ജോലിക്കുപോയാൽ കണ്ണ് നഷ്ടപ്പെടുന്ന സ്ത്രീകളുടെ നാട്, ഇത് ഇന്നത്തെ അഫ്ഗാനിസ്ഥാൻ

111

Joseph George

അഫ്ഗാനിസ്ഥാനിൽ, വിവാഹിതയും വിദ്യാഭ്യാസസമ്പന്നയുമായ മകൾ, വീടിനു വെളിയിൽപോയി ജോലി ചെയ്യുന്നത് പിതാവിന് ഇഷ്ടപ്പെട്ടില്ല. കുപിതനായ പിതാവ് ഭീകരസംഘടനയായ താലിബാൻറെ സഹായത്തോടെ മകളുടെ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ചു. കാബൂളിൽനിന്ന് മുഹമ്മദ് ഇസ്മായിൽ റോയിട്ടേഴ്സിനുവേണ്ടി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കാബൂളിൽ- ഗസ്നി പ്രവിശ്യയിൽ, ക്രൈം ബ്രാഞ്ചിലെ വനിതാ പോലീസ് ഓഫീസറായി ജോലി ചെയ്തുവന്നിരുന്ന ഖത്തേരയുടെ കണ്ണുകളാണ് കുത്തി പൊട്ടിച്ചത്. വിവാഹിതയും അഞ്ചു കുട്ടികളുടെ മാതാവുമാണ് 33 കാരിയായ ഖത്തേര.

ഒരുകൂട്ടം ആളുകൾ ഖത്തേരയ്ക്കു നേരെ വെടിയുതിർത്തതിനുശേഷം കണ്ണു രണ്ടും കുത്തിപൊട്ടിക്കുകയായിരുന്നു.. സംഭവത്തിനു പിന്നിൽ താലിബാൻ ഭീകരസംഘമാണെന്ന് കാബൂൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം,സ്വന്തം ഇഷ്ടപ്രകാരം ഖത്തേര ഉദ്യോഗത്തിനു ശ്രമിച്ചുവെങ്കിലും പിതാവിൻറെ എതിർപ്പു കാരണം അത്തരം ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു..എന്നാൽ വിവാഹത്തിനുശേഷം ഭർത്താവിൻറെ പൂർണ്ണപിന്തുണയോടുകൂടി ഉദ്യോഗത്തിന് ശ്രമിച്ച ഖത്തേരയ്ക്ക് ഒടുവിൽ വനിതാ പോലീസ് ഓഫീസറായി ജോലി ലഭിച്ചു.

എന്നാൽ, മകൾ ജോലിക്ക് പോകുന്നത് ഖത്തേരയുടെ പിതാവിന് അംഗീകരിക്കാനായില്ല.തന്നെ തടയുന്നതിനായി പിതാവ് താലിബാൻ ഭീകര സംഘത്തെ സമീപിച്ചുവെന്നാണ് ഖത്തേര തന്നെ അഭിമുഖങ്ങളിൽ വ്യക്തമാക്കുന്നത്. പലപ്പോഴും ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ പിതാവ് എന്നെ പിന്തുടർന്നിരുന്നു. പ്രദേശത്തെ താലിബാൻ നേതാക്കളെ കണ്ട് ഞാൻ ജോലിക്ക് പോകുന്നത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ ഐഡന്റിറ്റി കാർഡിന്റെ പകർപ്പും അദ്ദേഹം അവർക്ക് കൊടുത്തു. ഞാൻ അക്രമിക്കപ്പെട്ട ദിവസം, ഞാൻ എവിടെയാണെന്ന് അറിയുന്നതിനായി പിതാവ് വിളിച്ചുകൊണ്ടേയിരുന്നുവെന്നും ഖത്തേര പറയുന്നു.

ഖത്തേരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.. ഖത്തേരയുടെ പിതാവിൻറെ അറസ്റ്റിൽ കുപിതരായ ഖത്തേരയുടെ ബന്ധുക്കളെ ഭയന്നത്, അഞ്ചുകുട്ടികളും ഭർത്താവുമായി ഖത്തേര ഇപ്പോൾ ഒളിവിൽ കഴിയുകയാണ്..എന്നെങ്കിലും തനിക്ക് കണ്ണിന്റെ കാഴ്ച തിരികെ ലഭിച്ചാൽ വീണ്ടും ജോലിക്ക് പോണമെന്നാണ് ഖത്തേരയുടെ ആഗ്രഹം.