ഒരുത്തൻ മുണ്ടുപൊക്കികാണിച്ചെന്ന് മകൾ പരാതിപറഞ്ഞാലും കുറ്റം അവളിൽ ചാരുന്ന അമ്മമാരുടെ നാടാണ്

73

Joseph Annamkutty Jose

‘മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമാകില്ല’; ബോംബെ ഹൈക്കോടതി!

പണ്ട് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു ടോക്ക് കൊടുക്കുക്കാൻ പോയിരുന്നു, ക്ലാസ്സിന്റെ അവസാനം കുട്ടികൾക്ക് പേഴ്സണലായി എന്നോട് എന്തെങ്കിലും സംസാരിക്കാൻ അവസരമുണ്ടെന്ന് അവരുടെ പ്രധാന അധ്യാപിക കുട്ടികളോടായി പറഞ്ഞു. അന്ന് എന്നോട് സംസാരിച്ച കുട്ടികളിൽ ഒരു പെൺകുട്ടിയെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്, അവൾ പറഞ്ഞ സങ്കടവും.

May be an image of 1 person, beard and food“സാർ, ഞാൻ ട്യൂഷന് പോകുന്നത് വൈകീട്ടാണ്. ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്ക് പോകുന്നത് ഒരിടവഴിയിലൂടെയാണ്. രണ്ട് വശത്തും റബർ തോട്ടമാണ്. ഒരു ദിവസം ട്യൂഷൻ കഴിയാൻ കുറച്ചു വൈകി, സ്ഥിരം എന്റെ കൂടെ വരുന്ന കൂട്ടുകാരി അന്ന് ഇല്ലായിരുന്നു. ഞാൻ ആ ഇടവഴിയിലെത്തിയപ്പോൾ ഒരു ചേട്ടൻ സ്കൂട്ടറിൽ വന്നിട്ട് എന്നോട് ഒരാളുടെ വീട് എവിടെയാണെന്ന് അറിയുമോ എന്ന് ചോദിച്ചു, ഞാൻ അറിയില്ല എന്ന് പറഞ്ഞിട്ട് വീണ്ടും മുന്നോട്ട് നടന്നു. പക്ഷെ ആ ചേട്ടൻ പിന്നെയും വണ്ടിയോടിച്ച് അടുത്തേക്ക് വന്നിട്ട് അയാളുടെ മുണ്ട് വകഞ് മാറ്റി ‘അത്’ കാണിച്ചുകൊണ്ട് വീണ്ടും അതേ ചോദ്യം ചോദിച്ചു. ഞാൻ അറിയില്ല എന്ന് പറഞ്ഞുകൊണ്ട് വേഗം ഇടവഴിയിലൂടെ ഓടി വീട്ടിലെത്തി അമ്മയോട് നടന്നതെല്ലാം പറഞ്ഞു. പക്ഷെ അമ്മ അന്ന് പറഞ്ഞത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി,

‘അതേ,ട്യൂഷൻ കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് വരണം ചുമ്മാ ആടിപ്പാടി വന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകും’. എനിക്ക് ഇന്നും ആ സംഭവം ഓർത്ത് പേടിയാണ്.” സ്വന്തം അമ്മ പോലും കൂടെ നിൽക്കാതെ കുറ്റപ്പെടുത്താൻ ശ്രമിച്ച കുട്ടിയോട് എന്ത് പറഞ്ഞിട്ടും ഒരുകാര്യവും ഇല്ല എന്നുറപ്പുള്ളത് കൊണ്ട് അവരുടെ അധ്യാപികയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു,അവിടെ നിന്നിറങ്ങി.
ബൈബിളിൽ വ്യഭിചാരത്തിന് പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിന്റെ മുൻപിൽ അവളെ എറിഞ്ഞിട്ട് കൊടുക്കുന്ന ഒരു രംഗമുണ്ട്! വ്യഭിചാരം ഒരിക്കലും ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നല്ലല്ലോ, അപ്പോൾ വ്യഭിചാരത്തിൽ പങ്കെടുത്ത ആ പുരുഷൻ എവിടെപ്പോയി? അന്ന് തുടങ്ങി ഇന്നുവരെ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെത്തന്നെയാണ്.

“വടക്കോട്ട് ചൂണ്ടുന്ന ഒരു കോമ്പസ് സൂചി പോലെ, പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരൽ എല്ലായ്പ്പോഴും ഒരു സ്ത്രീയെ കണ്ടെത്തുന്നു. എല്ലായ്പ്പോഴും.” ഇത് ഖാലിദ് ഹോസിനി എന്ന പ്രശസ്തനായ എഴുത്തുകാരന്റെ വാചകമാണ്. ‘പുരുഷന്റെ’ എന്നുള്ളിടത്ത് ‘സമൂഹത്തിന്റെ’ എന്നെഴുതിയാലും തെറ്റില്ല. അടുത്ത ഒരു സ്ത്രീസുഹൃത്ത് പങ്കുവച്ച അനുഭവം ഇങ്ങനെയാണ്, ‘ഞാനൊരു ഫെമിനിച്ചിയാടോ, കുട്ടിക്കാലത്ത് അച്ഛന്റെ കൊളീഗ് എന്നെ റേപ്പ് ചെയ്തിട്ടുണ്ട് അന്ന് തുടയിലൂടെ ഒഴുകിയ ചോരയുമായി ഞാൻ എന്റെ അമ്മയുടെ അടുത്ത് ചെന്ന് കരഞ്ഞിട്ടുണ്ട്, അന്ന് സംഭവിച്ചത് എന്താണെന്ന് തുറന്നുപറയാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു.പിന്നീട് ഒരു സ്ത്രീയായി തല ഉയർത്തി നടക്കാൻ, അനുവാദമില്ലാത്ത സ്പർശനങ്ങളെ അപ്പോൾ തന്നെ എതിർക്കാൻ ധൈര്യം തന്നത് അമ്മയാണ്. ഇന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് കേൾക്കുമ്പോൾ എന്റെ തുടയിൽ ചോര പൊടിയുന്നുണ്ട്. എന്നെ ഫെമിനിച്ചി എന്ന് വിളിക്കുന്നവന്റെ അമ്മയുടെയും, പെങ്ങളുടെയും മക്കളുടെയും തുടയിൽ നിന്ന് ചോര കിനിയാതിരിക്കാൻ മാത്രമാണ് ഞാൻ ഫെമിനിച്ചി ആയതെന്ന് എന്നെങ്കിലും അവർ മനസ്സിലാക്കും’. ഇതിവിടെ പറയാൻ കാരണം, ഈ കോടതി വിധിയുമായി ബന്ധപ്പെട്ട് പല സ്ത്രീകളും പ്രതികരിക്കാൻ ഇടയുണ്ട് അപ്പോൾ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാനാണ്.