്കളും മാമ്പഴവും‘ എന്ന സിനിമ ഈ പ്ലാറ്റ് ഫോമിൽ പ്രീമിയം ആയി 49/- അല്ലെങ്കിൽ 2 ഡോളർ എന്ന് ചാർജ് വച്ചിട്ടുണ്ട്. അതുപോലെ 1983 ൽ ഇറങ്ങിയ “വിസ“ എന്ന സിനിമക്ക് കേവലം 1/- രൂപ ചാർജ്ജും വച്ചിട്ടുണ്ട്. ലോജിക് മനസിലായില്ല എങ്കിലും, ആ ഒരു രൂപ കൊടുത്ത് കാണാൻ ഒരു മോഹം തോന്നി.

cinemasofindia.com – NFDC യുടെ പ്ലാറ്റ് ഫോം ആണ്. എല്ലാം തന്നെ ആർട്ട് – അവാർഡ് പടങ്ങൾ ആണ്. കുറച്ച് മലയാളം പടങ്ങളും ലഭ്യമാണ്. ചിലത് ഫ്രീ ആയിട്ടും, ചിലത് ഒരു മാസത്തേക്ക് 149/- വരിസംഖ്യ എടുത്തോ കാണാവുന്നതാണ്.

ഇതുപോലെ ഒരുപാട്‌ സിനിമാ സീരിയല്‍ ടിവി സംഭവങ്ങള്‍ ഓണ്‍ലൈനില്‍ നല്കുന്ന വേറേയും ഉണ്ട്‌… Sony Liv, Voot, Ullu, Alt Balaji, Shemaroo ഇങ്ങനെ പലതുമ്. പക്ഷെ ഇതില്‍ ഒന്നും മലയാളം സിനിമകള്‍ ഉള്ളതായി കാണുന്നില്ല. Ullu, Alt Balaji ഒക്കെ കൂടുതലും അഡൾട്ട്‌ കണ്ടൻ്റുകളുടെ ലോകമാണ്‌.

മുന്നോട്ട്‌ ഈ OOTക്ക്‌ എത്രമാത്രം പ്രസക്തി ഉണ്ടാവും എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്‌. C U soon പോലെയുള്ള OTTക്ക്‌ വേണ്ടി നിര്‍മ്മിക്കപ്പെട്ടത്‌ എന്ന ലേബലോടെ വരുന്ന സിനിമകളുടെ കാലം ഇങ്ങെത്തിക്കഴിഞ്ഞു. യൂറ്റ്യൂബില്‍ വെബ്‌ സീരിസ്‌ കാണുന്നതുപോലെ OTT Platformകളില്‍ മലയാളം സീരിസുകള്‍ വരുന്ന കാലം വരികയാണ്‌ എന്ന സൂചനയാണ്‌ NeeStream ലെ ചെറിയ വെബ് സീരിസുകൾ പറഞ്ഞുവയ്ക്കുന്നത്‌.

എന്തായാലും ഈ Platformകളില്‍ എല്ലാം പറയുന്ന ഒരു മേജര്‍ പ്രശ്നം സേര്ച്ച്‌ ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട്‌ ആണ്‌. ‘മലയാളം ഉണ്ടോ ചേട്ടാ?‘ എന്ന്‌ ചോദിക്കുമ്പോ ‘മറാത്തി എടുക്കട്ടേ‘? ന്ന്‌ തിരിച്ച്‌ ചോദിക്കുന്ന അവസ്ഥയാ മിക്കപ്പോഴും. അത്‌ എന്തുകൊണ്ടാണ്‌ പരിഹരിക്കപ്പെടാത്തത്‌ എന്ന്‌ ഒരു തരത്തിലും മനസിലാവുന്നില്ല. കൃത്യമായി ഭാഷ ടാഗ്‌ ചെയ്തിട്ടില്ലേ എന്ന്‌ പോലും സംശയം തോന്നാറുണ്ട്‌ പലപ്പോഴും.

മറ്റൊന്ന്‌ OTT Platformല്‍ എല്ലാവിധ ഫുള്‍ സൌണ്ട്‌ സെറ്റപ്പില്‍ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന ചോദ്യവുമുണ്ട്‌. അവര്‍ 5.1 ഒക്കെ പ്രൊവൈഡ്‌ ചെയ്യുമെങ്കിലും കമ്പ്യൂട്ടറിലോ മൊബൈലിലോ അത്‌ ആ ഫീലില്‍ ലഭ്യമാകില്ലല്ലോ. പിന്നെയും അന്‍ഡ്രോയിഡ്‌ റ്റിവികളില്‍ എക്സ്റ്റ്രാ സൌണ്ട്‌ സെറ്റപ്പൊക്കെ വച്ച്‌ ആസ്വദിക്കാം എന്നാണ്‌ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത്‌.

ഇതിനൊപ്പം പറയേണ്ട മറ്റൊന്ന് കൂടി ഉണ്ട്… justwatch.com എന്ന വെബ്സൈറ്റിനേക്കുറിച്ച്. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സിനിമ ഏത് പ്ളാറ്റ് ഫോമിൽ ആണ് അവൈലബിൾ ഉള്ളത് എന്ന് ഈ സൈറ്റിൽ സെർച്ച് ചെയ്താൽ കാണിച്ചു തരും. ഇത് വലിയൊരു സഹായകമായ സൈറ്റ് തന്നെ ആണ്. ഇതിൽ മലയാളം എന്നില്ല, എല്ലാ ഭാഷയും പോതും.

പിന്നെ… ടോറന്റിലോ ടെലഗ്രാമിലോ ഒക്കെ ഈ പറയുന്ന സിനിമകൾ ഒക്കെ കിട്ടുന്നതല്ലെ ചേട്ടാ, പിന്നെന്തിനാ ഈ വിലവിവരപട്ടിക ഒക്കെയിങ്ങനെ പറഞ്ഞ്‌ പൊളക്കണത്‌ എന്ന്‌ ചോദിക്കാൻ തോന്നുന്നുവെങ്കിൽ, പറയട്ടെ… അക്കാര്യത്തിൽ ഞാൻ അത്ര വിശുദ്ധൻ ഒന്നുമല്ല… ഇൻഡ്യൻ OTT പ്ളാറ്റ് ഫോമിൽ ലഭ്യമല്ലാതെ വരുന്ന സിനിമകളൊക്കെ ഞാനും ആ വഴിക്ക്‌ തന്നെയാ കാണാറ്‌. എങ്കിലും സത്യം പറയാല്ലോ, പൈസ കൊടുത്ത്‌ നേരായ വഴിയിലൂടെ കാണുമ്പോ, പൈറസി പ്രിന്റ്‌ കാണുമ്പോൾ ഉണ്ടാവുന്ന മനസിലെ ആ കുത്തൽ ഇല്ലേ… അതുണ്ടാവില്ല..!!!

അപ്പോ…, നിങ്ങള്‍ കാണുന്ന OTT Platform കളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കൂടി പറയണേ….!! 🥰🙏